ഉന്നാവോ കേസിൽ സാമൂഹ്യവിരുദ്ധ നിലപാടെടുത്ത ബിജെപി സർക്കാരും വാളയാർ കേസിലെ നിലപാട് സ്വീകരിച്ച കേരള സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ല

310

Naveen Gireesan

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലും ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കുന്നതിലും നാട്ടിലെ നീതിന്യായ / ഭരണകൂട സംവിധാനങ്ങൾ പ്രകടിപ്പിക്കുന്ന വലിയ അലംഭാവത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാളയാറിലേത്.

പ്രതികൾ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കപ്പെട്ട വേളയിൽ വെളിവായത് നിയമപാലന സംവിധാനത്തിൻ്റെ പാകപ്പിഴകളാണ്. തെളിവു ശേഖരിക്കുന്നതിലും കേസ് നടത്തുന്നതിലും ഭരണപക്ഷം കാണിച്ച വീഴ്ച/ഉദാസീനത തീർത്തും ആശാസ്യമല്ലാത്തതാണ്. ഉന്നാവോ കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സാമൂഹ്യവിരുദ്ധ നിലപാടെടുത്ത ഉത്തർപ്രദേശിലെ ബിജെപി സർക്കാരും വാളയാർ കേസിലെ പ്രതിലോമകരമായ നിലപാട് സ്വീകരിച്ച കേരള സർക്കാരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവുന്നില്ല. ഈ വിഷയത്തിൽ പൊതു സമൂഹത്തിൽ ഉണ്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും തീർത്തും അനിവാര്യമായതാണ്. നീതി നടപ്പാക്കാനുള്ള പൗരൻ്റെ ആവശ്യത്തിന് ഒപ്പം നിന്നുകൊണ്ട് , ഈ വേളയിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന, എന്നാൽ ചർച്ച ചെയ്യപ്പെടാതെ പോയ ചില വിഷയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരികയാണ് ഈ ലേഖനം.

“പ്രായപൂർത്തിയാകാത്ത വ്യക്തിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും, ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്നതുമാണ് ലൈംഗീക പീഡനം”

സ്വാഭാവികമായ / ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങൾ ഇല്ലാത്ത സമൂഹത്തിലാണ് ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളും സംഭവിക്കുന്നത്. ആരോഗ്യകരമായ ലൈംഗികജീവിതം സാധ്യമാവുന്നത് മികച്ച ലൈംഗിക വിദ്യാഭ്യാസം (sexual education) വഴിയാണ് ലൈംഗികവിദ്യാഭ്യാസം പാടേ അന്യമായ ഒരു സമൂഹമാണ് ഇന്ത്യയിലേത്. മതാത്മകമായ സദാചാര ബോധത്തിൽ നിർമ്മിച്ചതാണ് ഇന്ത്യൻ സമൂഹത്തിലെ പൊതുബോധം.

ഈ സാമൂഹിക സാഹചര്യത്തിൽ വ്യക്തി തൻ്റെ ലൈംഗിക താൽപര്യങ്ങൾ അകമേ ഒതുക്കുകയാണ് ചെയ്യേണ്ടി വരുന്നത് . കാരണം വിശ്വാസത്തിൻ്റെയും സംസ്കാരത്തിൻ്റെയും സാമൂഹിക ധാർമികതയുടെയും പരമ പ്രധാന ഭാഗമാണ് ഭാഗമാണ് ലൈംഗികസദാചാരം.

ഇത്തരത്തിലുള്ള ഒതുക്കപ്പെട്ട വികാരങ്ങളുടെ അക്രമാസക്തമായ പൂർത്തീകരണ ശ്രമമാണ് ലൈംഗിക അതിക്രമങ്ങൾ വഴി നടക്കുന്നത്. അതിനാൽ സമൂഹത്തിന് അടിസ്ഥാനപരമായി ആവശ്യം ലൈംഗികസദാചാര വിഷയത്തിലുള്ള സമൂഹത്തിൻറെ കടുംപിടുത്തം അയയുക എന്നതാണ്. ലൈംഗിക സ്വാതന്ത്ര്യം എന്നത് ഒരു സ്വതന്ത്ര സമൂഹത്തിൻറെ അനിവാര്യതയാണ്. ലൈംഗിക അതിക്രമങ്ങൾ ഏറ്റവും കുറവുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലെയുള്ള ഇടങ്ങളിലെല്ലാം സാമൂഹിക മൂല്യം സങ്കൽപങ്ങളിൽ ഏറ്റവും കുറവ് പ്രാധാന്യമുള്ളത് ലൈംഗികസദാചാരത്തിനാണ്.

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലും പുറത്തും പ്രതികൾക്കെതിരെ പ്രതിഷേധമുയർത്തിയവരിൽ പലരും സദാചാര സംരക്ഷണത്തിലും മുന്നിലുണ്ട് എന്നത് വലിയ വൈരുദ്ധ്യമാണ്. അതായത് അടിസ്ഥാന കാരണങ്ങളെ തിരിച്ചറിയാതെ പ്രശ്നത്തെ വൈകാരികമായി മാത്രം സമീപിക്കുകയാണവർ.

ലൈംഗിക പീഡനങ്ങളുടെ മറ്റൊരു പ്രധാന കാരണം സമൂഹത്തിലെ ലൈംഗിക അസമത്വമാണ്. ഇതും മനുഷ്യനിൽ വിശ്വാസരൂപമായി ഉറപ്പിക്കപ്പെട്ട സാമൂഹ്യ ബോധ്യമാണ്. തലമുറകളായി പിന്തുടർന്നു വന്ന പുരുഷകേന്ദ്രീകൃത ലോകബോധം സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി അംഗീകരിക്കുന്നില്ല. മത പ്രമാണ ഗ്രന്ഥങ്ങൾ വഴിയും വിശ്വാസസംഹിതകൾ വഴിയും നാം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾ വഴിയും സാഹിത്യം കല എന്നിവ വഴിയും സമൂഹത്തിൽ ആവർത്തിച്ച് ഉറപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും ഈ പുരുഷാധിപത്യ ബോധമാണ്.

അചേതനമായ സ്ത്രീയെന്ന ഉപഭോഗ വസ്തുവിലേക്ക് പുരുഷനെന്ന അധികാരി നടത്തുന്ന അതിക്രമങ്ങളാണ് ഓരോ സ്ത്രീപീഡനങ്ങളും. നേരത്തെ സൂചിപ്പിച്ച ഹാഷ്ടാഗ് ക്യാമ്പയിനിങ്ങുകാർ അഡ്രസ് ചെയ്യാത്ത വിഷയമാണിത്. അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കാനിറങ്ങിയവരും പർദ്ദ വേണോ? എന്ന് ചോദിക്കുമ്പോൾ “ആർക്കാണ് ബിക്കിനി ഇടേണ്ടത്” എന്ന് മറുചോദ്യം ചോദിക്കുന്നവരും ഇരയ്ക്ക് നീതി വേണമെന്ന് പറയുന്നതിലും വലിയ തമാശ അടുത്തകാലത്ത് വേറെ കേട്ടിട്ടില്ല.

സ്ത്രീകളെ പോലെ തന്നെയാണ് അപമാനവീകരണം (dehumanization) കുട്ടികളും നേരിടേണ്ടിവരുന്നത്. പൗരൻ്റെ എല്ലാ അവകാശങ്ങളും പരിഗണനകളും ലഭിക്കേണ്ടവരാണ് കുട്ടികളും എന്ന ആധുനിക ലോകബോധം നേടാത്ത പ്രാകൃത – ഗോത്രീയ സമൂഹത്തിലാണ് കുട്ടികൾക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നത്.

പറഞ്ഞുവന്നത് ലൈംഗികാതിക്രമണം എന്നത് ഏതെങ്കിലും ഒരു കുറ്റവാളിയുടെ മാത്രം പ്രവർത്തന ഫലമായി ഉണ്ടാവുന്നതല്ല. അതൊരു സമൂഹത്തിൻറെ നിർമ്മിതിയാണ്. ലോകരാജ്യങ്ങളിലെ rape statistics നോക്കിയാൽ മനസ്സിലാകുന്നത് അതാണ്.

പാരമ്പര്യ / സദാചാര / മൂല്യ ബോധങ്ങളുടെ വിഴുപ്പു ഭാണ്ഡങ്ങൾ ചുമക്കുന്ന സമൂഹങ്ങളിൽ അതിക്രമങ്ങൾ കൂടുന്നതും ജനാധിപത്യ സാമൂഹിക ബോധത്തിൻ്റെ ശുദ്ധവായു ശ്വസിക്കുന്ന രാജ്യങ്ങളിൽ അതിക്രമങ്ങൾ കുറഞ്ഞും ഇരിക്കുന്നത് “ചികിത്സ ആവശ്യം സമൂഹത്തിനാണ് ” എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇപ്പോഴുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും തൊലിപ്പുറത്തെ ചികിത്സ മാത്രമേ ആകുന്നുള്ളൂ. ആവശ്യം ആഴത്തിലുള്ള ശസ്ത്രക്രിയയാണ്.

Advertisements