കഴിഞ്ഞദിവസങ്ങളിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിജനകമായ ഓർമകൾ

265

Nasee Melethil

കൊടുങ്കാറ്റിൻറ്റെ നിഴലിൽ ഒരു ദിവസം

ഒരു രാത്രി മുഴുവൻ മുഴക്കത്തിലാഴ്ത്തി പതുക്കെയും മൂളിയും ഇടയ്ക്ക് അലറിയും, ഒരു പോള കണ്ണെടയ്ക്കാൻ സമ്മതിച്ചിരുന്നില്ല സെപ്റ്റംബർ ഒമ്പതിന് വന്ന ടൈഫൂൺ ഫാക്സായി എന്ന മണിക്കൂറിൽ പരമാവധി 215 കിലോമീറ്റർ വേഗതയിൽ വന്ന 5000 കോടി രൂപയിലധികം നഷ്ടം വിതച്ച കൊടുങ്കാറ്റ് . ടോക്യോ പ്രദേശത്തു നട്ടപ്പാതിരയ്ക്കു തുടങ്ങിയ കൊടുങ്കാറ്റ് പടിയിറങ്ങിപ്പോയത് തിങ്കളാഴ്ച രാവിലെ ആയിരുന്നു. ഒരു മിനിറ്റ് പോലും വൈകുന്നത് കുറച്ചിലായി കാണുന്ന ജപ്പാൻ റെയിൽ സിസ്റ്റം അന്ന് 3 മണിക്കൂർ കഴിഞ്ഞാണ് ഓടിത്തുടങ്ങിയത്. കൂടെ അവിടവിടെ ചില സ്കൂളുകൾക്കും അപൂർവ്വമായി അവധി പ്രഖ്യാപിച്ചു. അന്ന് പത്തു-പതിനൊന്നു മണിയോടെ ഒന്നും സംഭവിക്കാത്ത പോലെ ജോലിയിലേയ്ക്കും സ്ഥിര ജീവിതത്തിലേക്കും മടങ്ങി ഗ്രെയ്റ്റർ ടോക്യോ ഏരിയ. ഏകദേശം 4 ലക്ഷത്തോളം ആളുകൾ വീട് വിട്ട് സ്കൂളുകളുടെയും ഗവണ്മെന്റ് സംവിധാനങ്ങളുടെയും ഭാഗമായ പുനരധിവാസ കേന്ദ്രത്തിൽ കഴിച്ചു കൂട്ടിയ ആ രാത്രി ശുഷ്കാന്തി കൂടി രാത്രി തന്നെ വഴി വൃത്തിയാക്കാൻ പുറപ്പെട്ട ഒരു അപ്പൂപ്പനും , വൈദ്യുതി ലൈൻ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനും, കാറ്റ് കുറഞ്ഞോ എന്ന് നോക്കാൻ വാതിൽ തുറന്ന പറന്നു പോയ ഒരാളും ഉൾപ്പടെ 3 പേര് മരിക്കുകയും 147 പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി .

മേയിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന കൊടുങ്കാറ്റ് സീസൺ ഇക്കൊല്ലത്തെ വരവ് വെച്ച് പോയി എന്നാശ്വസിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ബുധനാഴ്ച വാർത്തയായും അപായ സൂചനയായും താക്കീതായുമൊക്കെ ഒന്ന് കൂടി വരുന്നുണ്ട് എന്ന ഭാവത്തിൽ ടൈഫൂൺ ഹെജിബിസിൻറ്റെ വരവ്. ഇക്കുറിയത്തെ മുന്നറിയിപ്പ് ടോക്യോ ലക്ഷ്യമാക്കി ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയൊരു യമണ്ടൻ കൊടുങ്കാറ്റാണ് 3 കോടി 80 ലക്ഷം ജനങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നത്. പത്രത്തിലും ടി വി യിലും മെട്രോ തീവണ്ടിയിലെ ഉൾപ്പടെയുള്ള പരസ്യ സ്ക്രീനുകളിലും മുന്നൊരുക്കങ്ങളും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും മാത്രം. ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഏതോ സ്വപ്നങ്ങളിൽ അഭിരമിച്ചു നടന്ന ചപല മനസുകളെ കുലുക്കിയുണർത്തിയത് ശനിയാഴ്ച്ച 9 മണി തൊട്ട് ഞായറാഴ്ച 9 മണി വരെ ജപ്പാൻ റെയിലും ബസും എയർലൈൻസുകളുമുൾപ്പടെയുള്ള പൊതു ഗതാഗത സർവിസുകൾ റദ്ധാക്കുന്നു എന്ന അറിയിപ്പ് വന്നപ്പോഴായിരുന്നു .

കിറ്റ്കാറ്റ് വാങ്ങണോ സ്നിക്കേഴ്സ് വാങ്ങണോ എന്നോർത്ത് പൂച്ചക്കണ്ണൻ ആലോചനാ നിമഗ്നനായ നിന്ന ഗ്യാപ്പിൽ ബ്രെഡ്, ഇൻസ്റ്റന്റ് നൂഡിൽസ്, പാൽ തുടങ്ങിയ ഭക്ഷണസാധനങ്ങളൊക്കെ കടകളിൽ വന്ന വേഗതയിൽ തീർന്നു പോയിത്രെ. വെള്ളിയാഴ്ച സ്കൂളിൽ പോകുന്ന വഴിക്ക് കുഞ്ഞിപ്പിള്ളേര് “സ്കൂളിലെ പാരൻറ്റ് കാർഡ് എവിടെ” എന്ന് ചോദിക്കുകയും “കാർഡോ അതെന്ത് കാർഡ് ഉണ്ണി ” എന്ന ഭാവത്തിൽ കുന്തം വിഴുങ്ങി നിന്ന എന്നോട് “ഞങ്ങൾ കുട്ടികളൊക്കെ അകലെ സുരക്ഷിത കേന്ദ്രത്തിൽ കാത്തിരിക്കും , കാർഡുമായി വന്നാൽ മാത്രമേ തിരിച്ചു കിട്ടൂ ” എന്ന് യാതൊരു മയവുമില്ലാതെ പറഞ്ഞത് കേട്ട് എന്റെ ഗർഭ പാത്രം വഴിയൊരു വേദന വെറുതെ ഹൃദയത്തിലേക്ക് പാഞ്ഞു പോയി.

കണ്ണുകൾ ടോക്യോയിൽ തറപ്പിച്ച അതി ഭീകരി ഹെജിബിസിൻറ്റെ ഇപ്പോഴത്തെ സ്ഥാനാം, യാത്ര ഭാവി തുടങ്ങിയവ ഗവണ്മെന്റ് അലെർട് അപ്ലിക്കേഷൻ വഴിയും വിൻഡി .കോം വഴിയൊക്കെ കണ്ട് വല്ലാത്തൊരു വിമ്മിഷ്ടം. അതിരുകളില്ലാതെ ഭൂഗര്ഭത്തിലേക്കും മാനത്തേക്കും പടർന്ന കോൺക്രീറ്റ് കാടുകൾക്കിടയിലൂടെ മഴ വ്യാഴാഴ്ച തന്നെ ചന്നം പിന്നം പെയ്തു തുടങ്ങി . NHK നമ്പർ # 1 ചാനൽ ഓണാക്കി , വിശദമായ വിവരങ്ങളും നിർദേശങ്ങളും ശ്രദ്ധിച്ചു. പണ്ടേ കൂട്ടായി കുടുംബമായ അയലോക്ക സൗഹൃദങ്ങളെ , സഹപ്രവർത്തകരെ ഒക്കെ വിളിച്ചു ഇല്ലാ വട്ടമേശ സമ്മേളനം, തീരാത്ത അവലോകനങ്ങൾ.

വെള്ളം, ഗ്യാസ്, വൈദ്യുതി ഒക്കെ പോകാൻ സാധ്യതയുണ്ടത്രേ .കുളിമുറിയിലെ ബാത്ടബ്ബ്ബിൽ നിറയെ വെള്ളം നിറച്ചു മൂടി വെച്ചു, ഒരാഴ്ച വരെ അതിജീവിക്കാനുള്ള ഭക്ഷണ കണക്കെടുപ്പ് നടത്തി, നീണ്ട കണ്ണാടി ജാലകങ്ങൾ കൊടുങ്കാറ്റിൽ ചിന്നിച്ചിതറാതിരിക്കാൻ പ്ലാസ്റ്റിക് ടേപ്പൊട്ടിച്ചു, കുടകളും ചെടികളും ചെരിപ്പുമുൾപ്പടെ ചെറിയ വസ്തുക്കൾ പോലും തീവ്രമായ കാറ്റിൽ പറന്നു വന്ന് ഇടിച്ചു അതീവ അപകടകാരിയാകുമെന്നതിനാൽ ഒക്കെയും അകത്തേക്ക് കയറ്റി, ഇവാക്വേഷൻ സെന്ററുകളുടെ ലൊക്കേഷൻ ഒന്നൂടി നോക്കി , ഒരു കുട്ടകം നിറയെ കോഴിക്കറിയും ചോറും സാമ്പാറും ഉണ്ടാക്കി വെച്ച് ഞങ്ങൾ നാലാളും നാനാവഴിക്കും ഓടി നടന്നു .

കുടുംബത്തിലെ കാരണവരൊരാളെ അഥവാ രണ്ടൂസം വിളി വന്നില്ലേലും നമ്മളൊക്കെ സേഫ് ആയി ഇവിടെ ഉണ്ടാവും എന്ന് വെറുതെ പറഞ്ഞു വെച്ചു. മെഴുകുതിരി തപ്പി ഒടുവിൽ 2011 ലെ ഭൂകമ്പം കഴിഞ്ഞ ഇടയ്ക്ക് വാങ്ങിയ ഒരു പെട്ടി മെഴുകുതിരികൾ കയ്യിൽ തടഞ്ഞത് നോക്കി വെറുതെ ഓർമ്മകളിൽ ഉരുകിയൊലിച്ചു. ഹസാർഡ് മാപ്പും നിർദ്ദേശങ്ങളും ഒന്ന് കൂടി വായിച്ചു , രണ്ടു ജോഡി വസ്ത്രങ്ങളും, പാസ്പോര്ട്ട് ,ഡിഗ്രി സർട്ടിഫിക്കറ്റ്, വീടിൻ്റ്റെ രേഖകൾ ഒക്കെ വെള്ളമോ തീയോ അതിക്രമിക്കാത്ത എമർജൻസി കിറ്റിൽ ഒതുക്കി വെച്ചു. എമർജൻസി കിറ്റ് തുറന്ന് നിർദ്ദേശങ്ങളും ഉപയോഗ ക്രമങ്ങളും വീണ്ടും വായിച്ചു. കുളിച്ചു മുടിയിഴകളിലെ വെള്ളം കയ്യിലെടുത്തു കൺ പോളകളിൽ വെച്ച് പുറത്തേക്ക് നോക്കി , അകലെ ചീറിപ്പെയ്യുന്ന മഴയിൽ തലയാട്ടുന്ന പൈൻ മരങ്ങൾ . വാതിൽ പാളിക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന വെറും ഒന്നര കിലോ മാത്രം ഭാരമുള്ള 4 തോൾ സഞ്ചികൾ നോക്കി നെടുവീർപ്പിട്ടു , ഒരു പാട് പ്രിയപ്പെട്ട ഈ വീടും ചുറ്റും കാണുന്നതൊന്നുമല്ല മറിച്ച് ആ കുഞ്ഞി ബാഗ് അത് മാത്രമാണ് സത്യം. അറ്റ കൈയ്ക്ക് അതും ഉപേക്ഷിച്ചു ഇറങ്ങി പോകാനുള്ളയത്രയും ചെറുതാണ് ജീവിതം.

ശനിയാഴ്ച രാവിലെ ആയപ്പോൾ വീടു നിറയെ പ്രിയപ്പെട്ടവർ പത്തു പന്ത്രണ്ടു പേർ കൂടി വന്നു ചേർന്നു. ശരാശരി ദിവസങ്ങളിൽ ഇവരൊക്കെ ആയുള്ള കത്തിസംസാരങ്ങൾ രണ്ടു മൂന്നു ദിവസങ്ങൾ വരെ രണ്ടു-മൂന്ന് മണിക്കൂർ പോലെ ഓടിത്തീരുന്നത്, ഇക്കുറി ഒരു മണിക്കൂറിന് ഒരാഴ്ച നീളം. എങ്കിലും ഓരോരുത്തരും ഓരോ കർ ത്തവ്യങ്ങൾ ഏറ്റെടുത്തു വരാനുള്ള രൂക്ഷതരമായ മണിക്കൂറുകൾക്ക് വേണ്ടി പദ്ധതി തയാറാക്കി. ഭക്ഷണ സാധനങ്ങൾ, അവശ്യ വസ്തുക്കൾ ഒക്കെ തരം തിരിച്ചു വച്ചു. സ്നാക്സിൽ കണ്ണു വെച്ചു ഉണക്കാനിട്ട തേങ്ങാപ്പൂളിനു ചുറ്റും കാക്കകൾ എന്ന പോലെ കറങ്ങി നടന്ന കുഞ്ഞിപ്പിള്ളേരെ ഓടിച്ചു വിട്ടു . പിള്ളേര് മാത്രം ഒന്നിച്ചു നിൽക്കുന്ന സന്തോഷത്തിൽ ഇത് തിങ്കളാഴ്ചയല്ലേ തീരുകയുള്ളു എന്ന സന്ദേഹത്തിലായിരുന്നു.

അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നും ആവശ്യമാണെങ്കിൽ ഇവാക്വേഷൻ സെന്ററുകളിലേക്ക് പോകണമെന്നും മൂന്നോ അതിനു മുകളിലോ ഉള്ള നിലകളിൽ താമസിക്കണമെന്നും എന്നൊക്കെയുള്ള അറിയിപ്പുമായി പോലീസ് വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞു . വ്യാപകമായുള്ള അവബോധം കാരണം കുട്ടികളടക്കമുള്ള പൗരന്മാർ ആരും തന്നെ പുറത്തിറങ്ങിയില്ല. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെജിബിസ് 13 സംസ്ഥാനങ്ങളിൽ നാശ നഷ്ടം വിതക്കുമെന്ന മുന്നറിയിപ്പുമായാണ് വന്നത്. കടൽ കടന്ന് മണ്ണിനെ തൊട്ടു കടന്ന് പോകുന്നത് ഞങ്ങൾ താമസിക്കുന്ന സമുദ്രനിരപ്പിൽ നിന്നും ഒരു മീറ്റർ താഴെയുള്ള എദോഗവ വഴി യാണ് എന്നത് ഭീതി കൂട്ടി . 24 മണിക്കൂറിൽ 1000 സെൻറ്റിമീറ്റർ പെയ്ത മഴ ഡാമുകൾ നിറക്കുമെന്നും, പൂർണ്ണ ചന്ദ്രിക ആയതു കൊണ്ടുള്ള വൻ തിരകളും കൊടുങ്കാറ്റു ശാന്ത സമുദ്രത്തിൻറ്റെ ഒരു ഭാഗത്തെ ടോക്യോ ബേ ഉൾക്കടൽ വഴി കെട്ടിടക്കാട്ടിലെക്കിടിച്ചു കയറ്റുമെന്നും തുടങ്ങി നിരവധി സാദ്ധ്യതകൾ.

കൊടുങ്കാറ്റാഞ്ഞടിച്ചു തുടങ്ങി , 16 മൊബൈലുകളിൽ ഒന്നിച്ചു വാണിംഗ് അടിച്ചുയർന്നത് പതിനാറ് ഹൃദയങ്ങളും ഒന്നിച്ചു നടുക്കി. മറ്റു നദികൾ എന്ന പോലെ, 500 മീറ്ററകലെയുള്ള അരക്കവാ നദിയിൽ ജല നിരപ്പ് കൂടുന്നത് ആപ്പ് വഴി തത്സമയം നോക്കിയിരുന്നു. പുഴനിരപ്പ് കഴിഞ്ഞു 10 മീറ്റർ ഉയരത്തിൽ കെട്ടിയ ബണ്ടും കടന്നെ വെള്ളം പുറത്തേക്ക് വരൂ. പ്രളയ നിയന്ത്രണ സംവിധാനം ഒക്കെയുണ്ട് , എന്നാലും പരിധിയില്ലാതെ പെയ്യുന്ന മഴയും ഞൊടിയിടയിൽ നിറയുന്ന ഡാമുകളും, തീവ്രമായ കൊടുങ്കാറ്റും! ചെറിയ ഒരു പ്രോസസ്സ് പരാജയം മതി 3 കോടി 38 ലക്ഷം മനുഷ്യ ജീവിതങ്ങളെ അസ്ഥിരമാക്കാൻ. ഇടയ്ക്കു ഞെട്ടിച്ചു 5.7 മാഗ്നിറ്റിയൂടിൽ ഓർക്കാപ്പുറത്തൊരു ഭൂമികുലുക്കവും. തൊട്ടടുത്തുള്ള ജാപ്പനീസ് കുടുംബങ്ങളിൽ നിന്നൊക്കെ വിളി വന്നു എന്തു ചെയ്യുമ്പോഴും കമ്മ്യൂണിറ്റി ആയി കൂടെ ചെയ്യാം എന്ന് തീരുമാനിച്ചു. മണ്ണിലേക്കിറങ്ങിയപ്പോൾ കാറ്റ് ചെറുതായി ദിശ മാറ്റിപ്പിടിച്ചു ഗ്രെയ്റ്റർ ടോക്കിയോയുടെ മുകൾ ഭാഗത്തു കൂടി ശിസുഓക്ക വഴി വന്നു കനഗാവ വഴി സൈതാമ-നാഗാനോ-ഫുകുഷിമ സംസ്ഥാനങ്ങൾ ഒക്കെ വഴി വമ്പൻ കാറ്റും പെരുമഴയും തീരാ ദുരിതവും വിതച്ചു കടലിലേക്കിറങ്ങിപ്പോയി.

ഉറങ്ങാൻ വൈകിയത് കാരണം ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ഞെട്ടിയെണീറ്റ് പൊട്ടി വിരിഞ്ഞപ്പോൾ നല്ല വെയിലും നീലാകാശവും. പുറത്തിറങ്ങി നോക്കിയപ്പോൾ റോഡിനപ്പുറത്തെ പട്ടാളക്കാരനായി വിരമിച്ച 85 വയസുള്ള അപ്പൂപ്പൻ എന്നത്തേയും പോലെ കൊടുങ്കാറ്റ് കൊഴിച്ച ഇലകളൊക്കെയും അടിച്ചു കൂട്ടി കവറുകളിൽ കെട്ടി വച്ചിരിയ്ക്കുന്നു. പാർക്കും ചുറ്റുപാടും 5 വയസ്സുകാരി പെൺകുട്ടിയെ കൊണ്ട് അടിച്ചു വാരിക്കുന്ന മാതാപിതാക്കൾ , സ്പോർട്സിന് യൂണിഫോമിട്ട സ്കൂൾ കുട്ടികളടക്കം നദീതടമുൾപ്പടെ വൃത്തിയാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് .

പതിറ്റാണ്ടുകൾക്ക് മുൻപ് വന്ന ഇതേ ശക്തിയുള്ള ഒരു കൊടുങ്കാറ്റിൽ 20,000 പേർ മരിച്ചത് ഇത്തവണ ഇതേവരെ 45 പേരിൽ എത്തി നിൽക്കുന്നു എന്നത് കഴിഞ്ഞ പതിറ്റാണ്ടുകളിൽ പ്രളയ പ്രതിരോധ നടപടികൾക്കായി നടത്തുന്ന പ്രവർത്തനങ്ങളുടെ ആഴവും വ്യാപ്തിയും അറിയിക്കുന്നതാണ്.

റഗ്ബി ലോകകപ്പിൽ ജപ്പാൻ സ്കോട്ലൻഡിനെ തോൽപ്പിച്ചതും ഇന്നലെ തന്നെ ആയിരുന്നു. നാശ നഷ്ട അവലോകങ്ങളും രക്ഷാ പ്രവർത്തനങ്ങളും ഇപ്പോഴും പുരോഗമിക്കുന്നു . നിലവിലുള്ള സംവിധാനങ്ങളോട് ഐക്യപ്പെടാതെ പ്രത്യേകിച്ചും ടോക്യോയിൽ നടത്തിയ പ്രവർത്തനങ്ങൾ മറ്റു സംസഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ട ആവശ്യകതയെ പറ്റിയാണ് അയലോക്കത്തെ കൊബയാഷി അമ്മൂമ്മ പറഞ്ഞത്. ലോക മഹായുദ്ധത്തിൽ കൊണ്ടും കൊടുത്തും കത്തി ചാമ്പലായ ഒരു രാജ്യത്ത് തീവ്ര വാദമോ വിഘടന വാദമോ അല്ല വിളഞ്ഞത് മറിച്ചു പ്രകൃതി ദുരന്തങ്ങളോട് നിരന്തരം മല്ലിട്ട് പ്രകൃതിയെ ദൈവമായി കണ്ട് ഒറ്റക്കെട്ടായി ഒരു ജനതയെ നല്ല ഒരു നാളേയ്ക്ക്, മുന്നോട്ടു മാത്രം നയിച്ച ചരിത്രമാണ് ജപ്പാൻ ലോകത്തിനു നൽകുന്ന പാഠം.

തിങ്കളാഴ്ച , ഇന്ന് ആരോഗ്യ കായിക ദിനമായിട്ട് ദേശീയ അവധിയാണ്. നാളെ പതിവ് പോലെ ജീവിതത്തിലേക്കും ജോലിയിലേക്കും പാഠനത്തിലേക്കും മടങ്ങും എല്ലാവരും. ഒരിക്കലെങ്കിലും ജപ്പാൻ സന്ദർശിച്ചവർക്കറിയാം ഇവിടത്തെ ജനങ്ങളുടെ വിനയവും സഹായ സന്നദ്ധതയും സത്യസന്ധതയും. താൻപോരിമ ഭാവങ്ങളൊക്കെയും അഴിച്ചു വെച്ച് പച്ച മനുഷ്യനായി ജീവിതത്തിലേക്കിറങ്ങി പോകാൻ തയ്യാറാകുന്നത് ഇത് ആദ്യമായിട്ടല്ല. ഒരു പാട് തവണ ഇത് തന്നെ ചെയ്ത ജാപ്പനീസുകാരുടെ ജീവിത മനോഭാവം ബുദ്ധഭാവമായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഹൃദയത്തിൻറ്റെ ഒരു വശത്തു മലയാളം നിറഞ്ഞിരിക്കുന്നത് പോലെ മറു പാതി ജാപ്പനീസ് നിറഞ്ഞിരിക്കുന്നത് വീണ്ടും വീണ്ടും തിരിച്ചറിയുന്നു.

നോട്ടീസ് : രണ്ടൂസം കാണാതായപ്പോൾ ഫോൺ ചെയ്തും മെസ്സേജ് അയച്ചും തള്ളി മറിച്ചും കുത്തിത്തിരിപ്പുണ്ടാക്കിയും അല്ലാതെയും അന്വേഷിച്ച എല്ലാ പ്രിയപ്പെട്ട സൗഹൃദങ്ങൾക്കും നന്ദി .