കറുത്ത അരയന്നങ്ങൾക്ക്‌ പിന്നിൽ

99
Nazeer Hussain kizhakkedath
കറുത്ത അരയന്നങ്ങൾക്ക്‌ പിന്നിൽ.
ഓസ്‌ട്രേലിയയിൽ കറുത്ത അരയന്നങ്ങളെ കണ്ടെത്തുന്നത് വരെ ലോകത്തിലെ എല്ലാ അരയന്നങ്ങളും വെളുത്തിട്ടാണ് എന്ന് എല്ലാവരും കരുതിയിരുന്നു എന്നതാണ് നമ്മൾ ഒരു തരത്തിലും പ്രതീക്ഷിക്കാത്ത എന്നാൽ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭവം നടക്കുമ്പോൾ അതിനെ കറുത്ത അരയന്നം ( black swan event ) എന്ന് വിളിക്കുന്നത്. പ്രധാനമായും സാമ്പത്തിക മേഖലയിലാണ് ഈ വാക്ക് കൂടുതൽ പ്രശസ്തം. അതിന്റെ കാരണം റിസ്കിനെ കുറിച്ച് നസീം താലിബ് എഴുതിയ ഇതേപേരുള്ള പുസ്തകമാണ്. റിസ്ക് അളക്കുന്ന ജോലി ചെയ്യുന്ന എല്ലാവരുടെയും ബൈബിൾ ആണീ പുസ്തകം.
ഞാൻ കണ്ടിട്ടുള്ള ഇത്തരം സംഭവങ്ങൾ താഴെ കൊടുക്കുന്നു, അതിന്റെ അനന്തരഫലങ്ങളും.
1. 2001 , സെപ്തംബര് 11 ആക്രമണം. ന്യൂ യോർക്കിൽ തലയുയർത്തി നിന്നിരുന്ന വേൾഡ് ട്രേഡ് സെന്റർ ഇരട്ടകെട്ടിടങ്ങൾ വിമാനങ്ങൾ ഉപയോഗിച്ച് തകർക്കാൻ കഴിയുമെന്നു, അതിനു ആരെങ്കിലും മുതിരുമെന്നോ ആരും ഊഹിച്ചു കാണില്ല. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ കെട്ടിടങ്ങൾ താഴെ വീണപ്പോൾ മൂവായിരത്തോളം പേർക്ക് ജീവൻ നഷ്ടമായി. അടച്ചിട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ട്രേഡിങ്ങ് പുനരാരംഭിച്ചപ്പോൾ 15% നഷ്ടം രേഖപ്പെടുത്തി. എയർ ലൈൻ സ്റ്റോക്കുകൾ 40 ശതമാനത്തോളം താഴെ പോയി.
2. 2004 ൽ രണ്ടുലക്ഷം പേരുടെ ജീവനെടുത്ത സുനാമി. ഇത്തരം ഒരു സംഭവം നടക്കുമെന്ന് ഇന്ന് നമ്മൾക്ക് അറിയാമെങ്കിലും അന്നത് ആരുടേയും ഭാവനയിൽ ഇല്ലാത്ത കാര്യമായിരുന്നു.
3. 2008 ലെ സാമ്പത്തിക മാന്ദ്യം. അമേരിക്കയിൽ എല്ലാവരും കരുതിയിരുന്നത് വീടിന്റെ വില എന്നും മുകളിലേക്ക് തന്നെ പോകും എന്നായിരുന്നു. പക്ഷെ 2007 വരെയുള്ള വർഷങ്ങളിൽ തിരിച്ചടക്കാൻ സാധിക്കാത്തവർക്ക് വരെ ലോണുകൾ കൊടുക്കാൻ ബാങ്കുകൾ ആരംഭിച്ചു. അങ്ങിനെയുള്ള ലോണുകൾക്ക് ബാങ്കുകൾ ഇൻഷുറൻസ് എടുത്തു വയ്ക്കുകയും ചെയ്തു. ഒരു തരത്തിലും പരാജയപ്പെടാൻ സാധ്യത ഇല്ലെന്നു ബാങ്കുകൾ കരുതിയ ഈ സ്കീം പക്ഷെ തുടരെ തുടരെ ആളുകൾ ലോണുകൾ തിരിച്ചടവ് മുടക്കാൻ തുടങ്ങിയപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയും , ലീ മാൻ ബ്രദേർസ്, ഞാൻ ജോലി ചെയ്തിരുന്ന മെറിൽ ലിഞ്ച് എന്ന കമ്പനി ഉൾപ്പെടെയുള്ളവ തകരുകയും ചെയ്തു. തുടർന്ന് ഒന്നര വർഷത്തോളം നീണ്ടുനിന്ന സ്റ്റോക്ക് മാർക്കറ്റ് തകർച്ച ഏതാണ്ട് 50% നഷ്ടം രേഖപ്പെടുത്തി.
4. രണ്ടുവർഷം കേരളത്തിൽ അടുപ്പിച്ചു വന്ന വെള്ളപ്പൊക്കം.
5 . 2019 / 2020 കൊറോണ വൈറസ് ബാധ. ഇതിനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇത്രയ്ക്ക് നാശം വിതക്ക്ന്ന, നമ്മുടെ എല്ലാം ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നായി ഇത് മാറുമെന്ന് തുടക്കത്തിൽ ആരും കരുതിക്കാണില്ല.
ഇത്തരം പ്രവചനാതീതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ മനുഷ്യൻ അതിനെ നേരിടുന്നത് പല തരത്തിലാണ്. അതിന്റെ മനഃശാസ്ത്രം പരിശോധിച്ചാൽ മനുഷ്യന്റെ തലച്ചോറിന്റെ ശക്തികളും ദൗർബല്യങ്ങളും തെളിഞ്ഞുവരും. ഇതിനെ കുറിച്ച് അറിഞ്ഞു കഴിഞ്ഞാൽ എന്തുകൊണ്ടാണ് ഇത്ര മാത്രം ഗൂഡാലോചാൽ സിദ്ധാന്തങ്ങളും മണ്ടത്തരങ്ങളും വലിയ വിവരമുണ്ടെന്ന് നമ്മൾ കരുതുന്നവർ തന്നെ പറയുന്നത് എന്നും മനസിലാകും.
പ്രവചനാതീതമായ സംഭവങ്ങൾ പൂർണതോതിൽ മനസിലാക്കാൻ മനുഷ്യന്റെ തലച്ചോറിന് കുറെ സമയമെടുക്കും, ചിലപ്പോൾ ഒട്ടും തന്നെ കഴിയുകയുമില്ല. കാരണം ബുദ്ധി ഉപയോഗിച്ച് ചെയ്യണ്ട കാര്യങ്ങൾ മറ്റൊരു സമയത്തേക്കു മാറ്റിവച്ചാണ് മനുഷ്യതലച്ചോറിനു ശീലം. കാരണം ബുദ്ധി ഉപയോഗിക്കാൻ വളരെ അധികം ഗ്ളൂക്കോസ് അവശ്യമുണ്ട്. നമ്മുടെ പരിണാമപരമായ കാര്യങ്ങൾ കൊണ്ട് ഗ്ളൂക്കോസ് എത്രമാത്രം കുറച്ചു ചിലവഴിക്കമൊയ് അത്രയും കുറച്ച് ചെലവഴിക്കാനാണ് തലച്ചോർ ശ്രമിക്കുക. തലച്ചോറിന്റെ പല സവിശേഷതകൾ ഇതിന്റെ പുറകിലുണ്ട്.
1. മനുഷ്യർ കാര്യങ്ങളെ ഓരോ കളികൾക്ക് അകത്തു പെടുത്തിയാണ് വിശകലനം ചെയ്യുന്നത്. മുൻപ് ഉണ്ടായ കാര്യങ്ങളും ആയി പുതിയ സംഭവത്തെ ബന്ധപെടുത്താണ് ഉള്ള വഴികൾ മനുഷ്യന്റെ തലച്ചോർ ആരായും. ഉദാഹരണത്തിന് ഫ്ലൂ വൈറസ് ചൂട് കൂടിയ സീസണിൽ അധികം പകരില്ല എന്നത് കൊറോണ വൈറസിന് കൂടി ബാധകമാണ് എന്ന് നമ്മൾ അങ്ങ് തീരുമാനിക്കും. അത് ശരിയാണോ തെറ്റാണോ എന്ന ടെസ്റ്റ് ഡാറ്റ ഇല്ലാതെ തന്നെ.
2. രണ്ടാമതായി മനുഷ്യൻ കഥകൾ കേൾക്കാനും പറയാനും ഇഷ്ടപ്പെടുന്നവരാണ്. കാരണം ഒരു കഥപോലെ പറഞ്ഞു കാര്യങ്ങൾ തലച്ചോറിൽ ശേഖരിക്കാനും ഓർത്തെടുക്കാനും എളുപ്പമാണ് (അസ്സോസിയേറ്റീവ് മെമ്മറി). പക്ഷെ പഴയ കഥകൾ അപ്പോൾ പുതിയ സംഭവങ്ങളും ആയി കോർത്തിണക്കാൻ ഒരു ത്വര ഉണ്ടാകും. Nostradaums പണ്ട് പ്രവചിച്ച ഒന്നാണ് കൊറോണ എന്നും മറ്റുമുള്ള കഥകൾ ഈ വിഭാഗത്തിൽ പെടുന്നതാണ്. പ്രാർത്ഥന അണുക്കളെ കൊല്ലും, എന്നത് മുതൽ പ്രധാനമന്ത്രി പാത്രം കൊട്ടാൻ പറഞ്ഞ സമയം ജ്യോതിഷപ്രകാരം തിരഞ്ഞെടുത്തതാണ് എന്നുള്ളത് എല്ലാം ഇത്തരം മനുഷ്യന്റെ കഥകൾ ഇഷ്ടപെടുന്നതിന്റെ ഭാഗമായി ഉണ്ടായിവരുന്നതാണ്.
3. പലപ്പോഴും തെളിവുകൾ നമ്മൾ നിരാകരിക്കുകയും ഒരു വിജയം, അല്ലെങ്കിൽ പരാജയം എന്ന രണ്ടേ രണ്ടു കാര്യങ്ങൾ കൊണ്ട് നമ്മൾ പുതിയ സംഭവ വികാസങ്ങൾ അളക്കാൻ ശ്രമിക്കുകയും ചെയ്യും. പലപ്പോഴും ശാസ്ത്രവും ഭരണകൂടവും ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറെ ശരികളും തെറ്റുകളും വരുന്നത് സ്വാഭാവികമാണ്. പക്ഷെ ആളുകൾ ശരിയോ തെറ്റോ മാത്രം കാണുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ഉദാഹരണത്തിന് വിദേശത്ത്‌ നിന്ന് വന്നു സർക്കാർ ക്വാറന്റൈൻ ചെയ്ത ആയിരം പേരെ മാത്രം കുറെ പേർ കാണുമ്പോൾ, അങ്ങിനെ ചെയ്യാതെ പോയ രണ്ടുപേരെ മാത്രമേ ചിലർ കാണുന്നുള്ളൂ.
4. മറ്റൊന്ന് മനുഷ്യർക്ക് അവരുടെ അറിവിൽ കുറച്ച് ഓവർ കോൺഡിഫെൻസ് ഉണ്ടെന്നു ഉള്ളതാണ്. പലപ്പോഴും ഇതിനു മരുന്ന് കണ്ടുപിടിച്ചു എന്നും മറ്റും കേട്ടുകേൾവി പരക്കാൻ കാര്യമിതാണ്. ഇത്രയും ആളുകൾക്ക് രോഗം പരന്നിട്ടും എനിക്കിതൊന്നും വരില്ല എന്ന മട്ടിൽ നാട്ടിൽ ഇറങ്ങി നടക്കുന്ന ആളുകൾക്കും ഉള്ളത് ഇതേ ഓവർ കോൺഫിഡൻസ് ആണ്.
വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലാതെ നമ്മൾ ആഗ്രഹിക്കുന്ന, നമുക്ക് അറിയാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു നരെറേറ്റീവ് ഉണ്ടാക്കി വിശ്വസിക്കുന്ന confirmation bias ആണ് കൊറോണയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. അതിന്റെ കൂടെ നമുക്ക് ഇഷ്ടപ്പെടുന്നവർ പറയുന്ന ഏതു കാര്യവും വിശ്വസിക്കുന്ന anchoring ബയസ് കൂടിയാവുമ്പോൾ സംഗതി കുശാൽ.
ബ്ലാക്ക് സ്വാൻ സംഭവങ്ങളുടെ മറ്റൊരു പ്രത്യേകത, പലപ്പോഴും ഇത്തരം സംഭവങ്ങൾ വരാതെ കാക്കുന്ന ആളുകളെ നമ്മൾ ഓർത്തുവയ്ക്കുന്നില്ല എന്നതാണത്. ഉദാഹരണത്തിന് 2008 ലെ മാർക്കറ്റ് തകർച്ചയിൽ അമേരിക്ക വെള്ളം കുടിയ്ക്കുമ്പോൾ വലിയ കുഴപ്പമില്ലാതെ ഇന്ത്യൻ സമ്പത് വ്യവസ്ഥ നിലനിർത്തിയ ഒരു പ്രധാനമന്ത്രിയെ ആരും വലുതായി ഓർക്കണമെന്നില്ല. അതുപോലെ തന്നെ കേരളത്തിൽ നിപ്പാ വൈറസ്സ് തുടക്കത്തിൽ കണ്ടെത്തിയ ഡോക്ട്ടറെയും അത് കൊറോണ പോലെ ഓരോ ആഗോള പ്രശനം ആകാതെ ഒരു കേരള പ്രാദേശിക പ്രശനം മാത്രമായി പിടിച്ചു നിർത്തിയ കേരളം ആരോഗ്യ രംഗത്തെക്കുറിച്ചും ലോകത്തിലെ മറ്റുള്ളവർ ഇപ്പോൾ അറിയുന്നില്ല. അന്നത് കൊറോണ പോലെ ഒരു പാൻഡെമിക് ആയി മാറിയിരുന്നു എങ്കിൽ ഇപ്പോൾ ചൈനയെ കുറിച്ച് പറയുന്ന പോലെ ഒരു പക്ഷെ ആളുകൾ കേരളത്തെ കുറിച്ച് സംസാരിച്ചേനെ, എന്നത് പിടിച്ചുകെട്ടിയപ്പോൾ കേരളം ഒരു വലിയ വിപത്താണ് ഒഴിവാക്കിയത്. ഇന്ത്യയിൽ തന്നെ ആളുകൾക്ക് രോഗം പിടിക്കാതെ നോക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, അവർക്ക് സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ പ്രശ്നം കഴിയുമ്പോൾ അധികം പേരുണ്ടാവില്ല, എന്നാൽ പ്രശനം രൂക്ഷമാവാൻ അനുവദിച്ചിട്ടു അതിനെ നേരിടുന്ന ആളുകൾക്ക് കൂടുതൽ ഫാൻ ബേസ് ഉണ്ടാവാൻ നല്ല സാധ്യതയുണ്ട്.
ഇനി ഇത്തരം സംഭവങ്ങളുടെ ഒരു നല്ല കാര്യം , ഇതെല്ലം സംഭവിച്ച് കഴിഞ്ഞ ശേഷം ഇത്തരം കാര്യങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ ഉള്ള മുൻകരുതലുകൾ രാജ്യങ്ങൾ എടുക്കാറുണ്ട് എന്നതാണ്. ഉദാഹരണത്തിന് 2004 ലെ സുനാമിക്ക് ശേഷം ഇന്ത്യൻ മനസമുദ്രത്തിൽ സുനാമി മുന്നറിയിപ്പ് നൽകാൻ അനേകം ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2008 ലെ മാർക്കറ്റ് തകർച്ചയ്ക്ക് ശേഷം പ്രസിഡന്റ് ആയി വന്ന ഒബാമ, ഇനി ഇത്തരം തകർച്ചകൾ ഒഴിവാക്കാൻ ആയി കുറെ നിയമങ്ങൾ കൊണ്ടുവന്നു. 1987 ഒരേ ദിവസം തന്നെ സ്റ്റോക്ക് മാർക്കറ്റ് 22 ശതമാനം താഴെ പോയപ്പോൾ ആണ്, ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സ്റ്റോക്ക് മാർക്കറ്റ് circuit breakers സ്ഥാപിച്ചത്. ഷൂ അഴിച്ചുള്ള സുരക്ഷാ പരിശോധന ഒക്കെ 2001 ലെ ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന് ശേഷം ഉണ്ടായതാണ്.
അതുകൊണ്ട് കൊറോണയിൽ നിന്നും നമ്മൾ കുറെ പാഠങ്ങൾ പഠിക്കും എന്നുറപ്പാണ്. തല്ക്കാലം നമുക്ക് ഈ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാൻ നമ്മുടെ വീട്ടിൽ തന്നെ ഇരിക്കാം. കൈകൾ സോപ്പു കൊണ്ട് കഴുകാം. അടുത്ത വീട്ടിലെ ആളുകൾ കൂടി ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാം.
നോട്ട് : ഞങ്ങളുടെ സ്ഥിതി : അമേരിക്കയിൽ ഇപ്പോൾ 35,000 കൊറോണ ബാധിതർ ഉണ്ട്, 473 മരണങ്ങൾ. എന്റെ സംസ്ഥാനത്തിൽ 2000 കേസുകൾ, ന്യൂ യോർക്ക് സിറ്റിയിൽ മാത്രം പതിനായിരത്തിൽ കൂടുതൽ കേസുകൾ. എല്ലാവരും ലോക്ക് ഡൗണിൽ ആണ്. Everyone please stay safe .