മതബോധം ഒരു സിന്ദൂരവട്ടത്തിലൊതുക്കരുത്. അത് ആചാരങ്ങൾക്കുമപ്പുറം മനുഷ്യത്വത്തിനും കാരുണ്യത്തിനും വേണ്ടിയുള്ളതാകട്ടെ

0
119
Nazeema Nazeer
മതേതരത്തത്തിൻറെ നെറുകയിൽ തറച്ച നിയമമുനകളുടെ മുറിവേറ്റ്, പ്രതിഷേധങ്ങൾ കൊണ്ട് ശബ്ദമുഖരിതമായ അവസ്ഥാവിശേഷങ്ങളാണ് അങ്ങോളമിങ്ങോളം. അതിനിടയിൽ പൗരത്വഭേദഗതി ബിൽ അനുകൂല സ്ത്രീ സമ്മേളന വേദിയിൽ, സമ്മേളന ചർച്ചയെ അനുകൂലിക്കാത്തൊരു സ്ത്രീയെ അതിതീവ്ര മതബോധത്താൽ ആക്രോശങ്ങൾകൊണ്ടും, ആക്രമണങ്ങൾ കൊണ്ടും , ഭർത്സനങ്ങൾകൊണ്ടും ആട്ടിയോടിക്കുന്ന ദൃശ്യം കണ്ട് ഭയചകിതയായിപ്പോകുന്നു. എങ്ങോട്ടാണീ സമൂഹത്തിൻറെ പോക്ക്.?
ആരിധനാലയങ്ങളും ദൈവങ്ങളും സമാധാനത്തിൻറെ പ്രതീകങ്ങളല്ലേ.?!!!
അവിടെ ചേരുന്ന യോഗങ്ങളിലെ പ്രതിപാദ്യവിഷയങ്ങളും , പ്രഭാഷണ തിരിവുകളും ബോധതലങ്ങളിലേക്ക് എത്രമാത്രം വർഗ്ഗീയത കുത്തിനിറയ്ക്കുന്നത് കൊണ്ടാകണം മതേതരത്തത്തിന് വേണ്ടി ഒരു വാക്കുച്ചരിക്കാൻ തുനിഞ്ഞ ഒരു സ്ത്രീയെ ഇത്രയും നീചമായി, വ്യക്തിഹത്യ ചെയ്ത് അവർക്ക് കൂടി നിൽക്കാൻ അവകാശമുള്ള ഒരിടത്ത് നിന്നും ഭർത്സിച്ചും കൂട്ടമായി ആക്രമിച്ചും ഉന്തിത്തള്ളി ഇറക്കിവിട്ടത്.!
അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അടിച്ചമർത്തലുകളും സമചിത്തതയോടെ നേരിട്ട ആ സ്ത്രീ പറയുന്നുണ്ട് ഞാനുമൊരു ഹിന്ദുവാണെന്ന്. പകരം ” നിനക്ക് അടിവേണോ.?, എന്ത് ധൈര്യത്തിലാണ് പറയുന്നത്,?, ഇറങ്ങിപ്പോടീ, ഇത് ഹിന്ദുവിൻറെയാണ് ..അഴിഞ്ഞാട്ടക്കാരികൾക്കുള്ള വ്യഭിചാരശാലയല്ല….ആക്രോശങ്ങൾ ..ഉന്തൽ..തള്ളൽ്.ഹൊ. ഹൊ..!!! വ്യഭിചാരശാലകളിൽപോലും വിനിമയം നടക്കുന്നത് തൽക്കാല സ്നേഹവും സമാധാനവുമായിരിക്കുമല്ലോ.!!!!
ഒറ്റയ്ക്കൊരുവളെ ..കേൾക്കാൻ തയ്യാറാകാതെ അവളുടെ സ്വബോധം തകർക്കുന്ന തരത്തിൽ ഇത്രയും വൈകാരിക വിക്ഷോഭങ്ങളോടെ , ഇറക്കിവിടുന്നവരാണോ പൗരത്വഭേദഗതി ബില്ലിൽ നിങ്ങളാരും ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷിതരാണെന്നും പ്രസ്താവിക്കുന്നത്.?
സ്വന്തം സഹോദരിയോട് സമാധാനം പുലർത്താൻ കഴിയാത്ത നിങ്ങൾ ആരോടാണ് സമാധാനം പുലമ്പുന്നത്‌.?!!!ഏത് ശാന്തിയെക്കുറിച്ചും സാമാധാനത്തേക്കുറിച്ചുമാണ് നിങ്ങളവിടെ സംസാരിച്ചത്.?!!
എൻറെ ബാല്യത്തിലെ അത്തപ്പൂക്കളം വർക്കിച്ചേട്ടൻറെ മുറ്റത്തായിരുന്നു. ഊഞ്ഞാൽ ഗിരീഷ് ചേട്ടൻറെ കശുമാവിൻകൊമ്പിലായിരുന്നു. കുട്ടിയുംകൊലും പാത്തുമ്മാ താത്തായുടെ മുറ്റത്തായിരുന്നു. ഈസ്റ്ററപ്പം കിട്ടിയിരുന്നത് മാത്യു സർ ൻറെ വീട്ടിൽ നിന്നാണ്.എൻറെ സൗഹൃദങ്ങളിൽ അനിതയും,റോസമ്മയും ,അനിലും,സജിയും കദീജയും ജമാലുമൊക്കെയുണ്ടായിരുന്നു.
ഇന്നും ഔദ്യോഗികമായി ഫീൽഡിൽ പോകുമ്പോൾ അകത്തിരുന്ന് ഭക്ഷണം കഴിക്കാമെന്ന് പറയുന്നത് ചാക്കോ ചേട്ടനാണ്, ദാഹിക്കുന്നില്ലേ എന്ന് പറഞ്ഞ് നാരങ്ങാവെള്ളം തരുന്നത് ഓമനച്ചേച്ചിയാണ്, ഇതാ ഒരു തുണ്ട് ചക്കമുറി, നാല് വഴുതന എന്ന് പറയുന്നത് ഹബീബയാണ് സഫിയയാണ്‌. അപകടങ്ങളിൽ സഹായത്തിനെത്തിയത് സഞ്ജയ് ആണ്, വണ്ടി വഴിയിൽ ബ്രേക്ഡൗൺ ആയപ്പോൾ ഓടിയെത്തിയത് ബിജുവും വിനീതും സുനീഷുമാണ്. ഇന്ന് എൻറെ തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചത് കാർത്ത്യായനിച്ചേച്ചിയാണ്. ഈ ചുറ്റുപാടുകളൊന്നുമില്ലാത്തൊരു ജീവിതം സങ്കൽപ്പിക്കാനേ ആകുന്നില്ലെനിക്ക്.മതബോധം ഒരു സിന്ദൂരവട്ടത്തിലൊതുക്കരുത്. അത് ആചാരങ്ങൾക്കുമപ്പുറം മനുഷ്യത്വത്തിനും കാരുണ്യത്തിനും വേണ്ടിയുള്ളതാകട്ടെ.