തലമുറകൾ കടന്നുപോവുമ്പോൾ സ്വതന്ത്ര വ്യക്തികൾ ആവാൻ കുട്ടികളെ അനുവദിക്കുകയാണ് വേണ്ടത്

0
670

Nazeer Hussain Kizhakkedathu എഴുതുന്നു 

പ്രിയ സൂരജ്, നീ എവിടെയാണ്?

18 വയസുള്ള ഒരു കുട്ടി കൊല്ലത്ത് ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സൂരജിനെ ആണോർമ വന്നത്.

Nazeer Hussain Kizhakkedathu
Nazeer Hussain Kizhakkedathu

അന്നത്തെ മുഖ്യമന്ത്രി എ കെ ആൻറണിയുടെ ഓഫീസിൽ ബോംബ് വച്ചിട്ടുണ്ട് എന്ന് സൂരജ് അവിടെ വിളിച്ചു പറഞ്ഞു എന്ന് കേട്ടപ്പോഴാണ് അവനു കാര്യമായ എന്തോ കുഴപ്പം ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായത്. അതുവരെ രാത്രി ഒട്ടും ഉറക്കം വരാതെ വരാന്തയിലൂടെ എപ്പോഴും ഉലാത്തി കൊണ്ടിരിക്കുന്നത് മാത്രം ആയിരുന്നു അവനു ഒരു പ്രത്യേകതയായി ഞങ്ങൾക്ക് അറിയാമായിരുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഞങ്ങളുടെ സഹപാഠിയായിരുന്നു സൂരജ്. എപ്പോഴും “ചളി” തമാശ പറയുന്ന, ഞങ്ങളെക്കാൾ പ്രായത്തിൽ വളരെ മുതിർന്ന ഒരു കൂട്ടുകാരൻ. ഞാൻ തന്നെ രണ്ടു വർഷം നഷ്ടപ്പെടുത്തി, ഇരുപത്തിരണ്ടാം വയസിലാണ് എം സി എക്ക് ചേർന്നത്. സൂരജിന് അപ്പോൾ തന്നെ മുപ്പത്തിനടുത്ത് പ്രായം ഉണ്ടായിരുന്നു. അവനെ റാഗ് ചെയ്യാൻ ഒരു മേശപ്പുറത്ത് കയറ്റി നിർത്തി സല്യൂട്ട് ചെയ്യിക്കുന്നതും, ഒരു ചമ്മലും ഇല്ലാതെ ചിരിച്ചു കൊണ്ട് അതവൻ ചെയ്യുന്നതും എനിക്ക് നല്ല ഓർമയുണ്ട്.

അന്ന് ഹോസ്റ്റലിൽ പോലീസ് വന്നോ എന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷെ പിറ്റേന്ന് തലശേരിയിലെ അവൻറെ വീട്ടിലേക്ക് തീവണ്ടിയിൽ കൂട്ടുപോയത് ഞാനായിരുന്നു.

തലശേരിയിലെ വീട്ടിലേക്കുള്ള യാത്രയിൽ രാത്രി എറണാകുളത്തിറങ്ങി ഞാൻ അവനെ വീട്ടിൽ കൊണ്ടുപോയി. ഉമ്മ വിളമ്പിയ ഭക്ഷണം എല്ലാം കഴിച്ച്, രാത്രി പള്ളുരുത്തി നട അമ്പലത്തിലെ ഉത്സവം എല്ലാം കണ്ടു കഴിഞ്ഞു വീട്ടിൽ പോയി കിടന്നുറങ്ങി, പിറ്റേന്ന് രാവിലെ വീണ്ടും തലശ്ശേരിക്ക് തിരിച്ചു. ബോംബ് വച്ചു എന്ന് വിളിച്ചു പറഞ്ഞ കഥയൊന്നും ഞാൻ എൻ്റെ വീട്ടിൽ പറഞ്ഞിരുന്നില്ല. ഇത് പറയാതെ അവനു എന്തെങ്കിലും കുഴപ്പത്തെ ഉള്ളതായി മൂന്നാമതൊരാൾക്ക് മനസ്സിലാവുകയും ഇല്ല.

“നസീറിനറിയാമോ, ഞാൻ എന്ത് കൊണ്ടാണ് ഇത്രയും പ്രായം കഴിഞ്ഞു എം സി എയ്ക്ക് ചേർന്നതെന്ന്?” തലശ്ശേരിയിലേക്കുള്ള യാത്രയിലാണ് അവൻ മനസ് തുറന്നത്. എനിക്ക് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവനോട് അത് ചോദിക്കാനുള്ള ഒരു മനസ്ഥിതിയിൽ ആയിരുന്നില്ല ഞാൻ, പക്ഷെ അവൻ തന്നെ എല്ലാം എന്നോട് പറഞ്ഞു.

“എൻ്റെ ചേട്ടൻ തലശേരിയിലെ അറിയപ്പെടുന്ന ഒരു ഒരു ഡോക്ടറാണ്. കുടുംബത്തിൽ വേറെ കുറെ ഡോക്ടർമാരുണ്ട്. എന്നെയും ഡോക്ട്ടർ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പ്രീ ഡിഗ്രി കഴിഞ്ഞ മുതൽ ഞാൻ എൻട്രൻസ് എഴുതുന്നതാണ്, പാസ്സായില്ല. ഈ എൻട്രൻസ് എഴുത്തുകൾക്കിടയിൽ, ഞാൻ വേറെ പല കോഴ്സുകളും ചെയ്തു. പക്ഷെ എം ബി ബി എസ് എൻട്രൻസ് മാത്രം പാസ്സായില്ല.” ബി എസ സി തുടങ്ങി കുറെ കോഴ്സുകളുടെ പേരുകൾ അവൻ പറഞ്ഞു.

“നിനക്ക് പി എസ സി എഴുതി വല്ല സർക്കാർ ജോലി നോക്കാൻ പാടില്ലായിരുന്നോ ? ” ഞാൻ ചോദിച്ചു

“അത് മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു, പക്ഷെ എം ബി ബി എസ എൻട്രൻസ് പാസ്സായില്ലെങ്കിൽ ഞാൻ ജീവിതത്തിൽ തോറ്റുപോയപോലെ ഒരു തോന്നൽ എപ്പോഴും മനസ്സിൽ കിടക്കും. അത് എങ്ങിനെ എങ്കിലും എഴുതി എടുക്കണം, എം സി എ കഴിഞ്ഞിട്ട് ആണെങ്കിലും…”

തലശ്ശേരിക്കാരുടെ ആതിഥ്യ മര്യാദ നല്ലവണം അനുഭവിച്ചറിഞ്ഞാണ്, അവൻ്റെ വീട്ടിൽ നിന്ന് ഞാൻ തിരിച്ചു പോന്നത്. അവൻ്റെ ചേട്ടനെയും ചേട്ടത്തിയെയും കണ്ടു. എൻട്രൻസ് കിട്ടാത്തതിൻറെ കാരണം കൊണ്ട്, പണ്ടും ചെറിയ മാനസിക അസ്വാസ്ഥ്യം അവനു ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞു. ഗുളിക കഴിക്കുന്നുണ്ടായിരുന്നു, ഒരു പക്ഷെ നിർത്തിയപ്പോൾ പിന്നെയും മനസ് കൈവിട്ടു പോയതായിരിക്കും.

അത് കഴിഞ്ഞ് ഞാൻ അവനെ കണ്ടിട്ടില്ല. കോളേജിൽ തിരിച്ചു വന്നു പരീക്ഷ എഴുതിയോ എന്ന് ഞാൻ ഓർക്കുന്നില്ല. ഈയടുത്ത് അവനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അവന്റെ ചേട്ടൻ ഞങ്ങളുടെ കൂട്ടുകാരനോട് പറഞ്ഞത് “അവനെ ദയവായി ബന്ടപ്പെടാൻ ശ്രമിക്കരുത് … ” എന്നാണ്.

അവൻ എവിടെയാണ്, എന്താണ് സ്ഥിതി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഒന്ന് ശ്രമിച്ചാൽ ബന്ധപ്പെടാൻ കഴിയും, പക്ഷേ അവനെ അന്നത്തെ പോലെ കാണാൻ കഴിയുമോ എന്നുള്ള സന്ദേഹം കൊണ്ട് കാണാൻ ശ്രമിക്കാതെ ഇരുന്നതാണ്.

18 വയസുള്ള ഒരു കുട്ടി കൊല്ലത്ത് ആശുപത്രിയിൽ നിന്ന് ചാടി മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക് സൂരജിനെ ആണോർമ വന്നത്. എൻ്റെ മൂത്ത മോൻ നിതിനെക്കാൾ ഒരു വയസു മാത്രം മൂത്ത കുട്ടി. ബഹറിനിലെ നല്ല സ്കൂളിൽ നന്നായി പഠിച്ചിരുന്ന കുട്ടിയയായിരുന്നു എന്ന് പത്രവാർത്ത പറയുന്നു. മെഡിസിൻ എൻട്രൻസിന് താല്പര്യം ഇല്ലാതിരുന്നിട്ടും ആരുടെയോ നിർബന്ധത്തിന് വഴങ്ങി ചേർന്നതിന്റെ മാനസിക ആഘാതത്തിൽ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചിട്ട്, കൗണ്സിലിംഗിന് വേണ്ടി ആശുപത്രിയിൽ പോയതാണ് ഖായിസ് എന്ന ആ കുട്ടി. എന്തൊക്കെ ആയിരുന്നിരിക്കും മരിക്കുന്നതിന് മുൻപ് അവൻറെ മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക.

“എനിക്ക് ഡോക്ടറും, എൻജിനീയറും, കമ്പ്യൂട്ടർ പ്രോഗ്രാമ്മറും ആകണ്ട ….”

ഏതു കോളേജിൽ / എന്ത് മേജർ എടുത്ത് ചേരണം എന്ന് 17 വയസുള്ള എന്റെ മൂത്ത മകൻ നിതിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. എന്നെ പോലെ ഒരു ഇന്ത്യൻ തന്തപ്പടിക്ക് ഇതൊന്നും അല്ലാതെ വേറെ എന്ത് പഠിക്കാൻ ആണെന്ന് മനസ്സിൽ സ്വാഭാവികമായി തോന്നുകയും ചെയ്തു.

“പിന്നെ നീ എന്ത് തേങ്ങയാണ് പഠിക്കാൻ പോകുന്നത്”

“എനിക്ക് സംരംഭകത്വം (entrepreneurship) പഠിച്ചാൽ മതി. ” സത്യം പറഞ്ഞാൽ entrepreneurship എന്ന് ശരിക്ക് ഉച്ചരിക്കാൻ എനിക്ക് ഇപ്പോഴും അറിയില്ല, പിന്നെയല്ലേ അവനു ഇതിൽ വേണ്ട ഉപദേശം കൊടുക്കാൻ. അവനായി അവന്റെ പാടായി. അവൻ കുത്തിയിരുന്നു നോക്കി ഫിലാഡൽഫിയയിലെ വാർട്ടൻ സ്കൂളിൽ അതിനുള്ള കോഴ്സ് ഉണ്ടെന്നൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്, അഡ്മിഷൻ കിട്ടാൻ പാടാണ് , പക്ഷെ ഒന്ന് അപേക്ഷിച്ചു നോക്കാൻ ഉള്ള പ്ലാനിൽ ആണവൻ.

എനിക്ക് എം സി എ കിട്ടി എന്ന് എൻ്റെ ബാപ്പയോട് പറഞ്ഞപ്പോഴും ഇതുപോലെ ആയിരുന്നു. ബാപ്പ അത് പോയി പുള്ളിയുടെ സൂപ്പർവൈസറിനോട് പറഞ്ഞു. എം സി എ എന്ന് ആദ്യമായി കേട്ട് അദ്ദേഹം, ഒരു പക്ഷെ സി എ (ചാർട്ടേർഡ് അക്കൗണ്ടൻസി) ആയിരിക്കും മകന് പറഞ്ഞത് തെറ്റിപോയതായിരിക്കും എന്ന് പറഞ്ഞതാണ് എനിക്കോർമ്മ വന്നത്.

തലമുറകൾ കടന്നുപോവുമ്പോൾ നമ്മുടെ കുട്ടികൾ സ്വാതന്ത്ര വ്യക്തികൾ ആവാൻ അവരെ വിട്ടുകൊടുക്കുകയാണ് വേണ്ടത്. അവർക്ക് അവരുടെ ജീവിതമുണ്ട്, നമ്മൾ ജീവിച്ച ജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ജീവിതങ്ങൾ. ഖലീൽ ജിബ്രാനെ ഉദ്ധരിക്കാതെ ഈ പോസ്റ്റ് മുഴുവൻ ആക്കാൻ പറ്റില്ല.

On Children : കുട്ടികളെ കുറിച്ച്
Kahlil Gibran : ഖലീൽ ജിബ്രാൻ.

Your children are not your children.

നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല

They are the sons and daughters of Life’s longing for itself.

ജീവിതത്തിനു അതിനോട് തന്നെയുള്ള ആസക്തിയുടെ കുട്ടികളാണവർ

They come through you but not from you,

നിങ്ങളിലൂടെയാണ് അവർ വരുന്നത്, നിങ്ങളിൽ നിന്നല്ല.

And though they are with you yet they belong not to you.

നിങ്ങളുടെ കൂടെയാണ് അവർ എങ്കിലും, അവർ നിങ്ങൾക്ക് സ്വന്തമല്ല.

You may give them your love but not your thoughts,

നിങ്ങൾ അവർക്ക് നിങ്ങളുടെ സ്നേഹം കൊടുക്കുക, ചിന്തകൾ കൊടുക്കരുത്.

For they have their own thoughts.

കാരണം, അവർക്ക് അവരുടേതായ ചിന്തകളുണ്ട്.

You may house their bodies but not their souls,

അവരുടെ ശരീരത്തിന് നിങ്ങൾ പാർപ്പിടമൊരുക്കാം, അവരുടെ ആത്മാവിനല്ല.

For their souls dwell in the house of tomorrow,

കാരണം നാളെയുടെ വീടുകളിലാണ് അവരുടെ ആത്മാക്കൾ താമസിക്കുന്നത്.

which you cannot visit, not even in your dreams.

നിങ്ങളുടെ സ്വപ്നത്തിൽ പോലും നിങ്ങൾക്ക് സന്ദർശിക്കാൻ കഴിയാത്ത വീടുകളാണവ.

You may strive to be like them,

നിങ്ങള്ക് അവരെ പോലെ ആകാൻ പരിശ്രമിക്കാം,

but seek not to make them like you.

അവരെ നിങ്ങളെ പോലെ ആക്കരുത്.

For life goes not backward nor tarries with yesterday.

കാരണം ജീവിതം പിന്നോട്ട് പോകുന്നില്ല , ഇന്നലെകളിൽ
അമാന്തിച് നിൽക്കുന്നുമില്ല.

You are the bows from which your children as living arrows are sent forth. :

നിങ്ങൾ ആകുന്ന വില്ലുകളിൽ നിന്നാണ് നിങ്ങളുടെ കുട്ടികളാകുന്ന അമ്പുകൾ അയക്കപ്പെട്ടിരിക്കുന്നത്

The archer sees the mark upon the path of the infinite,

വില്ലാളി അനന്തമായ പാതയിലെ അടയാളം കാണുന്നു,

and He bends you with His might that His arrows may go swift and far.

ഈ അസ്ത്രങ്ങൾ കൂടുതൽ വേഗത്തിലും ദൂരെയും പോകാൻ, ഈ അമ്പ് അയക്കുന്ന ആൾ അവന്റെ വീര്യം കൊണ്ട് നിങ്ങളെ വളച്ചെക്കാം …

Let your bending in the archer’s hand be for gladness;

അത് നിങ്ങളുടെ സന്തോഷമാകട്ടെ

For even as He loves the arrow that flies, so He loves also the bow that is stable.

പറന്നു പോകുന്ന അമ്പുകളെ അവനു ഇഷ്ടമാണെന്നത് പോലെ , സ്ഥിരതയുള്ള വില്ലുകളും അവനു ഇഷ്ടമാണ്.