ഒട്ടും ലജ്ജ തോന്നാതെ നമുക്ക് അഭിമാനത്തോടെ പറയേണ്ട ഒരു പേരാണ് ഷക്കീല

0
98

Nazeer Hussain Kizhakkedathu ന്റെ കുറിപ്പ്

ഇന്ന് ഞാൻ കേട്ട ഏറ്റവും നല്ല വാർത്തയാണ് നടി ഷക്കീല മുഖ്യധാരാ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച് കൊണ്ട് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നത്. എന്റെ ഇത്തയുടെ പേര് ഷക്കീല എന്നാണ്. അത് വരെ സാധാരണ മുസ്ലിം പെൺകുട്ടിയുടെ പേരായിരുന്ന ഷക്കീല എന്നത് രണ്ടായിരത്തിൽ കിന്നാരത്തുമ്പികൾ എന്ന സൂപ്പർ ഹിറ്റ് ബി ഗ്രെയ്‌ഡ്‌ ചിത്രം ഇറങ്ങിയതോടെ ഒരു വൃത്തികെട്ട പേരായി മാറി. നാലാളുടെ മുൻപിൽ പേര് ചോദിക്കുമ്പോൾ ഷക്കീല എന്ന് പറയാൻ ആളുകൾ മടിച്ചു.

എന്തൊരു വൃത്തികെട്ട സ്ത്രീ ആണിത് എന്ന് എന്റെ ഇത്ത പതം പറഞ്ഞു, ശരീരം പ്രദർശിപ്പിച്ച് നേടുന്ന പണം ഗുണം പിടിക്കാതെ പോകട്ടെ എന്ന് ശപിച്ചു. ഇത്തയുടെ വിഷമം കണ്ടിട്ട് വീട്ടിൽ എല്ലാവർക്കും ദേഷ്യം ഇവരോട് ദേഷ്യം ഉണ്ടായി എന്നത് നേരാണ്. ഏതാണ്ട് എൺപതോളം ചിത്രങ്ങൾ പിന്നിട്ടപ്പോൾ രണ്ടായിരത്തി പന്ത്രണ്ടിൽ ഷക്കീൽ ബി ഗ്രേഡ് സിനിമയിൽ അഭിനയിക്കുന്നത് നിർത്തി. കുറച്ചു നാൾ ഒന്നോ രണ്ടോ ചിത്രങ്ങളിലും ടിവി പരിപാടികളിലും കണ്ടു മറന്ന ഷക്കീലയെ പിന്നെ കാണുന്നത് ജനകീയ കോടതിയിൽ അരുൺകുമാർ നടത്തിയ ഇന്റർവ്യൂവിൽ ആണ്. എന്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധാരണകളെയും പൊളിച്ചെഴുതിയ ഒന്നായിരുന്നു ആ ഇന്റർവ്യൂ.

ആ ഇന്റർവ്യൂവിൽ വീട്ടിലെ ദാരിദ്ര്യം മൂലം പതിനെട്ട് വയസിൽ തന്നെ ഇത്തരം സിനിമകളിൽ അഭിനയിച്ച് ആറു സഹോദരീ സഹോദരന്മാരുടെ ചിലവും പഠനവും നോക്കിയ ഷക്കീല എന്ന പെൺകുട്ടിയെ നമ്മൾ കണ്ടു. പ്രണയം നടിച്ച് പല ആളുകൾ പറ്റിച്ചു പോയ ഒരു കാമുകിയെ ഷക്കീലയിൽ കണ്ടു. സ്കൂളിൽ പഠനം നിർത്തി എങ്കിലും മണി മണിയായി ഇംഗ്ലീഷിൽ സംസാരിക്കുന്ന ഷക്കീലയെ കണ്ടു. മുൻപ് ബി ഗ്രേഡ് ചിത്രങ്ങളിൽ അഭിനയിച്ച പണം കൊണ്ട് ഭക്ഷണം കൊടുത്ത് , പഠിപ്പിച്ചു വലുതാക്കിയ സഹോദരിയുടെ മകളുടെ വിവാഹത്തിന് , മോശം സിനിമയിൽ അഭിനയിച്ച ആൾ എന്ന കാരണം പറഞ്ഞു കുടുംബത്തിൽ നിന്ന് അകറ്റി നിർത്തിയ ഒരു ഷക്കീലയെ കണ്ടു. ദുഃഖങ്ങൾ മറക്കാൻ സ്വന്തം വീട്ടിൽ ഇരുന്ന് മദ്യപിച്ച് ഉറക്കത്തിലേക്ക് വീഴുന്ന , കിട്ടിയ പണം വിശ്വസിച്ച പലർ പറ്റിച്ചു കൊണ്ടുപോയ ഒരു ഷക്കീലയെ കണ്ടു.

എല്ലാത്തിനും ഉപരി ഒരു ട്രാൻസ്‌ജെൻഡർ യുവതിയെ ദത്തെടുത്ത് സ്വന്തം മകളായി വളർത്തുന്ന ഒരമ്മയെ കൂടി ആ ഇന്റർവ്യൂ കാണിച്ചു തന്നു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉരുക്കിന്റെ ഉറപ്പുള്ള മറുപടി പറഞ്ഞു. ഒരു സിനിമയിൽ അഭിനയിക്കാനായി പണം കൊടുത്ത് അതിനു വേണ്ടി ചിത്രീകരിച്ച കിടപ്പറ രംഗങ്ങൾ ഉപയോഗിച്ച് അഞ്ചു സിനിമകൾ വരെ ഇറക്കിയ നിർമാതാക്കളെ കുറിച്ച് അവർ സംസാരിച്ചു. അവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുമ്പോൾ ആണ് നമുക്ക് ഷക്കീല ഒരു മോശം പേരായി മാറിയത്. ആലോചിക്കുമ്പോൾ അവർ ആയിരുന്നില്ല തെറ്റുകാരി, സിനിമയിലെ കഥാപാത്രത്തെ മാത്രം കണ്ട് അവർ അങ്ങിനെയുള്ള വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ച നമ്മളായിരുന്നു തെറ്റുകാർ. യഥാർത്ഥത്തിൽ ഒട്ടും ലജ്ജ തോന്നാതെ നമുക്ക് അഭിമാനത്തോടെ പറയേണ്ട ഒരു പേരാണ് ഷക്കീല എന്നത്.

പലപ്പോഴും മറ്റുള്ളവരുടെ മുഴുവൻ കഥയും, അവരുടെ കാഴ്ചപ്പാടും അറിയുന്നതു വരെ മാത്രമേ ഉള്ളൂ നമ്മുടെ വെറുപ്പുകളുടെ ആയുസ്. ഇന്ന് നമ്മുടെ സ്മൂഹം നേരിടുന്ന ഏതാണ്ട് എല്ലാ പ്രശ്നങ്ങൾക്കും ഇപ്പറഞ്ഞത് ബാധകമാണ്. ബെന്യാമിൻ എഴുതിയത് പോലെ “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്”. ഷക്കീലയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും. ഖുശ്‌ബു ചെയ്തത് പോലെ ചാണകത്തിൽ ചവിട്ടാതെ നിന്നതിനു പ്രത്യേക അഭിനന്ദനങ്ങൾ.