മുട്ട വിരിഞ്ഞു പതിനേഴു വർഷത്തോളം ഭൂമിയുടെ അടിയിൽ പുഴു രൂപത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് സിക്കാഡ

62

Nazeer Hussain Kizhakkedathu

അമേരിക്കയിൽ താമസിക്കുന്നവർ പലപ്പോഴും മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന തരത്തിൽ ഒരു ജീവിയെ കണ്ടിരിക്കും. കണ്ടാൽ കുറച്ചു ഭയം തോന്നുന്ന ഈ ജീവികൾ പക്ഷെ ആഴ്ച്കളോളം ഒരിടത്തു തന്നെ അനങ്ങാതെ ഇരിക്കുന്ന കണ്ടാണ് ഞാൻ ഒരിക്കൽ ഇവയെ കയ്യിൽ എടുത്തു നോക്കിയത്. ഒരു ജീവിയുടെ ഉള്ളു പൊള്ളയായ ഒരു പുറം ആവരണം മാത്രമായിരുന്നു അത്, ഊതിയാൽ പറന്നു പോകുന്ന അത്ര കനം കുറഞ്ഞ ഒന്ന്, പക്ഷെ പുറമെ നിന്ന് കണ്ടാൽ ശരിക്കും ഒരു ജീവിയാണെന്നു തോന്നും. ഇതിന്റെ ഉള്ളിലുള്ള ജീവി എവിടെ പോയി എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടു സികാഡ എന്ന ജീവിയെകുറിച്ചറിയുന്നത് വരെ. മുട്ട വിരിഞ്ഞു പതിനേഴു വർഷത്തോളം ഭൂമിയുടെ അടിയിൽ പുഴു രൂപത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് സിക്കാഡ. നീണ്ട പതിനേഴു വർഷങ്ങൾക്ക് ശേഷം നിംഫ് രൂപത്തിൽ അവ പുറത്തു വന്നു മരങ്ങളുടെ തൊലിയിൽ പറ്റിപിടിച്ചിരിക്കും. ചിത്രശലഭങ്ങളിൽ സംഭവിക്കുന്നത് പോലെ പുറത്തോ തോടിനകത്ത് വലിയ മാറ്റങ്ങൾ വരികയും മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന രൂപത്തിലുള്ള പുറംതോട് ഉപേക്ഷിച്ച് പുതുതായി ഉണ്ടായി വന്ന ചിറകുകൾ വീശി അവ പരിണാമപൂർത്തീകരണം കഴിഞ്ഞു പറന്നു പോകും. കോടിക്കണക്കിനു സിക്കാഡകൾ നമ്മുടെ ചുറ്റും പറന്നു നടക്കും. 2013 ലാണ് ന്യൂ ജേഴ്സിയിൽ അവസാനം ആയി അവ പുറത്തു വന്നത്. ഇനി 2030 ൽ വരും. ഇങ്ങിനെ ബാക്കിയാകുന്ന ഷെൽ ആണ് നമ്മൾ ഏതോ ജീവിയാണെന്നു തെറ്റിദ്ധരിക്കുന്നത്. Why are cicadas so noisy? | Britannicaഇന്ത്യൻ രാഷ്ട്രീയത്തിലും ഇത്തരം ചില പുറംതോടുകൾ ഉണ്ട്. അച്ഛനോ അമ്മയോ മറ്റു ബന്ധുക്കളോ രാഷ്ട്രീയത്തിൽ ഒരു പേരോ പാർട്ടിയോ ഉണ്ടാക്കി വയ്ക്കുകയും അവർ സ്വാഭാവികമായ പരിണാമം കഴിഞ്ഞു പറന്നു പോയിക്കഴിഞ്ഞ് മറ്റുള്ളവർക്ക് ശരിക്കും ഒരു ജീവിയാണെന്നു തോന്നിപ്പിച്ച് ജീവിക്കുന്ന തരത്തിലുള്ള ചില പുറംതോടുകൾ. ശക്തിയായി ഒന്നൂതിയാൽ പറന്നു പോകാവുന്ന ഈ പുറംതോടുകളെ ഏതോ വലിയ സംഭവമായി കണ്ട് അവയ്ക്ക് വേണ്ടി വില പേശുന്ന രാഷ്ട്രീയപാർട്ടികളോട് സഹതാപം മാത്രം.