ഉത്തരധ്രുവം മുൻപ് ഇന്ത്യയിലെ ബീഹാറിൽ ആയിരുന്നു എത്രപേർക്കറിയാം? ആര്യന്മാർ അവിടെ തന്നെ ഉള്ളവരായിരുന്നു, അല്ലാതെ വന്നതൊന്നും അല്ല

180
Nazeer Hussain Kizhakkedathu
“ഭൂമിയുടെ ഏറ്റവും വടക്കു ഭാഗത്ത് നാലു മുതൽ ഇരുപത് മീറ്റർ വരെ ആഴത്തിൽ ഐസ് മൂടി കിടക്കുന്ന ഉത്തരധ്രുവം മുൻപ് ഇന്ത്യയിലെ ബീഹാറിൽ ആയിരുന്നു എത്രപേർക്കറിയാം? ഈ ഉത്തരധ്രുവം കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാനം മാറി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറിയത്. അതായത് ഇവിടെ ഇന്ത്യയിൽ ഉണ്ടായിരുന്ന നമ്മളൊക്കെ ഉത്തരധ്രുവത്തിനടുത്ത് ഉണ്ടായിരുന്ന ആര്യന്മാർ ആയിരുന്നു, അതുകൊണ്ട്, ഇന്ത്യയിലേക്ക് ആര്യന്മാർ വടക്കു നിന്ന് കുടിയേറി എന്ന് കേൾക്കുമ്പോൾ , ഇന്ത്യയുടെ പുറത്തു നിന്ന് ആളുകൾ വന്നുവെന്നു കരുതരുത്, മറിച്ച്, നമ്മൾ ഇവിടെത്തന്നെയായിരുന്നു, ഉത്തരധ്രുവമാണ്, നമ്മളെ വിട്ടു വടക്കോട്ട് പോയത്. പിന്നെ കുറെ വെയിലടിച്ച് കറുത്തുപോയതാണ്.”
ഈ ആനമണ്ടത്തരം ഞാൻ പറഞ്ഞതല്ല, മറിച്ച് ആർ എസ് എസ് എന്ന ഹിന്ദു ഭീകര സംഘടയായുടെ രണ്ടാം സർസംഘചാലക് ആയ ഗോൾവാൾക്കർ അയാളുടെ “നമ്മൾ, അല്ലെങ്കിൽ നമ്മുടെ ദേശീയത” ( we or our nationhood defined) എന്ന പുസ്തകത്തിൽ എഴുതിപിടിപ്പിച്ചിരിക്കുന്നതാണ്. അയാളുടെ റോൾ മോഡൽ ആയിരുന്ന ദേശീയവാദി ബാലഗംഗാധര തിലകൻ ആര്യന്മാർ ഉത്തരധ്രുവത്തിൽ നിന്ന് വന്നു എന്ന് പറയുകയും ചെയ്തു, ഗോൾവാൾക്കറിനാണെങ്കിൽ ഇന്ത്യൻ ദേശീയതയെ നിർവചിക്കാനായി മനുഷ്യൻ ഉണ്ടായ കാലം മുതലേ ഹിന്ദുക്കൾ ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരാണെന്ന് തെളിയിക്കുകയും വേണം എന്ന അവസ്ഥ വന്നപ്പോൾ പുള്ളി കൊണ്ടുവന്ന ഒരു സിദ്ധാന്തമാണ് ഉത്തരാധ്രുവം ഇന്ത്യയിൽ ആയിരുന്നു എന്ന മണ്ടത്തരം. ഇന്നും ഈ പുസ്തകം വായിക്കുന്നവർക്ക് ഏതാണ്ട് 44 ആം പേജിൽ ഇത് കാണാം.
ഇതിന്റെ പ്രശം ലളിതമാണ്. ഭൂമിയുടെ കാന്തിക ഉത്തരധ്രുവം വർഷത്തിൽ ഏതാണ്ട് 10 മുതൽ 25 കിലോമീറ്റർ വച്ച് പലയിടത്തേക്ക് മറികളിക്കാറുണ്ടെങ്കിലും (ഇടയ്ക്ക് കാന്തിക ദക്ഷിണ / ഉത്തര ധ്രുവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുക പോലും ചെയ്യും), ഭൂമിയുടെ ഉത്തരധ്രുവം ഒരു അനങ്ങാപാറയാണ്. പത്തുലക്ഷം വർഷത്തിൽ ഒരു ഡിഗ്രി ഒക്കെയാണ് (വർഷത്തിൽ ഏതാണ്ട് 17cm), ഉത്തരധ്രുവം അനങ്ങുന്നത്. ഈ കണക്കിൽ നോക്കിയാൽ ഉത്തരധ്രുവം ഭൂമധ്യ രേഖയ്ക്ക് അടുത്തെത്താൻ ഏതാണ്ട് അഞ്ചു കോടി വർഷങ്ങൾ എടുക്കും. മനുഷ്യൻ ഉണ്ടായിട്ടേ വെറും മൂന്ന് ലക്ഷം വർഷങ്ങളെ ആയിട്ടുള്ളൂ എന്നോർക്കുമ്പോഴാണ്, ഇന്ത്യക്കാർ ഉത്തരധ്രുവത്തിൽ ഉണ്ടായിരുന്നവരാണെന്നും, ഉത്തരധ്രുവം ഇവിടെനിന്ന് മാറിപ്പോയതാണെന്നും എന്നൊക്കെയുള്ള മണ്ടത്തരത്തിന്റെ ആഴം മനസിലാകുന്നത്.
അതുകൊണ്ട് ടിപി സെൻകുമാറിനെ മാത്രം നമ്മൾ കളിയാക്കിയിട്ട് കാര്യമില്ല, അവരുടെ മുസ്ലിം വിരോധവും, ഹിന്ദു – പൂനെ ബ്രാഹ്മണ ദേശീയതയും അടിച്ചുറപ്പിക്കാൻ എന്ത് നുണ വേണമെങ്കിലും പറയുക എന്നത് അവരുടെ തലതൊട്ടപ്പന്മാരുടെ തന്നെ സംസ്കാരമാണ്. സെൻകുമാർ അതഭിമാനപൂർവം തുടരുന്നു എന്നുമാത്രം.