കിംഗ് ഖാന്റെ ഏറ്റവും നല്ല സിനിമയായിട്ടും അത് ബോക്സ് ഓഫീസിൽ പരാജയമായി

148

Naveen Babu

മോഹൻ ഭാർഗവിന്റെ ഒരു യാത്രയുടെ കഥ പറയുന്ന, അശ്വതോഷ് ഗോവരിക്കർ സംവിധാനം ചെയ്ത സ്വദേശ് പുറത്തിറങ്ങിയിട്ട്  16 വർഷങ്ങൾ പൂർത്തിയാകുന്നു.

തന്നെ വളർത്തിയ കാവേരിയമ്മയെ തേടിയുള്ള അയാളുടെ യാത്ര ചരന്പൂർ എന്ന ഗ്രാമത്തിലേക്ക് അയാളെ നയിക്കുന്നു.തനിക്ക് പരിചിതമല്ലാത്ത ആ നാടിനോടും നാട്ടുരീതികളോടും ഉള്ള സങ്കോചം അയാൾ പല വട്ടം പ്രകടമാക്കുന്നുണ്ട്.ചിത്രത്തിലെ ആദ്യ പകുതിയിൽ അയാൾ ഗ്രാമത്തിൽ നിന്നുമുള്ള വെള്ളം കുടിക്കാതെ മിനറൽ വാട്ടർ(കുപ്പിവെള്ളം) കുടിക്കുന്ന സീൻ കാണാം.എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ട്രെയിൻ സ്റ്റോപ്പിനടുത്തേക്ക് കുടത്തിൽ വെള്ളം നിറച്ച് അതു വിറ്റ് ജീവിതം നയിക്കേണ്ടി വന്ന ഒരു കുട്ടിയെ കണ്ട അയാൾ ആ കുട്ടിയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിക്കുന്നു.അവന്റെ അവസ്‌ഥയിൽ വേദനിക്കുന്നു.ചിത്രത്തിന്റെ തുടക്കത്തിലെ മറ്റൊരു സീനിൽ മോഹന് കിടക്ക ഒരുക്കുന്ന ഗീതയെ കാണാം.എന്നാൽ മോഹൻ ഇതിനെ അവഗണിച്ചു താൻ കാരവനിൽ കിടന്നുകൊള്ളാം എന്നു പറയുന്നു.എന്നാൽ പിന്നീട് മറ്റൊരു ദിവസം അയാൾ അതേ കട്ടിലിൽ കിടന്നുറങ്ങുന്നു, ഇത് വരെ താൻ ഇത്ര നന്നായി ഉറങ്ങിയിട്ട് വളരെ നാളായി എന്നു പറയുകയും ചെയ്യുന്നു.

Swades Movie Stills - Bollywood Hungamaമാറി നിന്നു കുറ്റം പറയാൻ എല്ലാവർക്കും സാധിക്കും ആ പ്രശ്നത്തെ ഇല്ലാതാക്കാൻ മുന്നോട്ട് ഇറങ്ങണം എന്ന ഗീതയുടെ തർക്കവാദത്തിൽ നിന്ന് നേടിയ പ്രചോദനം അയാളെ ആ നാട്ടിലെ യഥാർഥ പ്രശ്‌നങ്ങൾ കണ്ടെത്താനും അതിൽ സജീവമായി ഇടപെടാനും നിർബന്ധിതനാക്കുന്നു. തന്റെ സ്വപ്നങ്ങൾ ഒന്നും വിവാഹത്തിന് വേണ്ടി ഉപേക്ഷിക്കാൻ കഴിയില്ല എന്നുമുള്ള ഗീതയുടെ വാക്കുകൾ തന്നെ ശ്രദ്ധിക്കുക.വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ ആവില്ലെന്നും പറഞ്ഞു വിവാഹാലോചന വേണ്ടെന്ന് വെയ്ക്കുന്ന അവളുടെ കഥാപാത്രസൃഷ്ടി ഏറെ മികച്ചതാണ്.കുട്ടികളെ സ്‌കൂളിൽ അയക്കണം എന്നു അയാൾ വീടുകൾ കയറി ഇറങ്ങി അഭ്യർത്ഥിക്കുന്നു.പെണ്കുട്ടികളെ എന്തിന് സ്‌കൂളിൽ വിടണം,തന്റെ കുലത്തൊഴിൽ നോക്കി ജീവിക്കുക ആണ് മക്കളുടെ ആഗ്രഹം,ജാതിവ്യവസ്ഥയിൽ അടിയുറച്ചു വിശ്വസിക്കുന്നതാണ് തന്റെ നാടിന്റെ ആചാരം,അവ്വിധമുള്ള ജാതിവ്യവസ്ഥയിൽ താഴ്ന്ന ജാതി എന്നു അവർ തന്നെ പറയുന്നവർക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ല..എന്നത് പോലുള്ള മണ്ടൻ-മുരടൻ വാദങ്ങളെ അയാൾ എതിർക്കുന്നു.ഇത് കേവലം ശക്തി പ്രകടനം കൊണ്ടോ വാക്വാദം കൊണ്ടോ അല്ല എന്നതും ശ്രദ്ധേയം.’യെ താര വോ താര’ എന്ന ഗാനത്തിന്റെ വരികൾ തന്നെ നോക്കു.അതിൽ കുലവും, തൊഴിലും ഒന്നും വേര്തിരിവിനു കാരണം ആവരുതെന്നും ഒന്നും മറ്റൊന്നിന്റെ കീഴിലല്ല എന്നും എല്ലാം തുല്യം ആണെന്നും ‘ഒരു തുള്ളി കൊണ്ട് മരുഭൂമിയിൽ ഒരത്ഭുതവും ഉണ്ടാവില്ല എന്നും നേരെ മറിച്ച് പല തുള്ളികൾ ചേരുമ്പോൾ അത് ജലധാരയായി മാറും’ എന്നും പാടിക്കൊണ്ട് അയാൾ അവരുടെ ചിന്താരീതികളെ ഉടച്ചു വാർക്കുന്നു.സിനിമ കാണുമ്പോൾ പോലും ജാതി അനുസരിച്ചു ക്രമീകരിച്ചിരുന്ന അവരുടെ ഇരിപ്പിടങ്ങൾ ഒന്നിച്ചക്കുന്നു.അതിന് അവരുടെ ഇടയിൽ മറ ആയി നിന്ന ചിന്തകളെ അവൻ എടുത്തുമാറ്റുന്നു (സിംബോളിക് ആയി സിനിമയിൽ കാണിച്ചിരിക്കുന്നു).പിന്നീട് അവൻ പാടിയ വരികൾ കുട്ടികളെ കൊണ്ടും ഏറ്റു പാടിച്ചതിലൂടെ വരും തലമുറ എങ്കിലും ഇത്തരം വേർതിരിവ് ഒന്നുമില്ലാതെ ജീവിക്കുക എന്ന സന്ദേശം സംവിധായകൻ പ്രേക്ഷകർക്ക് കൈമാറുന്നു.

15 years of Swades EXCLUSIVE: “When I worked with Shah Rukh Khan, I  realized that he's even better than what people said” – Gayatri Oberoi :  Bollywood News - Bollywood Hungamaതുടർന്ന് അവരുടെ യഥാർഥ പ്രശ്‌നങ്ങൾ തേടി യാത്ര ചെയ്യുന്ന അവൻ അതിനും പരിഹാരം കണ്ടെത്തുന്നു.അതിന് അവരെ ഒരുമിച്ചു കൂട്ടുന്നു.കല്ലു വെട്ടുന്നവരും കൊല്ലപണിക്കാരും തുടങ്ങി പല വിഭാഗങ്ങളിൽ ഉള്ളവരെ അവൻ ഒരു ലക്ഷ്യത്തിനായി ഒരേ മനസോടെ ഒന്നിച്ചുചേർക്കുന്നു.ജാതിയും സംസ്കാരവും പാരമ്പര്യവും ആണ് തങ്ങളുടെ സമ്പത്ത് എന്നു വീമ്പു പറഞ്ഞവരുടെ മുന്നിൽ ഒരു നേരത്തെ അന്നതിന് വകയില്ലാതെ വിഷമിക്കുന്ന ഒരു കർഷകൻ തന്റെ കുടുംബത്തെ പോറ്റാൻ പാട് പെടുമ്പോൾ ഇത്തരം സംസ്‌കാരങ്ങൾക്ക് ഒരര്ഥവും ഇല്ല എന്നും പറഞ്ഞു മനസിലാക്കുന്നു.അതിന് റെയിൽവേ സ്റ്റേഷനിൽ തന്റെ ദൈനംദിന ജീവിതത്തിന് വേണ്ടി കുടിവെള്ളം വിൽക്കേണ്ടി വരുന്ന ഒരു ബാലന്റെ ജീവിതം പ്രചോദനമാകുന്നു.ഒരിക്കലും സംഭവിക്കില്ല എന്നു അവർ വിശ്വസിച്ച ഒരു കാര്യം അവരുടെ എല്ലാവരുടെയും സഹകരണത്തോടെ നടത്തി കാണിച്ചു ഒരുമയുടെ സന്ദേശം നല്കുന്നു.

Independence Day special: 10 movies to binge-watch this weekendഅവർക്ക് വീടുകളിൽ വൈദ്യുതി ലഭ്യമാക്കുക മാത്രമല്ല മോഹൻ ചെയ്യുന്നത്.അവരുടെ ജീവിതത്തിലും വെളിച്ചം നൽകാൻ അവനു സാധിച്ചു. കഥയുടെ ആത്മാവിനെ മുഴുവൻ കാഴ്ചക്കാരിലേക്ക് പകർന്ന് നൽകുന്ന എ.ആർ റഹ്മാന്റെ സംഗീതം അതിനെ പുണരുന്ന അർത്ഥസമ്പുഷ്ടമായ ജാവേദ് അക്തറിന്റെ വരികൾ,യാതൊരു കമർഷ്യൽ മേമ്പൊടികളും ഇല്ലാതെ സിനിമ ഒരുക്കിയ അശ്വതോഷ്, കഥാപാത്രങ്ങളായി ജീവിക്കുകയാണോ എന്ന സംശയം കാഴ്ച്ചക്കാരിൽ ഉളവാക്കാൻ ഉതകുന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിനേതാക്കൾ.എല്ലാം കൊണ്ടും പരിപൂർണ്ണമായ ഒരു കലാസൃഷ്ടി.യഥാർഥ ജീവിതത്തിൽ നിന്നും ഒരു കന്നഡ ചിത്രത്തിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ചിത്രം തയാറാക്കിയത്.ആമിർ ഖാൻ,ഹൃതിക് റോഷൻ,മാധവൻ എന്നിവരെ ഒക്കെ മോഹൻ റോളിൽ പരിഗണിച്ചിരുന്നു.എന്നാൽ അവസാനം മോഹൻ ഭാർഗവിന് ജീവൻ നൽകാൻ ഷാരൂഖ് ഖാൻ മുന്നോട്ട് വന്നു.അതിലയാൾ 100% വിജയിക്കുകയും ചെയ്തു.എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയമായി.ഷാരൂഖ് സിനിമകളിൽ ആരാധകരും പ്രേക്ഷകരും സ്ഥിരം പ്രതീക്ഷിക്കുന്ന ഒന്നും ഇതിൽ അവർക്ക് ലഭിച്ചില്ല.അതിനാൽ അന്ന് അവർ സ്വദേശിനെ കയ്യൊഴിഞ്ഞു.എന്നാൽ ഇന്ന് സ്വദേശ് ഏവർക്കും പ്രിയപ്പെട്ടതാണ്.ഷാരൂഖിന്റെ കരിയറിൽ മികച്ച ധാരാളം പ്രകടനങ്ങൾ ഉണ്ടാവാം.എന്നാൽ എന്നെ സംബന്ധിച്ചു ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം അത് സ്വദേശ് ആണ്.അതേ സ്വദേശ് ഒരു പ്രയാണത്തിന്റെ കഥയാണ്; തന്റെയും തന്റെ ചുറ്റുമുള്ളവരുടെയും ജീവിതം മുഴുവൻ മാറ്റിമറിച്ച മോഹന്റെ യാത്രയുടെ കഥ.