ചില പത്രസമ്മേളനങ്ങൾ കാണുമ്പൊൾ ഐന്‍സ്റ്റൈനെ കുറിച്ചുള്ള ഈ കഥ ഓർമ്മവരും

868

Navaneeth Krishnan S എഴുതുന്നു 

ഐന്‍സ്റ്റൈന്‍ ക്ലാസ് എടുക്കാന്‍ പോയതിനെക്കുറിച്ച് പ്രചരിച്ച ഒരു കഥയുണ്ട്.

പ്രശസ്തിയുടെ കൊടുമുടിയില്‍ അദ്ദേഹം നില്‍ക്കുന്ന കാലമാണ്. നിരവധിയാളുകള്‍ പല സ്ഥലങ്ങളിലേക്ക് അദ്ദേഹത്തെ പ്രഭാഷണത്തിനു ക്ഷണിച്ചിരുന്നു. ഡ്രൈവറെയും കൂട്ടി കാറില്‍ ഐന്‍സ്റ്റൈന്‍ പ്രഭാഷണസ്ഥലത്തെത്തും. പ്രസംഗിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയും. എല്ലായിടത്തും ഒരേ പ്രഭാഷണം. സദസ്സില്‍നിന്നു വരുന്ന ചോദ്യങ്ങളും ഒരുപോലെ. പതിയെ ഐന്‍സ്റ്റൈനും ഈ പ്രഭാഷണപരിപാടി മടുത്തു തുടങ്ങി.

Navaneeth Krishnan S
Navaneeth Krishnan S

ഐന്‍സ്റ്റൈന്‍ പ്രസംഗിക്കുമ്പോള്‍ ഡ്രൈവറും പ്രഭാഷണം കേള്‍ക്കാന്‍ കൂടുമായിരുന്നു. സ്ഥിരമായി ഐന്‍സ്റ്റൈന്റെ പ്രഭാഷണം കേട്ടതോടെ ഡ്രൈവര്‍ക്ക് അതു കാണാപ്പാഠമായി. ഒരു ദിവസം ഡ്രൈവര്‍ ഇതേപ്പറ്റി ഐന്‍സ്റ്റൈനോടു പറഞ്ഞു. ”ഇതിപ്പോ തനിക്കുപോലും ഈ പ്രഭാഷണം ചെയ്യാമല്ലോ, ഇതില്‍ വലുതായിട്ടൊന്നും ഇല്ലല്ലോ എന്ന്.”

അടുത്തൊരു ദിവസം പ്രഭാഷണത്തിനെത്തിയപ്പോള്‍ ഐന്‍സ്റ്റൈന് ഡ്രൈവറോടു പറഞ്ഞു. ”ഇന്ന് എനിക്കു പകരം താങ്കള്‍ പ്രഭാഷണം നടത്തിയാല്‍ മതി. ഇവിടെ ആരും എന്നെ നേരിട്ടു കണ്ടിട്ടില്ല. അതിനാല്‍ എന്തായാലും എന്നെ ആരും അങ്ങനെ തിരിച്ചറിയില്ല. താങ്കളാണ് ഐന്‍സ്റ്റൈന്‍ എന്ന് അവര്‍ വിചാരിച്ചോളും. ​എനിക്ക് അല്പം വിശ്രമിക്കുകയും ചെയ്യാം.”

ഡ്രൈവര്‍ക്കും സന്തോഷമായി. സംഘാടകര്‍ ഐന്‍സ്റ്റൈനാണ് എന്നു കരുതി ഡ്രൈവറെ അന്ന് പ്രഭാഷണത്തിനായി കൂട്ടിക്കൊണ്ടുപോയി. ഒരു പ്രശ്നവുമില്ലാതെ അയാള്‍ പ്രസംഗം നടത്തി. സ്ഥിരം ചോദ്യങ്ങള്‍ക്ക് ഉത്തരവും പറഞ്ഞു. കുറച്ചു ദിവസം ഇങ്ങനെ കടന്നുപോയി. ഐന്‍സ്റ്റൈന്‍ കാറിലിരുന്ന് വിശ്രമിക്കും. ഡ്രൈവറൈന്‍സ്റ്റൈന്‍ പ്രഭാഷണം നടത്തും.
അങ്ങനെ ഒരു ദിവസം ഡ്രൈവറുടെ പ്രഭാഷണം കഴിഞ്ഞു. സദസ്സില്‍നിന്നും ചില സ്ഥിരം ചോദ്യങ്ങള്‍ വന്നു. അയാള്‍ ഉത്തരവും പറഞ്ഞു. പക്ഷേ അപ്രതീക്ഷിതമായി സദസ്സില്‍നിന്നും ഒരാള്‍ എഴുന്നേറ്റു. തികച്ചും വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചു. ഐന്‍സ്റ്റൈനല്ലാതെ മറ്റാര്‍ക്കും ഉത്തരം പറയാന്‍ കഴിയാത്ത ഒ

രു ചോദ്യം. ഡ്രൈവര്‍ ഒന്നു ഞെട്ടി. ഉത്തരം തനിക്കറിയില്ല. ചോദ്യമെന്താണ് എന്നുപോലും മനസ്സിലായില്ല. പക്ഷേ ഡ്രൈവര്‍ പതറിയില്ല. ഒന്നു നിശ്ശബ്ദനായിനിന്ന ശേഷം മുഖത്തൊരു ചിരി വരുത്തി. എന്നിട്ട്

വളരെ സ്വാഭാവികതയോടെ പറഞ്ഞു. ”ഇത് വളരെ നിസ്സാരമായ ചോദ്യമാണല്ലോ. ഇതിന് ഉത്തരം പറയാന്‍ ഞാന്‍ വേണമെന്നില്ല. സ്ഥിരമായി എന്റെ പ്രഭാഷണം കേള്‍ക്കുന്ന ഡ്രൈവര്‍ക്കുപോലും പറ്റും!”
ഡ്രൈവര്‍ ഉടന്‍ ഐന്‍സ്റ്റൈനെ വിളിച്ചുവരുത്തി. ഡ്രൈവറായി അഭിനയിച്ച് ഐന്‍സ്റ്റൈന്‍ അതിന് ഉത്തരവും കൊടുത്തു!

ഇതൊരു കഥയാണ്. പൊടിപ്പും തൊങ്ങലുമോടെ ഐന്‍സ്റ്റൈനെക്കുറിച്ചു പ്രചരിച്ച കഥ. ചില പത്രസമ്മേളനങ്ങള്‍ കാണുമ്പോള്‍ എന്തോ ഈ കഥ ഓര്‍മ്മ വരും!

Advertisements