മോദി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി , ജനം തുടങ്ങിയ ചാണക പത്ര-ചാനലുകൾക്ക് എന്ത് തോന്നിവാസവും പറയാം

350

Nazeer Hussain Kizhakkedathu

ഓർമകൾ ഉണ്ടായിരിക്കണം…

“നിങ്ങളോട് ഗവണ്മെന്റ് നടു വളക്കാൻ പറഞ്ഞു, പകരം നിങ്ങൾ നിലത്തിഴഞ്ഞു കാണിച്ചുകൊടുത്തു (You were asked only to bend, but you crawled)” 1975 ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ഇന്ത്യയിലെ അടിയന്തിരാവസ്ഥകാലത്തെ മാധ്യമങ്ങളെ കുറിച്ച് ഇങ്ങിനെ പറഞ്ഞത് വേറെയാരുമല്ല ബിജെപി നേതാവ് അഡ്വാനി തന്നെയാണ്.

ടിവിയും റേഡിയോയും ഗവണ്മെന്റ് അധീനത്തിൽ ആയിരുന്ന അക്കാലത്തെ ഏറ്റവും വലിയ സ്വകാര്യ നിഷ്പക്ഷ മാധ്യമങ്ങൾ പത്രങ്ങളായിരുന്നു. ജയപ്രകാശ് നാരായൺ , അഡ്വാനി, വാജ്പേയി തുടങ്ങി പ്രതിപക്ഷത്തെ എല്ലാവരെയും തൂക്കി ജയിലിൽ ഇട്ട വാർത്തകൾ പക്ഷെ പല പത്രങ്ങളിലും വന്നില്ല, കാരണം പ്രെസ്സുകൾ നിലനിന്നിരുന്ന ബഹാദൂർ ഷാ സഫർ മാർഗിലേക്കുള്ള വൈദ്യതി സർക്കാർ വിച്ഛേദിച്ചിരുന്നു.

സ്വകാര്യ പത്രങ്ങൾക്ക് വരിക്കാരുടെ പണം കൊണ്ട് നിലനിൽക്കാൻ ആവില്ല. സർക്കാർ കൊടുക്കുന്ന പരസ്യമാണ് പല പത്രങ്ങളെയും നിലനിർത്തിയിരുന്നത്. ഇന്ദിര സർക്കാർ അടിയന്തിരാവസ്ഥയെ എതിർത്തെഴുതുന്ന പത്രങ്ങൾക്ക് പരസ്യങ്ങൾ കൊടുക്കുന്നത് നിർത്തി. ഉദാഹരണത്തിന് എഡിറ്റോറിയൽ കോളം ഒഴിച്ചിട്ട ഇന്ത്യൻ എക്സ്പ്രസ്സ്, സ്റ്റേറ്റ്സ്മാൻ പോലെയുള്ള പത്രങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ കൊടുക്കാതെയായി.

ഏഴു വിദേശ പത്രപ്രവർത്തകരെ ഇന്ദിര പുറത്താക്കി, അതിലും അധികം പേരെ ഇന്ത്യയിൽ കടക്കുന്നതിൽ നിന്ന് വിലക്കി. 54 ഇന്ത്യൻ പത്രപ്രവർത്തകരുടെയും അനേകം ഫോട്ടോഗ്രാഫര്മാരുടെയും അക്രെഡിഷൻ എടുത്തു കളഞ്ഞു. എന്നിട്ടും എതിർത്ത് നിന്ന അനേകം പത്രപ്രവർത്തകരെ നികുതി വെട്ടിപ്പ് തുടങ്ങിയ കള്ളക്കേസുകളിൽ കുടുക്കി.
അടിയന്തിരാവസ്ഥയിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് പത്രസ്വാതന്ത്ര്യം ആയിരുന്നു. സർക്കാരിനെ വിമർശിക്കുന്ന എന്തിനും മുൻ‌കൂർ സെൻസർഷിപ് ഏർപ്പെടുത്തി. സമരങ്ങളെ കുറിച്ചോ കലാപങ്ങളെ കുറിച്ചോ ഒന്നും വാർത്ത കൊടുക്കരുത് എന്ന നിയമം വന്നു.

പരസ്യം നിഷേധിക്കപ്പെട്ട പല പത്രങ്ങളും പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന വാർത്തകൾ കൊണ്ട് അവരുടെ സ്ഥലം നിറച്ചു. തമാശ എന്താണെന്ന് വച്ചാൽ നെഹ്‌റു, ടാഗോർ, ഗാന്ധി എന്നിവരുടെ ലേഖനങ്ങൾ അച്ചടിച്ചാലും പത്രാധിപന്മാർ അറസ്റ്റ് ചെയ്യുമായിരുന്നു. കാരണം പത്രസ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചവരായിരുന്നു അവർ.

സ്വതന്ത്ര വാർത്ത ഏജൻസികൾ ആയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ എന്നിവരെ ഭരണഘടനാ നിയന്ത്രിതം ആയ ഒരൊറ്റ ഏജൻസി ആക്കി. സ്വാശ്രയ നിരീക്ഷണ സംഘം ആയി പ്രവർത്തിച്ച പ്രസ് കൌൺസിൽ പിരിച്ചുവിടപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസിലെ കുൽദീപ് നയ്യാർ, സുന്ദർ രാജൻ തുടങ്ങി 253 പത്രപ്രവർത്തകർ അറെസ്റ്റിൽ ആയി. സെൻസർഷിപ് അംഗീകരിക്കാതെ ചില പത്രങ്ങൾ അടച്ചുപൂട്ടി. തന്നെ വിമർശനത്തിൽ നിന്ന് ഒഴിവാക്കരുത് എന്ന് നെഹ്‌റു തന്നെ അഭ്യർത്ഥിച്ച കാർട്ടൂണിഷ് ശങ്കറുടെ പ്രസിദ്ധീകരണം ശങ്കർ തന്നെ അടച്ചുപൂട്ടി.

കേരളത്തിൽ ബിജെപി പത്രമായ ജന്മഭൂമി ആരംഭിക്കാൻ ഇരുന്ന സമയമായിരുന്നു ഇത്. അതിന്റെ ചീഫ് എഡിറ്റർ പിവികേ നെടുങ്ങാടി അറസ്റ്റിലായി. അടിയന്തിരാവസ്ഥ അവസാനിച്ചതിന് ശേഷം മാത്രമാണ്. ജന്മഭൂമി പ്രിന്റിങ് തുടങ്ങാൻ കഴിഞ്ഞത്.  പക്ഷെ സർക്കാരിന്റെ കാല് നക്കുന്ന കുറെ പത്രക്കാർ ഉണ്ടായിരുന്നു. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് എന്നിങ്ങനെ ഉള്ളവ. ഇതിൽ സർക്കാരിനോട് എതിർക്കുന്ന നിലപാട് ഉണ്ടായിരുന്ന ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപർ ബിജി വർഗീസിനെ പത്രമുതലാളി ബിർള സർക്കാരിനെ പ്രീണിപ്പിക്കാനായി പിരിച്ചുവിട്ടു. (ഇതുപോലെ രാജീവ് ചന്ദ്രശേഖറുടെ ഏഷ്യാനെറ്റ് അതിന്റെ പത്രാധിപരെ പിരിച്ചുവിടുമോ?) സർക്കാരിനോട് സൗഹാർദപൂർവം പെരുമാറുന്ന ഈ പത്രങ്ങൾക്ക് ഇഷ്ടം പോലെ സർക്കാർ പരസ്യം കിട്ടി.

ഞാൻ ദിവസവും പതിനാലു മണിക്കൂർ വരെ ദിവസവും ജോലി ചെയ്യും, ഞാൻ കുടിക്കില്ല,പുകവലിക്കില്ല തുടങ്ങിയ സഞ്ജയ് ഗാന്ധിയുടെ തള്ളുകൾ അടങ്ങിയ അഭിമുഖങ്ങൾ ഇത്തരം പത്രങ്ങൾ പ്രസിദ്ധീകരിച്ചു. ( ഇപ്പോൾ മോദിയുടെ ഇത്തരം തള്ളുകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ എനിക്ക് സഞ്ജയ് ഗാന്ധിയെയാണ് ഓർമ വരുന്നത്. ) ദി വീക്കിലിയുടെ പത്രാധിപർ ഖുശ്വന്ത്‌ സിങ് സഞ്ജയ് ഗാന്ധിയുടെ ഏറ്റവും വലിയ സ്തുതിപാഠകൻ ആയി മാറി. ( ഇപ്പോൾ മോദിയെ പുകഴ്ത്തുന്ന അർണാബ് ഗോസ്വാമിയെ ഓർക്കുക)

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് മേല്പറഞ്ഞത് ഒക്കെ തന്നെയാണ്. മോഡി സർക്കാരിന് പാദസേവ ചെയുന്ന റിപ്പബ്ലിക്ക് , ജന്മഭൂമി, മലർ നാടൻ മലയാളി തുടങ്ങിയ ചാണക പത്രങ്ങൾക്ക് എന്ത് തോന്നിവാസവും പറയാം, സ്വതന്ത്ര നിലപാടെടുക്കുന്ന, സത്യസന്ധമായി വാർത്തകൾ പുറത്തുകൊണ്ടുവരുന്ന പത്രങ്ങൾക്കും ടിവി ചാനലുകൾക്കും നിരോധനവും.

ഏഷ്യാനെറ്റ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ നിരോധിച്ച മോഡി ഗോവെർന്മെന്റിന്റെ നിഷ്ടൂരതയ്‌ക്കെതിരേറെ മറ്റു പ്രധാന മലയാള മാധ്യമങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? അവർ നട്ടെല്ല് നിവർത്തി നിന്ന് ഐക്യധാർധ്യം പ്രഖ്യാപിക്കുമോ, അതോ പരസ്യ വരുമാനം കിട്ടാനായി തറയിൽ ഇഴഞ്ഞു ഷൂ നക്കുമോ ? (ഇതുവരെ മാതൃഭൂമിയിലോ മനോരമയിലോ ഒരു വാർത്തയായി പോലും ഞാനിത് കണ്ടില്ല.. )

ഇന്ത്യയിൽ ഇപ്പോൾ അടിയന്തിരാവസ്ഥ നിലവിലില്ല എന്ന് നിങ്ങൾ കരുതുകയാണെങ്കിൽ , നിങ്ങൾ മേൽപ്പറഞ്ഞ ഇന്ത്യ ചരിത്രം ഒന്നുകൂടി വായിച്ചു നോക്കേണ്ടിവരും. ഔദ്യോദിക പ്രഖ്യാപനം വന്നില്ല എന്ന് മാത്രമേയുള്ളൂ.

നോട്ട് : അടിയന്തിരാവസ്ഥ കാലത്തേ മറ്റൊരു ഐറ്റം ആയിരുന്നു ഇന്ദിരയുടെ മുന്നിൽ മുട്ടിൽ ഇഴഞ്ഞ സുപ്രീം കോടതി. അനുസരിക്കാത്ത ജഡ്ജുമാരെ സ്ഥലം മാറ്റുന്ന പരിപാടി അന്നേ തുടങ്ങിയതാണ്. ഇന്നുള്ള ഇന്ത്യൻ സുപ്രീം കോടതി എന്ന നാണക്കേടിനെ കുറിച്ച് വേറെ ഒരിക്കൽ എഴുതാം.