ഇതെന്തൊരു നാട് ! വിദേശികളോടുള്ള കരുതൽ പോലും പ്രവാസികളോടില്ല

91

Nazeem Beegum Rahuman

ഇതെന്തൊരു നാട്! വിദേശികളോടുള്ള കരുതൽ പോലും പ്രവാസികളോടില്ല! ജനപ്രതിനിധികളുടെ ഔദാര്യം ഉണ്ടെങ്കിലേ സ്വന്തം നാട്ടിലെത്താൻ പ്രവാസികൾക്ക് സാധിക്കുകയുള്ളൂവെന്നോ! എത്തിയാലും സർക്കാർ പൊതുഖജനാവിൽ നിന്നെടുത്തു ഏർപ്പാടാക്കുന്ന കോവിഡ് ചികിത്സക്ക് പ്രവാസികൾ ചെലവ് വഹിക്കണമെന്നോ! മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് കൂടുതലും രോഗവാഹകർ. എന്നിട്ടും അവരെ വീടുകളിലേക്കും നാട്ടിലെത്തുന്ന വിദേശപ്രവാസികളെ പിഴിയാൻ കോൺസെൻട്രേഷൻ ക്യാംപുകളിലേക്കും! കേരള സർക്കാരും കേരളത്തിലെ മാധ്യമങ്ങളും കൂടി പ്രവാസികളുടെ മടങ്ങിവരവ് ദിനംപ്രതി സങ്കീർണമാക്കി കൊണ്ടിരിക്കുകയാണ്.

ഈ പണമൊക്കെ നൽകി ക്വാറൻറ്റിൻ കേന്ദ്രത്തിൽ പോകാൻ തയ്യാറാകുന്ന പ്രവാസികൾക്ക് രോഗം വരില്ല എന്നുറപ്പു തരാൻ സർക്കാരിന് സാധിക്കുമോ! കേന്ദ്ര സർക്കാരിനെ പഴിചാരി രക്ഷപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ തന്ത്രങ്ങൾ അടിപൊളി! ഇന്നലത്തെ ഒരു ചാനൽ ചർച്ച കണ്ടപ്പോഴേ തോന്നി എന്തോ കുതന്ത്രം വരാൻ പോകുന്നുണ്ടെന്ന്! എല്ലാ ചെലവും പ്രവാസികൾ വഹിക്കണം എന്നിരിക്കെ എന്തിനാണ് സർക്കാർ അവരുടെ മടങ്ങിവരവിൽ ഇടപെടുന്നത്? ആരോഗ്യകാര്യത്തിൽ ഇടപെടുന്നത് ? ഇഷ്ടമുള്ളിടത്തു പോയി ചികിത്സ ചെയ്‌താൽ പോരെ? ഇഷ്ടമുള്ള ഫ്‌ളൈറ്റിൽ വന്നാൽ പോരെ ?

ലോകത്തെ സകല രാജ്യങ്ങളും അവരുടെ സിറ്റിസൻസിനെ മടക്കി കൊണ്ടുപോയപ്പോൾ ആളിന്റെ എണ്ണം കൂടുതൽ എന്ന് പറഞ്ഞു നാട്ടിലേക്ക് എത്താൻ അനുവദിച്ചില്ല. കോവിഡ് രോഗികൾ ഇല്ലാത്ത നാടെന്ന “ഖ്യാതി’ ലക്ഷ്യമിട്ടു പ്രവർത്തിച്ച കേരള സർക്കാരിന്റെ ഇരട്ടത്താപ്പ് ഓരോ ദിവസവും വെളിവാകുന്നു!വിദേശമാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കാനുള്ള കേരളത്തിന്റെ ചെപ്പടിവിദ്യകൾ ഇനിയും തീർന്നില്ലേ? ഇതിനേക്കാൾ ആരും വരേണ്ട എന്ന് പറയുകയായിരുന്നു ചങ്കുറപ്പുള്ള സർക്കാർ ചെയ്യേണ്ടി ഇരുന്നത്!