എന്നാൽ യഥാർത്ഥത്തിൽ അന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങിനെ ആയിരുന്നു?

0
180

Nazeer Hussain Kizhakkedathu

ചെറുപ്പത്തിൽ പൂമ്പാറ്റയിലും ബാലരമയിലും അമർ ചിത്രകഥയിലും ഒക്കെ വന്ന സചിത്ര കഥകളിലൂടെ ആണ് രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ കുറിച്ചും കാളിദാസന്റെ ശാകുന്തളം പോലുള്ള കാവ്യങ്ങളെ കുറിച്ചുമെല്ലാം ഞാൻ ആദ്യമായി കേൾക്കുന്നത്. അന്നത്തെ സചിത്ര കഥകളിൽ മുനി കന്യകമാരെ മരവുരി ധരിച്ച് അർദ്ധനഗ്‌നരായാണ് ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് രാമായണം , മഹാഭാരതം എന്നിവ ടിവി സീരിസ് ആയപ്പോഴും പെണ്ണുങ്ങളുടെ വേഷം ഏതാണ്ട് ഇതേ പോലെ തന്നെ. ബഹുവർണ സാരികൾ,മുലക്കച്ചകൾ, ആവശ്യത്തിന് ശരീരം കാണിക്കുന്ന വസ്ത്രധാരണം. (പീറ്റർ ബ്രൂക്കിന്റെ മഹാഭാരതത്തിൽ മാത്രമാണ് ഇതുപോലെ തിളങ്ങുന്ന വസ്ത്രങ്ങൾ അല്ലാതെ വ്യത്യസ്തമായ വസ്ത്രങ്ങൾ അണിഞ്ഞവരെ കാണുന്നത്) വടക്കൻ വീരഗാഥയിലെ മാധവിയെ കണ്ടിട്ടും പണ്ടത്തെ ഉദയ സ്റ്റുഡിയോ നിർമിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് കടത്തനാടൻ ചിത്രങ്ങളുടെ വീഡിയോ കണ്ടിട്ടും ഒക്കെയാണ് കേരളത്തിലെ പണ്ടത്തെ സ്ത്രീകളുടെ വേഷവിധാനം ഇതുപോലെ മുലക്കച്ചയും മറ്റും കെട്ടിയ സെക്സി ആയ വേഷമാണെന്ന് അറിയുന്നത്. എന്നാൽ യഥാർത്ഥത്തിൽ അന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണം എങ്ങിനെ ആയിരുന്നു? അവർ മാറ് മറച്ചിരുന്നോ? എന്നാണ് കസവു മുണ്ടും കസവു സാരിയും ഒക്കെ ഒക്കെ കേരളത്തിന്റെ സ്ഥിരം ആഘോഷ വസ്ത്രം ആയതു? അതോ അത് ഒരു ന്യൂനപക്ഷത്തിന്റെ മാത്രം വസ്ത്രമാണോ? സിനിമയും ടിവിയും കുട്ടികളുടെ ചിത്രകഥകൾ പോലും ചരിത്രത്തെ വളച്ചൊടിച്ചും പൊലിപ്പിച്ചും ആണോ അവതരിപ്പിക്കുന്നത്? ഇന്നത്തെ പെൺകുട്ടികൾ ശകുന്തളയെ പോലെ വസ്ത്രം ഉടുത്തു വന്നാൽ ഇന്നത്തെ സദാചാര ആങ്ങളമാർ അവരെ വച്ചേക്കുമോ? ഈ കാർട്ടൂൺ കണ്ടപ്പോൾ വന്ന ചിന്തകളാണ്… ഇതിനെപ്പറ്റിയൊന്നും അധികം ആലോചിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.