ജീവിതകാലം മുഴുവൻ ഒരു പങ്കാളി എന്നത് ഭൂരിഭാഗം മനുഷ്യരുടെയും നരവംശശാസ്ത്ര തെളിവുകൾക്ക് എതിരാണ്

245
Nazeer Hussain Kizhakkedathu
എന്റെ ബാപ്പയും ഉമ്മയും എങ്ങിനെയെങ്കിലും ഡൈവോഴ്സ് ആയാൽ മതിയെന്ന് പ്രാർത്ഥിക്കുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ഒരു മിനിറ്റിൽ വ്യത്യസ്തങ്ങളായ രണ്ടു വഴക്കുകൾ തുടങ്ങുകയും അത് ദിവസങ്ങളോളം തുടർന്ന് കൊണ്ടുപോവുകയും ചെയ്യുന്നത്ര സ്വരച്ചേർച്ചയില്ലാത്ത ഒരു ദാമ്പത്യം കണ്ടാണ് ഞാൻ വളർന്നത്. കണ്ടാൽ കീരിയും പാമ്പും പോലെ പെരുമാറുന്ന ശീലം എനിക്ക് ഓർമ വച്ചത് മുതൽ ബാപ്പ മരിക്കുന്നത് വരെ തുടർന്നു. പക്ഷെ അവസാന വർഷങ്ങളിൽ ഉമ്മ വഴക്ക് തുടങ്ങിയാൽ മിണ്ടാതെ തന്റെ മുറിയിലേക്ക് പോകുന്ന ടെക്‌നിക് ആണ് ബാപ്പ ട്രൈ ചെയ്തത്, രണ്ടു കയ്യും അടിക്കാതെ ശബ്ദമുണ്ടാവില്ലലോ, പക്ഷെ അത് ഉമ്മയെ കൂടുതൽ പ്രകോപിപ്പിച്ചു. ബാപ്പയുടെ പഴയ വിവാഹങ്ങൾ കൊണ്ടാണോ എന്നറിയില്ല, ഉമ്മക്ക് സംശയ രോഗം അതിന്റെ മൂർദ്ധന്യത്തിൽ ബാപ്പ മരിക്കുന്ന വരെ നിലനിന്നു.
നമ്മുടെ നാട്ടിൽ ഡിവോഴ്സ് ഒരു മോശം കാര്യമായാണ് കാണപ്പെടുന്നത്. ഡിവോഴ്സ് ആയാൽ കുട്ടികളുടെ കാര്യം കട്ടപൊകയാണ് എന്നതാണ് എല്ലാവരെയും അലട്ടുന്നത്. പക്ഷെ എല്ലാവരും മറന്നുപോകുന്ന ഒരു കാര്യം ഡൈവോഴ്സ് ആകുന്നതിന് മുൻപ് ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾ നടത്തുന്ന വഴക്കുകൾ കുട്ടികളെ, ഇവർ പിരിഞ്ഞു നിന്നാൽ ഉണ്ടാവുന്നതിനേക്കാൾ മോശമായി ബാധിക്കാൻ സാധ്യതതുണ്ട്, പ്രത്യേകിച്ചും, വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിലാണ് ഇവരുടെ വഴക്ക് കൂടുന്നത് എന്നുള്ളത് കൊണ്ട്. സ്വകാര്യമായി പറഞ്ഞു തീർക്കാവുന്ന വഴക്കുകളോ, പരസ്പരം പറഞ്ഞു പക്വതയോടെയുള്ള വേർപിരിയലും നമ്മുടെ നാട്ടിൽ അധികം കണ്ടിട്ടില്ല.
Image result for family problem"വിവാഹത്തിന്റെ ഒരു പ്രധാന പ്രശ്നം അത് തീർത്തും പ്രകൃതിവിരുദ്ധമായ ഒന്നാണ് എന്നുള്ളതാണ്. കുട്ടികളെ ഉണ്ടാക്കുകയും വളർത്തുകയും ചെയ്യുക എന്നതിന് ഇന്നുള്ള ഏറ്റവും നല്ലൊരു സാമൂഹിക നിർമിതിയാണ് വിവാഹം എന്ന് കാണാം എങ്കിലും അതിന്റെ അടിയിൽ നമ്മളറിയാത്ത ചില ജൈവിക,നരവംശ ശാസ്ത്ര, സാമൂഹിക പ്രശ്നങ്ങൾ ഒളിച്ചിരിപ്പുണ്ട്. സാമ്പത്തിക ഭദ്രതയുള്ള , സ്വന്തം അഭിപ്രായമുള്ള ദമ്പതികൾക്ക് എപ്പോൾ വേണമെങ്കിലും പൊട്ടിപോകാവുന്ന ഒരു നൂല്പാലത്തിലൂടെയുള്ള ഒരു നടപ്പാണ് വിവാഹം.
പണ്ടുകാലങ്ങളിൽ വിവാഹം കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും വരെയുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഉള്ള ഒരു കൊടുക്കൽ വാങ്ങലുകൾ മാത്രമായിരുന്നു. അതിൽ പ്രണയമോ ഏകപത്നീ വ്രതമോ ഒന്നും ഒരിക്കലും വിഷയമായിരുന്നില്ല. സ്ത്രീകൾക്ക് വലിയ അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത ചില ചടങ്ങുകൾ മാത്രമായിരുന്നു അവ. ആധുനിക സമൂഹങ്ങളിലെ വിവാഹങ്ങൾ മൂന്നു കാര്യങ്ങളുടെ ഒരവിയലാണ്. പ്രേമം, കുട്ടികളെ വളർത്തൽ, ലൈംഗികത എന്നീ മൂന്നു കാര്യങ്ങൾ. ആധുനിക വിവാഹത്തിന്റെ പ്രധാന പ്രശ്നം വിവാഹം ഒരേ ചട്ടക്കൂട് ആണെങ്കിലും ആളുകൾ അങ്ങിനെയല്ല എന്നുള്ളതാണ്.
ഉദാഹരണത്തിന് പ്രേമം. പ്രേമവിവാഹങ്ങളിൽ പ്രേമം കഴിഞ്ഞാണ് വിവാഹമെങ്കിൽ നമ്മുടെ നാട്ടിൽ ഭൂരിപക്ഷം കേസുകളിലും വിവാഹം കഴിഞ്ഞാണ് പ്രേമം ഉണ്ടാകുന്നത്. കെട്ടുന്ന ആളോട് പ്രേമം ഉണ്ടാവണം എന്ന് ഒരു നിര്ബന്ധവും ഇല്ലെങ്കിലും മനുഷ്യന്റെ ഇണചേരലും , അപ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന oxytocin പോലെ ഹോർമോണുകളും മൂലം, പലരും പ്രണയത്തിലാണ് വിവാഹ ജീവിതം തുടങ്ങുന്നത്. പക്ഷെ കുട്ടികൾ ഉണ്ടാവുന്നതോട് കൂടി ഈ പ്രകൃതിക്ക് ഒരേ ആണിനേയും പെണ്ണിനേയും ഇണ ചേർക്കേണ്ട ആവശ്യം ജനിതകപരമായ ഇല്ലാതായി തീരുന്നു. ഇത് കഴിഞ്ഞ് പ്രണയം നിലനിർത്തണമെങ്കിൽ കുറച്ച് അധ്വാനമുള്ള പണിയാണ്. കുട്ടികൾ ഒക്കെയായി കഴിഞ്ഞു ഒരു പത്തു വർഷം കഴിഞ്ഞും പരസപരം പ്രണയത്തിൽ ജീവിക്കുന്ന ദമ്പതികൾ അസാധാരണമാവുന്നത് അതുകൊണ്ടാണ്. സമൂഹം ഏർപ്പെടുത്തിയ ഒരു സിസ്റ്റത്തിന്റെ ഭാഗമായി , ഒരൊഴുക്കിന്റെ ഭാഗമായി തുടരുന്നു പോവുന്നവരാണ് പലരും. അല്ലാത്തവർ ഇല്ലെന്നല്ല, ഞാൻ മുൻപ് പറഞ്ഞ പോലെ, പലരും പല സ്വഭാവക്കാരാണ്, എല്ലാവരെയും വിവാഹത്തിന്റെ ഒരേ കെട്ടുപാടിൽ തളച്ചിടാൻ പാടാണ്. ചിലർക്ക് വിവാഹത്തിന് ശേഷം മറ്റുള്ളവരോട് പ്രണയം തോന്നാം, പക്ഷെ അത് വിവാഹത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്ന ഒന്നല്ല.
കുട്ടികളെ വളർത്തലിന്റെ കാര്യവും കണക്കാണ്. ആദ്യത്തെ കുട്ടിയിലാണ് പലരും തങ്ങളുടെ അറിവില്ലായ്മ പരീക്ഷിക്കുന്നത്. കുട്ടികളെ വളർത്തുന്നത് ഏറ്റവും ക്ഷമയും അറിവും വേണ്ട ഒരു സംഭവമാണ്. പക്ഷെ എനിക്കൊക്കെ കുട്ടി ജനിച്ച പത്തുവർഷം കഴിഞ്ഞാണ് പല അറിവുകളും വായിച്ചുണ്ടായത് തന്നെ. കുട്ടികളെ അടിക്കരുത് എന്ന് തുടങ്ങി, കൗമാരക്കാലത്ത് അവർ കടന്നുപോകുന്ന മാനസിക അവസ്ഥകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നൊക്കെ നമ്മൾ പഠിച്ചു വരുമ്പോഴേക്കും കുട്ടികൾ വലുതായിക്കഴിയും. നമ്മുടെ നാട്ടിലെ പലരും കുട്ടികളെ തങ്ങളുടെ “സ്വത്ത്” ആയി കണക്കാക്കി , അവരുടെ താല്പര്യങ്ങളെ പലപ്പോഴും അവഗണിച്ച്, അച്ഛനമ്മമാർക്ക് തോന്നിയ ഒരു മോൾഡിൽ വളർത്തികൊണ്ടുവരികയാണ് ചെയ്യുക.
ലൈംഗികതയാണ് വിവാഹത്തിലെ ഏറ്റവും പ്രധാന കല്ലുകടി. ജീവിതകാലം മുഴുവൻ ഒരു പങ്കാളി എന്നത് ഭൂരിഭാഗം മനുഷ്യരുടെയും നരവംശശാസ്ത്ര തെളിവുകൾക്ക് എതിരാണ്. ഭൂരിഭാഗത്തിനും, പ്രത്യേകിച്ച് ആണുങ്ങൾക്ക്, ഒരേ സമയത്ത് ഒരേ പങ്കാളി എന്നല്ലാതെ , ജീവിത കാലം മുഴുവൻ ഒരേ ലൈംഗിക പങ്കാളിയായി നിലനിർത്തികൊണ്ടുപോകുന്നത് അവരുടെ ചോദനകൾക്ക് എതിരായുള്ള ഒരു പ്രവൃത്തിയാണ്. പലരും മാനസിക സംഘർഷത്തിലൂടെ കടന്നുപോകുന്ന ഒരു മേഖലയാണിത്. കാരണം ആധുനിക വിവാഹം ആവശ്യപ്പെടുന്നത് ജീവിതകാലം മുഴുവൻ ഒരേ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. പലരും അഭിനയിച്ചു മരിക്കുകയാണ്, സമൂഹത്തെ ബോധ്യപ്പെടുത്താൻ. ഒരു കരാർ എന്ന നിലയിൽ വിവാഹം കഴിഞ്ഞ ശേഷം അത് തെറ്റിക്കാതെ നോക്കുക എന്നത് പങ്കാളിയോട് ചെയ്യുന്ന വിശ്വാസത്തിന്റെ പ്രശനം കൂടിയാണ്. വിവാഹം എന്ന കരാർ, പങ്കാളിയും ആയുള്ള വിശ്വസ്തത, ജൈവിക ചോധന എന്നിങ്ങനെ പല കാര്യങ്ങളുടെ ഇടയിൽ കിടന്ന് ഞെരിപിരി കൊള്ളുന്ന ആളുകളാണ് ആധുനിക വിവാഹങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത്. ഇതിലെ ഏറ്റവും വലിയ തമാശ ദമ്പതികൾ ഇതൊക്കെ തുറന്നു ചർച്ച ചെയ്യുന്നത് വരെ വിലക്കിയിട്ടുള്ള സമൂഹമാണ് നമ്മുടേത്.
ഇതിനെല്ലാം പരിഹാരം എന്താണെന്നു ചോദിച്ചാൽ എനിക്കറിയില്ല. ഇന്നുള്ളതിൽ വിവാഹം /കുടുംബം എന്നതിനേക്കാൾ നല്ല വേറൊരു സിസ്റ്റം എനിക്കറിയില്ല. ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം, ഡിവോഴ്സ് ഒരു പ്രശനം ആണെന്ന മട്ടിലോ, ഡിവോഴ്സ് ചെയ്തവർ ചീത്ത ആളുകളാണെന്ന മട്ടിലോ ദയവായി പെരുമാറാതെ ഇരിക്കുക. ഒരുപക്ഷെ അവരുടെ കുട്ടികൾക്ക് കൂടുതൽ നല്ലത് ഡിവോഴ്സ് ചെയ്ത പരസ്പരം സന്തോഷത്തോടെ സുഹൃത്തുക്കളായി ജീവിക്കുന്ന അച്ഛനമ്മമാരായിരിക്കാം. ജഡ്ജ് ചെയ്യാൻ നമ്മൾ ആരാണ്.
കൂടുതൽ കാലം വിവാഹം കഴിച്ച് ദമ്പതികളായി ജീവിച്ചു എന്നതിൽ വലിയ കാര്യമില്ല, അക്കാലം എത്ര പ്രണയത്തോടെ, എത്രമാത്രം സൗഹൃദത്തോടെ ജീവിച്ചു എന്നത് ആവണം പ്രധാനം. ക്വാളിറ്റിയിൽ ആണ് ക്വാണ്ടിറ്റിയിൽ അല്ല ഇതിൽ കാര്യം. വീണ്ടും മനസ് തുറക്കാനും പ്രണയിക്കാനും പരസ്പരം മനസ്സിൽ എന്താണെന്നറിയാനും ഈ പോസ്റ്റ് പ്രചോദനമാകട്ടെ എന്നാശിക്കുന്നു.