വേറൊരു മതത്തിലോ ജാതിയിലോ സംസ്കാരത്തിന്റെ നിന്ന് വിവാഹം കഴിക്കുമ്പോൾ തുറക്കുന്നത് അസാധാരണ ജീവിതാനുഭവങ്ങളാണ്

345

എഴുതിയത്  : Nazeer Hussain Kizhakkedathu

“ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? ”

വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്.

“അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക് ഞങ്ങളുടേതായ ജീവിത രീതികളും ഭക്ഷണ രീതികളുമുണ്ട്. വേറെ ജാതിക്കാരുമായി ഒരുതരത്തിലും യോജിച്ചു പോകാത്ത സംസ്കാരമുള്ള ഒരാളെ വിവാഹം കഴിച്ച് ബുദ്ധിമുട്ടി ജീവിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ? ഞങ്ങളുടെ ജീവിത / ഭക്ഷണ രീതികൾ മുന്നോട്ടു കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്.”

ജാതി ജീനിന്റെ ഭാഗമാണെന്നൊക്കെയുള്ള സുഹൃത്തിന്റെ മറുപടി കേട്ടിട്ട്, ഞാൻ സംസാരം അവിടെ നിർത്തി. പറഞ്ഞു മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾക്കൊക്കെ ഒരു ലിമിറ്റുണ്ടല്ലോ..

ഇക്കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു. പ്രണയവിവാഹമാണ്. കല്യാണം കഴിക്കുന്നത് വളരെ അധികം സ്വത്തുള്ള ഒരു കുടുംബത്തിലെ ഒരു അമേരിക്കക്കാരനെയാണ്. എന്റെ സുഹൃത്ത് ഹാപ്പിയാണെന്നു ഞാൻ പ്രത്യേകം പറയേണ്ടല്ലോ?

നമ്മൾ ഉയർന്നതെന്നു കരുതുന്ന ജാതിയോ, വെളുത്ത തൊലിയോ, വലിയ അധികാര സ്ഥാനമോ, സമ്പത്തോ കാണുന്നത് വരെയുള്ളൂ നമ്മുടെ ജാതി മത അഹംബോധമെല്ലാം. ഞാൻ തന്നെ ഒരു ആദിവാസി കുട്ടിയെയാണ് പ്രേമിച്ചു വീട്ടിൽ കൊണ്ടുവന്നതെങ്കിൽ എന്റെ ഉമ്മ എത്ര മാത്രം അത് അനുവദിച്ചു തരുമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും നല്ല സംശയമുണ്ട്. നമ്പൂതിരി മതം മാറി ക്രിസ്ത്യാനി ആയി എന്നൂറ്റം കൊള്ളുന്നവർ മാത്രമല്ല, മുസ്ലിങ്ങളിലും ചിലർ അങ്ങിനെയുണ്ട്.എത്ര തങ്ങൾമാർ ഒസാൻ കുടുംബങ്ങളിൽ നിന്ന് വിവാഹം ചെയ്തിട്ടുണ്ടെന്നന്വേഷിച്ചലറിയാം കേരളത്തിലെ മുസ്ലിങ്ങൾക്കിടയിലെ ജാതീയത.

എന്റെ അനുഭവത്തിൽ വേറൊരു മതത്തിലോ ജാതിയിലോ സംസ്കാരത്തിന്റെ നിന്ന് വിവാഹം കഴിക്കുമ്പോൾ തുറക്കുന്നത് അസാധാരണ ജീവിതാനുഭവങ്ങളാണ്. മീനില്ലാതെ ഭക്ഷണം ഇറങ്ങാതിരുന്ന എന്റെ ഇന്നത്തെ പ്രിയ ഭക്ഷണം തൈരുസാദവും മോരുമുളകും ആയതിന്റെ പിന്നിലെ കാരണവും വേറൊന്നല്ല. മാത്രമല്ല ഇവർ നവരാത്രിയുടെ ഭാഗമായി ഉണ്ടാക്കുന്ന ചുണ്ടലും ഫോർട്കൊച്ചിയിൽ പുട്ടിന്റെ കൂടെ കിട്ടുന്ന കടലയും ഒരേ സാധനമാണെന്നുള്ള തിരിച്ചറിവിനും ഇത്തരം ബന്ധങ്ങൾ കാരണമാകും..  അപ്പോൾ എല്ലാവർക്കും ബൊമ്മക്കൊലു / നവരാത്രി ആശംസകൾ..