അടുത്തുള്ള വീട്ടിൽ പോയി ഓണ സദ്യ ഉണ്ണാൻ, മുസ്ലിങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കരുത്

853

Nazeer Hussain Kizhakkedathu

ഓഫീസിലുള്ള വേറെ സംസ്ഥാനക്കാരെല്ലാം പറയുന്ന ഒരു കാര്യം, മലയാളികളെ കണ്ടാൽ ഹിന്ദുവേതാണ്, മുസ്ലിം ഏതാണ്, ക്രിസ്ത്യൻ ഏതാണ് എന്ന് മനസിലാവില്ല എന്നാണ്. വേറെ സംസ്ഥാനക്കാരുടെ കാര്യത്തിൽ മുസ്ലിങ്ങൾക്ക് താടി ഉണ്ടാവും, ഹിന്ദുക്കളുടെ കയ്യിൽ ഒരു ചരടെങ്കിലും കെട്ടിയിരിക്കും.

കൊച്ചിക്കാരായതു കൊണ്ട് വീട്ടിൽ ഏതാണ്ട് എല്ലാ ദിവസവും മീൻ കറി ഉണ്ടാവും, ഓണത്തിന് ഒഴിച്ച്. ഓണത്തിന് മാത്രം ആണ് മുഴുവൻ പച്ചക്കറി. പക്ഷെ അത് ഉമ്മാക്കും ബാപ്പക്കും മാത്രം ആണ്. ഞങ്ങൾ കുട്ടികൾ , അയല്പക്കത്തെ ഹിന്ദുക്കളുടെ വീട്ടിൽ നിന്നാണ് ഓണസദ്യ ഉണ്ണുന്നത്. പഠിക്കുന്ന സമയത്തു, ഗോപന്റെ വീട്ടിലേക്കും, കോളേജിൽ പടിക്കുമ്പോൾ പെരിങ്ങോടുള്ള രവിയുടെ വീട്ടിലേക്കും മാറി എന്നല്ലാതെ ഓണ സദ്യ ഇതുവരെ വീട്ടിൽ നിന്ന് ഉണ്ടിട്ടില്ല.

പെരുന്നാൾ ദിവസം രാവിലെ വീട്ടിൽ നിന്നും പല പത്രങ്ങളിൽ ആയി അയല്പക്കത്തേക്ക് പോകുന്ന പലഹാരങ്ങൾ പോലെ ആണ്, ഓണ നാളിൽ അടുത്തുള്ള കൂട്ടുകാരുടെ വീട്ടിൽ നിന്നും, പായസവും, പലഹാരങ്ങളും ഞങ്ങളുടെ വീട്ടിലും എത്തുന്നത്.

കൊച്ചി പള്ളുരുത്തി ഭാഗത്തുള്ളവർക്കു ഓണത്തിന് വട്ടക്കളി അല്ലെങ്കിൽ കൈ കൊട്ടികളി നിർബന്ധം ആണ്. എന്റെ ചെറുപ്പകാലത്ത് അത്തപ്പൂക്കളം ഇടാൻ തുടങ്ങുന്ന അന്ന് തുടങ്ങും, വൈകിട്ട് ഉള്ള കൈകൊട്ടി കളി. ചുറ്റുവട്ടത്തെ അന്ന് ഒഴിഞ്ഞ പറന്പുകൾ ഉണ്ടായിരുന്നു, അടുത്തുള്ള വീടുകളിലെ , സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും, ഒരു വട്ടത്തിൽ ചുറ്റും നിന്ന് പാട്ടു പാടി തുടങ്ങും..

“നിങ്ങളുടെ നാട്ടിലൊക്കെ എന്ത് കൃഷി ആണെടോ..
ഞങ്ങളുടെ നാട്ടിലൊക്കെ കപ്പ കൃഷി ആണെടോ..
കപ്പ കൃഷി എങ്ങിനെടി എങ്ങിനെടി കുറത്തി…..”

പല പാട്ടുകൾ ഉണ്ട്, പല സ്റ്റെപ്പുകളും. ശ്രീരാമന്റെയും, കൃഷ്ണന്റെയും, ശ്രീ നാരായണ ഗുരുവിന്റെയുമെല്ലാം കഥകൾ പാട്ടുകൾ ആയി വരും. കുട്ടികൾ ഇടയ്ക്കു അവരുടേതായ ചെറിയ വട്ടങ്ങൾ തീർക്കും. മാത്യു ചേട്ടന്റെ അനിയൻ ജോസഫ് ആണ് പാട്ടുകളുടെ ആശാൻ. ധർമിണി ചേച്ചി പെണ്ണുങ്ങൾക്ക് പുതിയ സ്റെപ്സ് പഠിപ്പിച്ചു കൊടുക്കും. ഒരു നാട് മുഴുവൻ ഒത്തു ചേരുന്ന ഒരു നൃത്തസംസ്കാരം. ഇപ്പോൾ അന്യം നിന്നു പോയ കേരളത്തിന്റ നൃത്ത സംസ്കാരം.

ഓണപ്പൂക്കളത്തിനു പൂ പറിക്കാൻ കുട്ടികൾ പോകുന്നതും ഇതുപോലെ തന്നെ കൂട്ടം കൂടി ആയിരുന്നു. ഹിന്ദുക്കളും, മുസ്ലിങ്ങളും ക്രിസ്ത്യാനികളും മത്സരിച്ചു പൂക്കളം ഇട്ടു. നമുക്ക് പൂക്കളം ഇടാൻ മാത്രം പൂ കിട്ടിയില്ലെങ്കിൽ അടുത്ത വീട്ടിലെ പൂക്കളത്തിൽ ഞങ്ങൾ പങ്കാളികൾ ആയി. മുക്കുറ്റി, കാക്കപ്പൂ തുടങ്ങി അന്ന് പറിച്ച പൂക്കൾ മാത്രം ആണ് നമ്മുടെ വീടിന്റെ അടുത്തുള്ള പ്രകൃതിയും ആയി നമ്മെ പരിചയപ്പെടുത്തിയത്.

അമേരിക്കയിൽ വന്നയിടക്ക് ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഒന്നായിരുന്നു ഓണം. എല്ലാ മലയാളികളും ഒത്തു ചേരുന്ന കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ വലിയ ഓണാഘോഷം ഞങ്ങൾ കാത്തിരിക്കുന്ന ഒന്നായിരുന്നു. ബ്രിഡ്ജ് വാട്ടർ അമ്പലത്തിലെ മലയാളം ക്ലാസ് കൂട്ടായ്മ നടത്തുന്ന ഓണാഘോഷവും ഞങ്ങൾ എല്ലാക്കൊലവും പോകുന്ന ഒന്നാണ്.

ഈയിടെയായി കൂടുതൽ ജാതി / മത സംഘടനകൾ വന്നപ്പോൾ ഓരോ ഗ്രൂപ്പിനും ഓരോ ഓണാഘോഷമായി തീർന്നു. ഓരോ മതത്തിനും ജാതിക്കും അവരവരുടേതായ ഓണാഘോഷങ്ങൾ. എല്ലാ ജാതിമതസ്ഥരും ഒത്തുകൂടുന്ന ഓണ ആഘോഷങ്ങൾ കുറഞ്ഞുവന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി നടത്തുന്ന ഓണാഘോഷം അതുകൊണ്ടു തന്നെ പങ്കെടുത്തു വിജയിപ്പിക്കേണ്ടത് ഒരാവശ്യമായി മാറുന്നു ഇക്കാലത്ത്.

ഇപ്പോൾ നാട്ടിലും മുസ്ലിങ്ങൾ ഓണം ആഘോഷിക്കണോ വേണ്ടയോ എന്നെല്ലാം തർക്കം നടക്കുകയാണല്ലോ. മുസ്ലിങ്ങൾ സ്വന്തം വീട്ടിൽ എന്തായാലും ഓണം ആഘോഷിക്കരുത് എന്നാണ് എന്റെ ഒരിത്. അങ്ങിനെ തുടങ്ങിയാൽ അടുത്തുള്ള വീട്ടിൽ പോയി ഓണ സദ്യ ഉണ്ണുന്ന പരിപാടി നിന്ന് പോകും  നമ്മൾ മറ്റുള്ളവരുടെ വീട്ടിൽ പോയി അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടത് അത്യാവശ്യം ആണ്. നമുക്ക് അവരെ അറിയാനും, അവർക്കു നമ്മെ അറിയാനും.

അപ്പോൾ എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ.