ഇന്ത്യയിൽ ഒരു പട്ടാള അട്ടിമറി നടക്കില്ല എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ ഇത് വായിക്കണം

0
489

Nazeer Hussain Kizhakkedathu

“അത് താങ്കൾക്കെതിരെ ഒരു പട്ടാള അട്ടിമറി നടത്താനുള്ള എന്റെ രഹസ്യ പ്ലാനിന്റെ ഫയലുകളാണ്” കരിയപ്പ നെഹ്രുവിനോട് പറഞ്ഞു.

1950 കളിൽ നെഹ്‌റു അന്നത്തെ ഇന്ത്യൻ സൈന്യത്തിന്റെ ചിഫ് ഓഫ് സ്റ്റാഫ് ആയ ജനറൽ കരിയപ്പയുടെ ഓഫീസിൽ സന്ദർശിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലെ മേശവലിപ്പുകളിൽ എന്താണിരിക്കുന്നത് എന്ന് ഒരു കൗതുകത്തിന് നെഹ്‌റു ചോദിച്ചു.

“ഒന്നാമത്തെ വലിപ്പിൽ, രാജ്യത്തിൻറെ ഡിഫെൻസ് പ്ലാൻ ആണ്, രണ്ടാമത്തേതിൽ രാജ്യത്തെ പട്ടാള ജനറൽമാരെ കുറിച്ചുള്ള രഹസ്യ വിവരങ്ങളും” അദ്ദേഹം മറുപടി പറഞ്ഞു.

“അപ്പോൾ മൂന്നാമത്തെ വലിപ്പിലോ? ” നെഹ്‌റു കൗതുകം അടക്കാനാവാതെ ചോദിച്ചു.

“അത് താങ്കൾക്കെതിരെ ഒരു പട്ടാള അട്ടിമറി നടത്താനുള്ള എന്റെ രഹസ്യ പ്ലാനിന്റെ ഫയലുകളാണ്” എന്ന് കരിയപ്പ തമാശയായി പറഞ്ഞു. നെഹ്രുവും, ചിരിച്ചു, പക്ഷെ നെഹ്‌റുവിനെ ഇന്ത്യൻ പട്ടാളം അട്ടിമറി നടത്താതെ എങ്ങിനെ ആക്കിത്തീർക്കാം എന്നതിനെ കുറിച്ച് കൂടുതൽ ആലോചിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ തന്നെ പട്ടാളം ഇന്ത്യൻ സിവിൽ ഭരണകൂടത്തിന് കീഴിൽ വരുന്ന ഒരു സ്ഥാപനം ആകണം എന്നത് നെഹ്രുവിന്റെ ആശയമായിരുന്നു. സ്വാതന്ത്ര്യത്തെ കിട്ടിയ ഉടനെ തന്നെ ബ്രിട്ടീഷ് പട്ടാളമേധാവി താമസിച്ചിരുന്ന തീൻമൂർത്തി ഭവൻ നെഹ്‌റു പ്രധാനമന്ത്രിയുടെ വസതിയായി മാറ്റി. ഇന്ത്യൻ നാവികസേന, കരസേന, വ്യോമസേന എന്നിവയുടെ പരമാധികാരി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രസിഡന്റ് ആയി നിജപ്പെടുത്തി. ഇന്ത്യൻ പട്ടാളം എന്നൊക്കെ ഇന്ത്യയുടെ സിവിലിയൻ കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയോ അന്നൊക്കെ ഇന്ത്യൻ ഗവണ്മെന്റ് തക്കതായ മറുപടി കൊടുത്ത് അവരെ സിവിലിയൻ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിലക്കി. ഉദാഹഹരണത്തിന് കരിയപ്പ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സമയത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ച് വിമർശിച്ച കരിയപ്പയോട്, താങ്കളുടെ അധികാരപരിധിയിൽ വരാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്ന് വ്യക്തമായ താക്കീത് നൽകിയത് നെഹ്രുവാണ്.

1970 കൾ ആയപ്പോഴേക്കും ഇന്ത്യയുടെ കൂടെ സ്വാതന്ത്ര്യം കിട്ടിയ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പട്ടാള അട്ടിമറികൾ നടന്നിരുന്നു. പാകിസ്ഥാൻ , ബംഗ്ലാദേശ്, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം. ഇന്ത്യയെ പട്ടാള അട്ടിമറിയിൽ നിന്ന് രക്ഷിച്ചു നിർത്തിയത് നെഹ്രുവിന്റെ ദീർഘ വീക്ഷണങ്ങൾ ആയിരുന്നു, ഒരു പക്ഷെ നെഹ്‌റുവിനെ വെറുക്കുന്ന തിരക്കിൽ പലരും മറന്നുപോയ ഒരു കാര്യമാണിത്.

ഇതിൽ പാകിസ്ഥാനിൽ പലതവണ പട്ടാള അട്ടിമറി നടന്നു. അവരുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ ലിസ്റ്റ് നോക്കിയാൽ അയൂബ് ഖാനും, സിയാ ഉൽ ഹഖും മുതൽ മുഷറഫ് വരെ അട്ടിമറി നടത്തിയ പട്ടാള മേധാവികളെ കാണാം. എന്ത് കൊണ്ട് സ്വാതന്ത്ര്യത്തിന് മുൻപ് ഒരു സൈന്യത്തിൽ നിന്ന് വേർപെട്ട പാകിസ്ഥാൻ പട്ടാളം അട്ടിമറികൾ നടത്തിയപ്പോൾ ഇന്ത്യയിൽ അത് നടന്നില്ല എന്നറിയാൻ പാകിസ്ഥാനിൽ ആദ്യമായി നടത്തിയ പട്ടാള അട്ടിമറിയുടെ കഥ നോക്കിയാൽ മതി.

1950 ൽ ലാഹോറിൽ കലാപം നടന്നപ്പോൾ, അത് അവസാനിപ്പിക്കാൻ ഗവണ്മെന്റ് പട്ടാളത്തെ വിളിച്ചു. പട്ടാളം കലാപം അടിച്ചമർത്തി. പക്ഷെ അതിനു ശേഷം കുറെ നാൾ കൂടി നഗരത്തിൽ തങ്ങുകയും, അവിടെയുള്ള റോഡുകളും, പാലങ്ങളും നന്നാക്കുകയും, കെട്ടിടങ്ങൾക്ക് പെയിന്റ് അടിക്കുകയും ചെയ്തു. അതുവരെ അലങ്കോലമായി കിടന്ന നഗരത്തെ പട്ടാളം സുന്ദരമാക്കി കൊടുത്തപ്പോൾ അവർ ആളുകളുടെ മനസിലും കുടിയേറുകയായിരുന്നു. ഇന്ത്യൻ സർക്കാർ ചെയ്ത പോലെ സിവിൽ കാര്യങ്ങളിൽ പട്ടാളം ഇടപെടരുത് എന്ന് പറയാൻ അവിടെ ആളില്ലാതെ പോയി. 1958 ൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പട്ടാളം അയൂബ് ഖാന്റെ നേതൃത്വത്തിൽ ഭരണം ഏറ്റെടുത്തപ്പോൾ പാകിസ്താനിലെ ജനം ഹർഷാവരങ്ങളോടെയാണ് അവരെ എതിരേറ്റത്. പിന്നീട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപെട്ട സർക്കാരുകളും പട്ടാളമേധാവികളും പാകിസ്ഥാൻ ഭരണത്തിൽ വന്നും പോയുമിരുന്നു.

ഇന്ത്യയിൽ ഇപ്പോൾ ഒരു പുതിയ തസ്തിക സൃഷ്ടിച്ചിരിക്കുകയാണ്. 4 സ്റ്റാർ പദവിയുള്ള ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് എന്ന ഈ പദവിയിലുള്ള ആൾക്ക് കരസേനാ മേധാവി, വ്യോമസേനാ മേധാവി, നാവികസേനാ മേധാവി എന്നിവർ റിപ്പോർട്ട് ചെയ്യും, ഇദ്ദേഹം സർക്കാരിനും പട്ടാളത്തിനും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കും.

ഇതിലെ പ്രശ്നം സിവിലിയൻ അല്ലാത്ത പട്ടാള പശ്ചാത്തലമുള്ള ഒരാൾക്ക് അമിതമായി അധികാരം, അതും പട്ടാളത്തിന്റെ പിന്തുണയുള്ള അധികാരം കിട്ടുന്നു എന്നുള്ളതാണ്. ഇങ്ങിനെ വരുന്ന ഒരാൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നു വിശ്വസിക്കുന്ന ഒരാളും, ഇദ്ദേഹം ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ആയി ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്ത് മതേതര കക്ഷികൾ വിജയം വരിക്കുകയും ചെയ്യുന്ന ഒരു സന്ദർഭം വന്നാൽ ഇന്ത്യയിലും ഒരു പട്ടാള അട്ടിമറി നടന്നുകൂടായ്കയില്ല. ഈ പദവി ഒട്ടും നിഷ്കളങ്കമായി പുതുതായി കൊണ്ടുവന്ന ഒന്നായി തോന്നുന്നില്ല.

ഇന്ത്യയിലെ ഇന്നത്തെ സന്ദർഭത്തിൽ ഇതൊക്കെ നടക്കുമോ എന്ന് സംശയിക്കുന്നവർക്ക് ഒരു മറുപടി. ഇന്ത്യയിൽ പട്ടാള അട്ടിമറി ശ്രമങ്ങൾ ഈയടുത്ത കാലത്ത് നടന്നിട്ടുണ്ട്. കോൺഗ്രസ് ഗവണ്മെന്റും ആയി ജനനത്തീയതിയുടെ കാര്യത്തിൽ ഇടഞ്ഞ, സുപ്രീം കോടതി വരെ കേസിനു പോയ , പിന്നീട് ബിജെപി മന്ത്രിയായ ജനറൽ വി കെ സിംഗ് 2012 ജനുവരി 16 ന് രണ്ടു യൂണിറ്റ് സൈന്യത്തെ , ഗവണ്മെന്റിന്റെ അനുമതിയില്ലാതെ ന്യൂ ഡൽഹിയിലേക്ക് മാർച്ച് ചെയ്യിപ്പിച്ചു എന്ന വാർത്ത ഏപ്രിലിൽ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് ഇന്ത്യയിൽ ജനങ്ങൾ അറിഞ്ഞത്. വിവരം വേറെ വഴി അറിഞ്ഞ അന്നത്തെ ഡിഫെൻസ് സെക്രട്ടറി ശശികാന്ത് ശർമ്മ, ലെഫ്റ്റനന്റ് ജനറൽ എ കെ ചൗധരിയും ആയി നേരിട്ട് ബന്ധപ്പെട്ട ഈ നീക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വി കെ സിങ് ഈ വാർത്ത നിഷേധിച്ചു.

പ്രശനം പുതിയ ഒരു ചീഫ് ഓഫ് `ഡിഫെൻസ് ഫോഴ്സ് വന്നാൽ മുൻപറഞ്ഞ പോലെ നേരിട്ട് പട്ടാളത്തെ വിളിക്കാൻ സിവിലിയൻ ആളുകൾക്ക് കഴിയാതെ വന്നാൽ , ഈ ചീഫ് ഓഫ് ഡിഫെൻസ് ഫോഴ്സ് തന്നെയാണ് പട്ടാള അട്ടിമറി നടത്തുന്നതെങ്കിൽ ഇന്ത്യ സൈനിക ഭരണത്തിന് കീഴിലാകും.

ഈ ആശങ്കകൾ ഒക്കെ വെറുതെയാവട്ടെ എന്നാശിക്കുന്നു…