നരേന്ദ്ര മോഡിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ…!

194
Naser Nalakalth
നരേന്ദ്ര മോഡിയെ തിരിച്ചറിഞ്ഞില്ലെങ്കിൽ…!
നേരിട്ട് തകർക്കാൻ കഴിയാത്ത രാജ്യങ്ങളെ, സ്വന്തക്കാരെ ഭരണത്തിൽ കയറ്റി നശിപ്പിച്ചു കളഞ്ഞ സംഭവങ്ങൾ ലോകചരിത്രത്തിൽ ധാരാളമുണ്ട്, ഒടുവിൽ അമേരിക്കക്ക് പണികൊടുക്കാൻ വേണ്ടി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുട്ടിനാണ് അമേരിക്കൻ പ്രസിഡണ്ടായി റൊണാൾഡ് ട്രംപിനെ വാഴിച്ചത് എന്ന ആരോപണം വരെ ഉണ്ടായി, അത് ശരിയാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് അമേരിക്കയിൽ കണ്ടു കൊണ്ടിരിക്കുന്നത്.ബിജെപിക്കാർ അടക്കമുള്ള ഇന്ത്യക്കാർ , അല്പസമയം മതം പാർട്ടി ജാതി ചിന്തകളെല്ലാം മാറ്റി വെച്ച് പോസ്റ്റിൽ അറ്റാച്ച് ചെയ്തിട്ടുള്ള പട്ടിക ഒന്ന് കണ്ടു നോക്കൂ…
ബ്രിട്ടിഷുകാർ കിട്ടാവുന്നതെല്ലാം ഊറ്റിയെടുത്ത് കടിച്ചു തുപ്പിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുനർജീവിപ്പിക്കുന്നതിലും രാജ്യത്തെ പുനഃസൃഷ്ടിക്കുന്നതിലും നമ്മുടെ രാജ്യം സ്ഥാപിച്ച തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്, ബഹിരാകാശ ഗവേഷണ കേന്ദ്രം മുതൽ ആധുനീക അസൗകര്യങ്ങളുള്ള ആശുപത്രികളും വാണിജ്യ സ്ഥാപങ്ങളും പെട്രോളിയം കംപനികളുമെല്ലാം രാജ്യം വളർത്തിയെടുത്തവയിൽ പെടും, ഈ രാജ്യത്തിന്റെ നട്ടെല്ലായ പ്രധാനപ്പെട്ട 188 സ്ഥാപനങ്ങളിൽ 152 എണ്ണവും തുടങ്ങിയത് കോൺഗ്രസ്സ് ഭരിച്ചപ്പോഴാണ്, അഞ്ചു വർഷം ഭരിച്ച വാജ്പേയിയും ഒൻപത് മാസം ഭരിച്ച വിപി സിംഗും ഉൾപ്പടെയുള്ളവർ ഇത്തരം സ്ഥാപനങ്ങൾ തുങ്ങിയിട്ടുണ്ട്, എന്നാൽ 6 വർഷം ഭരിച്ചിട്ടും രാജ്യത്തിന് വേണ്ടി തന്ത്രപ്രധാനമായ ഒരു സ്ഥാപനവും തുടങ്ങാത്ത ഒരേ ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളൂ, അയാളുടെ പേര് നരേന്ദ്ര മോഡി എന്നാണ്….!
നരേന്ദ്ര മോഡി ഒറ്റ സ്ഥാപനവും ഉണ്ടാക്കാതിരിക്കുക മാത്രമല്ല, മറ്റുള്ളവർ ഉണ്ടാക്കിയ 23 സ്ഥാപനങ്ങൾ വിറ്റു തുലച്ചു, പല സ്ഥാപനങ്ങളും അനാവശ്യമായ ഇടപെടലുകൾ നടത്തി നാശത്തിന്റെ വക്കിൽ എത്തിച്ചു..! എന്തിനായിരിക്കും, ആർക്കു വേണ്ടിയായിരിക്കും ഇയാൾ ഇതൊക്കെ ചെയ്യുന്നത്..?ഭരണത്തിൽ കയറിയ ശേഷം ഇന്ത്യയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മോഡി നടത്തുന്നതായി നിങ്ങൾക്ക് തോന്നിയിട്ടില്ലേ…?
ഇന്ത്യയെ മുച്ചൂടും തകർത്ത് കളഞ്ഞ, കോടിക്കണക്കിന് മനുഷ്യരുടെ തൊഴിലും വ്യാപാരവും തകർത്ത് കളഞ്ഞ നോട്ട് നിരോധനം ആര് പറഞ്ഞിട്ടായിരുന്നു…? റിസർവ്വ് ബേങ്ക് ഗവർണ്ണറും ധനകാര്യ മന്ത്രാലയത്തിലെ പ്രമുഖരും നോട്ട് നിരോധനം അറിഞ്ഞത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമാണ്. ഇന്ത്യയിൽ മോഡിയല്ലാതെ മറ്റാരെങ്കിലും അത് അറിഞ്ഞിതായി പുറത്ത് പറഞ്ഞിട്ടില്ല, മന്ത്രിസഭ അറിഞ്ഞിട്ടില്ല. പിന്നെ ആരുടെ നിർദ്ദേശപ്രകാരമാണ് മോഡി ഇന്ത്യയെ തകർക്കുന്ന ആ തീരുമാനം എടുത്തത്…?
ജി എസ് ടി നടപ്പാക്കുമ്പോൾ വിദഗ്ദർ എല്ലാം പറഞ്ഞതാണ്, നടപ്പാക്കാം പക്ഷെ ഇങ്ങനെയല്ല വേണ്ടത്.. ഈ രീതിയിൽ ഇത് നടപ്പാക്കിയാൽ അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും, പക്ഷെ മോഡി കേട്ടില്ല, തകർക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ജി എസ് ടി നടപ്പാക്കി.
പെട്രോൾ വിലയും കോർപറേറ്റുകളുടെ കടം എഴുതി തള്ളലും തുടങ്ങി ഇന്ത്യയെ തകർക്കുന്ന നടപടികൾക്ക് നിരവധി ഉദാഹരങ്ങൾ കാണാംലോകം മുഴുവനും ബാധിച്ച കൊറോണയെ നേരിട്ടത് നോക്കൂ…
ലോക രാജ്യങ്ങൾ എല്ലാം കൃത്യമായ മാനദണ്ഡങ്ങളോടെ ലോക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഒരു രാത്രിയിൽ ടെലിവിഷനിൽ വന്ന് മോഡി ഒറ്റയടിക്ക് ലോക് ഡൌൺ പ്രഖ്യാപിക്കുകയായിരുന്നു, ലോക് ഡൌൺ പ്രഖ്യാപിച്ച ശേഷം വിളക്ക് കൊളുത്താനും പത്രം മുട്ടാനും ആഹ്വാനം ചെയ്ത് ആളുകളെ തെരുവിൽ ഇറക്കിയില്ലേ..? കരുതിക്കൂട്ടിയുള്ള നശിപ്പിക്കുന്ന രീതി കൊറോണയിൽ പോലും പിന്തുടർന്നില്ലേ..? ലോക് ഡൌൺ പ്രഖ്യാപിക്കുമ്പോൾ വെറും 590 ആയിരുന്ന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ എത്തിയത് ഈ പിഡിപ്പുകേടിന്റെ ഫലം കൂടിയല്ലേ..? മോഡിക്ക് ഏറ്റവും സ്വാധീനമുള്ള ഗുജറാത്തിലെ അഹമ്മദാബാദ് ജനറൽ ആശുപത്രിയെ ലോകം ശവപ്പറമ്പായി വിശേഷിപ്പിക്കേണ്ടി വന്നതിന് പിന്നിൽ കരുതിക്കൂട്ടിയുള്ള അനാസ്ഥയില്ലേ…?
ഏത് വിഡ്ഢിത്തങ്ങൾക്കും മോഡിയെ ന്യായതീകരിക്കുന്ന ബിജെപിക്കാർ അടക്കമുള്ളവർ ഒന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കൂ… അയാൾ മനപൂർവ്വം രജ്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നില്ലേ..?
50 രൂപക്ക് പെട്രോളും 40 രൂപക്ക് ഡോളറും ഓഫ്ഫർ ചെയ്ത മനുഷ്യൻ രാജ്യത്തെ ഇവിടെ എത്തിച്ചു എന്ന് നോക്കൂ..യുപിഎ സർക്കാർ ഭരണത്തിൽ നിന്ന് ഇറങ്ങുമ്പോൾ 7.4 ഉണ്ടായിരുന്ന രാജ്യത്തിന്റെ സാമ്പത്തീക വളർച്ച ഇന്ന് പൂജ്യത്തിന് താഴെയാണ്, ചൈനയെ മറികടന്ന് ലോക സാമ്പത്തീക ശക്തിയായി മാറാൻ പോകുന്നു എന്ന് ഇന്ത്യയെക്കുറിച്ച് ആറു വർഷം മുമ്പ് പ്രശംസ ചൊരിഞ്ഞ ലോകത്താകെയുള്ള സാമ്പത്തീക വിദഗ്ധരും മാധ്യമങ്ങളും ഇന്ന് ഇന്ത്യ എഴുപത് വർഷം പിന്നോട്ട് പോയിരിക്കുന്നു എന്ന് പറയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ…? ഇതൊക്കെ അവിചാരിതമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ…? എല്ലാ ഉത്തരവാദിത്വവും കൊറോണയുടെ മേൽ കെട്ടിവെക്കാനാണ് ഇപ്പോഴുള്ള ശ്രമം, കൊറോണ വരുന്നതിന് മുമ്പേ ജിഡിപി കൂപ്പ് കുത്തി കഴിഞ്ഞിരുന്നു എന്നതാണ് സത്യം.
ഒരു ഭാഗത്ത്‌ മാധ്യമങ്ങളെ കോടികൾ കൊടുത്ത് കയ്യിലെടുത്ത്, വാഗ്ദാനങ്ങളുടെ പുകമറ സൃഷ്ടിക്കുകയും വർഗ്ഗീയത ഇളക്കി വിട്ട് സാധാരണക്കാരുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുമ്പോൾ മറുവശത്ത് ഇന്ത്യയെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് . ഹിന്ദു രാജ്യം എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം കാണുന്ന ബിജെപിക്കാർ നെഞ്ചിൽ കൈവെച്ചു ചിന്തിച്ചു നോക്കൂ… ഇതായിരുന്നോ നിങ്ങളോട് ശാഖയിൽ പറഞ്ഞിരുന്ന രാജ്യം..? ദിനം പ്രതി തകർച്ചയുടെ പടുകുഴിൽ വീഴുന്ന ഈ രാജ്യത്ത് നിങ്ങളുടെ മക്കൾക്ക് ജീവിക്കാൻ കഴിയുമോ..? ഉത്തരേന്ത്യ പട്ടിണി കൊണ്ട് പൊറുതി മുട്ടി തുടങ്ങിയത് കാണുന്നില്ലേ…
എനിക്ക് അൻപത് ദിവസങ്ങൾ തരൂ എല്ലാം ശരിയാക്കാം, ഇല്ലെങ്കിൽ നിങ്ങളെന്നെ തീകൊളുത്തി കൊന്നോളൂ എന്ന് പറഞ്ഞ മനുഷ്യനാണ് എല്ലാം തകർത്തു തരിപ്പണമാക്കിയ ശേഷം അതേ വാക്കുകളുമായി വരുന്നത് .ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ട സമയമാണ്.ഈ രാജ്യത്തെ മനപ്പൂർവ്വം തകർക്കുകയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ…?അയാൾക്ക് ബുദ്ധി ഉപദേശിക്കുന്നത് ആരാണ്, ആർക്കുവേണ്ടിയാണ് ഇന്ത്യയുടെ അടിക്കല്ല് ഇളക്കുന്നത് എന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചില്ലേ..?