കോൺഗ്രസ് രക്ഷപെടാൻ പത്ത് നിർദ്ദേശങ്ങൾ ..
ദേശീയതലത്തിലും കേരളത്തിൽ പ്രത്യേകിച്ചും കോൺഗ്രസ് രക്ഷപ്പെടണമെന്ന് അടിയിൽ കാക്കി ഇട്ടു നടക്കുന്ന ചില കോൺഗ്രെസ്സുകാരെക്കാൾ കൂടുതൽ ഇടതുപക്ഷക്കാരും നിഷ്പക്ഷകരും ആഗ്രഹിക്കുന്നുണ്ട്, കാരണം ബദലായി വരുന്ന വർഗീയ കക്ഷികളെ അകറ്റി നിർത്തിയില്ലെങ്കിൽ സംസ്ഥാനം മതാടിസ്ഥാനത്തിൽ ചിഞ്ചഭിന്നമാക്കാൻ കഴിവുള്ള സംഘ്പരിവാറാണ് കോൺഗ്രസ് അവശേഷിപ്പിക്കുന്ന ഒഴിവിലേക്ക് വരിക. ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയ്ക്ക് നമ്മൾ നിർദേശങ്ങൾ കൊടുക്കുന്നത് കുറച്ച് കടന്ന കയ്യാണെന്നറിയാം എന്നാലും കോൺഗ്രസ് രക്ഷപെടണമെന്ന അദമ്യമായ ആഗ്രഹം കൊണ്ട് ചില കാര്യങ്ങൾ കുറിക്കുന്നു.
1. എന്താണ് കോൺഗ്രസ്, എന്തിനുവേണ്ടിയാണ് കോൺഗ്രസ് എന്ന് വ്യക്തമായി നിർവചിക്കുക.
ബിൽ ഗേറ്റ്സ്, ഇലോൺ മസ്ക്, ജെഫ് ബെസോസ് എന്നിവരെ പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ പണക്കാരെ നോക്കിയാൽ കാണാവുന്ന ഒരു പൊതു കാര്യമുണ്ട്. ഇവരൊക്കെ വലിയ പണക്കാരാണെങ്കിലും പണം ഉണ്ടാകുക എന്നതല്ല ഇവരുടെ പ്രാഥമിക ലക്ഷ്യം, മറിച്ച് അവർ അവരുടെ താല്പര്യമുള്ള സോഫ്റ്റ്വെയർ നിർമാണം, ഇലക്ട്രിക്ക് കാര് നിർമാണം തുടങ്ങിയ വിഷയങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പണം ഒരു ഉപ ഉൽപ്പന്നമാണ് വന്നു ചേരുന്ന ഒരു കാര്യമാണ്.
രാഷ്ട്രീയത്തിലും വോട്ടിനും അധികാരത്തിനും വേണ്ടി പ്രവർത്തിച്ചാൽ വോട്ടും അധികാരവും വരില്ല, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും പ്രവർത്തകരും അവർ അടുത്ത് പെരുമാറുന്ന ജനതയുടെ സഹായത്തിനും ഉന്നമനത്തിനും വേണ്ടിയാണു പ്രവർത്തിക്കേണ്ടത്. എന്റെ ചുറ്റുവട്ടത്ത് പല സാധാരണക്കാരും ഒരാവശ്യം വരുമ്പോൾ ആദ്യം ഓടി ചെല്ലുന്നതോ, ഇവരുടെ ആവശ്യം അറിഞ്ഞു വരുന്ന രാഷ്ട്രീയക്കാരും എല്ലാം ചുരുക്കം ചില സന്ദർഭങ്ങളിൽ ഒഴിച്ച് ഇടതുപക്ഷ പ്രവർത്തകരാണ്. അത് കൊറോണ കാലം ആകട്ടെ, വെള്ളംപോക്കസമയം ആകട്ടെ സ്വാഭാവികമായി ആളുകളെ സഹായിക്കാൻ ഇവരുണ്ടാകും. വെള്ളപ്പൊക്കസമയത്ത് ഇല്ലാത്ത പൈസ സ്വന്തം പോക്കറ്റിൽ നിന്ന് എടുത്ത് ചിലവാക്കിയ ചേർത്തലയിലെ ഓമനക്കുട്ടന്റെ കഥ ഇതിനു നല്ലൊരുദാഹരണമാണ്.
കോൺഗ്രെസ്സുകാരിൽ അണികൾക്കും നേതാക്കന്മാരാണ് കൂടുതൽ. കാരണം സാധാരണക്കാരുടെ കൂടെ അധികം പ്രവർത്തിക്കാതെ തന്നെ നേതൃതലത്തിലേക്ക് ഉയരാൻ കഴിയുന്ന ഒരു പ്രസ്ഥാനമായി കോൺഗ്രസ് മാറി കഴിഞ്ഞു.
സ്വന്തന്ത്ര്യത്തിനു മുൻപുള്ള, അല്ലെങ്കിൽ അത് കഴിഞ്ഞ് ഇന്ദിരാഗാന്ധി കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നതിന് മുൻപ് വരെയുള്ള , നെഹ്രുവിയൻ ആശയങ്ങളും, ജനസേവനങ്ങളും രാഷ്ട്രനിർമാണവും തങ്ങളുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനമാക്കി കോൺഗ്രസ് മാറ്റണം. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കൂടെ നിൽക്കുന്ന ഒരു പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ആളുകളുടെ ഇടയിൽ ഒരു വിശ്വാസം കൊണ്ടുവരണമെങ്കിൽ കോൺഗ്രസ് അതിന്റെ അടിസ്ഥാന തത്വങ്ങൾ പുനർനിര്ണയിക്കുകയും അണികളെ പഠിപ്പിക്കുകയും വേണം. അതിനു നെഹ്രുവിന്റെ ചില പുസ്തകങ്ങൾ വായിച്ചാൽ മാത്രം മതി, അത്രയും മാത്രം ചരിത്ര പശ്ചാത്തലമുള്ള ഒരു സംഘടനയാണ് കോൺഗ്രസ്.
2. ജനങ്ങളെ ബഹുമാനിക്കാൻ പഠിക്കുക.
തിരഞ്ഞെടുപ്പ് തോറ്റു കഴിയുമ്പോൾ പല നേതാക്കളും പല കാരണങ്ങളും പറയും, പക്ഷെ യാതാർത്ഥ കാരണം വളരെ ലളിതമാണ്. ജനങ്ങൾ വോട്ടു ചെയ്തില്ല. എന്തുകൊണ്ട് ചെയ്തില്ല എന്നതിന് ജോസ് കെ മാണി വിട്ടുപോയത് കൊണ്ടും ഈയടുത്തു ഉണ്ടായിവന്ന ഇസ്ലാമോഫോബിയ കൊണ്ടും ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ട് എന്ന തരത്തിൽ മത / ജാതി അടിസ്ഥാനത്തിൽ നിങ്ങൾ കാരണങ്ങൾ കണ്ടുപിടിക്കുകയാണെങ്കിൽ കഷ്ടം എന്നെ പറയേണ്ടു. കാരണം തീവ്ര വലതുപക്ഷട്ടുള്ള ചുരുക്കം ചിലർ അല്ലാതെ, ജാതി മത അടിസ്ഥാനത്തിൽ വോട്ടു ചെയ്യുന്നവരല്ല ഭൂരിപക്ഷം മലയാളികളും. മതവും ജാതിയുമാണ് നിങ്ങളുടെ വോട്ട് ഷെയർ തീരുമാനിക്കുന്നതെങ്കിൽ ഒരു ആധുനിക ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് നിങ്ങൾ ഒരു പരാജയമാണ്.
3. ജനാധിപത്യം താഴെ തട്ടിൽ നിന്ന് തുടങ്ങുക..
എന്റെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം കിട്ടാനുള്ള യോഗ്യത മാത്രമേ രാഹുൽ ഗാന്ധിക്കുള്ളൂ. അദ്ദേഹം വലിയ ആഗ്രഹങ്ങൾ ഒക്കെ ഉള്ള നല്ലൊരു മനുഷ്യൻ ആണ് എന്ന കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല. പക്ഷെ ഒരു ജനാധിപത്യ രാജ്യത്ത് നിലകൊള്ളുന്ന ഒരു രാഷ്ട്രീയ കക്ഷിയിൽ ആദ്യം വേണ്ടത് ഉൾപാർട്ടി ജനാധിപത്യമാണ്. പ്രഥമിക തലത്തിൽ പ്രവർത്തിച്ചു പരിചയം ഉണ്ടായി കഴിവ് കൊണ്ട് മുകൾ തട്ടിലേക്ക് ഉയർന്നു വരേണ്ടവരാണ് നേതാക്കന്മാർ. അല്ലാതെ രാഹുൽ ഗാന്ധിയെ പോലെയും കാർത്തികേയന്റെ മകനെപോലെയും അച്ഛന്റെ തഴമ്പ് ആണ് നേതാവാകാൻ ഉള്ള യോഗ്യതയെങ്കിൽ കോൺഗ്രസ് അധികം നാൾ ഇതുപോലെ നിലനിന്നു പോകില്ല. കോൺഗ്രസിൽ ഇത് മനസിലാക്കിയ ഒരേ ഒരാൾ ഒരു പക്ഷെ രാഹുൽ ഗാന്ധി ആയിരിക്കും എന്നതാണ് ഇതിന്റെ വിരോധാഭാസം.
4. സ്വയം മാർക്കറ്റ് ചെയ്യാൻ പഠിക്കുക.
കേരളത്തിൽ കാര്യങ്ങളെ കുറിച്ച് നല്ല ആഴത്തിലുള്ള അറിവുള്ള ആളുകളാണുള്ളത്. രാവിലെ എഴുന്നേറ്റാൽ ഉടനെ വാർത്ത കാണുകയോ വായിക്കുകയോ ചെയുന്ന ഒരു സംസ്കാരം ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഒരു കാര്യത്തെ കുറിച്ച് അടിസ്ഥാനപരമായ ഒരു നിലപാട് എടുക്കുകയും അതെന്തുകൊണ്ട് എന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനും കോൺഗ്രസിന് കഴിയണം. പിണറായി വിജയൻറെ കൊറോണ കാലത്തെ വാർത്താ സമ്മേളനങ്ങളും , കേരളത്തിനെ അടുത്ത വികസന മാതൃക എന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ച പുതിയ ആശയങ്ങളും മറ്റും ( കൊറോണ കഴിഞ്ഞു കേരളം എന്ത് ചെയ്യാൻ പോകുന്നു എന്ന ഒരു മണിക്കൂർ നീളുന്ന ഒരു അടിപൊളി പത്രസമ്മേളനം ഉൾപ്പെടെ) ഇതുപോലെ വസ്തുതകളുടെയും ഇനി അവർ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെയും നല്ല മാർക്കറ്റിങ് ആണ്. പക്ഷെ കോൺഗ്രസ് മുന്നോക്ക സംവരണ വിഷയത്തിൽ ആയാലും, കൊറോണ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആയാലും ഇതുപോലെ ആഴത്തിലുള്ള വാർത്താസമ്മേളങ്ങൾ അധികം ഉണ്ടായിരുന്നില്ല. ആകെ ഒരു അപവാദം ശശി തരൂർ മാത്രമാണ്. കൊറോണ സമയത്ത് കേരളത്തിൽ ഏറ്റവും നിശബ്ദമായ് എന്നാൽ PPE കിറ്റുകൾ എത്തിക്കുക തുടങ്ങിയ പ്രവർത്തികൾ കൊണ്ട് ഏറ്റവും ഉച്ചത്തിൽ കോൺഗ്രസ് പ്രചാരണം നടത്തിയ ഒരേ ഒരാൾ അദ്ദേഹമാണ്.
UPA government നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങി അനേകം പദ്ധതികളും നെഹ്റു മുതലുള്ള സർക്കാരുകളുടെ നേട്ടങ്ങളും കൂട്ടിയാൽ കോൺഗ്രസിനും എണ്ണി പറയാൻ ഏറെയുണ്ട് കാര്യങ്ങൾ..
5. കാലം മാറി കഥ മാറി.
നാടിൻറെ വികസനം, വികസനത്തിന്റെ മാനേജ്മന്റ്, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സാധാരണക്കാരുടെ വിഷയങ്ങളിൽ ആണ് ഇത്തവണ ഇടതുപക്ഷ സർക്കാർ വോട്ടു പിടിച്ചിരിക്കുന്നത്. അവർ വളരെ ഭംഗിയായി അക്കാര്യങ്ങൾ ചെയ്യുന്നുംമുണ്ട്. കളിയുടെ നിലവാരം ഇടതുപക്ഷം വളരെ ഉയർത്തിയ സ്ഥിതിക്ക് കൊണ്ഗ്രെസ് അതിനേക്കാൾ മുകളിൽ പോയെ മതിയാകൂ. അടുത്ത തവണ അധികാരത്തിൽ വന്നാൽ നിങ്ങൾ ഇങ്ങിനെയുള്ള മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ധവളപത്രം ഒക്കെ പുറത്തിറക്കുന്നതും ലളിതമായി കാര്യങ്ങൾ വിശദീകരിക്കുന്നതും വളരെ അധികം സഹായിക്കും. അല്ലാതെ ആരോഗ്യരംഗം പുഴുവരിച്ചു, മുഖ്യമന്ത്രി സ്വർണം കടത്തി എന്നൊക്കെയുള്ള രാഷ്ട്രീയ പ്രസ്താവനകളിൽ വലിയ കാര്യമില്ല.
6. തല വെട്ടിക്കളയുമ്പോൾ വളരുന്ന ചെടികൾ.
എന്റെ വീട്ടിൽ വർഷങ്ങളായി ഒരു വേപ്പില ചെടി ഉണ്ടായിരുന്നു, ഏതാണ്ട് വളരെ മുരടിച്ച വസ്തയിൽ. ഞങ്ങൾ തന്നെ അതിനെക്കുറിച്ച് മറന്നിരിക്കുന്നു സമയത്താണ് ഒരു മാൻ വന്നു അതിന്റെ തല കടിച്ചുകൊണ്ടുപോയതു. പക്ഷെ അതിശയമെന്നു പറയട്ടെ, കടിച്ചുകൊണ്ടുപോയ തലയയുടെ അരികിൽ നിന്ന് അതിൽ അനേകം ശിഖരങ്ങൾ വളരാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ തന്നെ കൊല്ലത്തിൽ ഒരിക്കൽ എങ്കിലും ഈ ചെടിയുടെ തല വെട്ടിക്കളയും, കൂടുതൽ ശിഖരങ്ങൾ വളരുകയും ചെയ്യും. എന്റെ ചെറുപ്പത്തിൽ തന്നെ ഞാൻ കേട്ടുവളർന്ന എകെ ആന്റണിയും ഉമ്മൻചാണ്ടിയും എംഎം ഹസ്സനും ഒക്കെയാണ് ഇപ്പോഴും കോൺഗ്രസ് നേതാക്കന്മാർ. ഒരു പക്ഷെ തല വെട്ടിയാൽ, കുറച്ചു കാലം എടുത്താലും ആരോഗ്യമുള്ള ശിഖരങ്ങൾ മുളയ്ക്കാതിരിക്കില്ല.
7. നെഹ്റുവിലേക്ക് തിരികെ പോകുക.
ശബരിമല സമയത്ത് രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിനു എതിരായി സംസ്ഥാന കോൺഗ്രസ് നേതൃത്വം സുപ്രീം കോടതി വിധി നടപ്പിലാക്കരുത് എന്ന് തീരുമാനിച്ച് ബിജെപിയുടെ നിലപാടിന്റെ കൂടെ നിന്നത് ചോദ്യം ചെയ്തപ്പോൾ എന്റെ ഒരു കോൺഗ്രസ് സുഹൃത്ത് പറഞ്ഞത് അത് ബിജെപിക്ക് കയറിവരാൻ അവസരം ഇല്ലാതെയാക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ്. പക്ഷെ പിന്നീട് സ്ത്രീ സ്വാതന്ത്ര്യവും, അവരുടെ തുല്യതയും എന്ന വിഷയം വരുമ്പോൾ ഈ നിലപാട് തിരിഞ്ഞു കൊത്തും. താത്കാലിക ലാഭം ഒരു പക്ഷെ ഉണ്ടായേക്കാം. ഷാബാനു കേസിൽ രാജീവി ഗാന്ധി ചെയ്ത മണ്ടത്തരം കൊണ്ടുണ്ടായ ക്ഷീണം കോൺഗ്രസിന് ഇതുവരെ മനസിലായിട്ടില്ല. കോൺഗ്രസ് ശക്തിയായി നെഹ്റുവിനെ മാർക്കറ്റ് ചെയ്യേണ്ടതാണ്. കാരണം നെഹ്രുവിയൻ ചിന്തകളും മറ്റും ഇന്നത്തെ കാലഘട്ടത്തിൽ കോൺഗ്രസിനെതിരെ ഉന്നയിക്കുന്ന പല കാര്യങ്ങൾക്കും ഒരു മറുമരുന്നാണ്, അതുകൊണ്ടു തന്നെയാണ് ബിജെപി നെഹ്റുവിനെ ഇത്ര തീക്ഷ്ണമായി എതിർക്കുന്നതും.
8. അദൃശ്യരായ ഇന്ത്യക്കാരെ മുൻനിരയിലേക്ക് കൊണ്ടുവരിക. സംവരണത്തെ ശരിയായി മനസിലാക്കുക.
ഇടതുപക്ഷം കൊണ്ടുവന്ന മുന്നോക്ക സംവരണ എന്ന മണ്ടത്തരം കോൺഗ്രസിന് ലഭിച്ച നല്ലൊരു പിടിവള്ളിയായിരുന്നു. പക്ഷെ സംവരണത്തെയോ അംബേദ്കറെയോ നന്നായി മനസിലാക്കിയവർക്ക് മാത്രമേ ഇതിന്റെ പ്രശനം മനസിലാവുകയുള്ളൂ. അതിനു അംബേദ്കറെ നന്നായി വായിച്ച, നാട്ടിലെ അദൃശ്യനായ അടിസ്ഥാന വർഗത്തെയും ദളിതരെയും മനസിലാക്കിയ നേതൃത്ത്വം വേണം. കോൺഗ്രസിന് എന്തുകൊണ്ടോ മുന്നോക്ക സംവരണത്തിൽ ഇടതുപക്ഷത്തെ അനുകൂലിക്കാൻ ആണ് തോന്നിയത്. ഒരു ജാതി അടിസ്ഥാനപ്പെടുത്തി കിട്ടുന്ന വോട്ട് ഷെയർ നഷ്ടപെടുമെന്നുള്ള ഭയം ആകാം അതിനു കാരണം.
9. മതത്തെയും ജാതിയെയും രാഷ്ട്രീയത്തിൽ നിന്നകറ്റി നിർത്തുക.
മൃദു ഹിന്ദുത്വം തീവ്ര ഹിന്ദുത്വത്തിനുള്ള മറുപടിയല്ല. ശബരിമല പ്രശ്നത്തിൽ കോടതി വിധി എതിർത്താൽ താത്കാലിക ലാഭം മാത്രമേ ഉണ്ടാവൂ. മുസ്ലിം , ക്രിസ്ത്യൻ , ഹിന്ദു വർഗീയത സമാസമം കൊണ്ടുനടക്കുന്ന ഒരു മുന്നണി ആയിട്ടാണ് പലരും കേരളത്തിലെ കോൺഗ്രസ് മുന്നണിയെ. മത വർഗീയ കക്ഷികളെ എതിർക്കണമെങ്കിൽ സ്വയം ഒരു മതേതര നിലപാട് വേണം. ജമാഅത്തെ ഇസ്ലാമി, പല തരത്തിലുള്ള ക്രിസ്ത്യൻ സഭകൾ, എൻഎസ്എസ്, എസ്എൻഡിപി തുടങ്ങി അനേകം ജാതി മത സങ്കടങ്ങളെ സ്ഥാനാർഥി നിർണയത്തിൽ വരെ ഉൾക്കൊള്ളിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്കും നല്ലതല്ല. ജനങ്ങൾക്ക് അത് നൽകുന്ന സന്ദേശം മോശമാണ്. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് തുടങ്ങി മത അടിസ്ഥാനത്തിൽ ഉള്ള രാഷ്ട്രീയപാര്ടികളുമായി ബന്ധം തുടരണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.
10. സംഘടനയെ വ്യക്തിഗതം അല്ലാതാക്കുക. തരൂരിനെ പോലെ കഴിവുള്ള നേതാക്കളെ ഉയർത്തിക്കൊണ്ടു വരിക.
സിപിഎം, ബിജെപി എന്നീ സംഘടനകൾ ഒക്കെ കേഡർ പാർട്ടികളാണ്, അതിന്റെ ചില ഗുണങ്ങൾ അതിനുണ്ട്. അതൊന്നും വ്യക്തി അധിഷ്ടിതം അല്ല, മറിച്ച് ഒരു സിസ്റ്റം ആ പാർട്ടികളുടെ പിറകിലുണ്ട്. കോൺഗ്രസിനും അതെ സിസ്റ്റം മുൻപ് ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി തന്റെ മകൻ സഞ്ജയ് ഗാന്ധിയെ കൊണ്ടുവരുന്നത് വരെ. പിന്നീട് ഒരു കുടുമ്ബത്തിന്റെ പിടിയിൽ സംഘടനാ പെട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. ആ കുടുംബം മോശം ആണ് എന്നല്ല, മറിച്ച് ആരായാലും സംഘടനാ തിരഞ്ഞെടുപ്പിലൂടേ മാത്രമേ അധികാരത്തിൽ വരാൻ കഴിയൂ എന്ന അവസ്ഥ വേണം. ഓർക്കുക ഗാന്ധി നിർത്തിയ സ്ഥാനാർത്ഥിയെ പ്രസിഡന്റ് സ്ഥാനത്തേക്കു സംഘടന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ചരിത്രമുള്ള ഒരു സംഘടനയാണ് കോൺഗ്രസ്.
ഇതൊന്നും പെട്ടെന്നു നടക്കുന്ന കാര്യമല്ല എന്നറിയാം, പലതും ഉട്ടോപ്പിയൻ ആശയങ്ങളുമാണ്, പക്ഷെ ഇതുപോലെ ശതമായ ആലോചനകളും പ്രവർത്തികളും ഉണ്ടായില്ലെങ്കിൽ, ഇനിയൊരു ഇരുപത്തി അഞ്ചു വർഷം കഴിഞ്ഞു കോൺഗ്രസിന്റെ പൊടി പോലും ഉണ്ടാകില്ല കണ്ടുപിടിക്കാൻ. കോൺഗ്രസുകാരുടെ തെറിവിളി പ്രതീക്ഷിച്ചതിനു ഞാൻ ഇതെഴുതുന്നത് കാരണം മുൻ അനുഭവം അതാണ് 🙂