നവ്യാ നായരും സ്വാമിയാരും ട്രോളൻമാരും.
Santhoshkumar K
മഴവിൽ മനോരമയിലെ കിടിലം റിയാലിറ്റി ഷോയിലെ ജഡ്ജസായ നവ്യാ നായരും മുകേഷും തമ്മിലുള്ള സംഭാഷണമാണ് രണ്ടു ദിവസമായി ട്രോൾ ഗ്രുപ്പുകളിലും ഓൺലൈൻ പത്രങ്ങളിലും നിറഞ്ഞുനിൽക്കുന്നത്. യോഗാഭ്യാസികളായ ചില സ്വാമിമാർ ആന്തരികാവയവങ്ങൾ പുറത്തെടുത്തു കഴുകാറുള്ള കഥ കേട്ടിട്ടുണ്ട് എന്ന് നവ്യ പറഞ്ഞതിനെ മുകേഷ് ട്രോളിയതാണ് വൈറലായത്. ഈ കഥ എവിടുന്നു കേട്ടു , ഏത് സ്വാമി ചെയ്തു എന്നൊന്നും നവ്യ നായർ പറഞ്ഞില്ല. അതിനാൽ നവ്യ തട്ടിവിട്ടതായേ കേൾക്കുന്നവർക്ക് തോന്നൂ.. അതാണ് നവ്യ നായർ ഇത്രയധികം വിമർശിയ്ക്കപ്പെടാൻ കാരണം.
പണ്ട് വായിച്ച ഏതോ ഒരു പുസ്തകത്തിൽ. വലിയ യോഗാഭ്യാസിയും ദിവ്യ ശക്തിയുമൊക്കെയുള്ള ഒരു സ്വാമിയാരുടെ കഥ ഓർമ്മയുണ്ട്. വില്വമംഗലം സ്വാമിയാരെക്കുറിച്ചാണെന്ന് തോന്നുന്നു. കൃത്യമായി ഓർമ്മയില്ല. സ്വാമിയാർ പുഴയിൽ കുളിയ്ക്കുന്ന സമയത്ത് കുടലും ആമാശയവുമെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കി അകത്തു വെയ്ക്കാറുണ്ടായിരുന്നത്രെ. അതുപോലെ സ്വാമിയാരെ കുറിച്ച് വേറൊരു കഥ കൂടിയുണ്ട്. സ്വാമിയാർ തിരുവിതാംകൂറോ കൊച്ചിയോ ഏതോ രാജകൊട്ടാരത്തിൽ അതിഥിയായി എത്തി. മഹാരാജാവ് അദ്ദേഹത്തെ സ്വീകരിച്ചു. വിശ്രമിയ്ക്കുവാനുള്ള സൗകര്യം ഏർപ്പാടാക്കി. സ്വാമിയാർക്ക് കഴിയ്ക്കാൻ ഒരു മൊന്ത പാലും ഒരു പടല പഴവും പരിചാരകൻ കൊണ്ടുചെന്നു കൊടുത്തു.
അപ്പോൾ സ്വാമിയാർ ഇത്രയും കുറച്ചു പാൽ എന്റെ ആസനത്തിലൊഴിക്കാൻ പോലുമില്ല എന്ന് പറഞ്ഞുവത്രെ. പരിചാരകൻ ഇത് രാജാവിനോട് ചെന്ന് പറഞ്ഞു. പിറ്റേന്ന് രാജ്യസഭ കൂടിയപ്പോൾ അവിടെ സ്വാമിയാരും ഹാജരുണ്ടായിരുന്നു. സ്വാമിയാർ ആസനത്തിലൂടെയാണോ പാല് കുടിയ്ക്കുന്നത് എന്ന് രാജാവ് ചോദിച്ചു. വേണമെങ്കിൽ അങ്ങനെയും ഞാൻ കുടിയ്ക്കുമെന്ന് സ്വാമിയാർ. ഉടൻ പാലും പഴവും കൊണ്ടുവരാൻ രാജാവ് കൽപ്പിച്ചു. ഒരു ചെമ്പ് പാലും ഒരു കുല പഴവും ഹാജരാക്കപ്പെട്ടു. സ്വാമിയാരോട് പാല് കുടിക്കാൻ രാജാവ് ആജ്ഞാപിച്ചു. സ്വാമിയാർ പാല് നിറച്ച ചെമ്പിൽ ഇറങ്ങിയിരുന്നു. എന്നിട്ട് പഴക്കുലയിൽ നിന്ന് ഓരോ പഴമായി ഇടിഞ്ഞ് കഴിയ്ക്കാൻ തുടങ്ങി. പഴം കഴിയുന്നതിനോടൊപ്പം ചെമ്പിലെ പാലും കുറഞ്ഞു വന്നു. അവസാനം പാൽ മുഴുവൻ അപ്രത്യക്ഷമായി. സ്വാമിയുടെ അത്ഭുത ശക്തിയ്ക്കു മുന്നിൽ നമിച്ചു പോയ രാജാവ് സ്വാമിയാരോട് മാപ്പു പറഞ്ഞു എന്നാണ് കഥ.
വില്വമംഗലം സ്വാമിയാരെക്കുറിച്ചു തന്നെയാണോ ഈ കഥകൾ എന്ന് ഉറപ്പില്ല. കുട്ടിക്കാലത്താണ് ഞാൻ ഈ കഥകൾ വായിച്ചിട്ടുള്ളത്. അതിനാൽ വിശദാംശങ്ങൾ മറന്നു പോയി. അതുപോലെ നവ്യ നായരും അവയുടെ കുട്ടിക്കാലത്ത് ഈ സ്വാമികളെക്കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ടാകും. അവിശ്വസനീയമായ ഈ കഥകളിൽ ഭുരിഭാഗവും നവ്യ മറന്നുപോയി. ചില പൊട്ടും പൊടിയും മാത്രമേ ഓർമ്മയുള്ളൂ.. അത് വെച്ച് ചാനലിൽ വാലും തലയുമില്ലാതെ അടിച്ചുവിട്ടതാണ്. ഈ കാലത്ത് ജീവിയ്ക്കുന്ന ഏതോ യോഗാചാര്യനായ സ്വാമി എന്ന് തോന്നിക്കുന്ന രീതിയിലാണ് നവ്യ പറഞ്ഞത്. മുകേഷ് അപ്പോൾ തന്നെ അതിന് കൗണ്ടർ അടിച്ചതിനാൽ സംഗതി വൈറലായി എന്ന് മാത്രം.
കൃത്യമായി ഓർമ്മയില്ലാത്ത കാര്യങ്ങൾ പബ്ലിക്കായി പറയുമ്പോൾ പറ്റുന്ന ഒരു അബന്ധം അത്രയേയുള്ളൂ.. ആളുകൾക്ക് ട്രോളാനുള്ള അവസരമായി. ട്രോളുകൾ രസകരമാണെങ്കിലും നവ്യ നായർ എന്തോ വലിയ തെറ്റ് ചെയ്തമാതിരി ചിലതൊക്കെ വ്യക്ത്യാധിക്ഷേപം പോലെ പരിധി വിടുന്നതും കണ്ടിരുന്നു. ഒരു ചെറിയ മണ്ടത്തരം അത്രയേ നവ്യയുടെ കാര്യത്തിൽ തോന്നിയുള്ളൂ..