“എനിക്ക് ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്, ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
419 VIEWS

ഏറെ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തുന്ന നവ്യ നായർ പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖം കണ്ടിരുന്നോ ? എന്തൊരു പക്വതയാണ് ഓരോ മറുപടികൾക്കും. നവ്യയ്ക്കൊപ്പം ഭാവനയും മീരയും ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുകയാണ്. ഒരുപാട് തിക്താനുഭവങ്ങളുടെ ഭൂതകാലമുണ്ട് ചിലർക്കെങ്കിലും .നവ്യ വിവാഹത്തോടെയാണ് മാറിനിന്നത്. ഇപ്പോൾ ‘ഒരുത്തീ’ എന്ന വികെ പ്രകാശ് സിനിമയിലൂടെ തിരിച്ചെത്തുന്നു. രഞ്ജിത്ത് ലീല രവീന്ദ്രൻന്റെ പോസ്റ്റാണിത് . വായിക്കാം

“പരമ്പരാഗതരീതിയിൽ നല്ല ഭാര്യ, നല്ല അമ്മ, നല്ല മരുമകൾ അങ്ങനെ പേര് എടുക്കണമെന്ന് ആഗ്രഹമില്ലേ.അല്ലെങ്കിൽ ഇതൊന്നും എന്റെ റോൾ അല്ല എന്ന മനോഭാവമാണോ.”
പത്തു വർഷത്തെ ഇടവേള കഴിഞ്ഞ് മലയാള സിനിമയിലേക്കു ‘ഒരുത്തീ’ എന്ന സിനിമയുമായി തിരിച്ചുവരവ് നടത്തുന്ന നവ്യാനായരോട് മനോരമയിലെ ജോണി ലൂക്കോസിന്റെ ചോദ്യമാണ്.

“ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മരുമകളാണ്. എന്താണ് നല്ല ഭാര്യ നല്ല മകൾ നല്ല മരുമകൾ? ഞാൻ ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ലൊരു മനുഷ്യസ്ത്രീ ആകാനാണ്. ആരെയും വേദനിപ്പിക്കാൻ കഴിവതും ശ്രമിക്കാതിരിക്കുക. എന്റെ മകൻ ആണെങ്കിൽ പോലും അവനെ ‘own’ ചെയ്യാനല്ല ഞാൻ ആഗ്രഹിക്കുന്നത്. അതായത് നീ എന്റെ മകനാണ് ഞാൻ പറയുന്നത് നീ കേട്ടേ പറ്റൂ എന്നല്ല,ഇതാണ് എന്റെ അഭിപ്രായം, ഇതാണ് നീ ചെയ്യേണ്ടത് എന്നാണ് ഞാൻ വിചാരിക്കുന്നത്, പക്ഷേ നിന്റെ ഇഷ്ടം ആണിത്. നമ്മുടെ ശരി മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സിസ്റ്റം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.”

” എനിക്ക് ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല.പ്രണയം അങ്ങനെ മറക്കാൻ ആർക്കും പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞാനും മറന്നിട്ടില്ല.”

” പ്രണയത്തിൽ ആയിരിക്കുന്ന കാലത്ത് എന്നെപ്പോലെ നിന്നെ മനസ്സിലാക്കാൻ ഈ ലോകത്ത് ആർക്കും സാധിക്കില്ല എന്ന് പ്രണയിക്കുന്നയാൾ പറയുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുമായിരുന്നു. ചിരിച്ചുകൊണ്ട് അവരോട് മറുപടി പറയും, ഒരിക്കലും ഞാൻ എന്നെ മനസ്സിലാക്കുന്നിടത്തോളം മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുകയില്ല”.

“എല്ലാ മനുഷ്യർക്കും, പുറത്താരോടും പറയാത്ത അവരവർക്കു മാത്രമറിയുന്ന അവരുടേതായ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാ മനുഷ്യരും ഒരു പരിധിവരെ ഫേക്ക് ആണെന്ന് പറയുന്നത്. ഇതിന്റെ ഏറ്റക്കുറച്ചിലുകളെ ഉള്ളൂ. ചിലർ ഒരുപാട് ഫേക്ക് ആയിരിക്കും, രാപ്പകലില്ലാതെ ഫേക്ക് ആയിരിക്കും. ചിലർ അത്രയ്ക്ക് ഉണ്ടാവുകയില്ല.”

എത്ര മനോഹരമായാണ് ഈ അഭിമുഖത്തിൽ നവ്യ സംസാരിച്ചത്. സങ്കോചങ്ങൾ ഒന്നുമില്ലാതെ തന്റെ ഇഷ്ടങ്ങളെ, പരിമിതികളെ, പ്രശ്നങ്ങളെ സ്പർശിക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്ന ട്രപ്പീസ് കളിക്കാരിയാവുന്നില്ല അവരൊരിടത്തും. അല്ലെങ്കിലും നിങ്ങൾ സത്യം പറയുമ്പോൾ, നിങ്ങളുടെ വാക്കുകളിലെ ആത്മാർത്ഥത കാഴ്ചക്കാരിലേക്കും പകരുക തന്നെ ചെയ്യും. നിങ്ങളെ കേട്ടു നിൽക്കുന്നവർ, അവരവരുടെ ജീവിതത്തിലേക്ക്, കഴിഞ്ഞ കാലങ്ങളിലേക്ക് തിരിച്ചു പോവുകയും, തിരികെ വരികയും ചെയ്തു കൊണ്ടേയിരിക്കും. ചില വാക്കുകൾ കേട്ട് കഴിയുമ്പോൾ എത്ര ശരിയാണ് എന്ന് മനസ്സിൽ അറിയാതെ പറഞ്ഞുകൊണ്ടുമിരിക്കും. സത്യത്തിന് എന്തൊരു സുഗന്ധമാണല്ലേ.
നന്ദി, നവ്യ ❤

 

Leave a Reply

Your email address will not be published. Required fields are marked *

LATEST