കേരളത്തില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വനമേഖലകളിലും തീരദേശ മേഖലകളിലും വ്യതസ്തമായ പ്രകൃതിക്ഷോഭങ്ങളും കെടുതികളും നിത്യസംഭവമായിരിക്കുന്നു. വിവരസാങ്കേതിക രംഗത്തും ബഹിരാകാശ ഗവേഷണ മേഖലകളിലും വിവിധ സൈനിക സജ്ജീകരണങ്ങളിലുമൊക്കെ നമ്മുടെ നാട് ഇതര രാഷ്ട്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍ സംഭവിക്കാന്‍ പോകുന്ന പ്രകൃതി ദുരന്തങ്ങളെയും ഭീഷണികളെയും മുന്‍കൂട്ടി മനസ്സിലാക്കി അടിയന്തിര നടപടികള്‍ എടുക്കാന്‍ താമസം വരുന്നതിനാല്‍ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടവും നിരവധി പേരുടെ ആള്‍ നാശവുമാണ് ഓരോ ദുരന്തത്തിന്റെയും ബാക്കി പത്രം.

ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനിരയായവരെ രക്ഷിക്കാനും സമാശ്വസിപ്പിക്കാനും ഐക്യത്തോടെ മുന്നോട്ടു വരുന്നതിനു പകരം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളും ഇടതു വലതു മുന്നണികളും പരസപരം അനാവശ്യ വിവാദങ്ങളും ചര്‍ച്ചകളും നടത്തി സമയം കളയുന്നതും  ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.  അവസരത്തിനുണർന്ന് പ്രവർത്തിക്കാതെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കാനും ശിക്ഷിക്കാനും ഇരു കൂട്ടരും മുതിരാറുമില്ല.

പാവപ്പെട്ട കുടുംബങ്ങളുടെ നെടുംതൂണുകള്‍ ദുരന്തങ്ങളുടെ രക്തസാക്ഷികളായി മാറുകയും ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടപരിഹാരങ്ങള്‍ നല്‍കിയും ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ചും മുഖം രക്ഷിക്കുന്നത് പതിവ് കലാപരിപാടിയായി മാറിയിരിക്കുന്നു.

അതിനാല്‍ ഓരോ ദുരന്ത സമയത്തും നഷ്ടപരിഹാരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നതിലേറെ വരാന്‍ പോകുന്ന ദുരന്തങ്ങളുടെ ലക്ഷണങ്ങള്‍ യഥാസമയം മനസിലാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ബന്ധപ്പെട്ട വകുപ്പുകളില്‍ ഉത്തരവാദിത്ത ബോധമുള്ളവരെയും ഓരോ പ്രദേശങ്ങളിലെയും ദുരന്തങ്ങളെ അതിജീവിച്ചും രക്ഷാശ്രമങ്ങളില്‍ കഴിവ് തെളിയിച്ചവരെയും കൂടി   ഉള്‍പ്പെടുത്തികൊണ്ട് ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേനകളെയും ഒരുക്കാനാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ മിഷിനറികള്‍  ശ്രദ്ധിക്കേണ്ടത്.

Advertisements