“എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ..” എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു.

956
Nazeer Hussain Kizhakkedathu
“എനിക്കെന്റെ പെങ്ങന്മാരുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല നസീർ..” എന്ന് പറഞ്ഞവൻ ഒരു ഗ്ലാസ് വിസ്കി ഒന്നും ചേർക്കാതെ കഴിച്ചു.
രാജീവൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടുമുതൽ പത്തുവരെ ഒരേക്ലാസ്സിൽ പഠിച്ചവൻ. ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിന്നുവരുന്ന ഒരുവൻ. പത്ത് കഴിഞ്ഞു രണ്ടു കൊല്ലത്തിനു ശേഷം അവനു പട്ടാളത്തിൽ സെലെക്ഷൻ കിട്ടിയപ്പോൾ, മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അവനെ വണ്ടി കയറ്റി വിടാൻ ഞാനും പോയിരുന്നു. പോകുന്നതിനു മുൻപ് എടുത്ത കുടുംബ ഫോട്ടോ ഞങ്ങൾ തിരിച്ചു എത്തിയ ഉടനെ അവന്റെ അച്ഛൻ എടുത്തു മുറിയിൽ ഫ്രെയിം ചെയ്തു വച്ചു. രണ്ടു പെൺകുട്ടികൾ ആയിരുന്നു അവന്റെ താഴെ. അന്നത്തെ ദിവസം അവന്റെ വീട്ടിൽ കരഞ്ഞിട്ട് ആരും ഉറങ്ങി കാണില്ല.
എഴുത്തുകുത്തുകളും മണി ഓർഡറുകളും ഒക്കെയായി രണ്ടു വർഷം കഴിഞ്ഞു പോയി. കാശ്മീരിൽ ആയിരുന്നു അവന്റെ പോസ്റ്റിങ്ങ്. പിന്നീട് ലീവിന് വന്നു പട്ടാളത്തിൽ നിന്ന് കിട്ടിയ ഒരു ക്വാട്ട തീർക്കാൻ ഒരുമിച്ചിരുന്നപ്പോൾ ആണ് അവൻ പട്ടാളത്തിലെ കഥകൾ പറഞ്ഞു തുടങ്ങിയത്. പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിൽ നിന്ന് വരുന്ന പട്ടാള കുടുംബങ്ങളിലെ കുട്ടികളെ കുറിച്ചും , പട്ടാളത്തിലെ അധികാര ശ്രേണിയെ കുറിച്ചും, ഏറ്റവും പാവപ്പെട്ടവർ മാത്രം ചേരുന്ന കാലാൾ പടകൾ മാത്രം യുദ്ധമുന്നണികളിൽ മരിച്ചു വീഴുന്നതിനെ കുറിച്ചും മറ്റും അവൻ സംസാരിച്ചു. 1971 ലെ യുദ്ധത്തിന് ശേഷം ഇന്ത്യ ഏറ്റവും സമാധാനപൂർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. പക്ഷെ കശ്മീരിലെ വിഘടനവാദികൾ താഴ്‌വരയിൽ പ്രശ്ങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഏതാണ്ട് എല്ലാ രാത്രികളിലും സംശയാസ്പദമായ വീടുകൾ റെയ്ഡ് ചെയ്യുന്ന ഗ്രൂപുകളിൽ ഒന്നിൽ ആയിരുന്നു ഇവന് പോസ്റ്റിങ്ങ്. ഭൂരിപക്ഷം സമയത്തും ജീവനോടെ ഇറങ്ങിപ്പോരാം, പക്ഷെ ചിലപ്പോൾ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകും. പട്ടാളക്കാർ കൊല്ലപ്പെടും. Armed Forces (Special Powers) Act (AFSPA) എന്ന ഇന്ത്യൻ പാർലിമെന്റ് നിയമത്തിന്റെ പേരിൽ ഏതൊരു വീട്ടിലും വാറന്റ് ഇല്ലാതെ സേർച്ച് ചെയ്യാനും ആളുകളെ പിടികൂടി വയ്ക്കാനും പട്ടാളത്തിന് അധികാരമുണ്ടായിരുന്നു.ഇങ്ങിനെ പട്ടാളം പിടിച്ചുകൊണ്ടുപോകുന്ന ചിലർ പിന്നീട് വെളിച്ചം കാണുകയുണ്ടാവില്ല. ഇരുപത്തി അഞ്ചു വർഷത്തിൽ 3500 ഓളം കശ്മീർ യുവാക്കളെ പട്ടാളം പിടിച്ചുകൊണ്ടു പോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ നിയമം മൂലം, ഒരു പട്ടാളക്കാരനെ പോലും വിചാരണ ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷെ അത് കഴിഞ്ഞ് അവൻ പറഞ്ഞ കാര്യമാണ് എന്നെ കൂടുതൽ ഞെട്ടിച്ചത്.
“കശ്മീരിലെ പെൺകുട്ടികൾ ആപ്പിള് പോലെയാണ്, ഇത്ര സുന്ദരികൾ ലോകത് വേറെ ഒരിടത്തും കാണില്ല. ഞങ്ങളുടെ കൂടെയുള്ള ചില പട്ടാളക്കാരെങ്കിലും ഇങ്ങനെ സെർച്ചിനു പോകാൻ താല്പര്യം കാണിക്കുന്നത് ഈ പെൺകുട്ടികളെ കാണാനാണ്. അവരിൽ ചിലർ അവിടെ കാണിച്ചുകൂട്ടുന്നത് കണ്ടാൽ എനിക്ക് എന്റെ പെങ്ങന്മാരുടെ മുഖത്തു പോലും നോക്കാൻ കഴിയില്ല.”
ഈ സംഭാഷണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കഴിഞ്ഞു കുപ്വാര ജില്ലയിലെ കുനാൻ എന്ന സ്ഥലത്ത് ഇന്ത്യൻ പട്ടാളം ഏതാണ്ട് നൂറോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കഥ വായിച്ചപ്പോൾ ഇവൻ പറഞ്ഞതാണ് എനിക്കോർമ്മ വന്നത്.
1999 ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തത് ആയിരുന്നു അവന്റെ അവസാനത്തെ പോസ്റ്റിങ്ങ്. മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത ചില സ്ഥലങ്ങൾക്ക് വേണ്ടിയാണ് നമ്മൾ യുദ്ധം ചെയ്തത് എന്ന് അടുത്ത തവണ കണ്ടപ്പോൾ അവൻ പറഞ്ഞു. അവന്റെ അടുത്ത കൂട്ടുകാരൻ ഉൾപ്പെടെ ഏതാണ്ട് അമ്പത് ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ രാജ്യത്തിനു നഷ്ടപ്പെട്ടു. രാജീവിന്റെ മറ്റൊരു കൂട്ടുകാരന്റെ കയ്യിലേയും കാലിലെയും വിരലുകൾ തണുപ്പിൽ പെട്ട് മുറിച്ചു കളയേണ്ടി വന്നു. ഈ യുദ്ധം കഴിഞ്ഞു മനം മടുപ്പിച്ച കാഴ്ചകൾ മടുത്തു അവൻ ആദ്യത്തെ അവസരത്തിൽ തന്നെ മുന്നണിയിൽ നിന്ന് യുദ്ധവും ആയി നേരിട്ട് ബന്ധം ഇല്ലാത്ത ഏതോ ഡിപ്പാർട്മെന്റിലേക്ക് മാറി. കേരളത്തിലെ കാലാവസ്ഥയിൽ നിന്ന് മഞ്ഞുമൂടിയ മലമുകളിൽ യുദ്ധം ചെയ്യുന്നവന്റെ വേദന എനിക്ക് ഇപ്പോൾ ഒരു തണുപ്പ് രാജ്യത്തിരിക്കുന്ന എനിക്ക് മനസിലാകും. അവനെപ്പോലുള്ളവർ ജീവൻ കൊടുക്കാൻ റെഡി ആയി നില്കുന്നത് കൊണ്ടാണ് , സമാധാനപൂർണമായ ഒരു ജീവിതം മറ്റുള്ളവർക്ക് സാധ്യമാകുന്നത്.
പക്ഷെ ഇന്ത്യയിൽ ശ്രദ്ധേയമായ ഒരു കാര്യം, നമ്മുടെ രാഷ്ട്രീയക്കാരും ഭരണാധികാരികളും അവരുടെ മക്കളെ പട്ടാളത്തിൽ അയക്കാറില്ല എന്നതാണ്. വെറും ഒരു ശതമാനം മാത്രമാണ് നമ്മുടെ പാർലിമെന്റിൽ സ്വന്തമായോ കുടുംബാംഗങ്ങൾ വഴിയോ പട്ടാള പശ്ചാത്തലം ഉള്ളവർ.
അമേരിക്കയിൽ ഇത് 19 ശതമാനവും, ബ്രിട്ടനിൽ 8 ശതമാനവുമാണ്. പക്ഷെ പാകിസ്ഥാനും ആയോ ചൈനയും ആയോ യുദ്ധം വേണമെന്ന് മുറവിളി കൂട്ടുന്നതിൽ നമ്മുടെ രാഷ്ട്രീയക്കാരും പട്ടാളത്തിൽ ആരും ഇല്ലാത്ത മറ്റുള്ളവരും മുന്നിലാണ്. ഒന്നുകിൽ നമ്മുടെ രാഷ്ട്രീയക്കാരുടെ മക്കൾ പട്ടാളത്തിൽ കൂടുതൽ സേവനം അനുഷ്ടിക്കണം, അല്ലെങ്കിൽ കൂടുതൽ പട്ടാളക്കാർ വിരമിച്ചതിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരണം, അപ്പോൾ മാത്രമേ യുദ്ധത്തിൽ നടക്കുന്ന കെടുതികൾ കുറിച്ചും, മനുഷ്യ അവസ്ഥയെ കുറിച്ചും യാഥാർഥ്യ ബോധത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ.
ഇതെല്ലം ഓർക്കാൻ കാരണം 1917 എന്ന ബ്രിട്ടീഷ് സിനിമ കണ്ടതാണ്. ചില സിനിമകൾ കാണുമ്പോൾ ഇതെങ്ങിനെ ഇവന്മാർ ഷൂട്ട് ചെയ്തു എന്ന് നമുക്ക് കാണുമ്പോഴെല്ലാം തോന്നിക്കൊണ്ടേ ഇരിക്കും. അങ്ങിനെ ഒന്നാണ് ഈ സിനിമ. കാരണം തുടക്കം മുതൽ അവസാനം വരെ ഒറ്റ ഷോട്ടിൽ നായക കഥാപാത്രങ്ങൾ പിന്തുടരുന്ന പോലെയാണ് സിനിമ എടുത്തിരിക്കുന്നത്. ഒരു തരത്തിലും ഇവർ ഇതെങ്ങിനെ ചെയ്തു എന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല. രണ്ടാമത് യുദ്ധത്തിന്റെ എല്ലാ വിധ കെടുതികളെയും, അത് പട്ടാളക്കാരുടെ അനുഭവങ്ങൾ ആയാലും, യുദ്ധത്തിൽ അനാഥർ ആക്കപെടുന്നവരുടെ സങ്കടങ്ങൾ ആയാലും നമുക്ക് അനുഭവവേദ്യമാക്കി തരുന്നുണ്ട്.
ഒന്നാം ലോകമഹായുദ്ധ കാലത്ത് ചതിയിൽ പെട്ടുപോയ ഒരു യൂണിറ്റിലേക്ക് ഒരു സന്ദേശവുമായി മറ്റൊരു യൂണിറ്റിൽ നിന്ന് പോകുന്ന രണ്ടു ചെറുപ്പക്കാരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. സേവിങ് പ്രൈവറ്റ് റയാൻ എന്ന സിനിമയെ ഓർമപ്പെടുത്തുന്ന തുടക്കം , പക്ഷെ കൂടുതൽ യാഥാർഥ്യത്തോടെ യുദ്ധരങ്ങളും , അവരുടെ അനുഭവങ്ങളും ചിത്രീകരിക്കുന്ന ഒരു കിടിലം സിനിമയാണിത്. ഇന്ത്യ പാകിസ്ഥാൻ , അമേരിക്ക ഇറാഖ് , അമേരിക്ക ഇറാൻ തുടങ്ങി ഏതൊരു യുദ്ധത്തിന് വേണ്ടിയും മുറവിളി കൂട്ടുന്നവർ കണ്ടിരിക്കേണ്ട സിനിമ.