Naveen Gireesan

ശ്രീ സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലെ ആരോഗ്യ മേഖലയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും പ്രതീക്ഷിക്കാത്തതും തീർത്തും യാഥാർത്ഥ്യത്തിനു നിരക്കാത്തതുമായ ചില പ്രസ്താവനകൾ അതിൽ കേട്ടു.

“ഇനി കുറച്ചു കാലം കഴിയുമ്പോൾ കേരളത്തിൽ മൂന്നരക്കോടി രോഗികളുണ്ട് എന്നായിരിക്കും പറയേണ്ടിവരിക”, “കൂടുതൽ ആശുപത്രികൾ ഉണ്ടായതും മരുന്നുകളുടെ ഉപയോഗവും ആണ് രോഗാവസ്ഥയ്ക്ക് കാരണം” എന്നെല്ലാം അദ്ദേഹം പറയുന്നു.
തീർത്തും ചരിത്രബോധമില്ലാത്ത പ്രസ്താവനകളാണത്.

കേരളത്തിലെ ചരിത്രം പരിശോധിച്ചാൽ കേരളജനതയുടെ ഏറ്റവും കുറവ് രോഗം മൂലമുള്ള മരണവും ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യവും ഉള്ള കാലമാണിത്.

1911- 21 കാലയളവിൽ തിരുവിതാംകൂറിൽ നടത്തിയ സെൻസസിൽ മനുഷ്യരുടെ ആയുർദൈർഘ്യം 26 വയസ്സ് മാത്രമാണ് ഇന്നത് 76 ൽ എത്തിനിൽക്കുന്നു.

പകർച്ചവ്യാധികളും ശിശുമരണങ്ങളും സർവ്വസാധാരണമായിരുന്ന കാലത്തുനിന്നും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത് ആരോഗ്യമേഖലയിലെ വലിയ പുരോഗതി കൊണ്ട് മാത്രമാണ്.

വസൂരിയും മലമ്പനിയും പോലുള്ള മഹാമാരികൾ ഒരു വലിയ പ്രദേശത്തെ ജനങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു വന്നത്.

ഓരോ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ വലിയ ആശുപത്രികൾ വരെ നടത്തിയ പ്രവർത്തനങ്ങളും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളുമാണ് ഈ കാണുന്ന നിലയിൽ കേരളത്തിലെ ആരോഗ്യമേഖല എത്തുന്നതിനു സഹായിച്ചിട്ടുള്ളത്. ഈ വസ്തുതകളെല്ലാം പാടെ നിരാകരിക്കുന്നതും സത്യത്തിൻ്റെ നേരെ കണ്ണടയ്ക്കുന്നതുമാണ് ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രസ്താവന. “സർ യാത്രയിൽ കണ്ടതിൽ ഏറ്റവും ആരോഗ്യമുള്ള ജനത ഏതാണ് ” എന്ന ചോദ്യത്തിന് എത്യോപ്യയിലെ ഡനാക്കിൽ ഡിപ്രഷൻ (Danakil Depression)
എന്ന ഉപ്പു മരുഭൂമിയിലെ മനുഷ്യരെയാണ് അദ്ധേഹം ചൂണ്ടിക്കാണിക്കുന്നത്. “ശരീരത്തിൽ ദുർമേദസിൻ്റെ അംശം പോലുമില്ലാത്ത ഉറച്ച ശരീരമുള്ള മനുഷ്യരെ ഞാനവിടെ കണ്ടു” എന്നദ്ദേഹം പറയുന്നു. അവിടത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള യാതൊരുവിധ പഠനവുമല്ല അദ്ദേഹം ഉദാഹരിക്കുന്നത്. “ഞാനവിടെ കണ്ടിട്ടുണ്ട്” എന്ന വിശ്വാസ വാദമാണ്.

അവർ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള കാരണമായി ശാസ്ത്ര വിരുദ്ധമായ ചില വാദങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. “അവർ മരുന്ന് എന്ന സാധനം ജീവിതത്തിൽ കണ്ടിട്ടില്ല” , “അവിടുത്തെ മിക്കവാറും ഗ്രാമങ്ങളിൽ ആശുപത്രിയും ഡോക്ടർമാരും ഇല്ല” എന്നെല്ലാമുള്ള വിചിത്രനിരീക്ഷണം അദ്ദേഹം നടത്തുന്നു. ഇതെല്ലാം അങ്ങേയറ്റം ശാസ്ത്ര വിരുദ്ധവും സന്തോഷ് ജോർജ് കുളങ്ങര പോലെയുള്ള ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്തതുമായ പ്രസ്താവനകളാണ്.

ഡോക്ടർമാരുടെ മെഡിക്കൽ എത്തിക്സിനെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ പ്രസക്തമാണ് എങ്കിലും അതിനായി നടത്തുന്ന വാദങ്ങളും പ്രസ്താവനകളും തീർത്തും യുക്തിക്കു നിരക്കാത്തതും ചപലവുമാണ്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുതൽ ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കേണ്ടതാണ് – അത് രോഗികൾക്ക് കൂടി ജീവിതം സാധ്യമാവുന്നു എന്നതിനാലാണ് – വലിയ രോഗമുള്ളവർക്കും അവരുടെ രോഗാവസ്ഥ ചികിത്സിച്ച്, ജീവിതം തുടരുവാനുള്ള സാഹചര്യം ആധുനിക വൈദ്യം നൽകുന്നു എന്നത് കൊണ്ടാണ്.

ശാസ്ത്രം നൽകുന്ന എല്ലാ സൗകര്യങ്ങളിലും ജീവിച്ച് ശാസ്ത്രത്തെ പാടെ നിരാകരിക്കുന്ന സമീപനം അങ്ങേയറ്റം പരിതാപകരമാണ്.

വാൽക്കഷണം: ചിന്താരീതികൾ ശാസ്ത്രീയമാക്കുന്നതിൽ പഠനത്തിന് മാത്രമല്ല യാത്രാനുഭവങ്ങൾക്കും കാര്യമായ പരിമിതികളുണ്ട്.

video 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.