വീടിന്റെ അകത്തളങ്ങളിൽ അടിച്ചുടയ്ക്കപെട്ട കുഞ്ഞുങ്ങളുടെ മൃതദേഹം ഇനിയും കണ്ടെത്തുക തന്നെ ചെയ്യും

68

Naser KP

നാരങ്ങ തൂക്കി വിമാനം പറത്തുന്ന നാട്ടിൽ നായിഡു- പദ്മജ ദമ്പതികരെപ്പോലെ ലക്ഷോപലക്ഷം ഇനിയുമുണ്ട്

ആന്ധ്രയിലെ മദനപ്പള്ളി പട്ടണത്തിലെ മൂന്നു നിലയിൽ ഉള്ള വീടിന്റെ കവാടത്തിൽ തൂങ്ങുന്ന ഈ ബോർഡ് കണ്ടിട്ട് എന്താണ് നമ്മൾ മനസ്സിലാക്കുന്നത് ?

ഡോ. വി പുരുഷോത്തം നായിഡുവിന് രസതന്ത്രത്തിൽ ഡോക്ടറെറ്റ് ഉണ്ട്, ഭാര്യ വി പദ്മജ സ്വർണ്ണ മെഡലോടെ ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ്. രണ്ടു പേർക്കും ഉയർന്ന ശമ്പളം ഉള്ള ജോലിയുണ്ട്. അതിനും പുറമെ രണ്ടു പേരും ഐപിസി 302 പ്രകാരം കൊലക്കുറ്റം നേരിടുന്നവർ ആണ്. ഡമ്പൽ കൊണ്ട് ഇവർ സ്വന്തം മക്കളെ ക്രൂരമായി കൊന്നവർ ആണ്. അതിനും പുറമെ ഇവർ കൊല്ലപ്പെട്ട മക്കൾ പുനർജന്മം നടത്തും എന്നു വിശ്വസിച്ചവർ ആണ്.

മാധ്യമങ്ങൾ പറയുന്നത് ഇവർ അന്ധവിശ്വാസികൾ ആയിരുന്നു എന്നാണ്. പോലീസും അയൽവാസികളും ബന്ധുക്കളും അത് തന്നെ ആവർത്തിക്കുന്നു. കൊല്ലപ്പെട്ട മക്കളിൽ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഉള്ള സൂചന ഒരാൾ കുരുതി കൊടുക്കപ്പെട്ടാൽ ദുശ്ശകുനം എല്ലാം തീരും എന്നു വിശ്വസിച്ച ആൾ ആയിരുന്നു എന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്. മത വിശ്വാസം ഒഴികെ എല്ലാ കാര്യത്തിലും ഈ കുടുംബം വളരെ നല്ല യുക്തിബോധം ഉള്ളവർ ആയിരുന്നുവത്രെ. കോവിഡ് പോസ്റ്റുകൾ ഒക്കെ നിരന്തരം പ്രചരിപ്പിച്ചവർ ആയിരുന്നു ഇവർ എന്നും കേൾക്കുന്നു. എല്ലാവരും ഉറപ്പിച്ചു പറയുന്നത് ഇവർ അന്ധവിശ്വാസികൾ ആണെന്നാണ്. പക്ഷേ ഒരു വിശ്വാസം അന്ധവിശ്വാസം ആകുന്നത് ഏതു മൊമെന്റിൽ ആണ് ? വിശ്വാസങ്ങൾ തന്നെയാണ് അന്ധവിശ്വാസം ആകുന്നത്. അന്ധവിശ്വാസം എന്നു ഇന്ന് നമ്മൾ പറയുന്നവയെല്ലാം പണ്ട് വിശ്വാസങ്ങൾ ആയിരുന്നു.

പുരാണത്തിലെ അസുര മാതാവായ ദിതി തന്റെ പുത്രന്മാരെ കൊന്നവർ ആണ്. ദിതിയുടെ പ്രശസ്തരായ പുത്രന്മാർ ആയിരുന്നു വിഷ്ണുവിന്റെ ദ്വരപാലകർ ആയ ഹിരണ്യകശിപു, ഹിരണ്യക്ഷ എന്നിവർ. ഇവരെ നരസിംഹ അവതാരം ആയി രൂപം കൊണ്ട വിഷ്ണു കൊന്നു തള്ളി. ജയ വിജയമാരുടെ പുനർ ജന്മം ആയിരുന്നു ഹിരണ്യകശിപു, ഹിരണ്യക്ഷ എന്നിവർ. എണ്ണിയാൽ ഒടുങ്ങാത്ത ദേവാസുര നോൺ ദേവാസുര കൊലകളും ചോരക്കഥകളും കൊണ്ടു സമ്പന്നമാണ് ഹിന്ദു പുരാണങ്ങൾ. ഒരാൾക്ക് അനേകം പ്രാവശ്യം മരിക്കാം എന്നും ഓരോ മരണവും പുതിയ ഒരു ജന്മത്തിലേക്ക് ഉള്ള വാതായനം ആണ് എന്നും വിശ്വസിക്കുന്ന ഹിന്ദു വിശ്വാസികൾ ഇത്തരം കൊലകൾ ചെയ്യുന്നില്ല എങ്കിൽ അത് അവരുടെ വ്യക്തിപരമായ നീതി ബോധം കൊണ്ടോ, സംസ്കാരം കൊണ്ടോ നിയമ വ്യവസ്ഥയിൽ ഉള്ള ഭയം കൊണ്ടോ ആണ്.

അതായത് മക്കളെ ക്രൂരമായി കൊന്ന പുരുഷോത്തം നായിഡു- പദ്മജ ദമ്പതികൾ ഹിന്ദു മിതോളജി പഠിപ്പിച്ച വിശ്വാസം പ്രാവർത്തികമാക്കി എന്നേയുള്ളൂ. നാരങ്ങ കെട്ടി തൂക്കി ശത്രുക്കളിൽ നിന്നും യുദ്ധ വിമാനങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന ഒരു ഭരണകൂടം ഉള്ള നാട്ടിൽ വിദ്യാഭ്യാസം എന്നത് അന്ധവിശ്വാസങ്ങൾക്ക് ലെജിറ്റിമസി ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗം എന്നതിനപ്പുറം മറ്റൊന്നുമല്ല.
കല്ലിൽ കൊത്തിയ വിഗ്രഹങ്ങൾ ലീഗൽ പേഴ്‌സൺ ആണെന്ന നിയമം ഉള്ള ഒരു നാട്ടിൽ, ദൈവങ്ങൾക്ക് ഭൂമിയിൽ ജന്മസ്ഥലം ഉണ്ടെന്ന് വിധി പ്രഖ്യാപിക്കുന്ന പരമോന്നത നീതിപീഠം ഉള്ള ഒരു രാജ്യത്ത് ഇനിയും ഇത് പോലെ വീടിന്റെ അകത്തളങ്ങളിൽ അടിച്ചുടയ്ക്കപെട്ട കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തുക തന്നെ ചെയ്യും.