മധുരമില്ലാത്ത കാപ്പിയ്ക്ക് കൈപ്പാണച്ചോ, കാപ്പിയേ വെറുത്ത് പോയി, ഭിന്നിക്കുന്ന കുഞ്ഞാടുകളെ ഒരുമിപ്പിക്കൂ അച്ചോ

0
211
നസീമ നസീർ
എന്റെ പ്രിയപ്പെട്ടതായിരുന്ന കാപ്പിപ്പൊടിയച്ചന്,
എന്നതാ അച്ചോ..ഈ പറഞ്ഞതൊക്കെ. അപ്പുറത്തെ കുര്യാക്കോസ് ചേട്ടനാ പറഞ്ഞതെങ്കിൽ ..ഓ..സാരോല്ല.. പാവം…വിവരോല്ലാത്തോണ്ടല്ലേന്ന് വിചാരിക്കാരുന്നു, ഇതെന്റെ പ്രിയപ്പെട്ട സരസ സംഭാഷകൻ. ഞാൻ മാത്രമല്ല ഇഷ്ടപ്പെട്ടിരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അപ്പുറത്തെ വാപ്പിച്ചീം, വാപ്പിച്ചീന്റെ
പുന്നാരമക്കളും, പിന്നെ ഇപ്പുറത്തെ നാരായണേട്ടന്റെ മക്കളും ഒക്കെ പറഞ്ഞു കുടുംബത്തെ ഇമ്പമുള്ളതാക്കി മാറ്റാനുള്ള പൊടികളൊക്കെ എത്ര സരസസുന്ദരമായിട്ടാ കാപ്പിപ്പൊടിയച്ചൻ വിതറുന്നതെന്ന്. നമ്മളൊക്കെ ഒരു കുടുംബമായി ഒരുമിച്ച് നിൽക്കേണ്ടതിപ്പോഴല്ലേ അച്ചോ. എന്റെ മൂക്കിൻ തുമ്പിൽ എത്തിപ്പെടാറുള്ള കാപ്പിപ്പൊടി വാസനയൊക്കെ ഞാൻ ആസ്വദിക്കാറുണ്ടായിരുന്നു. ദാ..ഇപ്പൊ ഞാൻ ആ കാപ്പിപ്പൊടി കൊട്ടിക്കളഞ്ഞ് ഡപ്പിയൊഴിവാക്കി കഴുകിവെച്ചു.
പുരോഹിത വർഗ്ഗത്തിന് നിഷ്പ്രയാസം വിശ്വാസികളെ കയ്യിലെടുക്കാൻ കഴിയുമച്ചോ. വലിയൊരു വിഭാഗം നിഷ്കളങ്കർ പുരോഹിതരെ ദൈവത്തിന്റെ പ്രതിപുരുഷരായി കാണുന്നിടത്തോളം നിങ്ങൾക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത ചെറുതല്ല. മതേതരത്തത്തിന് വേണ്ടി നാം ഒരുമിച്ച് നിൽക്കേണ്ട ഈ അവസരത്തിൽ കഴിഞ്ഞ് പോയതും അറിയാത്തതുമായ ചരിത്രം വളച്ചൊടിച്ച് പ്രഘോഷിച്ച് പരസ്പര വിദ്വേഷം സൃഷ്ടിക്കൽ പുരോഹിതർക്ക് പറഞ്ഞിട്ടുള്ളതല്ലച്ചോ. പുതിയ തലമുറ പൌരോഹിത്യത്തോട് മുഖം തിരിക്കുന്നത് തന്നെ സ്ത്രീ വിരുദ്ധതയും ജാതീയ സ്പർദ്ധയും കൊട്ടിഘോഷിക്കുന്നത് കൊണ്ടാണ്. ഈ അടുത്തിടെ രണ്ട് ഉസ്താദ്മാരുടെ പ്രഭാഷണം കേൾക്കാൻ ഇടയായതിലും ഞാൻ ഖേദിച്ചിരുന്നു.
സ്ത്രീകൾ പ്രസവത്തിനായി മുസ്ലിം ലേഡീ ഡോക്ടറേയേ ഒന്നാമതായി തിരഞ്ഞെടുക്കാവൂ എന്ന്. രണ്ടും മൂന്നും ഓപ്ഷനുകൾ പിന്നാലെയുണ്ട്. പൌരോഹിത്യം സ്ത്രീ ശരീരത്തെ മതവേലിക്കെട്ടിനകത്ത് തളച്ചിടുന്നതിന് മുൻപ് മുസ്ലിം ലേഡി ഡോക്ടർ സമൂഹത്തിൽ വളർന്ന് വരുവാനുള്ള ഭൗതിക സാഹചര്യവും ആത്മവിശ്വാസവുമാണ് അവൾക്കേകേണ്ടത്.പിന്നെ ഈ മുസ്ലീം ലേഡി ഡോക്ടർക്ക് ചികിത്സാ സമയത്ത് പുരുഷന്റെ ഔറത്ത് ദർശിക്കാമോ ..അതോ ഇവർ സ്ത്രീ രോഗികൾക്ക് വേണ്ടി മാത്രം നിലനിൽക്കണമോ എന്ന ചോദ്യങ്ങൾ നിലനിൽക്കുന്നു.
എങ്ങനെയാണ് ഇത്തരം വിഡ്ഢിത്തങ്ങൾ പൊതുജനങ്ങളോട് ഇക്കാലത്ത് വിളിച്ച് പറയാൻ തോന്നുന്നത്. പ്രളയവും, പകർച്ച വ്യാധികളും വന്നപ്പോൾ ഇവരൊക്കെ ജാതി നോക്കിയാണോ സഹായം തേടിയതും കൈപ്പറ്റിയതും. നാം കഴിക്കുന്ന ഭക്ഷണം ആരുടെയൊക്കെ വിയർപ്പിന്റെ ഫലമാണ്.
മറ്റൊരു ഉസ്താദിന്റെ വീഡിയോ കണ്ടു. സ്ത്രീകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകേണ്ടതേയില്ലെന്ന്. ആനകളോ പൂച്ചകളോ ആശുപത്രിയിൽ പോകുന്നുണ്ടോ പിന്നെ മനുഷ്യ സ്ത്രീകൾ എന്തിന് പോകണം എന്ന്. സ്ത്രീകൾ മൃഗങ്ങൾ അനുഭവിക്കുന്ന അതേ ആനുകൂല്യങ്ങൾ മാത്രം അനുഭവിച്ച് സംതൃപ്തരായിക്കൊള്ളൂ. ശാരീരിക പീഡകൾ സഹിച്ചൊടുങ്ങൂ. വൈദ്യം പുരോഗമിക്കാതിരുന്ന കാലത്തിലേക്ക് തിരിച്ച് പോകൂ എന്ന്. ഇവരൊക്കെ സ്ത്രീ വിരുദ്ധത ഫണം വിരിച്ചാടുന്ന ഈ മാമൂലുകൾ എവിടുന്ന് കൊണ്ട് വരുന്നു.
പക്ഷേ ഈ രണ്ട് പ്രഭാഷണം കേട്ടപ്പോഴും കാപ്പിപ്പൊടിയച്ചന്റെ വാക്കുകൾ കേട്ടപ്പോഴുള്ള വേദന തോന്നിയില്ല. കാരണം ഞാൻ ഇവരുടെ പ്രഭാഷണങ്ങൾ മുൻപ് കേട്ടിരുന്നില്ല. കേൾക്കാൻ ഇഷ്ടപ്പെടുന്നുമില്ല. പക്ഷേ കാപ്പിപ്പൊടിയച്ചന്റെ പ്രഭാഷണം ഞാൻ ഇഷ്ടത്തോടെ കേട്ടിരുന്നച്ചോ.
അച്ചൻറെ ക്ഷമാപണവും കേട്ടു.ചരിത്രത്തിലെ കാല പരാമർശത്തിലെ പിശകിനോട് മാത്രമേ ഖേദം പ്രകടിപ്പിച്ചിട്ടുള്ളൂ.മധുരമില്ലാത്ത കാപ്പിയ്ക്ക് കൈപ്പാണച്ചോ. കാപ്പിയെ വെറുത്ത് പോയി. ഭിന്നിക്കുന്ന കുഞ്ഞാടുകളെ ഒരുമിപ്പിക്കൂ അച്ചോ.