ഇരുട്ടത്ത് തിളങ്ങുന്ന പൂച്ചകളും നിങ്ങളുടെ ഹൈ കൊളസ്ട്രോളും.
Nazeer Hussain Kizhakkedathu എഴുതിയത്
ഇവിടെ ഡോക്ടറുടെ അടുത്ത് വാർഷിക ആരോഗ്യ ചെക്കപ്പിന് പോകുമ്പോളെല്ലാം എന്നോട് ചോദിക്കുന്ന ചോദ്യമാണ് അച്ഛനമ്മമാർക്ക് എന്തെങ്കിലും അസുഖം ഉണ്ടോ / ഉണ്ടായിരുന്നോ എന്നത്. പല ആരോഗ്യ പ്രശ്നങ്ങളുടെയും പിറകിൽ തലമുറകളായി കൈമാറി വരുന്ന ചില ജീനുകൾ ഉണ്ടെന്നതാണ് ആ ചോദ്യങ്ങളുടെ അടിസ്ഥാനം. ഉദാഹരണത്തിന് എന്റെ ഉമ്മയ്ക്ക് പ്രമേഹം ഉണ്ട് , ഉമ്മയുടെ ഉമ്മയ്ക്ക്, ബാപ്പയ്ക്ക് ഒക്കെ പ്രമേഹം ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ബാപ്പയ്ക്ക് അധിക കൊളസ്ട്രോൾ മൂലം ഹാർട്ട് അറ്റാക്ക് വന്നത് കൊണ്ട്, എനിക്ക് അധിക കൊളെസ്ട്രോളിനും ഹാർട്ട് അറ്റാക്കിക്കിനുമുള്ള സാധ്യത കൂടുതലാണ്, കുടുംബത്തിൽ രണ്ടുപേർ കാൻസർ വന്നു മരണപ്പെട്ടത് കൊണ്ട്, കാൻസറിനുള്ള സാധ്യതയും അധികമാണ്. എല്ലാ രോഗങ്ങളും ഇതുപോലെ അച്ഛനമ്മമാരിൽ നിന്ന് പകരുന്നതല്ല , പക്ഷെ മുകളിൽ പറഞ്ഞ പോലെ കുറെയധികം രോഗങ്ങൾ പാരമ്പര്യമായി ഉണ്ടാകാം. മേല്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷനുകൾ മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് കൈമാറിവരുന്നത് കൊണ്ടാണിത്.
കഴിഞ്ഞ പത്തിരുപത് വർഷങ്ങൾക്കിടയിൽ ബയോടെക്നോളജി രംഗത്ത് നടന്ന ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് നമ്മുടെ ജീനിനെ എഡിറ്റ് ചെയ്തു നമുക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യാനും, ആവശ്യമുള്ള ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുന്ന ക്രിസ്പർ സാങ്കേതികവിദ്യ (CRISPR/Cas9). UC ബെർക്കിലിയിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ ഗവേഷണം നടത്തുന്ന Jennifer A. Doudna യ്ക്കും ഫ്രഞ്ച് ശാസ്ത്രജ്ഞയായ Emmanuelle Charpentier നും രണ്ടു വർഷങ്ങൾക്ക് മുൻപ് കെമിസ്ട്രിയിൽ നോബൽ സമ്മാനം ലഭിച്ചത് ഈ കണ്ടുപിടുത്തതിനാണ്. ജീനുകളിൽ മാറ്റം വരുത്തുന്ന പ്രക്രിയ പുതിയതല്ല. തിളങ്ങുന്ന ജെല്ലി ഫിഷിന്റെ ജീൻ പൂച്ചയുടെ ജീനിൽ കയറ്റി ഇരുട്ടത്ത് തിളങ്ങുന്ന പൂച്ചയെ ഉണ്ടാക്കിയതിനെ കുറിച്ച് പണ്ട് ഞാൻ എഴുതിയിട്ടുണ്ട്. എയ്ഡ്സ് രോഗം പ്രതിരോധിക്കുന്ന പൂച്ചകളെ ഉണ്ടാക്കുന്ന സമയത്ത് അങ്ങിനെയുള്ള ജീനുകളിൽ മാറ്റം വന്നോ എന്നറിയാൻ വേണ്ടി ശാസ്ത്രജ്ഞർ ഒരു മാർക്കർ ആയി കൂട്ടിച്ചേർത്തതാണ് ഈ പ്രകാശം പുറപ്പെടുവിക്കുന്ന ജീൻ.
മേല്പറഞ്ഞ പോലുള്ള ജീൻ മാറ്റങ്ങൾ സാധാരണ ജീവികളുടെ സിക്താണ്ഡത്തിലാണ് ചെയ്യുക ( Zygote) . അതായത് പൂച്ച ജനിക്കുന്നതിന് മുൻപ് അതൊരു കോശം മാത്രമായിരിക്കുന്ന സമയത്താണ് ഈ മാറ്റങ്ങൾ നടത്തുക. എന്നാൽ ക്രിസ്പേർ സാങ്കേതികവിദ്യ പൂർണ്ണവളർച്ചയെത്തിയ ഒരു ജീവിയുടെ ജീനുകൾ എഡിറ്റ് ചെയ്യാൻ സാധ്യമാക്കുന്ന ഒരു സാങ്കേതികവിദ്യയാണ്.
മുതിർന്ന ഒരാളുടെ ജീനുകൾ കൃത്യമായി എഡിറ്റ് ചെയ്യാം എന്ന് വച്ചാൽ അതിന്റെ സാധ്യതകൾ പറഞ്ഞാൽ തീരാത്ത അത്ര വലുതാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത ഉള്ള ജീനുകൾ അല്ലെങ്കിൽ ഉയർന്ന കൊളെസ്ട്രോളോ രക്തസമ്മർദ്ദമോ ഉണ്ടാക്കുന്ന ജീനുകൾ എഡിറ്റ് ചെയ്ത് മാറ്റി പകരം ആരോഗ്യമുള്ള ജീനുകൾ പിടിപ്പിച്ചാൽ നിങ്ങൾക്ക് പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത ഒഴിവാകും. ഈ എഡിറ്റിംഗ് നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകുന്നതിന് മുൻപാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ അടുത്ത എല്ലാ തലമുറകളിൽ നിന്നും ഈ രോഗം ഒഴിവാകും.
ജനിതകമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ഏതാണ്ട് എല്ലാ രോഗങ്ങളുടെയും അവസാനമായിരിക്കും CRISPR – Cas9 സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഇറങ്ങുന്നത് ചികിത്സകൾ. വളരെ കൃത്യമായി ജീൻ എഡിറ്റിംഗ് ചെയ്യാവുന്ന Prime editing അഥവാ CRISPR 3.0 ആണിപ്പോൾ താരം. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കഴിഞ്ഞ വർഷം ന്യൂസിലൻഡിലെ ഒരു യുവതിയുടെ ജീൻ എഡിറ്റ് ചെയ്തു അവരുടെ ഹൈ കൊളെസ്ട്രോൾ രോഗം ഭേദമാക്കി. അമേരിക്കയിലെ ബോസ്റ്റണിൽ ഉള്ള Verve Therapeutics എന്ന കമ്പനിയാണ് ഈ ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് പിറകിൽ. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം അനേകം പാരമ്പര്യ രോഗങ്ങൾക്ക് സുരക്ഷിതമായ ഒരു പരിഹാരം ഈ സാങ്കേതികവിദ്യ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം.
ഇത്രയും വായിച്ചപ്പോൾ ഡിഎൻഎ വേർതിരിക്കലും , ജീൻ എഡിറ്റിങ്ങും തുടങ്ങിയ പരീക്ഷണങ്ങൾ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ മാത്രമാണ് നടക്കുന്നത് എന്ന് ഇത് വായിക്കുന്ന ചിലർക്കെങ്കിലും തോന്നാം. ഞാനും അങ്ങിനെയാണ് കരുതിയിരുന്നത്. കുറച്ച് ഉപ്പും, മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന റബ്ബിങ് ആൽക്കഹോളും, ഡിഷ് വാഷിംഗ് സോപ്പും ഉണ്ടെങ്കിൽ നമ്മുടെ DNA നമ്മുടെ വീട്ടിൽ തന്നെ വേർതിരിച്ചെടുക്കാൻ എന്ന് ഹൈസ്കൂളിൽ പഠിക്കുന്ന ഇളയ മകൻ പറഞ്ഞാണ് ഞാനറിഞ്ഞത്. ഇതെങ്ങിനെ ചെയ്യാമെന്ന് വിശദമാക്കുന്ന അനേകം വീഡിയോ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.
ഏതാണ്ട് ഇതേപോലെ CRISPR/Cas9 സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീവികളുടെ DNA എഡിറ്റ് ചെയ്യാവുന്ന കിറ്റുകൾ ഇൻറർനെറ്റിൽ ഇപ്പോൾ ലഭ്യമാണ്. Raspberry Pi പോലുള്ള ചിലവ് കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ കമ്പ്യൂട്ടർ ഹാർഡ്വെയർ / സോഫ്റ്റ്വെയർ പഠിക്കുന്ന പോലെ , CRISPR കിറ്റ് ഉപയോഗിച്ച് ജീൻ എഡിറ്റിംഗ് വീട്ടിൽ ചെയ്യാവുന്ന സ്ഥിതിയാണ്. അമേരിക്കയിൽ നായകളെ വളർത്തി വിൽക്കുന്ന ഒരാൾ ഇത്തരം കിറ്റുകൾ ഉപയോഗിച്ച് തങ്ങൾക്ക് ആവശ്യമുള്ള ലക്ഷണങ്ങളും ആരോഗ്യവുമുള്ള പട്ടികളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഞാൻ പണ്ട് കണ്ടിട്ടുണ്ട്. CRISPR കിറ്റ് എന്ന് ഗൂഗിൾ ചെയ്താൽ ലിങ്കുകൾ ലഭിക്കും.
പ്രകാശസംശ്ലേഷണം ( photosynthesis ) എന്ന് നമ്മളിൽ പലരും സ്കൂളുകളിൽ പഠിച്ചിട്ടുണ്ട് , പക്ഷെ രണ്ടുതരം ഫോട്ടോസിന്തസിസ് ഉണ്ടെന്ന് പലർക്കും അറിയാത്ത ഒരു കാര്യമാണ്. നെല്ല് പോലുള്ള ചെടികൾ ഉപയോഗിക്കുന്ന C3 എന്ന പ്രകാശസംശ്ലേഷണത്തിനു വളരെയധികം ജലം ആവശ്യമാണ്, ഒരേ ഇടത്തിൽ നിന്നുള്ള ഉത്പാദനം കുറവുമാണ്. എന്നാൽ മരുഭൂമിയിലെ ചെടികൾ C4 എന്ന ഫോട്ടോസിന്തസിസ് ആണ് ഉപയോഗിക്കുന്നത്, ഇത് C3 യെക്കാൾ കൂടുതൽ കാര്യക്ഷമമാണ്. നമുക്ക് നെല്ലിലെ ജീനുകൾ മാറ്റി C3 ഫോട്ടോസിന്തെസിസിന് പകരം C4 ആക്കാൻ കഴിഞ്ഞു എന്ന് കരുതുക, ഇന്ന് ഒരേ ഇടത്തിൽ നിന്ന് ഉല്പാദിപ്പിക്കാവുന്നതിന്റെ പല ഇരട്ടി വിളവ് നമുക്ക് ഉല്പാദിപ്പിക്കാൻ കഴിയും. അരി പ്രധാന ഭക്ഷണമായ കേരളത്തിൽ ഇതിന്റെ ഗവേഷണം നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല.
കേരളത്തിൽ വ്യവസായങ്ങൾ ഇല്ലെന്ന് പറയുന്ന പലരും കരുതുന്നത് തമിഴ്നാട്ടിലോ ഗുജറാത്തിലോ ഉള്ളത് പോലെ വലിയ കാർ നിർമാണ ഫാക്ടറികൾ പോലുള്ളവ ഇവിടെ ഇല്ലെന്നാണ്. യഥാർത്ഥത്തിൽ പശ്ചിമഘട്ടത്തിനും അറബിക്കടലിലെ ഇടയിൽ കിടക്കുന്ന, സ്ഥലപരിമിതിയുള്ള കേരളത്തിന് വേണ്ടത് വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യവസായങ്ങളാണ്. CRISPR ഒരു വലിയ സാധ്യതയിലേക്കാണ് വാതിൽ തുറക്കുന്നത്.
ഇനി ഒരു രഹസ്യം പറയട്ടെ , നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ CRISPR സാകേതികവിദ്യ ഉപയോഗിക്കുന്ന കമ്പനികളും , അതിൽ ഗവേഷണം നടത്തുന്ന ആളുകളുമുണ്ട്. ഉദാഹരണത്തിന് AgriGenome എന്ന കമ്പനി CRISPR സാങ്കേതികവിദ്യ ഉപയോഗിച്ച് തക്കാളിയുടെ ഗുണങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്ന് ഹിന്ദു ബിസിനസ് ലൈൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതുപോലെ കൂടുതൽ കമ്പനികൾ തുടങ്ങി കേരളം ഒരു CRISPR ഹബ് ആയി മാറ്റാൻ കഴിയുമോ എന്നാണ് നമ്മൾ നോക്കേണ്ടത്. CRISPR Kerala എന്ന് ഗൂഗിൾ ചെയ്താൽ കേരളത്തിലെ കമ്പനികളുടെയും, കേരളത്തിലെ സർവകലാശാലകളിൽ നിന്ന് പ്രസിദ്ധീകരിച്ച ഗവേഷണ പേപ്പറുകളുടെയും ലിങ്ക് ലഭിക്കും. കേരളത്തിലെ എത്ര മാധ്യമങ്ങൾ പക്ഷെ ഇതൊക്കെ റിപ്പോർട്ട് ചെയ്യും എന്നെനിക്കറിയില്ല, അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, CRISPR സാങ്കേതികവിദ്യ എന്നോക്കെ എഴുതിയാൽ വായിക്കാൻ ആളുവേണ്ടേ? നമുക്ക് ഇപ്പോൾ പ്രധാനം, നടി അപർണയെ കയറിപ്പിടിച്ച പയ്യൻ എസ്എഫ്ഐ ആണോ കെഎസ്യു ആണോ എന്നതാണല്ലോ 🙂 വ്യക്തികളെയും സംഭവങ്ങളെയും ചർച്ച ചെയ്യുന്നതിനോടൊപ്പം ആശയങ്ങൾ കൂടി ചർച്ച ചെയ്യാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും പത്രങ്ങൾ വായിക്കുന്നവരും കൂടി മനസുവെക്കേണ്ടതുണ്ട്.