രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്

0
240
Nazeer Hussain Kizhakkedathu
ഏവർക്കും നന്ദകുമാർ അയ്യരുടെയും ഗോമതി മാമിയുടെയും കുടുംബത്തിന്റെയും പൊങ്കൽ നൽ വാഴ്ത്തുക്കൾ.. എനിക്ക് ഇൗ പേര് കിട്ടിയത് എങ്ങിനെ എന്നറിയാത്തവർക്ക് ആ കഥ ഒന്ന് കൂടി താഴെ..
രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ പ്രേമിച്ചു കല്യാണം കഴിക്കുന്നത് ഒരു കുഴപ്പം പിടിച്ച പണി ആണ്. വേറെ ജാതിയിലും മതത്തിലും സംസ്ഥാനത്തിലും പെട്ട പെണ്ണിനെയാണെങ്കിൽ പറയുകയും വേണ്ട. പ്രേമം വീട്ടിൽ അറിഞ്ഞു കഴിയുമ്പോൾ പല തരത്തിലാണ് രക്ഷിതാക്കൾ പ്രതികരിക്കുക. ഉത്തര ഇന്ത്യയിൽ വെടിവച്ച് കൊല്ലൽ ആണ് കണക്ക്, തമിഴ് നാട്ടിൽ തേവർ ആണ് പെണ്ണെങ്കിൽ, വെട്ടികൊല്ലലും.
2001 ഞാൻ ന്യൂ യോര്ക്കിൽ ഉള്ളപ്പോൾ ആണ് ബാപ്പ വിളിച്ചു പറയുന്നത്. “എടാ ഗോമതി വീട്ടില് വന്നിട്ടുണ്ട്. നിന്റെ പ്രേമം എല്ലാം അവളുടെ വീട്ടില് അറിഞ്ഞു , പെട്ടെന്ന് വരണം. അധികം നാൾ വൈകിയാൽ ഹേബിയസ് കോർപസ് ഹരജി വല്ലതും വരും.”
ഗോമതി എന്റെ വീട്ടില് മുൻപ് വന്നിട്ടുണ്ടായിരുന്നത്‌ കൊണ്ട് എന്റെ വീട്ടുകാർക്ക് ഞങ്ങളുടെ പ്രേമം ഒരു പ്രശ്നം ആയിരുന്നില്ല. ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിയാൽ മതി എന്നാ മട്ടായിരുന്നു ഉമ്മയ്ക്ക്. ഗോമതിയുടെ വീട്ടില് അതായിരുന്നില്ല സ്ഥിതി. അവളുടെ അച്ഛന്റെ ഒരു ആത്മഹത്യാ ഭീഷണിയിൽ ആയിരുന്നു, പല ദിവസങ്ങളും കടന്നു പോയ്കൊണ്ടിരുന്നത്. അച്ഛനും അമ്മയേക്കാളും അവരുടെ ബന്ധുക്കൾ ആയിരുന്നു ഏറ്റവും എതിർപ്പ് . ഞങ്ങൾ മുസ്ലിങ്ങളുടെ വീട്ടില് നിന്ന് വെള്ളം പോലും കുടിക്കില്ല എന്ന് പറഞ്ഞ അവളുടെ അമ്മാവനോട്, എന്നാൽ ചായ ഉണ്ടാക്കി തരാം എന്ന എന്റെ അസ്ഥാനത്തെ തമാശ പ്രശ്നം വഷളാക്കി
സിനിമയിൽ കാണുന്ന പോലെ ഈസി ആയി പോയി രജിസ്റ്റർ കല്യാണം കഴിക്കാം എന്നാ എന്റെ ഐഡിയ രെജിസ്റ്റ്രാർ പൊളിച്ചു. നോട്ടീസ് ഇട്ടു ഒരു മാസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു. സർക്കാർ കാര്യം മുറ പോലെ നടന്നപ്പ്പോൾ മാസം മൂന്നു കഴിഞ്ഞിട്ടും കല്യാണം മാത്രം നടന്നില്ല. കല്യാണം നടക്കാതെ ഞങ്ങൾ രണ്ടു പേരും എന്റെ വീട്ടിൽ തന്നെ ഒരുമിച്ചു താമസിച്ചു.
ക്ഷമ കെട്ടു ബാപ്പ എന്നോട് പറഞ്ഞു “ഞാൻ ഒന്ന് രജിസ്റ്റർ ഓഫീസ് വരെ ഒന്ന് പോയി നോക്കാം”. വക്കീൽ വരെ നോക്കിയിട്ടും നടക്കാത്ത കാര്യം ബാപ്പയെ കൊണ്ട് നടക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷെ ഉച്ച കഴ്ഞ്ഞപ്പോൾ ബാപ്പ വിളിച്ചു ഗോമതിയെയും രണ്ടു സാക്ഷികളെയും കൂട്ടി രജിസ്റ്റർ ഓഫീസ് വരെ വരാൻ പറഞ്ഞു. ചെന്നപ്പോൾ എല്ലാം റെഡി. 15 രൂപ സ്റ്റാമ്പ്‌ പേപ്പറും 500 രൂപയ്ക്ക് ബിരിയാണിയും ഉൾപ്പെടെ വളരെ ചെലവ് പിടിച്ചത് ആയിരുന്നു ഞങ്ങളുടെ കല്യാണം
ഗോമതിയുടെ രക്ഷിതാക്കളുടെ സമ്മതം ആയിരുന്നു അടുത്ത പ്രശ്നം. അത് വരെ ഗോമതിയെ വളർത്തി വലുതാക്കിയ അവരെ കൂട്ടാതെ ഒരു ജീവിതം, ഞങ്ങൾക്ക് അപൂർണം ആയിരിക്കും. പക്ഷെ അവർ എങ്ങിനെ ഞങ്ങളോടെ പ്രതികരിക്കും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ അവരുടെ തമിഴ് നാട്ടിലുള്ള വീട്ടിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു. ഉച്ചയോട്‌ അടുത്താണ് അവിടെ എത്തിയത്. പുറത്തു ധൈര്യം ഭാവിച്ചെങ്കിലും അകത്തു എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. അടി കൊണ്ട് വല്യ ശീലം ഇല്ലാത്തതിന്റെ പേടി
അമ്മയാണ് ഞങ്ങളെ ആദ്യം കണ്ടത്. ആഗ്രഹാരത്തിന്റെ പുറത്തു തെരുവിൽ പച്ചക്കറി വാങ്ങിക്കുക ആയിരുന്നു അമ്മ. അവർ ഞങ്ങളെ കണ്ടപ്പോൾ ഉടനെ വീടിനകത്ത് കയറി അച്ഛനെ വിളിച്ചു കൊണ്ട് വന്നു. ഞങ്ങൾ അങ്ങിനെ അവിടെ കയറി ചെല്ലും എന്ന് അവർ പ്രതീക്ഷിച്ചില്ലായിരുന്നു. ഹൃദയം പെരുമ്പറ മുഴക്കിയ സമയം.
“ഉള്ള വാങ്ക ..”
ഞാൻ പ്രതീക്ഷിച്ച ഒരു പ്രശ്നവും ഇല്ലാതെ അച്ഛൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. വലിയ ഒരു യുദ്ധം പ്രതീക്ഷിച്ചു വന്ന ഞാൻ പതുക്കെ അകത്തേക്ക് കയറി.
അച്ഛൻ ഫോൺ ചെയ്തു ആരോടോ വരാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു പുറത്തു ഒരു സ്കൂട്ടറിൽ , തലയിൽ തൊപ്പി വച്ച ഒരു മുസ്ലിം മധ്യ വയസ്കൻ കയറി വന്നു.
“എന്നുടെ close ഫ്രണ്ട് താൻ. ഇന്ത പ്രച്ച്നം വന്തപോഴ്ത് ഇവങ്കളിട്ട താൻ ഞാൻ advice കേട്ടേൻ “
എനിക്ക് വിശ്വസിക്കാൻ ആയില്ല. ചില മുസ്ലിങ്ങൾ കുറെ കല്യാണം കഴിക്കുന്നവർ ആണെന്നും എന്നോട് അങ്ങിനെ ചെയ്യരുത് എന്നും ആ സുഹൃത്ത്‌ പറഞ്ഞു. പിന്നീട് അഗ്രഹാരത്തിലെ അയൽപക്കക്കാർ പ്രശ്നം ഉണ്ടാക്കും എന്നത് കൊണ്ട് ആരോടും ഞാൻ ഒരു മുസ്ലിം ആണെന്ന് പറയരുത് എന്നും.
അന്ന് വൈകുന്നേരം ഞാനും അച്ഛനും പുറത്തു നടക്കാൻ പോയി. എതിരെ വന്ന ഒരാൾ ഞാൻ ആരാണ് എന്ന് ചോദിച്ചു
“എൻ മരുമകൻ താൻ.”
“അപ്പടിയാ ഉങ്ക പേര് എന്ന? “
ഞാൻ ഒന്ന് പതറി അച്ഛനെ നോക്കി , ശരിക്കും പേര് പറയാൻ പറ്റില്ലലോ.
“അവർ പേർ നന്ദകുമാർ, കേരള പയ്യൻ, തമിഴ് അവളവ് തെരിയാത്”
ഹാവൂ രക്ഷപെട്ടു. ഇന്നും ഞങ്ങൾ പറഞ്ഞു ചിരിക്കുന്ന ഒരു ഐറ്റം.
അന്നെനിക്ക് ഒരു പിതാവിനെ കൂടി ലഭിച്ചു, ഒരു കൂട്ടുകാരനെയും.
പ്രേമവും വിവാഹവും ജീവിതത്തിന്റെ ഭാഗം ആണ്. ജാതിയും മതവും നോക്കിയാലും ഇല്ലെങ്കിലും, രക്ഷിതാക്കളെ വളരെ വളരെ tension അടിപ്പിക്കുന്ന ഒരു സമയം. ചിലർ അത് പക്വതയോടെ കൈകാര്യം ചെയ്യുന്നു, ചിലര് മറ്റുള്ളവരുടെ വാക്ക് കേട്ട് കുട്ടികളെ ബലി കൊടുക്കുന്നു.