“ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും…”

255

Nazeer Hussain Kizhakkedathu

“ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും…”

കാണുന്ന ഓരോ ഫ്രെയിമിലും നമ്മുടെ വീട്ടിലെ ഉമ്മമാരെയും ഭാര്യയെയും ഓർമ വരുന്ന ഒരു കിടിലം പടം ആണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ. ഒന്നും പറയാനില്ല, കഥയും തിരക്കഥയും സംവിധാനവും പാട്ടും അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചം. സ്ത്രീകളുടെ ശവപ്പറമ്പുകളാണ് പല ഇന്ത്യൻ വീടുകളുമെന്ന് ഇതിനേക്കാൾ ഭംഗിയായി പറയാനാകില്ല. ഇത് കാണുന്ന ഓരോ ഭർത്താക്കന്മാരും, ആൺകുട്ടികളും കുറ്റബോധത്തോടെ അല്ലാതെ ഇനി കണ്ണാടിയിൽ നോക്കുമെന്ന് തോന്നുന്നില്ല. ഇത് കണ്ടപ്പോൾ ഓർമ വന്നത് പണ്ട് ഞാനെഴുതിയ ഒരു കുറിപ്പാണു, അത് താഴെ കൊടുക്കുന്നു.

“ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും…”

എവിടെയാണ് കേട്ടതെന്നോർമ്മയില്ല, ഏതോ സിനിമയിലോ, അതോ ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടതോ?
ഒരിക്കൽ വാഷിംഗ് മെഷീനിൽ തുണി ഇട്ടു കൊണ്ടിരിക്കുന്പോൾ ആണ് ഇത് ഓർമ വന്നത്. അലക്കാൻ ഇടുന്നതിൽ ഭാര്യയുടെ അടിപ്പാവാടയാണോ, കുട്ടികളുടെ അണ്ടെർവെയർ ആണോ എന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ അടിവസ്ത്രം ഭാര്യയ്ക്ക് അലക്കാമെങ്കിൽ എനിക്കതു ചെയ്യുന്നതിൽ എന്താണ് പ്രശ്നം.പുരുഷന്മാർ പുറത്തു പോയി ജോലി ചെയ്തു സന്പാദിക്കുന്നവരും, സ്ത്രീകൾ വീട്ടിലെ കുട്ടികളെ നോക്കുന്നവരും ആണെന്ന ഒരു ധാരണ ആയിരുന്നു എന്റെ കുട്ടിക്കാലത്ത്. അധികം പെണ്ണുങ്ങൾ ജോലിക്കു പോകാത്തവരാണെന്നും. പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ അത് തെറ്റാണെന്നു മനസിലാകുന്നു. എന്റെ വീടിനടുത്തുള്ള പല സ്ത്രീകളും ഐസ് കമ്പനി എന്ന് ഞങ്ങൾ വിളിക്കുന്ന മൽസ്യ സംസ്കരണ കേന്ദ്രങ്ങളിൽ ചെമ്മീൻ കിള്ളാൻ പോകുന്നവർ ആയിരുന്നു. വേറൊരു കൂട്ടുകാരന്റെ വീട്ടിൽ അച്ഛൻ മീൻ പിടിക്കും, ‘അമ്മ മാർക്കറ്റിൽ കൊണ്ട് പോയി വിൽക്കും. അന്ന് മീൻ വിൽക്കാൻ വരുന്ന ഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം വളരെ അധികം വർധിച്ചിട്ടുണ്ട്.

മനുഷ്യൻ വേട്ടയാടി നടന്ന സമയത്തും സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് വളരെ വലുത് ആയിരുന്നു. പുരുഷന്മാർ കുറച്ചു ദൂരെ പോയി കിട്ടുമോ എന്നുറപ്പില്ലാതെ മൃഗങ്ങളെ വേട്ടവേട്ടയാടുന്പോൾ , സമൂഹം നില നിർത്തി കൊണ്ട് പോയത് കൂടുതൽ സ്ഥിരമായി ലഭിക്കുന്ന പഴങ്ങളും ധാന്യങ്ങളും ശേഖരിക്കുന്ന സ്ത്രീകൾ ആയിരുന്നു. ഫിലിപ്പീൻസിലെ ചില ആദിവാസികളിൽ വേട്ടയാടുന്നത് പോലും സ്ത്രീകൾ ആയിരുന്നു.
പക്ഷെ വീട്ടിലെ കാര്യം എത്തുമ്പോൾ അന്നും ഇന്നും സമൂഹത്തിലെ മനോഭാവത്തിന്റെ അധികം മാറിയിട്ടില്ല. സ്ത്രീകളും ജോലിക്കു പോകുന്ന ഇക്കാലത്ത്, പുറത്തു ജോലി കഴിഞ്ഞു വന്നിട്ട് ഭക്ഷണം ഉണ്ടാക്കുന്നത്, വീട് വൃത്തിയാക്കുന്നത്, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത് , വസ്ത്രം അലക്കുന്നതു തുടങ്ങി അനേകം ജോലികളും ആയുള്ള മല്പിടുത്തതിൽ ആണവർ. മിക്ക പുരുഷന്മാരും പഴയ പുരുഷാധികാര വ്യവസ്ഥയുടെ ഓർമപ്പുറത്തു TV കാണുകയോ കൂട്ടുകാരെ കാണാൻ പോവുകയോ, അന്താരാഷ്ത്ര പ്രാധാന്യം ഉള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയോ ആയിരിക്കും. എങ്ങിനെ എങ്കിലും ജോലി സ്ഥലത്തു എത്തിയിട്ട് വേണം കുറച്ചു വിശ്രമിക്കാൻ എന്ന് പറയുന്ന കുറെ സ്ത്രീ സുഹൃത്തുക്കളെ എനിക്കറിയാം.

ഞാൻ മുൻപൊരിക്കൽ എഴുതിയപ്പോൾ പറഞ്ഞ പോലെ, ആദ്യത്തെ കുട്ടി ജനിച്ചപ്പോഴാണ് ഞാൻ വീട്ടിലെ പണികൾ ചെയ്തു തുടങ്ങിയത്. ചെയ്തു തുടങ്ങിയപ്പോഴാണ് അത് വരെ നിസാരം എന്ന് കരുതിയ ജോലികളെല്ലാം എത്രമാത്രം പ്രയാസം ഉള്ളതാണ് മനസിലായത്. അന്ന് മുതൽ വേർതിരിവില്ലാതെ രണ്ടു പേരും വീട്ടു ജോലി ചെയ്യും. പാത്രങ്ങൾ കഴുകാൻ ഉള്ളപ്പോൾ, അത് കഴുകി വയ്ക്കാതെ പോയാൽ ഒരു കുറ്റബോധം തോന്നുന്ന OCD വരെ എത്തി കാര്യങ്ങൾ. വസ്ത്രങ്ങൾ അലക്കാൻ ഇടുന്നതു മിക്കപ്പോഴും ഭാര്യയാണ്, ഇസ്തിരി ഇടുന്നതു എന്റെ ജോലിയും. അടുക്കളയിൽ രണ്ടു പേരും പാചകം ചെയ്യും ഇത്രയും നാളായതു കൊണ്ട് ആണ് എപ്പോൾ എന്ത് ഉണ്ടാക്കുന്നു എന്നൊന്നും നോക്കാറില്ല, ഫ്രിഡ്ജിൽ ഭക്ഷണം ഇല്ലെങ്കിൽ പാചകം ചെയ്യുക എന്ന ലളിതമായ സമവാക്യം ആണ്. കുട്ടികൾ വളർന്നപ്പോൾ, രണ്ടു കുട്ടികളുടെ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതു മൂത്ത മകനെ ഏൽപ്പിച്ചു, ഇളയ ആൾ ചിലപ്പോൾ ദോശ ഉണ്ടാക്കാൻ സഹായിക്കും…
2011ൽ ഐറിൻ കൊടുങ്കാറ്റു വന്ന സമയത്തു ഗോമതി നാട്ടിൽ ആയിരുന്നു. ഞങ്ങളുടെ അടുത്തുള്ള കുറെ വീടുകളിൽ കറന്റ് പോയി. ഞാൻ മട്ടൺ കറി കുറച്ചു കൂടുതൽ ഉണ്ടാക്കി അടുത്തുള്ള വീടുകളിൽ കൊണ്ട് പോയി കൊടുത്തു.

“ഗോമതിക്കെന്താ സുഖം, വീട്ടിൽ എല്ലാ ജോലിയും നസീർ ചെയ്യുമല്ലോ” പ്രതികരണം ഇങ്ങിനെ ആയിരുന്നു. ഇത് തന്നെ ഗോമതി ചെയ്തിരുന്നെങ്കിൽ ആർക്കും അത് അത്ര വലിയ കാര്യം ആയി തോന്നില്ലായിരുന്നു. ഇങ്ങിനെ ഉള്ള ഡയലോഗ് കേട്ട് മടുത്തിട്ടു ഗോമതി കുറേ നാളത്തേക്ക് എന്നോട് അടുക്കളയിൽ കയറരുത് എന്ന് ഓർഡറും ഇട്ടു 🙂 നാട്ടിൽ പോയപ്പോൾ ഇവിടുത്തെ ഓർമ വച്ച് അടുക്കളയിൽ പത്രം കഴുകാൻ കയറിയ എന്നെ ഉമ്മ വഴക്കു പറഞ്ഞു ഓടിച്ചു.പുറത്തു ജോലിക്കു പോകാത്ത സ്ത്രീകളുടെ കാര്യം ആണ് ഏറ്റവും കഷ്ടം. കുട്ടികളെ നോക്കുന്നതും വീട്ടു ജോലി ചെയ്യന്നതും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും , പുറത്തു ജോലിക്കു പോകുന്ന പുരുഷന്മാർ, ആ ഒരു കാരണം പറഞ്ഞു കൊണ്ട് വീട്ടിൽ ഒന്നും ചെയ്യില്ല. അതായത് നിരന്തരമായ ഒരേ പോലെ ഉള്ള വീട്ടു ജോലിയിൽ നിന്ന് ഒരു ബ്രേക്ക് ഇങ്ങിനെ ഉള്ള സ്ത്രീകൾക്ക് ഒരിക്കലും കിട്ടുന്നില്ല എന്നർത്ഥം. എന്നാൽ ബുദ്ധിമുട്ടുള്ള ജോലിയാണ് ചെയ്യുന്നത് എന്ന് ഒരു അംഗീകാരം ഒരിക്കലും ഇവർക്ക് കിട്ടുന്നുമില്ല. മാത്രമല്ല ഇങ്ങിനെ ഉള്ളവർക്ക് ഒരു തരത്തിലും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടാവാറില്ല.

ഇതിന്റെ മുകളിലാണ് മതത്തിന്റെ പേരിലുള്ള സ്ത്രീ പീഡനം. എന്റെ ഭാര്യയുടെ വീട്ടിലും ആർത്തവ സമയത്ത് പെൺകുട്ടികൾ വീടിന്റെ പുറത്ത് ഒരു മുറിയിലാണ് കിടക്കുന്നത്, കിടക്കയിൽ കിടക്കാൻ സമ്മതിക്കില്ല, പായ മാത്രം. അതുപോലെ തന്നെ വീട്ടിൽ ഒരതിഥി വന്നാലും സ്ത്രീകൾ അടുക്കളയിൽ ചായയും പലഹാരങ്ങളും ഉണ്ടാകുന്ന തിരക്കിലാകും, ആണുങ്ങൾ സ്വീകരണം മുറിയിൽ വർത്തമാനത്തിലും.
നമുക്കു ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. അത് ആഴ്ചയിൽ ഒരിക്കൽ ഭാര്യയും ഭർത്താവും ചെയ്യുന്ന ജോലികൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുക എന്നുള്ളതാണ്. ആഴ്ചയിൽ ഒരിക്കൽ ഭർത്താവു കുട്ടിയെ നോക്കട്ടെ, ഭക്ഷണം ഉണ്ടാക്കട്ടെ, വീട് വൃത്തിയാക്കട്ടെ. ഭാര്യ കറന്റ് ബിൽ അടക്കുകയൂം, കാറിന്റെ ഓയിൽ മാറ്റാൻ കൊണ്ട് പോവുകയും ചെയ്യട്ടെ. രണ്ടു പേർക്കും മറ്റേ ആളുടെ ബുദ്ധിമുട്ടുകൾ മനസ്സിൽ ആവുകയും കൂടുതൽ ബഹുമാനത്തോടെ ഇടപഴകാൻ ആവുകയും ചെയ്യും.

പാചകം ചെയ്യണമെന്ന് ഒരു ആണിനോട് പറഞ്ഞു നോക്കൂ, എനിക്കിതൊന്നും അറിയിലല്ല എന്ന് മറുപടി ഉടൻ വരും. ആരും പാചകം പഠിച്ചിട്ടല്ല അമ്മമാരുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നത്, ചെയ്തു ചെയ്തു പഠിക്കുന്നത് തന്നെയാണ്. ആണുങ്ങൾ അടുക്കളയിൽ കയറാതിരിക്കാൻ എടുക്കുന്ന ഒരു സൂത്രം മാത്രമാണ് പാചകം അറിയില്ല എന്ന വാദം. പുറത്ത് ഒറ്റക്ക് താമസിക്കുന്ന പുരുഷന്മാർ എത്ര വേഗമാണ് പാചകം പഠിച്ചെടുക്കുന്നത്.

പലപ്പോഴും അമ്മയുടെ ഭക്ഷണം ആണ് നല്ലത് എന്ന് ആണുങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. അത് അവർ ചെറുപ്പം മുതൽ തന്നെ അമ്മയുടെ ഭക്ഷണം കഴിച്ചു വളർന്നു അതിനോട് ശീലമായി പോയത് കൊണ്ടാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായി വിവാഹം കഴിഞ്ഞു പുരുഷന്റെ വീട്ടിൽ വരുന്ന സ്ത്രീകൾ ഉണ്ടാകുന്ന ഭക്ഷണം ശീലമായി വരാൻ കുറെ സമയം എടുക്കുമെന്ന് മാത്രം. ഓർക്കുക എന്റെ അമ്മയുടെ പാചകം ആണ് നല്ലത് എന്ന് നിങ്ങളുടെ ഭാര്യയെ കുറിച്ചായിരിക്കും നിങ്ങളുടെ മക്കൾ പറയാൻ പോകുന്നത്, അതിനു കാരണം അവർ ജനിച്ചത് മുതൽ ശീലിക്കുന്നത് നിങ്ങളുടെ ഭാര്യയുടെ ഭക്ഷണം ആയതുകൊണ്ടാണ്. നിങ്ങളും കൂടി അടുക്കളയിൽ കയറി പാചകം ചെയ്യാൻ തുടങ്ങി എന്റെ അച്ഛന്റെ പാചകമാണ് എനിക്കിഷ്ടമെന്ന് കുട്ടികളെ പറയുമ്പോൾ ഉണ്ടാകാൻ പോകുന്ന സന്തോഷം ആലോചിച്ച് നോക്കൂ..അപ്പോൾ എല്ലാ ആണുങ്ങൾക്കും സന്തോഷകരമായ പാചകം ആശംസിക്കുന്നു…. എന്ന് സ്നേഹപൂർവം ഭാര്യയുടെ അടിപ്പാവാട കഴുകുന്നതിൽ ഒരു കുഴപ്പവും കാണാത്ത ഒരു പെൺകോന്തൻ 🙂