ട്രാന്സിസ്റ്റർ റേഡിയോയും പിടിച്ചു അർദ്ധനഗ്നൻ ആയി അമീർ നിൽക്കുന്ന ഒരു പോസ്റ്റർ പുറത്തിറങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻ ഹിറ്റുകളുടെ തോഴൻ രാജു ഹിറാണി, ത്രീ ഇടിയറ്റ്സിന്റെ അസൂയാവഹമായ വിജയമാഘോഷിച്ച അതേ നായകനും സംവിധായകനും നിര്മ്മാതാവും എല്ലാം ഒന്ന് കൂടി ഒന്നിക്കുന്നു എന്ന വാർത്ത കേട്ട് ആ സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന പ്രേക്ഷകർ ഒന്നടങ്കം ഞെട്ടുന്നു. ഇത് ഒരു തരം ചീപ്പ് പ്രൊമോഷൻ ട്രിക് ആണെന്നും ഒരിക്കലും ആമിർ ഖാൻ ഇങ്ങനെ ചെയ്യരുതായിരുന്നു എന്നും എല്ലായിടത്തു നിന്നും വിമർശനശരങ്ങൾ. അപ്പോഴും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞത് ഒന്നു മാത്രം. സിനിമ ഒന്ന് വരട്ടെ.എല്ലാ വിമർശനകൾക്കുമുള്ള ഉത്തരം തീയേറ്ററിൽ ഉണ്ടാവും എന്ന്.
ശേഷം ഒരു ദിവസം ടീസർ ലോഞ്ച് ചെയ്യുന്നു.ഒരു എത്തും പിടിയും കിട്ടാത്ത രീതിയിൽ ഉള്ള ടീസർ.സിനിമയിലെ ടൈറ്റിൽ റോളിൽ എത്തുന്ന ആമിറിനെ നാട്ടുകാർ എല്ലാരും കൂടി തല്ലാൻ ഓടിക്കുന്നു.സിനിമയുടെ പേര് ‘പീ.കെ’ ആണെന്ന് മനസ്സിലാക്കിയപ്പോൾ മദ്യപിച്ചു മറ്റുള്ളവർക്കു ശല്യമായി മാറിയ ഒരാളുടെ കഥ എന്നു വരെ സിനിമാലോകത്തെ സേതുരാമയ്യരുമാർ നിഗൂഢതകൾ ചൂഴ്ന്നിറങ്ങി അന്വേഷിച്ചു റിപ്പോർട്ട് നൽകുന്നു.
2014 ഡിസംബർ 19.ആ വർഷത്തെ ഏറ്റവും പ്രതീക്ഷ ഉള്ള സിനിമയെന്ന ഖ്യാതിയോടെ ആമിർ ഖാന്റെ ‘ഭാഗ്യമാസം’ എന്നു വിശേഷിക്കപ്പെടുന്ന മാസത്തിൽ പികെ തിയേറ്ററിൽ എത്തുന്നു.തൊട്ടാൽ പൊള്ളുന്ന പലതിനെയും ചിത്രം കണക്കിന് കൊട്ടുന്നുണ്ട് എന്നു അറിഞ്ഞാകണം സർവത്ര ടീമുകളും ബഹിഷ്കരണത്തിന് ഓർഡർ ഇടാൻ മുറവിളി കൂട്ടുന്നു. അങ്ങനെ സിനിമ ഇന്ത്യയിൽ മുഴുവൻ ശ്രദ്ധ നേടുന്നു. പിന്നെ തിരിഞ്ഞു നോക്കണ്ട കാര്യം വേണ്ടിവന്നില്ല. പ്രൊമോഷനു വേണ്ടിയ പൈസ ഇത്തരം ബഹിഷ്കരണപ്രിയരുടെ കൃത്യ സമയത്തുള്ള ഇടപെടൽ മൂലം പ്രൊഡ്യൂസർ വിധു വിനോദിന് ലാഭം ആയി മാറുന്നു.
ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ചിത്രം തിയേറ്ററിൽ കൊണ്ടാടപ്പെട്ടു.എന്തിനേറെ പൊതുവെ ഹിന്ദി സിനിമകൾ അധികം ഓടാത്ത(run കിട്ടാത്ത),എടുത്ത് പറയാവുന്ന ഗ്രോസ് കിട്ടാത്ത കേരള-TN സർക്യൂട്ടിൽ പോലും സിനിമ വൻ വിജയമാവുന്നു. പിന്നീട് പികെ കേരളത്തിൽ ക്രിസ്തുമസ് സീസൺ വിന്നർ ആയി മാറി.
സിനിമ ആമിർ ഖാന്റെ വൺ മാൻ ഷോ എന്നു വിശേഷിപ്പിച്ചാൽ അത് അതിശയോക്തി ആവില്ല. അത്രയും എഫർട് എടുത്തു പികെ എന്ന കഥാപാത്രത്തെ സ്ക്രീനിൽ എത്തിക്കാൻ ആമിറിനായി. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ എത്തി ഒടുക്കം ഇവിടെ പെട്ട് പോവുന്ന ഒരു ഏലിയൻ ആയി ആമിർ നിറഞ്ഞാടിയ സിനിമ. പല കാര്യങ്ങളും ആദ്യമായി കാണുന്ന, ആദ്യമായി അനുഭവിച്ചറിയുന്ന ഒരാൾക്ക് വേണ്ട ആകാംക്ഷ…അതെല്ലാം സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ആമിറിന്റെ കണ്ണുകളിൽ പ്രകടമായിരുന്നു.
ഭൂമിയിലെ രീതികളോട് പരിചയം ഇല്ലാത്ത ഒരു കഥാപാത്രത്തിന്റെ പോയിന്റ് ഓഫ് വ്യൂവിലൂടെ കഥ അവതരിപ്പിച്ചത് എഴുത്തുകാർ ആയ അഭിജാത്-ഹിറാണി ടീമിന്റെ വളരെ മികച്ച ഒരു തീരുമാനം ആയി തോന്നി. അത് മൂലം വ്യത്യസ്ത ആചാരങ്ങൾ,പല മതങ്ങൾ,പല വേഷവിധാനങ്ങൾ,പല തരം സംസാര രീതികൾ ഉൾപ്പടെ പലതിനെയും പികെയുടെ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് പകർന്നെത്തിക്കാൻ രാജുവിനായി. ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള പികെ-തപസ്വി സംവാദം ഒക്കെ സിനിമയുടെ കോർ അതിന്റെ ഇന്റൻസിറ്റി ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഏതൊരു കമേർഷ്യൽ സിനിമയുടെയും വിജയം അതിന്റെ ബിസിനസ് വശമാണ്. ഇന്ത്യയിൽ നിന്ന് 300 കോടിയോളം നേടിയ ചിത്രം ലോകമെമ്പാടും ആയി 700കോടിയോളം കളക്ഷൻ നേടി. ബിസിനസ് വശം കൂടാതെ ലോകമെമ്പാടും നിന്നും ധാരാളം ക്രിട്ടിക്കൽ അപ്രീസിയേഷനും പികെയ്ക്ക് ലഭിച്ചു. നിലവിലെ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചൈനയിൽ ഹിന്ദി സിനിമയ്ക്കുള്ള ബിസിനസ് സാധ്യതകളുടെ വാതായനം തുറന്നിട്ടത് ത്രീ ഇടിയറ്റ്സ് ആണെങ്കിലും അതിനെ അരക്കിട്ടുറപ്പിത് പികെ ആണ്.
കൃത്യമായ അളവിൽ കണ്ടെന്റും കമർഷ്യൽ വശവും ബ്ലെൻഡ് ചെയ്ത് നൽകിയാൽ ഭാഷാഭേദമന്യേ സിനിമ വിജയം നേടുമെന്നും സാമ്പത്തിക ലാഭത്തോടൊപ്പം തന്നെ അത് ജനഹൃദയങ്ങളിൽ ഇനിയും ഒരുപാട് കാലം നിലനിൽക്കും എന്നുമുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് പികെ. ചിത്രത്തിന് ഇന്നേക്ക് 6 വയസ്സ്.