വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്‌ജാണ് പെണ്ണുങ്ങളെ ഉപദേശിക്കാൻ നടക്കുന്നത്

83

Nazeer Hussain Kizhakkedathu

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത് വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു.

പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ കാരണമെന്താണ്? എന്റെ ചെറുപ്പത്തിൽ കൊവേന്ത ചന്തയിൽ പച്ചക്കറിയും മീനും വിൽക്കുന്ന അനേകം ചന്ത പെണ്ണുങ്ങളെ കണ്ടും അതിലെ ചിലർ അയല്പക്കകാരായി ഉണ്ടായി അടുത്ത് പരിചയവും ഉള്ള ഒരാളാണ് ഞാൻ. തേങ്ങയും നെല്ലിക്കാപ്പുളിയും കോഴിമുട്ടയും ഉൾപ്പെടെ കുറെ സാധനങ്ങൾ ഞാനും കൊവേന്ത ചന്തയിൽ കൊണ്ടുപോയി വിറ്റിട്ടുമുണ്ട്. പലപ്പോഴും വെളുപ്പിനെ എറണാകുളം മാർക്കറ്റിൽ പോയി മൊത്തക്കച്ചവടക്കാരുടെ അടുത്ത് നിന്ന് പച്ചക്കറി വാങ്ങി അത് ബസിലോ ലോറിയിലോ കയറ്റി കൊവേന്ത ബസ് സ്റ്റോപ്പിൽ കൊണ്ടുവന്നു ഇറക്കി തലച്ചുമടായി മാർക്കറ്റിൽ കൊണ്ടുവന്ന ചില്ലറ കച്ചവടം നടത്തി മാന്യമായി അധ്വാനിച്ചു ജീവിക്കുന്നവരാണ് എന്റെ അറിവിൽ നിങ്ങൾ പുച്ഛത്തോടെ പറയുന്ന ഈ ചന്ത പെണ്ണുങ്ങൾ. മറ്റു ചിലർ ഫോർട്ട് കൊച്ചിയിലോ ചെല്ലാനത്തോ പോയി മീൻ വാങ്ങി കൊവേന്തയിൽ കൊണ്ടുവന്ന ചെറിയ പങ്ക് വച്ച് വിൽക്കും. രാവിലെ നാലു മണിക്ക് തുടങ്ങുന്ന ജോലിയാനു അവരുടേതും. അവരെ പുച്ഛിക്കാനും കുറ്റം പറയാനും സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കിട്ടുന്ന പണം കൊണ്ട് തിന്ന് വീർത്ത ഒരു രാഷ്ട്രീയക്കാരനും അവകാശമില്ല , പ്രത്യേകിച്ച് വായെടുത്താൽ തെറി പറയുന്ന പിസി ജോർജിന്.

ചന്ത പെണ്ണുങ്ങൾ തെറി പറയാറുണ്ട്, കാരണം ജീവിതത്തിന്റെ ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ ബസിൽ വച്ച് ആരെങ്കിലും പിച്ചുകയോ തോണ്ടുകയോ ചെയ്താൽ മറ്റു പെണ്ണുങ്ങളെ പോലെ മിണ്ടാതിരിക്കേണ്ട കാര്യം ഇവർക്കില്ല, ആങ്ങളയോ ഭർത്താവോ വന്ന് സ്ത്രീകൾക്ക് വേണ്ടി പ്രതികരിക്കേണ്ട ഗതികേടും അവർക്കില്ല, നല്ല പണിയെടുത്ത് തഴമ്പിച്ച കയ്യുണ്ട്, മാർകെറ്റിൽ നിലനിന്നു പോകുന്നതിനിടയിൽ പഠിച്ച തെറിയും ഉണ്ടാകും. അത് അവർ ആവശ്യമുള്ള ജോർജിനെ പോലുള്ള ഞരമ്പ് രോഗികളുടെ അടുത്ത് പ്രയോഗിക്കുകയും ചെയ്യും. അവരെ അറിയാവുന്നവർ കിട്ടിയത് വാങ്ങി പോകും, കൂടുതൽ ചൊറിയാൻ നിന്നാൽ അടി കിട്ടുകയും ചെയ്യും, ആവശ്യമില്ലാതെ അവർ ആരെയും തെറി വിളിക്കാറുമില്ല, തല്ലാറുമില്ല. എന്റെ ചെറുപ്പത്തിൽ ഉമ്മയുടെ കൂടെ വെളുപ്പിന് സെക്കന്റ് ഹാൻഡ് തുണിത്തരങ്ങൾ എടുക്കാൻ എറണാകുളം ചന്തയിൽ പോയിരുന്ന ഒരാൾ ആയത് കൊണ്ട് എനിക്ക് ഇത് നേരിട്ടറിയാം. അന്തി ചർച്ചകളിൽ വന്ന് തന്റെ തന്നെ സഹപ്രവർത്തകരെ ആവശ്യമില്ലാതെ ഊള തെറികൾ വിളിക്കുന്ന പിസി ജോർജിന് ഈ വ്യത്യാസം മനസിലാക്കാൻ ഉള്ള മാനസിക വളർച്ച കാണാൻ സാധ്യത കുറവാണു.

തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്ത് ബസുകളിൽ മീൻ കുട്ടയും കയറ്റി വരുന്ന സ്ത്രീകളുടെ അടുത്തും ഇതേ വീറും ഭാഷയും ഞാൻ കണ്ടിട്ടുണ്ട് (ഇപ്പോൾ മത്സ്യഫെഡ് അവർക്ക് പ്രത്യേകം ബസ് ഏർപ്പെടുത്തി എന്ന് തോന്നുന്നു). അവരുടെ ഭാഷ ഒരു പക്ഷെ നിങ്ങൾക്ക് അരോചകമായി തോന്നാം. പക്ഷെ അവർ സ്വന്തം അധ്വാനം കൊണ്ട് ജീവിച്ചു പോകുന്ന സാധാരണക്കാരായ സ്ത്രീകളാണ്. വേറെ വരുമാനമോ ജോലിയോ ഉണ്ടെങ്കിൽ ഒരു പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന ഭാഷയിൽ ഒക്കെ സംസാരിക്കാൻ നന്നായി അറിയാവുന്നവർ , പക്ഷെ നമ്മുടെ സമൂഹത്തിലെ ചില ജോലികളിൽ പുരുഷന്മാരോട് മുട്ടി നിൽക്കണമെങ്കിൽ ഇങ്ങിനെ ഉള്ള ചില നമ്പറുകൾ ഒക്കെ ഇറക്കണം എന്നറിയുന്നവരാണ് അവർ, അല്ലാതെ ജോർജ് സ്വന്തം സ്വഭാവത്തെ കുറിച്ച് കരുതുന്ന പോലെ നാട്ടിലും വീട്ടിലും എപ്പോഴും തെറി പറഞ്ഞു നടക്കുന്നവരല്ല. അടുത്തറിയുമ്പോൾ നമ്മൾ പുറത്തു കാണുന്ന ജീവിതസമരം കൊണ്ട് കഠിനമായ തോടിനകത്ത് ഏറ്റവും മൃദുവായ മനസുള്ളവരാണ് ജോർജ് ഈ പറയുന്ന ചന്ത പെണ്ണുങ്ങൾ.

രാഷ്ട്രീയക്കാർക്ക് പൊതുവെയും, നിയമസഭാ സാമാജികർക്ക് പ്രത്യകിച്ചും കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും എങ്ങിനെ മര്യാദയ്ക്ക് , പല ജനവിഭാഗങ്ങളെ വേദനിപ്പിക്കാതെ എല്ലാവരെയും ഉൾകൊള്ളുന്ന രീതിയിൽ ആയി സംസാരിക്കണം എന്നതിനെ കുറിച്ചും സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഒരു ക്ലാസ് കൊടുക്കുന്നത് നന്നായിരിക്കും.
പിസി ജോർജ് കേരളം നിയമസഭയ്ക് ഒരു നാണക്കേടാണ്. ഈ പറഞ്ഞ ചന്ത പെണ്ണുങ്ങൾ കൂടി കഷ്ടപ്പെടുന്നത് കൊണ്ടാണ് ജോർജിന് തന്റെ അണ്ണാക്കിലേക്ക് നാലുനേരം ഭക്ഷണം ഇറക്കാൻ കഴിയുന്നത് എന്നോർത്താൽ കൊള്ളാം.
He is nothing but a privileged male chauvinist pig