എഴുതിയത് : Nazeer Hussain Kizhakkedathu

ഞങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ഒരവസ്ഥ വന്നത് ഇവിടെ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡിന് അപേക്ഷിച്ചപ്പോഴാണ്. വിദേശ പൗരത്വമെടുത്തവർക്ക് ഇന്ത്യയിൽ വിസയില്ലാതെ എത്ര തവണ വേണമെങ്കിലും സന്ദർശിക്കാനുള്ള അവകാശം നൽകുന്ന ഒന്നാണ് PIO കാർഡ്. ഗ്രീൻ കാർഡ് അപേക്ഷിക്കുമ്പോൾ തന്നെ എല്ലാ രേഖകളും ശരിയാക്കി വച്ചിരുന്നത് കൊണ്ട് വലിയ ഞങ്ങളുടെ പഴയ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

Nazeer Hussain Kizhakkedathu

പക്ഷെ ഗ്രീൻ കാർഡ് എടുക്കുന്ന സമയത്ത് കാര്യങ്ങൾ ഇത്ര എളുപ്പമായിരുന്നില്ല. കാരണം അമേരിക്കൻ ഗവണ്മെന്റ് ബർത്ത് സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പേരും ജനനത്തീയതിയും കണക്കാക്കുന്നത്. ഞങ്ങളുടെ പാസ്പോര്ട്ടിലെ വിവരങ്ങൾ പത്താം ക്ലാസ്സിലെ SSLC ബുക്കിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.

ചെറിയ ചില മാറ്റങ്ങളാണ് ആദ്യം പ്രശനമുണ്ടാക്കിയത്. ഉദാഹരണത്തിന് SSLC ബുക്കിൽ എന്റെ പേര് കെ എച്ച് നസീർ എന്നാണ്. പക്ഷേ പാസ്പോര്ട്ടിനു അപേക്ഷിച്ചപ്പോൾ അപേക്ഷകന്റെ Given name, Surname എന്നിങ്ങനെ രണ്ടു പേരുകൾ ചേർക്കേണ്ടതായി വന്നു. അന്ന് ഇത് വലിയ കാര്യമായി തോന്നാത്തത് കൊണ്ട്, കെ എച്ച് നസീർ എന്നത് വലുതാക്കിയ കിഴക്കേടത്ത് ഹുസൈൻ നസീർ എന്ന് കാച്ചികൊടുത്തു. ഇന്ത്യൻ പാസ്സ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ ആദ്യ പേര് ഹുസൈൻ നസീർ എന്നും, സർനെയിം കിഴക്കേടത്ത് എന്നും ആയി വന്നു. ഫലം, അമേരിക്കൻ പാസ്സ്പോർട്ടുകളിൽ എന്റെ ആദ്യ പേര് ഹുസൈൻ നസീർ എന്നും ലാസ്‌റ്റ് നെയിം കിഴക്കേടത്തും എന്നായി മാറി. ഇപ്പോൾ ഓഫീസിൽ എന്റെ ഔദ്യോദിക പേര് ഹുസൈൻ എന്നാണ്. എസ് എസ് എൽ സി മാർക്ക് ഷീറ്റ് മുതൽ എംസിഎ മാർക്ക് ഷീറ്റ് വരെ പേര് കെ എച്ച് നസീർ. ഇത് രണ്ടും ഒരാളാണെന്ന് എങ്ങിനെ തെളിയിക്കും?

ഗോമതിക്ക് പ്രശ്നം ജനനത്തീയതിയുടെ രൂപത്തിലാണ് വന്നത്. ഒരു വർഷം മുൻപേ കുട്ടികളെ സ്കൂളിൽ ചേർക്കാൻ ഉപയോഗിക്കുന്ന ഐഡിയ ഇവിടെ പാളി. ജനന സർട്ടിഫിക്കറ്റിൽ ഒരു തീയതിയും SSLC പുസ്തകത്തിന്റെ ബേസിൽ എടുത്ത പാസ്സ്പോർട്ടിൽ വേറെ തീയതിയും. ഗ്രീൻ കാർഡ് കുറെ വർഷങ്ങൾ വൈകാൻ കാരണമായി ഈ പ്രശ്നം. കൊച്ചി എഫ് എം സ്റ്റേഷനിൽ എറണാകുളം പാസ്പോര്ട്ട് ഓഫീസർ ഒരു കോൾ ഇൻ പരിപാടി നടത്തികൊണ്ടിരുന്നപ്പോൾ എന്റെ അനുജൻ വിളിച്ച് ഞങ്ങളുടെ പ്രശനം പറഞ്ഞത് കൊണ്ട്, അടുത്ത തവണ നാട്ടിൽ വന്നപ്പോൾ ഇത് തിരുത്താൻ അദ്ദേഹം സഹായിച്ചു.

ഏതാണ്ട് ഇതുപോലുള്ള ഒരു പ്രശ്‌നമാണ് അസാമിൽ അസ്ഗർ അലി എന്നയാൾക്ക് നേരിടേണ്ടി വന്നത്. 2017 ൽ പൗരത്വ രെജിസ്റ്ററിന്റെ ഭാഗമായി അയാൾ കാണിച്ച രേഖകൾ 1995 ലെ വോട്ടർ ഐഡി കാർഡും, 2016 ലെ ആധാർ കാർഡുമായിരുന്നു. പക്ഷെ ആസാമിൽ ബംഗാളി സംസാരിക്കുന്ന മുസ്‌ലിം ജനവിഭാഗത്തിന് ഇത്രയും ഐഡികൾ പോരാതെ വരും. കാരണം 1971 നു മുൻപ് അവർ അസാമിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കേണ്ട ഭാരിച്ച ചുമതല അവരുടേതാണ്. 1972 നു ശേഷം ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശി പൗരന്മാരെ തിരഞ്ഞു പിടിച്ചു തിരിച്ചയക്കേണ്ട പരിപാടിയുടെ ഭാഗമായാണ് ഇവർ ഇങ്ങിനെ തെളിയിക്കേണ്ടത്.

ഇത്തരത്തിലുള്ള ആറോളം ഐഡികൾ കൊടുത്തിട്ടും 1966 ലെ വോട്ടർ കാർഡിൽ അസ്ഗർ അലിയുടെ മാതാപിതാക്കളുടെ പേരുകളിലും വയസിലും വ്യത്യാസമുണ്ടെന്ന് കണ്ടെത്തി ഗൗഹാട്ടി കോടതി ഇദ്ദേഹത്തിന്റെ പൗരത്ത്വത്തെ റദ്ധാക്കി. പ്രധാനമായും വിദ്യഭ്യാസമില്ലാത്ത പാവങ്ങളായ ആളുകളെയാണ് ഇത് വളരെ അധികമായി ബാധിക്കുന്നത്.

ഒരു രാജ്യത്തിലേക്ക് ഉള്ള അനധികൃത കുടിയേറ്റം രാജ്യ പുരോഗതിക്കും ആസൂത്രണത്തിനും വലിയ പ്രശനങ്ങളാണ് സൃഷ്ടിക്കുന്നത്. അസാമിൽ വലിയ തോതിൽ ബംഗ്ലാദേശി കുടിയേറ്റക്കാരുണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്. എന്നാൽ 1995 മുതൽ 2017 വരെ രജിസ്റ്റർ ചെയ്ത 5 ലക്ഷത്തോളം കേസുകളിൽ 30 ശതമാനം മാത്രമാണ്, മേല്പറഞ്ഞ അസ്ഗർ അലിയുടെ കേസ് ഉൾപ്പെടെ, അനധികൃതമായി ഗവണ്മെന്റ് കണ്ടെത്തിയിട്ടുള്ളത്. ഇത് ആസ്സാമിലെ മൊത്തം ജനസംഖ്യയുടെ 0.29 ശതമാനം മാത്രമാണ്.

1997 ൽ ഇത് പോലെ അനധികൃത കുടിയേറ്റക്കാരാണ് എന്ന നിലയിൽ അറസ്റ്റിലായ വ്യക്തിയാണ് ഷാ ആലം. പക്ഷെ ആസാം പോലീസ് മനസിലാക്കാതെ പോയ ഒരു കാര്യം ഇദ്ദേഹം ആസാം പോലീസിൽ സ്പെഷ്യൽ ബ്രാഞ്ചിൽ മുഖ്യമന്ത്രിയുടെ വസതിക്ക് കാവൽ നിൽക്കുന്ന ഒരു സബ് ഇൻസ്‌പെക്ടർ ആയിരുന്നു എന്നതാണ്. ഇദ്ദേഹത്തിന്റെ ഗ്രാമത്തിലെ വീട്ടിൽ ചെന്ന പൗരത്വ രജിസ്റ്റർ ഉദ്യോഗസ്ഥർ പുള്ളിയെ അവിടെ കാണാത്തത് കൊണ്ട്, അദ്ദേഹം അനധികൃത കുടിയേറ്റക്കാരാണ് ആണെന്ന് മാർക്ക് ചെയ്തതായിരുന്നു ഇത്തരം അബദ്ധം പറ്റാൻ കാരണം. പോലീസ് പിന്നീട് ഈ കേസ് പിൻവലിച്ചു.

ശംസുൽ ഹഖ് അഹമ്മദും ഇത്തരത്തിൽ പൗരത്വ രെജിസ്റ്ററിൽ നിന്ന് പുറത്തായ ഒരാളാണ്. പക്ഷെ ഇന്ത്യൻ എയർ ഫോഴ്സിൽ സർജന്റ് ആയി ജോലി നോക്കുന്ന വ്യക്തിയാണ്. 2016 ൽ മാത്രമാണ് ഇദ്ദേഹത്തിന് തന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കാനായത് എന്ന് പറയുമ്പോൾ പാവപ്പെട്ടവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇതുപോലെ 20 ലക്ഷം പേരാണ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സിറ്റിസൺഷിപ് രെജിസ്റ്ററിൽ നിന്ന് പുറത്തായിട്ടുള്ളത്. ലളിതമായ കാരണങ്ങളാണ്, മുസ്ലിമാണ്, സംസാരിക്കുന്നത് ബംഗാളിയാണ്‌ ,പൗരത്വം തെളിയിക്കേണ്ട രേഖകൾ ഒന്നുകിൽ കയ്യിൽ ഇല്ല, അല്ലെങ്കിൽ സർക്കാരിന് അപ്പീൽ ചെയ്യാനുള്ള പണമില്ല.

ഒരു പക്ഷെ ഇത്രയും വായിച്ചിട്ടു നിങ്ങൾക്ക് ഒരു സംശയം തോന്നാം. മുസ്ലിങ്ങൾ മാത്രമല്ലലോ, ഇതുപോലെ ബംഗ്ലാദേശിൽ നിന്ന് വന്ന ഹിന്ദുക്കൾക്കും പുറത്തു പോകേണ്ടി വരില്ലേ? ഉത്തരം ഇല്ല എന്നാണ്, കാരണം 2016 ൽ ഗവണ്മെന്റ് അവതരിപ്പിച്ച സിറ്റിസൺഷിപ് ഭേദഗതി ബില്ലാണ്. ആ ബില്ലു പ്രകാരം അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഒഴിച്ചുള്ള എല്ലാ മതക്കാർക്കും ( ഹിന്ദു, ജെയിൻ, പാഴ്സി,ക്രിസ്ത്യൻ,ബുദ്ധിസ്റ്റ് ) ഇന്ത്യൻ പൗരത്വത്തിനു അവകാശമുണ്ടായിരിക്കും. ചില കണക്കുകൾ പ്രകാരം 20 ലക്ഷം ബംഗ്ലാദേശി ഹിന്ദുക്കൾക്കാണ് ഇങ്ങിനെ ഇന്ത്യൻ പൗരത്വം കിട്ടുക. അതുകൊണ്ടു തന്നെ ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഒന്നുമല്ല ഈ രജിസ്റ്റർ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. 1950 ൽ ഇന്ത്യയും നേപ്പാളും ഒപ്പു വച്ച കരാർ പ്രകാരം നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിൽ ജോലി ചെയ്യാനുള്ള അവകാശത്തിനു പുറമെയാണിത്.

അപരവത്കരണം നടക്കുന്നത് ഇങ്ങിനെ പൗരത്വ രെജിസ്റ്ററിന്റെ രൂപത്തിൽ മാത്രമല്ല. ഇത് പൂർത്തിയാവണമെങ്കിൽ ഒരു കഥ കൂടി പറയണം.

കഴിഞ്ഞ വർഷം ഇളയ മകന്റെ സ്കൂളിൽ ഒരു ശാസ്ത്ര പ്രദർശനത്തിൽ വളരെ മിടുക്കിയായ ഒരു ചൈനീസ് പെൺകുട്ടി അവതരിപ്പിച്ച ഒരു ഐറ്റം കണ്ടതിനു ശേഷം ഞങ്ങൾ ചൈന സന്ദർശിച്ച കാര്യം പരാമർശിച്ചു കൊണ്ട് , ചൈനയിൽ എവിടെ നിന്നാണ് ആ പെൺകുട്ടി എന്ന് ചോദിച്ചു.

“ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, അരുണാചൽ പ്രദേശിൽ നിന്നും. എല്ലാവരും ഞങ്ങളെ ഒന്നുകിൽ ചൈനീസ് അല്ലെങ്കിൽ കളിയാക്കി ചിങ്കി എന്നൊക്കെയാണ് വിളിക്കുന്നത്, എന്റെ അമ്മയ്ക്ക് വേറെ ഇന്ത്യക്കാരെ ഇഷ്ടമില്ലാതെ ഒരു കാര്യം ഇതുകൊണ്ടാണ്…”

മറുപടി കേട്ടപ്പോൾ എനിക്ക് എന്നെ കുറിച്ച് നാണം തോന്നി. കാരണം ഞാൻ എന്റെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഇന്ത്യൻ മുഖങ്ങളിൽ നിന്ന് വളരെ വ്യത്യസ്‍തമായ ഒരു മുഖമായിരുന്നു അത്. എന്റെ മനസിന്റെ വലുപ്പക്കുറവ് വ്യക്തമാക്കി തന്ന ഒരു സംഭവമായിരുന്നു അത്.

ഡേവിഡ് റെയ്‌കിന്റെ ഒരു പുസ്‌തമുണ്ട്, നമ്മൾ ആരാണ്, നമ്മൾ ഇവിടെ എങ്ങിനെ എത്തിപ്പെട്ടു എന്ന പേരിൽ. ആധുനിക മൈറ്റോകോൺഡ്രിയൽ ഡിഎൻഎ അടിസ്ഥാനപ്പെടുത്തി Ancient South Indian, Ancient North Indian എന്നീ പുരാതന സമൂഹങ്ങളുടെ യാത്രകളും, അവ എവിടെ എങ്ങിനെയെല്ലാം കൂടിച്ചേർന്നു എന്നെല്ലാം വിശദീകരിക്കുന്ന ഒന്നാണ് അതിലെ ആറാമത്തെ അധ്യായമായി “The collision that formed india”. എല്ലാവരും സമയം കിട്ടിയാൽ വായിച്ചിരിക്കേണ്ട ഒന്നാണ്.

സൗത്ത് ഏഷ്യയിൽ ആദ്യമായി താമസം തുടങ്ങിയത് ദ്രാവിഡിയൻസ് ആണെന്ന് ചില പഠനങ്ങൾ പറയുന്നു. ഓസ്‌ട്രേലിയൻ അബോർജിനികൾ വരെ നീളുന്ന ഒരു പരമ്പരയുടെ കണ്ണികളാണ് നമ്മൾ. ഇറാനിൽ നിന്നും അഫ്ഗാനിസ്ഥാൻ വഴി നോർത്ത് ഇന്ത്യക്കാർ വന്നിട്ട് ഒരു പക്ഷെ 4000 വർഷങ്ങളെ ആയിട്ടുള്ളൂ. വടക്കേ ഇന്ത്യയിലെ ഭാഷകൾ കൂടുതലും ഭൂമിശാസ്ത്രപരമായി അടുത്ത് കിടക്കുന്ന ദ്രാവിഡിയൻ ഭാഷകളേക്കാൾ യൂറോപ്പിലെ ഭാഷകളുമായി അടുപ്പം കാണിക്കാൻ കാരണമിതാണ്. ആരും നല്ലവരോ ചീത്തയോ എന്നല്ല, ഒരു വഴിക്ക് പോയപ്പോൾ ഇക്കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ. ഞാൻ ജോൺ ലെനന്റെ വാക്കുകളിൽ വിശ്വസിക്കുന്ന ഒരാളാണ്. രാജ്യങ്ങൾ ഇല്ലാത്ത, അതിർത്തികൾ ഇല്ലാത്ത, മതങ്ങൾ ഇല്ലാത്ത, സ്വർഗ്ഗവും നരകവുമില്ലാത്ത ഒരു ഭാവിയിൽ വിശ്വസിക്കുന്ന ഒരാൾ.

Imagine
John Lennon

Imagine there’s no heaven
It’s easy if you try
No hell below us
Above us only sky
Imagine all the people
Living for today (ah ah ah)
Imagine there’s no countries
It isn’t hard to do
Nothing to kill or die for
And no religion, too
Imagine all the people
Living life in peace
You may say that I’m a dreamer
But I’m not the only one
I hope someday you’ll join us
And the world will be as one
Imagine no possessions
I wonder if you can
No need…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.