കരുതൽ ആങ്ങള ക്ലബ്‌ഹൗസിലും

0
220

കരുതൽ ആങ്ങള ക്ലബ്‌ഹൗസിൽ അവതരിച്ചു കഴിഞ്ഞു സുഹൃത്തുക്കളെ. ഫേസ്ബുക്കിലും യുട്യൂബിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പലകാലങ്ങളിലും അവതരിച്ചവയുടെ മറ്റൊരു രൂപമാണ് ഇതും. മതം, വർഗ്ഗീയവാദം, മത മൗലികവാദം, തീവ്രവാദം, അന്ധവിശ്വാസം എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ എത്രവേണമെങ്കിലും പ്രചരിപ്പിക്കാം എന്നാൽ ഇതൊന്നും മാത്രം പാടില്ല. പെണ്ണുങ്ങൾ വഴിതെറ്റി പോകാതിരിക്കാൻ കരുതൽ ആങ്ങളമാർ വന്നു നിരങ്ങുന്നതും ഇതിലൊക്കെ തന്നെ. പെൺകുട്ടികൾ കാമക്കൂത്ത് നടത്തുന്നുപോലും, അപ്പോൾ അതിന്റെ അങ്ങേത്തലയ്ക്കൽ പുരുഷൻ ആയിരിക്കുമല്ലോ. പുരുഷന്മാർ പിഴച്ചാലും കരുതൽ ആങ്ങളയ്ക്ക് പ്രശ്നമൊന്നും ഇല്ല. പെണ്ണ് ആണല്ലോ എല്ലാത്തിന്റെയും കേന്ദ്രം , അപ്പോപ്പിന്നെ കരുതൽ ആങ്ങളമാർ എങ്ങനെ സഹിക്കും. ഇമ്മാതിരി ഉളുപ്പില്ലാത്തവർ ആണ് ഷൊഷ്യൽ മീഡിയയിലെ കോമഡി താരങ്ങൾ . Navya SD യുടെ കുറിപ്പ് ചുവടെ വായിക്കാം

കരുതൽ ആങ്ങള ക്ലബ്‌ഹൗസിൽ

മൊബൈൽ ഫോൺ വ്യാപകമായിതുടങ്ങിയ സമയത്ത് നമ്മുടെ പെൺകുട്ടികൾ വഴി തെറ്റി പോകുന്നെ എന്ന് നിലവിളിച്ച ഒരു കൂട്ടം സദാചാര ആങ്ങളമാരുണ്ടായിരുന്നു. അത് പിന്നീട് ഫേസ്ബുക് വന്നപ്പോൾ അതിലേക്കും ടിക്ടോക് വന്നപ്പോൾ അതിലേക്കും നീണ്ടു. ഇതിപ്പോ കരുതൽ ആങ്ങളയുടെ പുതിയ രൂപമാണ് ക്ലബ്‌ഹൌസിൽ.

അണ്ണൻ അപേക്ഷിക്കുകയാണ് നമ്മുടെ പെൺകുട്ടികളോട്. “ക്ലബ്‌ഹൌസ് ഒരു ചതിക്കുഴി ആണ്. നിങ്ങൾ വഴി തെറ്റി പോകാതിരിക്കൂ. ഞാൻ കുറേ ലോകം കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണ് പറയുന്നത്.
ഇതുപറയുമ്പോൾ എന്നെ നിങ്ങൾ കല്ലെറിഞ്ഞേക്കാം.. ക്രൂശിച്ചേക്കാം… പക്ഷേ നാളെ ഒരു സമൂഹം എന്നിൽ ശരി കണ്ടെത്തും. കാരണം ഒരുപാട് പേർ പറ്റിക്കപ്പെട്ടെന്നെ വിളിച്ചിട്ടുണ്ട്. ഇതേപോലെ നമ്മുടെ പെൺകുട്ടികളെ കാളകൾക്ക് വിട്ടുകൊടുക്കരുത്.. ഇതുകാണുന്ന ഒരു രക്ഷിതാവെങ്കിലും ഇതു മനസിലാക്കിയാൽ ഞാൻ കൃതർത്താനായി.”
ഉഫ്… എന്താല്ലേ.. തീർന്നില്ല.

ഏറ്റവും അവസാനം ഒരു കൊളുത്തും കൂടെ. “ആരെങ്കിലും ലോക്കഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ എന്റെ നമ്പർ ചുവടെ കൊടുക്കുന്നുണ്ട്. വിളിക്കൂ”.

എന്തൊരു കരുതലാണല്ലേ ഈ മനുഷ്യന്. ഇതിനോടകം തന്നെ മുപ്പത്തിനായിരം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ഫേസ്ബുക്കിലും വാട്സാപിലും ആയി ഇതിന്റെ കഷ്ണങ്ങൾ ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. ആളിന്റെ ഇതിനു മുന്നേ ഉള്ള വിഡിയോകൾ; യുവാവിനെ യുവതി ലോഡ്ജിൽ.., കല്യാണം കഴിഞ്ഞ സ്ത്രീകൾ സൂക്ഷിക്കൂ, ലക്ഷദീപിലെ ഉടായിപ്പുകൾ, പെണ്ണെ നീയൊക്കെ എന്നാ നന്നാവുന്നെ എന്നിങ്ങനെ ആണ്. എല്ലാം പതിനായിരത്തോളം വ്യൂസ് ഉണ്ട്‌.

എന്റെ അൽത്താഫിക്ക..ഈ ലോകത്ത് എല്ലാവരും ഇങ്ങളെ പോലെ ‘നെന്മയുള്ളവർ’ അല്ലാതെപോയി. എന്ത് ചെയ്യാം. കലികാലം. ആകെയുള്ള ആശ്വാസം നിങ്ങളും നിങ്ങളെ ഫോളോ ചെയ്യുന്ന രണ്ടരലക്ഷം മണ്ടൻമാരുമാണ്. അവരെങ്കിലും ഈ വീഡിയോ കണ്ട് നമ്മുടെ ക്ലബ്‌ഹൗസിൽ വഴിതെറ്റി പോകുന്ന പെൺകുട്ടികളെ രക്ഷിച്ചാൽ മതിയായിരുന്നു. വേണേൽ വനിതയോടും പറയാം. അടുത്ത പതിപ്പിൽ “ക്ലബ്‌ഹൗസ്: രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ” എന്ന് ഒരു ലേഖനം എഴുതാൻ.

സദാചാര- കരുതൽ ആങ്ങളയുടെ രസകരമായ വീഡിയോ.