നസീർ ഹുസ്സൈൻ കിഴക്കേടത്ത് സോഷ്യൽ മീഡിയയിൽ എഴുതിയത്

എന്റെ ഏറ്റവും അടുത്ത, ഞാൻ ഒരു സഹോദരനെ പോലെ കാണുന്ന, കൂട്ടുകാരന്റെ ജീവിതത്തിലെ കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ഒരു രഹസ്യമാണ് കാതൽ – The core എന്ന സിനിമയുടെ കഥ. സിനിമയുടെ കഥ കേട്ടപ്പോൾ മുതൽ തീയേറ്ററിൽ സിനിമ കണ്ടത് വരെ, ഇതവന്റെയും കുടുംബത്തിന്റെയും കഥയാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു. പക്ഷെ അവനും പങ്കാളിക്കും പിന്നെ വളരെ കുറച്ചുപേർക്കും മാത്രം അറിയാവുന്ന ഈ രഹസ്യം എങ്ങിനെ ജിയോ ബേബിയും ആദർശും പോൾസണും സിനിമയാക്കി എന്ന അത്ഭുതം, ആലോചിച്ചപ്പോൾ പതുക്കെ മാറിക്കിട്ടി. എന്റെ കൂട്ടുകാരനെ പോലെ, അവന്റെ പങ്കാളിയെ പോലെ അനേകായിരങ്ങൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. അതാണ് സത്യം.

** few spoilers after this**

സിനിമയിൽ, കാതൽ എന്ന വാക്ക് പ്രണയത്തിന്റെ കാമ്പിനെ കുറിക്കാൻ ആയിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും , എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ടത് , അവസാനത്തെ സീനുകളിൽ പ്രണയത്തിന്റെ നിർവചനം പൊളിച്ചെഴുതുന്നത് കണ്ടതാണ്. “ഇതൊക്കെ എനിക്ക് വേണ്ടി മാത്രമാണോ ഞാൻ ചെയ്യുന്നത് മാത്യു” എന്ന ഓമനയുടെ സംഭാഷണം ആണ് ഈ സിനിമയുടെ കാതൽ എന്ന് ഞാൻ കരുതുന്നു. തന്റെ ഭർത്താവ് തന്നെ പോലെ അല്ലാത്ത, എന്നാൽ നൂറു ശതമാനം മറ്റൊരു തരത്തിൽ നോർമൽ ആയുള്ള മനുഷ്യൻ ആണെന്ന് ഭാര്യയ്ക്ക് മനസിലാകുന്നു എന്നത് തന്നെയാണ് ഈ സ്നേഹത്തിന്റെ കാതൽ.

മാതാപിതാക്കൾ അറേഞ്ച് ചെയ്യുന്ന കല്യാണങ്ങളിൽ പല തരത്തിലുള്ള പ്രണയ, ലൈംഗിക അഭിരുചികളുള്ള മനുഷ്യർ തമ്മിൽ പലപ്പോഴും അവരുടെ ഇഷ്ടമില്ലാതെ തന്നെ ദീർഘകാല വിവാഹബന്ധങ്ങളിൽ ഏർപെടേണ്ടി വരുന്നു. നമ്മുടെ കഥകളിലും സിനിമകളിലും ഉള്ള പ്രണയങ്ങൾ പലപ്പോഴും വിവാഹങ്ങളിൽ അവസാനിക്കുന്നു. പക്ഷെ പ്രണയത്തിനു ശേഷമുള്ള ജീവിതങ്ങളിലും ആളുകൾ പല ദിശകളിലേക്ക് വളരാം, ചിലർ തങ്ങളെ പൂർണമായി കണ്ടെത്തുന്നതും മനസിലാക്കുന്നതും തന്നെ വിവാഹം കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷംമാകും. വ്യത്യസ്‍ത അഭിരുചികളുടെ കാര്യത്തിൽ കാലങ്ങൾ കഴിയുമ്പോൾ വ്യക്തികൾ പല ദിശകളിലേക്ക് , അഭിരുചികളിലേക്ക്ക് മാറുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷെ ഇതൊക്കെ അടക്കിവച്ച് സമൂഹത്തിന്റെ മുന്നിൽ മാതൃക ദമ്പതികളായി അഭിനയിക്കേണ്ടി വരുന്ന അനേകം ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.

ഈ സിനിമ ഒരു തുടക്കം മാത്രമാണ്. വേറൊരു പുരുഷനോട് പ്രണയം ഉള്ള ഒരു പുരുഷൻ മാതാപിതാക്കളുടെ സമ്മർദ്ദത്തിൽ തനിക്ക് താല്പര്യം തോന്നാത്ത ആളുകളുമായി വിവാഹത്തിൽ ഏർപ്പെടുന്നത് പോലെ തന്നെ, ആണിനേയും പെണ്ണിനേയും പരസ്പരം ഇഷ്ടപെടുന്ന ഇണകളുടെ ഇടയിൽ പല തരത്തിലുള്ള ലൈംഗിക ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകാം. ഉദാഹരണത്തിന് ആണുങ്ങളോടും പെണ്ണുങ്ങളോടും ഒരേ പോലെ താല്പര്യമുള്ള bisexual , ലൈംഗികമായി ആരോടും താല്പര്യം തോന്നാത്ത asexual , ശരീരം കൊണ്ടല്ലാതെ വ്യക്തിത്വവും മാനസിക ബന്ധങ്ങളും കൊണ്ട് പരസ്പരം അടുപ്പം തോന്നുന്ന demisexual , ഒരേസമയം ഒന്നിൽ കൂടുതൽ ഇണകളെ തീവ്രമായി പ്രണയിക്കാൻ കഴിയുന്ന polyamorous തുടങ്ങി അനേകം നിറങ്ങളുള്ള ഈ മഴവില്ലിൽ ഒരേ ലൈംഗിക ഇഷ്ടങ്ങളുള്ള ഒരാളെ നിങ്ങൾക്ക് പങ്കാളിയായി കിട്ടിയാൽ ലോകത്ത് ഏറ്റവും ഭാഗ്യവാൻ നിങ്ങളാണ്. ഉദാഹരണത്തിന് നിങ്ങൾ ബൈസെക്ഷ്വലും പങ്കാളി അങ്ങിനെ അല്ലാത്തതും ആണെങ്കിൽ, നിങ്ങളുടെ മനസിലെ ചില ആഗ്രഹങ്ങൾ എങ്കിലും നിങ്ങൾക്ക് അടക്കി വയ്‌ക്കേണ്ടി വരും. Transexual , non binary , intersex തുടങ്ങി മേല്പറഞ്ഞ ഒന്നിലും ഉൾപ്പെടാത്ത അനേകം ആളുകൾ വേറെയുമുണ്ട്. കാതൽ തുറന്നിടുന്നത് ഈ പറഞ്ഞ എല്ലാ തരം ആളുകളുടെയും കഥകൾ നമ്മുടെ മുഖ്യധാരാ സിനിമയിൽ പറയാനുള്ള സാധ്യതകളാണ്.

അവസാനത്തെ മുപ്പത് മിനിറ്റ് ലോകോത്തര സിനിമകളുടെ നിലവാരത്തിലേക്ക് ഉയരുന്ന ഒന്നാണ് കാതൽ. മലയാള സിനിമയെക്കുറിച്ചുള്ള ഭാവി ചർച്ചകളിൽ ഉയർന്നു വരാൻ പോകുന്ന ഒരു സിനിമ. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം മമ്മൂട്ടിയെപോലുള്ള ഒരു പ്രധാന നടൻ ഈ വേഷം ചെയ്തു എന്നതിലാണ്. കാരണം ഈ കഥാപാത്രത്തിന്റെ ഒരു നോട്ടമോ ഭാവമോ പാളിപ്പോയാൽ അദ്ദേഹത്തിന്റെ സിനിമ career തന്നെ തീർന്നുപോകാൻ സാധ്യത ഉള്ള ഒരു കഥാപാത്രവും കഥയുമാണ്. തങ്കൻ ആയി അഭിനയിച്ച സുധിക്ക് എല്ലാ ഭാവുകങ്ങളും. മറ്റ് സിനിമകളിൽ കാണുന്ന പോലെയല്ല സ്വവർഗാനുരാഗികൾ എന്നും അവർ നമ്മുടെ ഇടയിൽ, സമൂഹത്തിന്റെ അളവുകോലിൽ പെടാത്തത് കൊണ്ട് മാത്രം നമ്മളോട് അത് തുറന്നു പറയാൻ കഴിയാതെ ജീവിക്കുന്ന നമ്മളെ പോലെ തന്നെയുള്ള ആളുകളാണ് എന്ന് കാണിച്ചു തന്നതിന് ഈ സിനിമ എടുത്തവരോട് നന്ദി.

എല്ലാം നന്നായി തീരുന്ന കഥകൾ അല്ല ജീവിതത്തിൽ. ഏതാണ്ട് നാല്പത് വയസിൽ തന്റെ ഭർത്താവ് ഗേ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു വിവാഹമോചനം നേടുന്ന സ്ത്രീകൾ ഉപയോഗിച്ച് കഴിഞ്ഞു വലിച്ചെറിയപ്പെടുന്ന വേപ്പിലകൾ പോലെയാണ്. അവരുടെ ജീവിതം സിനിമയിൽ കാണുന്ന പോലെ അത്ര സുന്ദരമായിരിക്കില്ല. പക്ഷെ ഈ സിനിമ നല്ലൊരു തുടക്കമാണ്. ഇന്ന് മുതൽ ആമസോൺ പ്രൈമിൽ ഉണ്ട്, ഇതുവരെ കാണാത്തവർ ഉണ്ടെങ്കിൽ കാണുക.

ഭൂരിപക്ഷ സമൂഹത്തിന്റെ കാഴചപ്പാട് കൊണ്ടുമാത്രം ഒരു മോശം മനുഷ്യനാണ് എന്ന് നിങ്ങൾക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല, നിങ്ങൾ നിങ്ങളുടേതായ രീതിയിൽ നോർമൽ ആയുള്ള ആളാണെന്ന് ഈ ചിത്രം നിങ്ങൾക്ക് കാണിച്ചുതരും, അല്ലെങ്കിലും സമൂഹത്തിന്റെ പൊതു അളവുകോലുകൾ ഉപയോഗിക്കുമ്പോൾ, എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ അബ്നോർമൽ ആളുകൾ തന്നെയല്ലേ?

You May Also Like

വാടരുതീ മലരിനി …

ഗിരീഷ് വർമ്മ ബാലുശ്ശേരി വാടരുതീ മലരിനി … ഓരോ ഗാനങ്ങളിലൂടെയും മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്ന സുഖലഹരിയുടെ…

ആ ചോദ്യം ചെയ്യൽ റൂമിലിരുന്ന് നിർവികാരതയോടെ ഓരോ കാര്യങ്ങളും അയാൾ വ്യക്തമാക്കുമ്പോൾ നമ്മൾ ശരിക്കും തരിച്ചിരുന്ന് പോവും

ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അയാൾ പോലീസിന് മുന്നിൽ വിശദീകരിക്കുന്ന സീൻ ❤ . ആ…

ഏറ്റവുമധികം സന്തോഷിപ്പിച്ചത്, ആ സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത നടന് വേണ്ടി തിയേറ്ററില്‍ അത്ര മുഴങ്ങിയ കൈയടികളായിരുന്നു

Rakesh Sanal പദ്മയില്‍ ജയിലര്‍ കാണുമ്പോള്‍, ഓരോ സൂപ്പര്‍താരങ്ങള്‍ക്കും വേണ്ടി ആഘോഷങ്ങള്‍ക്കിടയില്‍ എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്,…

ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ

ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ഭാ​ര്യയുമായുള്ള…