Bollywood
അമിതാബച്ചന്റെ അവർത്തനവിരസതയിൽ നിന്നും ബോളീവുഡിനെ പുനരുജ്ജീവിപ്പിച്ച സിനിമ
ബച്ചന്റെ ആംഗ്രി യങ് മാൻ സിനിമകൾ ട്രെൻഡ് ആയതോടെ 1970-1980കളിൽ അത് പ്രമേയം ആക്കി വരുന്ന ചിത്രങ്ങളുടെ കൂട്ട കുത്തൊഴുക്ക് തന്നെയുണ്ടായി ഹിന്ദി സിനിമയിൽ
193 total views

‘ബച്ചന്റെ ആംഗ്രി യങ് മാൻ സിനിമകൾ ട്രെൻഡ് ആയതോടെ 1970-1980കളിൽ അത് പ്രമേയം ആക്കി വരുന്ന ചിത്രങ്ങളുടെ കൂട്ട കുത്തൊഴുക്ക് തന്നെയുണ്ടായി ഹിന്ദി സിനിമയിൽ. ഇതിൽ പലതും അസഹനീയമാം വിധം മോശമായിരുന്നു. സംഘടന രംഗങ്ങളുടെയും അമാനുഷികതയുടെയും അതിപ്രസരം കാരണം ഇത്തരം സിനിമകളോട് ജനങ്ങൾ മുഖം തിരിഞ്ഞു നിൽക്കാൻ തുടങ്ങി. തിയേറ്ററുകളിൽ കുടുംബങ്ങൾ ഉൾപ്പടെയുള്ള ആസ്വാദകവിഭാഗം അകന്നു നിൽക്കാൻ ഇത്തരം ചിത്രങ്ങൾ കാരണമായി. പിന്നീട് ഈ ഒരു പ്രമേയ ദാരിദ്ര്യത്തിന് അറുതി വരുത്തിയത് 1988ൽ മൻസൂർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആമിർ ഖാൻ-ജൂഹി ചൗള എന്നിവർ ഒന്നിച്ച ഖയാമത് സെ ഖയാമത് തക് എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ്.’ സി.എൻ.എൻ ഐ.ബി.എൻ- ന്റെ ഒരു ഡോകുമെന്ററിയിൽ നിന്നുള്ള വാക്കുകൾ ആണിവ.
പുതുമ നിറഞ്ഞ കഥാപരിസരം ആയത് കൊണ്ട് തന്നെ ആ പുതുമ സിനിമയിലെ എല്ലാ മേഖലയിലും ഉണ്ടാവണം എന്നു മന്സൂറിന് നിർബന്ധം ഉണ്ടായിരുന്നു. ആനന്ദ്-മിലിന്ത് കൂത്തുകെട്ടിൽ പിറന്ന ഗാനങ്ങൾ എല്ലാം തന്നെയും ആ പുതുമ കത്തുസൂക്ഷിക്കുന്നവയായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ഗാനങ്ങൾ ഏറെ സഹായകമായി. ‘പാപ്പാ കെഹ്ത ഹേ’ എന്ന ഗാനത്തിൽ കയ്യിലൊരു ഗിത്താറുമായി പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്ന ആമിർ ഖാൻ എന്ന യുവനായകൻ അങ്ങനെ ബോളിവുഡ് സിനിമ ലോകത്തിന്റെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായി മാറി. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഗാനങ്ങൾ ആയിരുന്നു ചിത്രത്തിന്റേത്. 80കളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാസറ്റുകളിൽ മുൻപന്തിയിൽ ഖയാമതും ഉണ്ടാവും. അക്കാലത്ത് ഭക്തി ഗാനങ്ങളും പഴയ സിനിമ ഗാനങ്ങളും കാസറ്റുകളിൽ ആക്കി വിറ്റിരുന്ന ഗുൽഷൻ കുമാറിന്റെ സൂപ്പർ കാസറ്റ്സിന് (പിൽക്കാലത്ത് ടീ സീരീസ് എന്നറിയപ്പെട്ടു) ചിന്തയ്ക്ക് അതീതമായ ലാഭം നൽകിയ ആൽബം ആയിരുന്നു ചിത്രത്തിന്റേത്.
ഇന്ന് നമുക്ക് എല്ലാം ചിരപരിചിതമായ കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം അറിയാതെ, പരസ്പരം സ്നേഹിക്കുന്ന രണ്ടു കമിതാക്കളുടെ കഥയാണ് ഖയാമത് സെ ഖയാമത് തക്. ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ദുരഭിമാനക്കൊല ഒക്കെ ചിത്രത്തിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. ചിത്രീകരണം പൂർത്തിയായെങ്കിലും പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തിയത് കൊണ്ടും, അക്കാലത്തെ ട്രെൻഡിനൊപ്പം ചേർന്ന് നിൽക്കാത്ത ചിത്രം ആയതു കൊണ്ടും വിതരണക്കാരെ സംഘടിപ്പിക്കാൻ നാസിർ സാബ് നന്നായി പണിപ്പെട്ടു. ചിത്രത്തിലേക്ക് ജനശ്രദ്ധ ആകർഷിക്കാൻ നാസിർ സാബ് ഒരു ആശയം മുന്നോട്ട് വെച്ചു. നഗരത്തിന്റെ ജനശ്രദ്ധ കൂടുതൽ ലഭിക്കുന്ന സ്ഥലത്ത് ഒരു ഹോർഡിങ് സ്ഥാപിക്കുക, എന്നാൽ എല്ലാവരും ചെയ്യുന്ന പോലെ അല്ല, ആമിറിന്റെ മുഖം പോലും വെക്കാത്ത ഹോർഡിങ്ങിൽ ‘Who is Aamir Khan? Ask the girl next door’ എന്ന വാചകം രേഖപ്പെടുത്തി. ആ ഹോർഡിങ് വിചാരിച്ച പോലെ തന്നെ ജനശ്രദ്ധ നേടി. ചിത്രം പുറത്തിറങ്ങിയ ആദ്യ ആഴ്ച്ചകളിൽ പ്രേക്ഷകരുടെ ഇടയിൽ നിന്ന് തണുത്ത പ്രതികരണം ആയിരുന്നു കാണാൻ സാധിച്ചത്. എന്നാൽ ഏതാണ്ട് മൂന്ന് ആഴ്ചകൾക്ക് ശേഷം ചിത്രം കാണാൻ തിയേറ്ററുകളിൽ ജനം ഇരച്ചുകയറി.
ലേഖകനായ ഗൗതം ചിന്താമണി ഖയാമത് സെ ഖയാമത്തിനെ വിശേഷിപ്പിച്ചത് ഹിന്ദി സിനിമയെ പുനരുജ്ജീവിപ്പിച്ച ചിത്രം എന്നാണ്. ചിത്രത്തെപ്പറ്റി അദ്ദേഹം ഒരു പുസ്തകം രചിക്കുകയും ചെയ്തു. ട്രാജിക്കൽ ആയി അവസാനിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടും എന്ന അന്ധവിശ്വാസം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് അത്തരം ഉട്ടോപ്യൻ ന്യായങ്ങളെ തച്ചുടച്ചു ജനഹൃദയങ്ങളിൽ കുടിയേറിയ ചിത്രം, പിൽക്കാലത്ത് പ്രണയ സിനിമകൾക്ക് പേരുകേട്ട ഹിന്ദി സിനിമയിൽ ഒരിടവേളയ്ക്ക് ശേഷം പുതിയ ട്രെൻഡ് കൊണ്ടുവന്ന ചിത്രം, അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ചിത്രത്തിന് ഇന്നേക്ക് 33 വയസ്സ്. ഖയാമത് സെ ഖയാമത് തക്കിന്റെ 33 വർഷങ്ങൾ.
194 total views, 1 views today