അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ നിങ്ങൾ ജോലി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഒരു പക്ഷെ കണ്ടുപിടിക്കപ്പെട്ടിട്ടുപോലും ഉണ്ടാവില്ല

0
246

ഞാൻ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എം സി എ പഠിക്കാൻ ചേരുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. ഇന്റർനെറ്റ് മാത്രമല്ല, ഇന്ന് ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന ജാവ എന്ന പ്രോഗ്രാമിങ് ഭാഷയും ഉണ്ടായിരുന്നില്ല. ഞങ്ങൾ ഈ കോഴ്സിന് ചേർന്ന് ഒരു വർഷം കഴിഞ്ഞ് 1995 ലാണ് ജാവ കണ്ടുപിടിക്കുന്നത് തന്നെ. ആ വർഷം ഓഗസ്റ്റ് 15 നാണ് വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യയിൽ ഡയല് അപ്പ് വഴി ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് അവതരിപ്പിക്കുന്നത്, സ്പീഡ് 9.6 kbit/s. അതെ കിലോ ബിറ്റ്, ബൈറ്റല്ല.

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമോ കളർ മോണിറ്റർ ഉള്ള കമ്പ്യൂട്ടറോ കോളേജിലെ ലാബിൽ ഉണ്ടായിരുന്നില്ല. കുറെ നാൾ ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഓടിയിട്ടാണ്, ഒരു കളർ മോണിറ്ററും വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഒക്കെ വരുന്നത്. അന്നൊക്കെ പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കുന്നത് പാസ്കൽ, കോബോൾ തുടങ്ങിയവയായിരുന്നു.
പുറത്തൊരിടത്ത് ഒരു പ്രോഗ്രാമിങ് ജോലി താത്കാലികമായി കിട്ടിയപ്പോൾ ക്ലിപ്പർ എന്ന സംഭവം ഉപയോഗിക്കാൻ തുടങ്ങി, പിന്നീട് dbase ഉം, അതും കഴിഞ്ഞ് കോഴ്സ് തീരാറാകുമ്പോഴാണ് വിഷ്വൽ ബേസിക് എന്ന കുറച്ച് കണ്ണിനു കാണാൻ കൊള്ളാവുന്ന പ്രോഗ്രാം ഒക്കെ ഉണ്ടാക്കാവുന്ന ഒരു സാധനം മൈക്രോസോഫ്ട് വിപണിയിലിറക്കുന്നത്, അതും ഡെൽഫി എന്ന മറ്റൊരു ഡെവലൊപ്മെന്റ് പ്ലാറ്റഫോമിന് ബദലായി.
കോളേജിൽ പഠിച്ച ഒരു കാര്യം പോലും ജോലികിട്ടിക്കഴിഞ്ഞു ഉപയോഗിച്ചിട്ടില്ല. ആദ്യത്തെ ജോലി വിഷ്വൽ സി++ , പിന്നീട് Oracle, .net. ഇന്ന് ഞാൻ ജോലി ചെയ്യുന്നത് മൈക്രോസോഫ്റ്റ് ക്‌ളൗഡിൽ സ്പാർക്‌ എന്ന ഫ്രെയിംവർക് ഉപയോഗിച്ച് ബിഗ് ഡാറ്റ പ്രോസസ്സ് ചെയ്യുന്ന ഒന്നാണ്. ഇതിൽ പറയുന്ന ഏതാണ്ട് എല്ലാ സാങ്കേതികവിദ്യയും കഴിഞ്ഞ ഒരു ദശകത്തിൽ ഉണ്ടായിവന്നതാണ്. 2010 ഇത് ഉണ്ടായ സാധങ്ങൾ 1995 ൽ കോളേജിൽ പഠിക്കാൻ പറ്റില്ലല്ലോ. ഈ പറഞ്ഞ എല്ലാം സ്വയം വായിച്ചു പഠിച്ചതാണ്.
ലളിതമായി പറഞ്ഞാൽ ഇപ്പോൾ പഠിക്കുന്ന കുട്ടികൾ എന്തിലാണോ ജോലി ചെയ്യാൻ പോകുന്നത് അത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
Who moved my cheese? എന്നൊരു പുസ്തകമുണ്ട്. 50 പേജ് മാത്രമുള്ളൊരു പുസ്തകമാണ്. രണ്ട് എലികളും രണ്ടു മനുഷ്യരും എങ്ങിനെ വ്യത്യ്സ്തമായി മാറ്റങ്ങളെ സമീപിക്കുന്നു എന്ന് കാണിക്കുന്ന മനോഹരമാ ഒരു പുസ്തകം. ഇപ്പോൾ പഠിക്കുന്നവരും പുതിയതായി ജോലിക്കു ചേരുന്നവരും ആയ എല്ലാ കുട്ടികളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.
ഇപ്പോൾ പഠിക്കുന്ന കുട്ടികളും ഇനി പഠിക്കാൻ പോകുന്നവരും , ഇപ്പോൾ ജോലിക്കു കയറിയവരും എല്ലാം താഴെ പറയുന്ന ചില കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കുക.
1. മേല്പറഞ്ഞ പോലെ നിങ്ങൾ അടുത്ത വർഷം ഏതു സാങ്കേതികവിദ്യയിൽ ആയിരിക്കും ജോലി ചെയ്യുക എന്ന് പറയുക അസാധ്യമാണ്. മെയിൻ ഫ്രെയിം / കോബോൾ തുടങ്ങിയ സാങ്കേതികവിദ്യകളിൽ കുറെ നാൾ ജോലി ചെയ്തിരുന്ന പലരും, ഇന്റർനെറ്റ് / ജാവ എന്നീ സാങ്കേതിക വിദ്യകൾ വന്നപ്പോൾ ഒന്നുകിൽ അവ പുതിയതായി പഠിച്ചെടുക്കേണ്ടി വന്നു അല്ലെങ്കിൽ കളത്തിനു പുറത്തായി. മാറ്റങ്ങൾ ഏറ്റവും കൂടുതൽ അനുഭപ്പെടാൻ പോകുന്ന ഒരു ദശകമായിരിക്കും വരുന്നത്. മനസ് കൊണ്ട് പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായിരിക്കുക. ഓർക്കുക അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ നിങ്ങൾ ജോലി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഒരു പക്ഷെ കണ്ടുപിടിക്കപ്പെട്ടിട്ടുപോലും ഉണ്ടാവില്ല.
2. മാറ്റം അനിവാര്യമാണ് എന്നത് പോലെ തന്നെ മാറ്റത്തിനോട് നമുക്കുള്ള എതിർപ്പും ( mental intertia toward change) സ്വാഭാവികമാണ്. ഇതിനെതിരെ മനസിനെ പാകപ്പെടുത്തി വയ്ക്കുക. മേല്പറഞ്ഞ പുസ്തകത്തിലെ എലികൾ തങ്ങളുടെ കൈവശം ഉള്ള ചീസ് തീർന്നു പോകും എന്ന് പ്രതീക്ഷിച്ചുകൊണ്ട് പുതിയ ചീസ് അന്വേഷിച്ചു നടക്കുന്നത് പോലെ, മാർകെറ്റിൽ എവിടെ ഏതു സാങ്കേതിവിദ്യയാണ്‌ വരുന്നത് എന്ന് മുൻകൂട്ടി കണ്ടുപിടിച്ച്, അത്തരം പുതിയ സാങ്കേതികവിദ്യകൾ ആദ്യമേ പഠിക്കുന്നവർക്ക് മാർകെറ്റിൽ ഡിമാൻഡ് കൂടുതലായിരിക്കും. ബിഗ് ഡാറ്റ / സ്പാർക് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മുൻപേ പഠിച്ചവർക്ക് ഇപ്പോൾ മാർകെറ്റിൽ വലിയ ഡിമാൻഡാണ്.
3. മാറ്റത്തെ ആസ്വദിക്കുക. മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്നത് പറഞ്ഞു പഴകിയതാണെങ്കിലും , ഇപ്പോൾ വിവരസാങ്കേതികവിദ്യയുടെ കടന്നുവരവിന്‌ ശേഷം ഉണ്ടാകുന്ന മാറ്റത്തിന്റെ തോത് അസാധരമാം വിധം വലുതാണ്. അതുകൊണ്ട് മാറ്റം ആസ്വദിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്നവർക്കുള്ളതാണ് വരുന്ന ലോകം.
4. മാറ്റത്തിന്റെ ഈ കുത്തൊഴുക്കിൽ മാറാതെ നിൽക്കുന്ന ചിലതുണ്ട്. സൗഹൃദങ്ങൾ, ബന്ധങ്ങൾ എന്നിവ. പുറത്തെ മാറ്റത്തിന്റെ കാറ്റ് ഇങ്ങിനെയുള്ള കാര്യങ്ങളിൽ ബാധിക്കാതെ ശ്രദ്ധിക്കുക.
5. ജീവിതം ജോലി ചെയ്യാൻ മാത്രമുള്ളതല്ല എന്ന ചെറിയൊരു കാര്യം പലരും മറന്നു പോകാറുണ്ട്. നിങ്ങളുടെ ഹോബികൾ, യാത്രകൾ, വായനകൾ , പ്രണയം, രാഷ്ട്രീയം എന്നിവയ്ക്ക് നിശ്ചിത സമയം മാറ്റി വയ്ക്കുക. ജോലി ചെയ്യുന്നത് ജീവിക്കാൻ ആവണം, ജീവിക്കുന്നത് ജോലി ചെയ്യാനാവരുത്.