മലയാളികൾ ധരിച്ചു വച്ചിരിക്കുന്നത് കല്യാണങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്

47
Nazeer Hussain Kizhakkedathu
മലയാളികളിൽ പലരും ധരിച്ചു വച്ചിരിക്കുന്നത് ഒരു നിയോജകമണ്ഡലത്തിലെ കല്യാണങ്ങളിലും , മരണങ്ങളിലും പങ്കെടുക്കുന്ന രാഷ്ട്രീയക്കാരാണ് നല്ല രാഷ്ട്രീയക്കാർ എന്നാണ്. അല്ലെങ്കിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ജനസമ്പർക്ക പരിപാടികൾ നടത്തി ആളുകൾക്ക് നേരിട്ട് ധനസഹായം നൽകുന്നവർ. പക്ഷെ യഥാർത്ഥത്തിൽ രാഷ്ട്രീയം ഇതല്ല, ഇത് ശരിയായ രാഷ്ട്രീയവുമല്ല. കാരണം ഒരു ജനാധിപത്യത്തിൽ ജനങ്ങളാണ് യഥാർത്ഥ അധികാരികൾ. അവരുടെ അധികാരവും അവരുടെ സമ്പത്തും, ജനങ്ങൾക്ക് അവകാശപ്പെട്ട രാജ്യത്തിൻറെ വിഭവങ്ങളും അവരുടെ നന്മയ്ക്ക് വേണ്ടി എങ്ങിനെ വിനിയോഗിക്കണം എന്ന് ദീര്ഘദൃഷ്ടിയോടെ ചെയ്യുകയും അതിനു വേണ്ടി നിയമനിര്മാണങ്ങൾ നടത്തുകയും ചെയ്യുക എന്ന വലിയ ജോലിയാണ് യഥാർത്ഥത്തിൽ രാഷ്ട്രീയക്കാർ ചെയ്യേണ്ടത്. അത് വളരെ സമയവും അധ്വാനവും , പ്ലാനിങ്ങും, നിയോജകമണ്ഡലത്തിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചും അവിടെ ഉള്ള ആളുകളെ കുറിച്ചും , സ്കൂൾ, ആശുപത്രി, റോഡുകൾ , പാലങ്ങൾ, ഡാമുകൾ തുടങ്ങി എല്ലാത്തിനെ കുറിച്ചുള്ള ഉള്ള അറിവും ഡാറ്റയും എല്ലാം അനലൈസ് ചെയ്യാൻ ഉള്ള സമയവും എല്ലാം വേണ്ട ഒരു ബൃഹത്തായ ജോലിയാണ്. കുറെ ആളുകളുടെ സഹായം കിട്ടിയാൽ പോലും ഒരാൾക്കു ഇത് ചെയ്തു വിവരങ്ങൾ ക്രോഡീകരിച്ചു മണ്ഡലത്തിനോ, ജില്ലയ്‌ക്കോ, സംസ്ഥാനത്തിനോ, രാജ്യത്തിനോ വേണ്ടി നിയമം നിർമിക്കാൻ കുറെ ഏറെ സമയം വേണ്ടിവരും. ഇങ്ങിനെ ചിലവഴിക്കേണ്ട സമയമാണ് കല്യാണം, കാപ്പാട്, മരണം എന്നൊക്കെ പറഞ്ഞുള്ള കാര്യങ്ങളിൽ പങ്കെടുത്ത് സാമാജികർ നഷ്ടപ്പെടുത്തുന്നത്.
തമിഴ് നാട്ടിൽ വോട്ടെടുപ്പ് സമയത്ത് എന്റെ ഭാര്യയുടെ അച്ഛനും അമ്മയ്ക്കും അഞ്ഞൂറോ ആയിരമോ നോട്ടുകൾ ആയി കിട്ടാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൂടുതൽ പൈസ കൊടുക്കുന്നവർ അല്ലെങ്കിൽ സൗജന്യമായി മിക്സി, ടിവി, സൈക്കിൾ എന്നിവ കൊടുക്കുന്നവർക്ക് അവർ വോട്ടു കൊടുക്കുകയും ചെയ്യും. അവർ മറന്നു പോകുന്ന ഒരു കാര്യം ഇങ്ങിനെ വിതരണം ചെയ്യപ്പെടുന്നത് ജനങളുടെ തന്നെ പണം ആണെന്നുള്ളതാണ്. പലപ്പോഴും ഒരു റോഡോ ഫലമോ നിർമിക്കുമ്പോൾ ലഭിക്കുന്ന അഴിമതി തുകയാണ് ഇങ്ങിനെ ജനങ്ങൾക്ക് തിരികെ നൽകപ്പെടുന്നത്. അല്ലാതെ പാർട്ടിക്ക് ഇത്രമാത്രം പണം പിരിച്ചു നല്കാൻ കഴിയില്ല. കർണാടകത്തിൽ ഇപ്പോഴുള്ള മുഖ്യമന്ത്രി പ്രതിയായ കേസ് ധാതുസമ്പുഷ്ടമായ ഒരു മല തന്നെ റെഡ്ഢി സഹോദരന്മാരുടെ സഹായത്തോടെ ചൈനയിലേക്ക് കടത്തി എന്നതാണ്. ഈ പണം അധികാരത്തിൽ കയറാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാനത്തിന്റെ നികുതിയാണ് നഷ്ടപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയക്കാർ പണ്ടത്തെ ജന്മിമാരെ പോലെ ജനസമ്പർക്കം എന്ന പേരിൽ ആൾകൂട്ടം വിളിച്ചു കൂട്ടി പണം വിതരണം നടത്തുമ്പോൾ രണ്ടു കാര്യങ്ങൾ ആണ് അതിൽ തെറ്റായി ഉള്ളത്. ഒന്നാമതായി മന്ത്രി നേരിട്ട് ഇടപെടാതെ മാന്യമായി പണം ലഭിക്കേണ്ട കേസുകൾ മര്യാദയ്ക്ക് നടക്കുന്നില്ല എന്ന സർക്കാർ സംവിധാനങ്ങളുടെ അപര്യപ്തത വെളിച്ചത്തു വരുന്നത്, രണ്ടാമതായി ഈ കൊടുക്കുന്ന പണം രാഷ്ട്രീയക്കാരന്റെ പോക്കറ്റിൽ നിന്ന് വരുന്ന പോലെ ഒരു തോന്നൽ ജനങ്ങൾക്ക് ഉണ്ടാകുന്നത്. അഭിമാനപ്പൂർവം തല ഉയർത്തിപിടിച്ച തനിക്ക് അവകാശപ്പെട്ട പണം അതിന്റെതായ വഴിയിൽ ജനങ്ങൾക് വാങ്ങുമ്പോഴാണ് യഥാർത്ഥ ജനാധിപത്യം നിലവിൽ വന്നു എന്ന് പറയാൻ കഴിയുന്നത്.
അമേരിക്കയിൽ പലപ്പോഴും എന്തെങ്കിലും ബിസിനെസ്സ് ചെയ്ത് വിജയം വരിച്ചവരാണ് പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. മൈക്കിൾ ബ്ലൂംബെർഗ് മുതൽ ട്രമ്പും, ഹിലാരിയും അതുപോലെ വന്നവരാണ്. പക്ഷെ നമ്മുടെ നാട്ടിൽ രാഷ്ട്രീയം തന്നെ ഒരു തൊഴിലായി സ്വീകരിച്ചവരാണ് പിന്നീട് മന്ത്രിമാരും മറ്റും ആയി തീർന്നു കാണുന്നത്. അതുകൊണ്ടു തന്നെ അഡ്മിനിസ്ട്രേഷൻ പലപ്പോഴും ഏതൊക്കെ പാർട്ടികളും മന്ത്രിമാരും വന്നാലും നിയന്ത്രിക്കുന്നത് IAS പോലുള്ള സെർവീസുകളിൽ കൂടി വന്ന , ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്തവർ ആണ്. വളരെ അപൂർവമായി മാത്രമാണ് കേരളത്തിന്റെ ഭാവി മാറ്റുന്ന നയങ്ങൾ നടപ്പിലാക്കിയ മന്ത്രിമാർ നമുക്കുണ്ടായിട്ടുള്ളത്. ഇ.എം.എസ് മുഖ്യമന്ത്രി ആയും ഗൗരിയമ്മ റെവന്യൂ മന്ത്രി ആയും നടപ്പിലാക്കിയ ഭൂപരിഷ്കരണം , ലക്ഷം വീട് പദ്ധതി മുതൽ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വരെ സ്ഥാപിച്ച സി അച്യുതമേനോൻ, സ്വാകാര്യ മേഖലയിൽ വിമാനത്താവളം നടത്താം എന്ന് ദീർഘ വീക്ഷണം നടത്തി അത് നടപ്പിലാക്കി കാണിച്ച കരുണാകരൻ, ഇപ്പോൾ കേരളത്തിലെ വിദ്യഭ്യാസ മേഖലയിൽ വിപ്ലവം കൊണ്ടുവന്ന രവീന്ദ്രനാഥ് തുടങ്ങിയവരെ ഒക്കെയാണ് ഇങ്ങിനെയുള്ള ഉത്തമ രാഷ്ട്രീയക്കാരായി എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്നവർ. രാഷ്ട്രീയക്കാർ എങ്ങിനെ ആയിരിക്കരുത് എന്നുള്ളതിന് കേരളത്തിൽ അനേകം പേരെ ചൂണ്ടിക്കാണിക്കാൻ കഴിയും.
ദേശീയ രാഷ്ട്രീയത്തിൽ വിവരാവകാശ നിയമവും തൊഴിലുറപ്പു പദ്ധതിയും കൊണ്ടുവന്ന മൻമോഹൻ സിങ് ഗവണ്മെന്റ് നെഹ്രുവിന്റെ അത്ര തന്നെ നയരൂപീകരണത്തിൽ പങ്ക് വഹിച്ച ഒന്നാണ്. രാജ്യത്തെ സാമ്പത്തിക രംഗം തുറന്നുകൊടുത്ത പിവി നരസിംഹറാവു സർക്കാരിൽ സാമ്പത്തികകാര്യ മന്ത്രി ആയിരുന്നപ്പോൾ മുതൽ രാജ്യത്തിന്റെ വളർച്ചയുടെ ദിശ തിരിച്ചു വിടാൻ മൻമോഹൻ സിംഗ് ശ്രമിച്ചിട്ടുണ്ട്. സാം പിട്രോഡയെ കൊണ്ടുവരിക വഴി ഇന്ത്യൻ ടെലി കമ്മ്യൂണികേഷൻ വിപ്ലവം കൊണ്ടുവന്ന രാജീവ് ഗാന്ധിയും ഇന്ന് നമ്മൾ നിസ്സാരമായി എടുക്കുന്ന പല സാങ്കേതിക പുരോഗതിയും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഒരു ഒരാളാണ് .
ഇതിന്റെ ഇടയിലാണ് മനോരമയും മാതൃഭൂമിയും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഉമ്മൻ ചാണ്ടിയെ ബൂസ്റ്റ് ചെയ്യുന്നത്. “ബസിൽ കയറിയാൽ ‌ഉടൻ ഉമ്മൻ ചാണ്ടി ഉറക്കം തുടങ്ങും, കമ്പിയിൽ തലയിടിച്ചാലും ഉണരില്ല…” എന്നാണ് ഞാൻ ഒരു ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള ഒരു മനോരമ ഫീച്ചറിന്റെ തലക്കേട്ട് കണ്ടത് 🙂. അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരിക്കാം. പക്ഷെ രണ്ടു തവണ മുഖ്യമന്ത്രിയായ അദ്ദേഹത്തെ ഇങ്ങിനെയുള്ള പൈങ്കിളി വർത്തമാനങ്ങൾ കൊണ്ടല്ല വിലയിരുത്തേണ്ടത് , മറിച്ച് കേരളത്തിന്റെ ഭാവിയുടെ നയരൂപീകരണത്തിൽ എന്ത് പങ്കാണ് അദ്ദേഹം വഹിച്ചത് എന്നതിനെ അടിസ്ഥാനമാക്കി ആകണം. അദ്ദേഹത്തിന് മാത്രമല്ല, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ബാധകമായ ഒരു കാര്യമാണിത്.
നിയമസഭയിൽ അമ്പത് വർഷങ്ങൾ തികകുന്ന ഉമ്മൻ ചാണ്ടിക്ക് ആശംസകൾ. തീർച്ചയായും അദ്ദേഹത്തിന്റെ ജനപ്രീതി തന്നെയാണ് ഇത് കാണിക്കുന്നത്. വസ്തുനിഷ്ഠമായി അദ്ദേഹം അധികാരത്തിൽ ഇരുന്ന കാലത്തേ കുറിച്ചും, അദ്ദേഹത്തിന്റെ നയപരമായ ഇടപെടലുകളെ കുറിച്ചും അറിയാൻ മലയാളികൾക്ക് അവകാശമുണ്ട്. പത്രക്കാർ കേൾക്കുന്നുണ്ടോ?