ലഗാന്റെ ഉത്ഭവം വളരെ സംഭവബഹുലവും രസകരവുമാണ്

0
269

Naveen Babu

നവയുഗ ഹിന്ദി സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര സൃഷ്ടി – ‘ലഗാൻ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ.അശുതോഷ് ഗോവരിക്കർ എന്ന യുവസംവിധായകന് തന്റെ മുൻകാല ചിത്രങ്ങളുണ്ടാക്കിയ ചട്ടക്കൂടുകൾക്കപ്പുറം കടക്കാനുള്ള വെമ്പൽ, അവിടെയാണ് ലഗാന്റെ ഉത്ഭവം. സുഹൃത്തായ ആമിറിനെ കണ്ട്, അശുതോഷ് ലഗാന്റെ വൺ ലൈൻ പറഞ്ഞു കേൾപ്പിക്കുന്നു. ഇത് ഇഷ്ടമായെങ്കിലും ഇത്തരം ഒരു ചിത്രം നിർമ്മിക്കാൻ ഏതെങ്കിലും നിർമ്മാതാവ് മുന്നോട്ട് വരുമോ എന്ന സംശയം ആമിർ പ്രകടിപ്പിച്ചു. എന്തായാലും ഫുൾ ഡ്രാഫ്റ്റ് സ്ക്രിപ്റ്റ് തയ്യാറാക്കിയ ശേഷം നിർമ്മാതാക്കളെ സമീപിക്കാം എന്ന ചിന്തയോട് കൂടി അശുതോഷ് തന്റെ മഷിമുന കൊണ്ട്, സ്വന്തം മണ്ണിന് വേണ്ടി എതിരാളികളോട് മല്ലിടുന്ന ചമ്പാനീർ ഗ്രാമവാസികളുടെ കഥ രചിക്കാൻ തുടങ്ങി.

Lagaan | Netflixഅങ്ങനെ ഏറെ നാളുകളായുള്ള പരിശ്രമത്തിനൊടുവിൽ ലഗാൻ കടലാസിൽ പൂർണരൂപം പ്രാപിച്ചു. ഇനിയുള്ള കടമ്പ ഇത്രയും വലിയ ഒരു പരീക്ഷണ ചിത്രത്തിന്, അതും ചെയ്ത സിനിമകൾ എല്ലാം തന്നെ പരാജയപ്പെട്ട ഒരു സംവിധായകനെ വിശ്വസിച്ചു ആര് പണം നൽകും എന്നതായിരുന്നു. പല മുൻനിര നടന്മാരോടും ചിത്രത്തെ പറ്റി സംസാരിച്ചെങ്കിലും അവർ എല്ലാം നിരസിച്ചതിനെ തുടർന്ന് അവസാന അത്താണി എന്ന നിലയ്ക്ക് വീണ്ടും ആമിറിന്റെ അടുക്കല്‍ തിരക്കഥ അവതരിപ്പിക്കാന്‍ അശുതോഷ് തീരുമാനിച്ചു.

Lagaan: Once Upon a Time in India | George Eastman Museumഅങ്ങനെ വീണ്ടും ലഗാന്റെ ഹൃദയതുടിപ്പുകൾ ആമിറിന്‍റേത് കൂടിയാകുന്നു. ഫുൾ ഡ്രാഫ്റ്റ് സ്ക്രിപ്റ്റ് വായിച്ച ആമിർ സിനിമ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചു. വേറൊരു നിർമാതാവിനെ കൊണ്ട് റിസ്ക് എടുപ്പിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ ആമിർ താൻ തന്നെ ചിത്രം നിർമ്മിക്കാമെന്ന് പറഞ്ഞ് ആശുവിന്റെ ആഗ്രഹത്തിന് ചിറകുകൾ നൽകി. തുടർന്ന് ആമിർ മുന്നോട്ട് വെച്ചത് ഒരു നിബന്ധനയാണ്. ഈ സ്ക്രിപ്റ്റ് തന്റെ കുടുംബത്തോട് കൂടി നറേറ്റ് ചെയ്ത് അവരെ കൂടി കൺവിൻസ് ചെയ്യണം എന്നതായിരുന്നു അത്. തുടർന്ന് ആമിറിന്റെ കുടുംബം ഒന്നാകെ കഥ കേൾക്കുകയും ചിത്രം നിർമ്മിക്കാനുള്ള ആമിറിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തു. തന്റെ മുൻ ഭാര്യ റീന ദത്ത ആയിരുന്നു ഈ തീരുമാനത്തിന് ഏറ്റവും അധികം പിന്തുണ നൽകിയതെന്ന് പിൽക്കാലത്ത് ആമിർ തന്നെ പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.

15 Years of 'Lagaan': 20 Lesser Known Facts About the Filmതുടർന്ന് ഗുജറാത്തിലെ ഭുജ് തുടങ്ങിയ സ്ഥലങ്ങളിൽ ലഗാന്റെ ചിത്രീകരണം ആരംഭിച്ചു. പ്രീതി, റാണി എന്നിവരെ പരിഗണിച്ച നായിക വേഷത്തിൽ സീരിയലുകളിലൂടെ പ്രശസ്തയായ പുതുമുഖം ഗ്രേസി സിങ് കടന്നു വന്നു. റഹ്മാന്റെ ഇമ്പമൂറുന്ന ഈണങ്ങൾ ജാവേദ് അക്തറിന്റെ അർത്ഥപൂര്‍ണ്ണമായ വരികളെ പരിണയിച്ചപ്പോൾ പിറന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ആല്‍ബങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകനായ ജാവേദ് അക്തർക്ക് പോലും ലഗാനിൽ വേണ്ടത്ര ആത്മവിശ്വാസം ആദ്യം ഉണ്ടായിരുന്നില്ല. പൊതുവെ ഒരു നായകനും നായികയും തമ്മിൽ യുഗ്മ ഗാനം പാടുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഒരു ഗ്രാമത്തിലുള്ള എല്ലാവരും വന്ന് ഗാനമാലപിക്കുന്നു, അതും മഴയുടെ ദേവനെ പ്രസാദിപ്പിച്ചു തങ്ങളുടെ വറുതിയ്ക്ക് ഒരു അറുതി വരുത്താൻ വേണ്ടി മഴയെ ഭൂമിയിലേക്ക് അയക്കണമേ എന്ന് പറഞ്ഞു കൊണ്ട് പാടുന്ന പാട്ട്. തന്റെ കരിയറിൽ താൻ ഏറെ പരിശ്രമിച്ചാണ് ലഗാനിലെ ഗാനങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിച്ചതെന്ന് ജാവേദ് അക്തർ ഓർത്തെടുക്കുന്നു.

From Aamir Khan To Kamaal Rashid Khan, A Look At Gracy Singh's Co-Starsചിത്രത്തെ പറ്റി തനിക്ക്‌ വളരെ ആശങ്ക ഉണ്ടായിരുന്നു എന്നും ചിത്രം നിർമിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും താൻ തന്നെ ചിത്രീകരണത്തിന് മുന്നോടിയായി ആമിറിനോട് പറഞ്ഞിരുന്നു എന്നും പിന്നീട് ജാവേദ് അക്തർ വെളിപ്പെടുത്തി. 2001 കാലഘട്ടത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലഗാൻ. അത് കൊണ്ട് തന്നെ ഇത്തരം ഒരു പരീക്ഷണ ചിത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നു എങ്കിലും തന്റെ മനസ് പറയുന്നത് ഗ്രഹിച്ച് തന്റെ ആശങ്കയ്ക്ക് അറുതി വരുത്താൻ ആമിർ ശ്രമിച്ചു.

FRAMING MOVIES: Take Thirty: Lagaan (2001) | BollySpice.com – The latest movies, interviews in Bollywoodപരസ്യത്തിന് ഉപയോഗിക്കുന്ന പോസ്റ്റർ മുതൽ ചിത്രത്തിലെ ഷോട്ടുകളും ഫ്രെയിമുകളുമെല്ലാം ലഗാന്റെ പ്രൊഡക്ഷൻ ക്വാളിറ്റി വിളിച്ചോതുന്നത് ആയിരുന്നു. ദീർഘ നേരം നീണ്ട് നിൽക്കുന്ന ലോങ്, സിംഗിൾ ഷോട്ടുകൾ ഉൾപ്പടെ ധാരാളം അധ്വാനം വേണ്ടി വന്ന ചിത്രീകരണമായിരുന്നു ചിത്രത്തിന്റേതെന്ന് ഛായാഗ്രാഹകൻ അനിൽ മേത്ത ഓർമ്മിച്ചെടുക്കുന്നു. യശഃ ശരീരയായ സരോജ് ഖാൻ ചിട്ടപ്പെടുത്തിയ ‘രാധ കൈസെ ന ജല’യിലെ നൃത്തച്ചുവടുകൾ പിൽക്കാലത്ത് ഇന്ത്യ ഒട്ടാകെ തരംഗമായി മാറി.

വരൾച്ച മൂലം ക്ലേശിക്കുന്ന ഗ്രാമവാസികൾ നികുതി (ലഗാൻ) ഇളവ്‌ നല്‍കണം എന്ന അഭ്യർത്ഥനയുമായി ബ്രിട്ടീഷ് അധികാരികൾക്ക് മുന്നിൽ എത്തിയ ചമ്പാനീർ നിവാസികളോട് തങ്ങളുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നായ ക്രിക്കറ്റ് കളിയിൽ തങ്ങളെ പരാജയപ്പെടുത്തിയാൽ ഇളവ്‌ കൊടുക്കാമെന്ന് വെല്ലുവിളിക്കുന്നു. തുടർന്ന് ഗ്രാമീണനായ ഭുവൻ എന്ന യുവാവ് വെല്ലുവിളി സ്വീകരിച്ച് എല്ലാ എതിർപ്പുകളും മറികടന്ന് ബ്രിട്ടീഷ് ടീമിനെതിരെ പൊരുതാൻ ഗ്രാമത്തിൽ നിന്നുള്ള തന്റെ സുഹൃത്തുക്കളെ സജ്ജമാക്കുന്നു. ഇതിന് അവരെ സഹായിക്കുന്നതോ ബ്രിട്ടീഷുകാരിയായ എലിസബത്തും.

ഈ മത്സരം ബ്രിട്ടീഷുകാർക്ക് ഒരു നേരമ്പോക്ക് മാത്രമാണ്. എന്നാൽ ഭുവനും കൂട്ടർക്കും ഇത് നീതിക്ക് വേണ്ടിയും ജീവന് വേണ്ടിയുമുള്ള പോരാട്ടമാണ്. തുടർന്ന് മത്സരം എങ്ങനെയായിത്തീരുമെന്നും ബ്രിട്ടീഷ് പടയുടെ കളിവിരുതിന് മുന്നിൽ ചമ്പാനീർ നിവാസികളുടെ പോരാട്ടവീര്യത്തിന് പിടിച്ചു നിൽക്കാൻ ആവുമോ എന്നുമുള്ള ചോദ്യങ്ങളെ പിന്‍പറ്റി ഉദ്വേഗം നിറച്ചു കഥ പറയുന്നു സംവിധായകൻ അശുതോഷ് ഗോവാരിക്കർ.

ഇന്ത്യൻ ജനതയുടെ ഇഷ്ട വിനോദമായ ക്രിക്കറ്റിനെയും ബ്രിട്ടീഷുകാർക്ക് എതിരെയുള്ള വികാരത്തെയും സമന്വയിപ്പിച്ചത് എഴുത്തുകാരന്റെ വൈദഗ്ദ്ധ്യമെന്നല്ലാതെ മറ്റെന്ത് പറയാനാവും. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദാഹവും ബ്രിട്ടീഷ് ക്രൂരതയും നമ്മൾക്കിടയിൽ തന്നെ നിലനിന്നിരുന്ന (നിലനിൽക്കുന്ന) ജാതീയതയും വിഭാഗീയതയുമെല്ലാം സിനിമയിൽ വിമര്‍ശന വിധേയമാകുന്നുണ്ട്. ശക്തമായ പ്രമേയത്തോടൊപ്പം അതിശക്തമായ പ്രകടനങ്ങളാലും സമൃദ്ധമാണ് ലഗാൻ. ആമിർ, ഗ്രേസി, ആദിത്യ, പ്രദീപ് റാവത്ത്, റേച്ചൽ, പോൾ എന്നിവരുൾപ്പടെ സിനിമയിലെ അഭിനേതാക്കൾ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ പ്രകടനം കൊണ്ട് മികവുറ്റതാക്കി.

സണ്ണി ഡിയൊളിന്റെ ‘ഗദർ’ എന്ന ചിത്രത്തോടൊപ്പം പുറത്തിറങ്ങിയ ലഗാൻ സാമ്പത്തികമായി നല്ല വിജയം നേടി ആ വർഷത്തെ മൂന്നാമത്തെ പണം വാരിചിത്രമായി മാറി. എന്നാൽ സാമ്പത്തിക വിജയം മാത്രമായിരുന്നില്ല ലഗാനെ കാത്തിരുന്നത്. ഓസ്കാർ ഉൾപ്പടെ പല ലോകോത്തര സിനിമകൾ മാറ്റുരയ്ക്കുന്ന വേദികളിലും ഇന്ത്യൻ സിനിമയെ പ്രതിനിധാനം ചെയ്യാൻ ലഗാൻ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ പുരസ്‌കാരങ്ങളും മീഡിയ അവാർഡുകളും ഉൾപ്പടെ ധാരാളം അംഗീകാരങ്ങൾ ലഗാനേയും അതിലൂടെ അശുതോഷിനെയും ആമിർ ഖാനെയും തേടിയെത്തി.

ലഗാനും ലഗാന്റെ മേക്കിങ് ചിത്രീകരിച്ച ഡോക്യൂമെന്ററിയും (ചലെ ചലോ) സിനിമയെ സ്‌നേഹിക്കുന്നവർക്ക് അന്നും ഇന്നും ഒരു പാഠപുസ്തകം എന്നപോലെ നിലനിൽക്കുന്നു. ഓസ്കാർ നാമനിർദേശം വന്ന സമയത്ത് ഒരു മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ ആമിർ പറഞ്ഞത് ഇപ്രകാരമാണ്, “Let the film speak for itself”. പിന്നീട് ആമിർ ഖാൻ പ്രൊഡക്ഷൻസിൽ നിന്ന് വന്ന സിനിമകളിൽ എല്ലാം ഈ ഒരു വാചകം അന്വർത്ഥമായിരുന്നു എന്നതും ശ്രദ്ധേയം.

പ്രദർശന ശാലകളെ ക്രിക്കറ്റ് മൈതാനങ്ങൾ പോലെ ജനനിബിഡമാക്കിയ, ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ, ഹിന്ദി സിനിമയിൽ നിലനിന്നിരുന്ന പല അന്ധവിശ്വാസങ്ങളെയും തച്ചുടച്ച് വിജയിച്ച, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മികച്ച ചലച്ചിത്ര സൃഷ്ടികളിൽ ഒന്നിന് ഇന്നേക്ക് ഇരുപത് വയസ്സ്..!!