തെന്നിന്ത്യൻ സിനിമയിൽ നയൻതാര ഒരു സൂപ്പർ ലേഡി തന്നെയാണ്

613
രാധാരാവിയുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ വിഷ്ണു വിജയൻ (Vishnu Vijayan)എഴുതുന്നു
======
ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.

തെന്നിന്ത്യൻ സിനിമാ താരം നയൻതാരയേയും പൊള്ളാച്ചി പീഡനത്തിലെ ഇരകളേയും അപമാനിച്ച് പൊതുവേദിയിൽ തമിഴ് സിനിമാ നടനും ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റും കൂടിയായ രാധാ രവി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്ഥാവനയാണ്.

അയാൾ നയൻതാരയെ എതിർത്തു പറയുന്ന മറ്റൊരു കാര്യം ഇതാണ് ,

നയന്താരയെ ‘ലേഡി സൂപ്പര്സ്റ്റാര് ’ എന്നു വിളിക്കേണ്ട കാര്യമൊന്നുമില്ല അത്തരം വിശേഷണങ്ങള് ശിവാജി ഗണേശനേയും, എംജിആറിനേയും പോലുള്ളവര്ക്കേ ചേരകയുള്ളു പുരട്ചി തലൈവരും നടികര്തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരരുമാണ്. രജനീകാന്ത്, ശിവാജി ഗണേശന് തുടങ്ങിയ ആളുകളുമായി നയന്താരയെ താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞു.

തമിഴ് ഇൻഡസ്ട്രിയിലെ ബിഗ് ബഡ്‌ജറ്റ്‌ സിനിമകളിൽ നായകനൊപ്പം ആടിപ്പാടാനും, ഇടയ്ക്കിടെ വരുന്ന റൊമാൻസ് സീനുകളിൽ അഭിനയിക്കാനും വേണ്ടി മാത്രമുള്ള ഒരു ടൂളായി ഉപയോഗിച്ച് വരുന്ന നായികാ സങ്കൽപ്പത്തിനപ്പുറം,

ഒരു ബിഗ് ബജറ്റ് സിനിമയിൽ പോലും നായക കഥാപാത്രത്തിൻ്റെ യാതൊരു ആവശ്യവും ഇല്ലാതെ, അതുമല്ലെങ്കിൽ നായകനൊപ്പം ഒരുപക്ഷെ അതിനു മുകളിൽ സ്കോർ ചെയ്തു നിൽക്കാൻ കഴിയുന്ന താരമൂല്യത്തിലേക്ക് നയൻതാര എത്തിച്ചേർന്നു എന്നുള്ളയിടത്താണ് അതിലെ വിദ്വേഷത്തിൽ സകല പാട്രിയാർക്കി ബോധവും തലയുയർത്തി നിന്ന് ഇങ്ങനെ സ്ത്രീ വിരുദ്ധ ചീറ്റുന്നത്.

രാധാ രവിയുടെ പ്രസ്ഥാവനയെ തുടർന്ന് തമിഴിലെ കെ.ജെ സ്റ്റുഡിയോസ് അതിനോട് പ്രതികരിച്ചത് തങ്ങളുടെ സിനിമകളിൽ
രാധാ രവിയെ അഭിനയിപ്പിക്കില്ലെന്നാണ്, സ്ത്രീവിരുദ്ധത പറഞ്ഞു നടക്കുന്ന രാധാ രവിയെ സിനിമയിൽനിന്ന് അകറ്റി നിർത്താൻ സഹപ്രവർത്തകരോട് അപേക്ഷിക്കുന്നു എന്നുമാണ്.

തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ചുരുക്കം ചില നടി നടൻമാർ മാത്രമാണ് രാധാ രവിയുടെ പ്രസ്താവനയെ എതിർത്തു രംഗത്ത് വന്നിട്ടുള്ളത്.

മുൻപ് മീ ടൂ ക്യാമ്പെയ്നിൻ്റെ ഭാഗമായി രാധാ രവിക്കെതിരെ ആരോപണം വന്നിരുന്നു.

സ്ത്രീ വിരുദ്ധ നിലപാട് പ്രകടിപ്പിച്ച് പാര്ട്ടി അച്ചടക്കം ലംഘിച്ചതിനാല് DMK പ്രാധമിക ആംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും എല്ലാത്തരം പദവികളില് നിന്നും രാധാ രവിയെ നീക്കിയതായും ഡിഎംകെ ജനറല് സെക്രട്ടറി കെ. അന്പഴകന്പ്രസ്താവന ഇറക്കി.

പൊതുവേദിയിൽ, മാധ്യമങ്ങളുടെ മുന്നിൽ പോലും സ്ത്രീ വിരുദ്ധ വിളമ്പി ഊളച്ചിരി ചിരിച്ചു പോകുന്ന ഇത്തരം ജൻമങ്ങളെ മറ്റു പലരെയും മാതൃകയാക്കി കൊള്ളാവുന്ന മണ്ഡലം നോക്കി സീറ്റ് നൽകി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ശ്രമിച്ചില്ലല്ലോ എന്ന് സമാധാനിക്കാം.

ഒന്നു വിട്ടുപോയി ഒരൽപം ആരാധനയിലും അസൂയയോടെയും പറയട്ടെ, തെന്നിന്ത്യൻ സിനിമയിൽ നയൻതാര ഒരു സൂപ്പർ ലേഡി തന്നെയാണ്…❤️