പ്രായപൂർത്തിയാകാത്ത വ്യക്തികൾ

144

Naveen J

“പ്രായപൂർത്തിയാകാത്ത വ്യക്തികൾ”

സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപെട്ടതുമായി ബന്ധപ്പെട്ട് സഹപാഠികളായ കുട്ടികളുടെ പ്രതികരണങ്ങൾ കണ്ടു. ഇത്രയും ദുഃഖകരമായ അവസ്ഥയിൽ പോലും ആ കുട്ടികളുടെ പ്രതികരണങ്ങൾ എന്തൊരു ശക്തവും പക്വതയുള്ളതുമാണ്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന അധ്യാപകരടക്കമുള്ളവരേക്കാൾ എന്ത് വിവേകത്തോടെയാണ് അവർ സംസാരിക്കുന്നത്. അത് കണ്ടപ്പോൾ സിദ്ധാർഥ് ശിവയുടെ “സഖാവ്” സിനിമയിലെ ഒരു രംഗമാണ് ഓർമ വന്നത്.

സ്കൂളിൽ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട സമരത്തിൽ പങ്കെടുത്തതിന് ഏഴാം ക്ലാസിൽ പഠിക്കുന്നൊരു പെൺകുട്ടിയോട് അച്ഛനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറയുന്നു. അവളുടെ അച്ഛൻ വന്നതറിഞ്ഞ് ഹെഡ്മിസ്ട്രസിന്റെ റൂമിലേക്ക് അവൾ ചെല്ലുമ്പോൾ രാഷ്ട്രീയപ്രവർത്തകനായ അച്ഛനും ഹെഡ്മിസ്ട്രെസും തമ്മിലുള്ള സംഭാഷണം കേൾക്കുന്നു.

ഹെഡ്മിസ്ട്രസ് : നിങ്ങൾ രാഷ്ട്രീയം കളിച്ച് നടക്കുന്നതൊക്കെ ശെരി, മകളെ ഈ പ്രായത്തിലെ പൊളിറ്റിക്സിലേക്ക് വലിച്ചിഴക്കണോ ?
കുട്ടികൾ പഠിക്കട്ടെ, അവർ പഠിച്ച് ഒരു ജോലിയൊക്കെ കിട്ടണമെന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ.. മാതാപിതാക്കളുടെ ശിക്ഷണം പോലിരിക്കും അവരുടെ സ്‌കൂളിലുള്ള പെരുമാറ്റം. മേലാൽ ഇത്തരം സംഭവങ്ങൾ ഒന്നുമുണ്ടാവില്ല എന്ന് നിങ്ങൾ എനിക്ക് ഉറപ്പ് തരണം. ഇനി ഈ പേരും പറഞ്ഞ് അവരെ തല്ലാനൊന്നും നിൽക്കണ്ട.

അച്ഛൻ : ഹമ് (പുച്ഛത്തോടെ )

ഹെഡ്മിസ്ട്രസ് : ഉം എന്താ ??

അച്ഛൻ : ഏയ്‌ ഒന്നുല്ല

ഹെഡ്മിസ്ട്രസ് : സ്വന്തം മകളുടെ ഭാഗത്തെ നിങ്ങൾ നിൽക്കൂ എന്ന് എനിക്കറിയായിരുന്നു.

അച്ഛൻ : “””ടീച്ചർ പറഞ്ഞതെല്ലാം ശെരിയാണ്. ടീച്ചറിനങ്ങനെ ചിന്തിക്കാനെ പറ്റൂ.. പക്ഷെ അത് എന്റെയോ മറ്റുള്ളവരുടെയോ മുഴുവൻ ലോകത്തിന്റെയോ ശെരിയാണെന്ന് തെറ്റിദ്ധരിക്കരുത്.
കളിച്ചുനടക്കാൻ രാഷ്ട്രീയം തലപന്തോ ഗോലിയോ അല്ല, വലിച്ചിഴക്കാൻ ചെളിക്കുണ്ടോ പുഴുവരിക്കുന്ന മാലിന്യമോ അല്ല.
“പൊളിറ്റിക്സ്” അതിന് പ്രായമോ പാരമ്പര്യമോ ഒരു പ്രശ്നമല്ല ടീച്ചറെ. ജനിച്ചു വീഴുന്ന അന്ന് തൊട്ട് നമ്മൾ പൊളിറ്റിക്സിന്റെ ഒരു ഭാഗമാണ്. കുട്ടികൾ കറുപ്പും നീലയും മഷിയുള്ള പേനയുപയോഗികുമ്പോ ടീച്ചർ ചുവപ്പ് മഷി വെച്ചത് കറക്ട് ചെയ്യാറില്ലേ ? അത് പൊളിറ്റിക്‌സല്ലേ ? ടീച്ചർ അറ്റസ്റ്റ് ചെയ്യാനുപയോഗിക്കുന്ന പച്ച മഷി പേന പോലും പൊളിറ്റിക്സിന്റെ ഒരു ഭാഗമല്ലേ ? കറുപ്പോ നീലയോ ഉപയോഗിച്ചാൽ വിലയുണ്ടാവില്ല ടീച്ചറെ.. ഒരു പേനയുടെ മഷിക്ക് പൊളിറ്റിക്കലാവാമെങ്കിൽ ഏഴാം ക്ലാസിൽ പഠിക്കുന്നൊരു കുട്ടിക്ക് പൊളിറ്റിക്കൽ ആയിക്കൂടെ..
എന്റെ മകൾ, അവളൊരു വ്യക്തിയാണ്, അവൾ അവൾക്ക് ശെരിയെന്നു തോന്നിയൊരു കാര്യം ചെയ്തു. എന്റെ മകൾ മാത്രമല്ല, അന്നാ സമരത്തിൽ പങ്കെടുത്ത മറ്റെല്ലാ മക്കളും. അത് തീർത്തും ന്യായമല്ല എന്ന് പറയാൻ പറ്റില്ലല്ലോ. ഇവിടെ ഓരോ കുട്ടിയും സ്കൂളിൽ വന്ന് പഠിക്കേണ്ടത് ജോലി കിട്ടാൻ വേണ്ടി മാത്രമാവരുത്, ഞാൻ നേരത്തെ പറഞ്ഞില്ലേ, അത്തരം ശെരിതെറ്റുകൾ വിവേചിച്ചറിയാനുള്ള ആർജവമായിരിക്കണം സ്കൂൾ വിട്ടിറങ്ങുമ്പോ അവർക്ക് ലഭിക്കേണ്ടത്. എന്ത് ജോലി ചെയ്യുന്നു എന്നതിലല്ല പ്രാധാന്യം, അത് അവർ എങ്ങനെ ചെയ്യുന്നുവെന്നുള്ളതിലാണ് കാര്യം, അതിന് ഈ ആർജവം അവർക്ക് അത്യാവശ്യമാണ്. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ട ഏറ്റവും വലിയ വിദ്യാഭ്യാസം അത് തിരഞ്ഞെടുപ്പിന്റേതാവണം വിവേകത്തിന്റേതാവണം നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നുള്ള ബോധത്തിന്റേതാവണം.”””

ഇത് കേട്ട് അൽപം ആശ്ചര്യത്തോടെ സന്തോഷത്തോടെ ആത്മാഭിമാനത്തോടെ നിൽക്കുന്ന പെൺകുട്ടിയെ കാണിക്കുന്നുണ്ട് ഒപ്പം ഈ പറഞ്ഞതൊന്നും തീരെ ഇഷ്ടപെടാത്ത പ്രധാന അധ്യാപികയേയും. ആ പെൺകുട്ടിയെ സംബന്ധിച്ച് അവൾ ചെയ്ത കാര്യത്തിനും അവളുടെ വ്യക്തിത്വനുമുള്ള അംഗീകാരമാണ് അവിടെ ലഭിച്ചത്. ആ സിനിമയിൽ തന്നെ പറയുന്നുമുണ്ട് പിന്നീട് അവൾ വളർന്നു വന്നപ്പോഴുണ്ടായ രാഷ്ട്രീയബോധവും കരുത്തുമെല്ലാം. അതേ സമയം ഇവിടെ ആ അധ്യാപികയ്ക്ക് തീരെ ഇഷ്ടപെടാത്തതിനും കാരണമുണ്ട്, അവർ ശെരിയെന്ന് ധരിക്കുന്ന ഒരു കാര്യത്തെ പറഞ്ഞ് തിരുത്താൻ ശ്രെമിക്കുകയാണ് ആ രക്ഷിതാവ്.

പക്ഷെ ഇത് തന്നെ നമ്മുടെ സമൂഹത്തിലേക്ക് വരുമ്പോഴോ? അധ്യാപിക പറഞ്ഞത് പോലെ “പഠിക്കാൻ വിടുമ്പോ പഠിക്കണം” എന്നായിരിക്കും കൂടുതൽ രക്ഷിതാക്കളുടെയും അഭിപ്രായം. ഇവിടെ മാതാപിതാക്കളും അധ്യാപകരും ചുറ്റുമുള്ളവരും ചേർന്ന് പ്രതികരണ ശേഷിയില്ലാത്ത ഒരു തലമുറയെ വളർത്തിയെടുക്കാൻ കിണഞ്ഞു ശ്രെമിക്കുകയാണ്. അതിനവർ പഠനത്തിന്റെ ഭാരം കുട്ടികളുടെ തോളിലേക്കിട്ടു കൊടുക്കുന്നു, വാ മൂടി കെട്ടാനായി പ്രതികരിക്കുന്നതൊന്നും നല്ല കുട്ടികൾക്ക് ചേർന്നതല്ല എന്ന് പറഞ്ഞു വെയ്ക്കുന്നു. ഇതിനെല്ലാം ജാമ്യമെന്ന പോലെ അവർ “മാതാപിതാഗുരുദൈവം” എന്ന് വീണ്ടും വീണ്ടും വെറുതെ ഓർമിപ്പിക്കുന്നു.

ഇനിയെങ്ങാനും പ്രതികരിച്ചാലോ ആ കുട്ടികളെ ഒരു പക്ഷെ പ്രതികാരബുദ്ധിയോടെ കണ്ട് മാർക്ക്‌ കുറച്ചും വേണ്ടതിനും വേണ്ടാത്തതിനും വഴക്ക് പറഞ്ഞും തളർത്തുന്ന അധ്യാപകരും സമൂഹത്തിലുണ്ടെന്നത് ദുഃഖകരമായ ഒരു സത്യം തന്നെയാണ്. ഇന്ന് ആ സ്കൂളിൽ പ്രതികരിച്ചു മാധ്യമങ്ങളോട് സംസാരിച്ച കുട്ടികൾക്ക് അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

സഖാവ് കൃഷ്ണൻ പറഞ്ഞത് അധികമാരും ചിന്തിക്കാൻ കൂട്ടാക്കാത്ത അല്ലെങ്കിൽ അംഗീകരിച്ചു കൊടുക്കാൻ സാധ്യതയില്ലാത്തൊരു സ്റ്റേറ്റ്മെന്റാണ്. “എന്റെ മകൾ ഒരു വ്യക്തിയാണ്”. പ്രായപൂർത്തിയായില്ല എന്നേയുള്ളു ഇന്നാ മാധ്യമങ്ങളിൽ നമ്മൾ കണ്ട വിദ്യാർത്ഥികളില്ലേ അവരും വ്യക്തികളാണ്. അത് അംഗീകരിക്കുമായിരുന്നെങ്കിൽ കുട്ടികൾ പറയുന്നത് കേൾക്കാനും ഒരുപക്ഷെ ഒരു ജീവൻ കാക്കാനും അധ്യാപകർക്ക് കഴിഞ്ഞേനെ.

Advertisements