തെക്കനും വടക്കനും മഹാപ്രളയവും

326

Nazeer Hussain Kizhakkedathu എഴുതുന്നു 

“തെക്കനേയും മൂർഖനെയും കണ്ടാൽ ആദ്യം തെക്കനെ തല്ലിക്കൊല്ലണം…”

“കോഴിക്കോട് പോയിട്ട് ചില്ലറ പൈസ നിലത്തു പോയാൽ കുനിഞ്ഞു നിന്നെടുക്കരുത്, കുണ്ടന്മാരുടെ സ്ഥലമാണ് സൂക്ഷിക്കണം…”

Nazeer Hussain Kizhakkedathu

പലപ്പോഴായി കേട്ടിട്ടുള്ള ചില വംശീയ/പ്രാദേശിക വൃത്തികേടുകൾ ഈ പ്രളയ കാലത്തും കേൾക്കുന്നത് കൊണ്ട് എനിക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് പറയാം.

1. എം സി എ പഠിക്കുമ്പോൾ ഒരു ചെറിയ ജോലി തന്നു സഹായിച്ചത് കോളേജിൽ ഞങ്ങളെ പഠിപ്പിച്ച കൃഷ്ണൻ കുട്ടി സാറാണ്. തനി തിരുവനന്തപുരത്തുകാരൻ. സാറിന്റെ അമ്മയുടെ കയ്യിൽ നിന്ന് കുറെ ദോശ കഴിച്ചിട്ടുണ്ട്.

2. ഒരു ട്യൂഷൻ സെന്ററിൽ സഹായിക്കുന്നു എന്ന ഒരേ ഒരു ബന്ധം കൊണ്ട് എന്റെ ഒരു സെമസ്റ്റർ ഫീസ് ഞാൻ അറിയാതെ തന്നെ കൊടുത്തത് കോളേജിൽ തന്നെ ഉള്ള രാധാദേവി ടീച്ചറാണ്. ടീച്ചറുടെ വീട്ടിൽ നിന്നും കുറെ ഭക്ഷണം കഴിച്ചിട്ടുണ്ട്. പദ്മനാഭ സ്വാമി ക്ഷേത്രത്തിനു പിറകു വശത്തു താമസിക്കുന്ന ടീച്ചറും തിരുവനന്തപുരത്തുകാരിയാണ്. പഠനത്തിൽ കുറച്ച് ഉഴപ്പിയ സമയത്ത് ഒരമ്മയെ പോലെ ശാസിച്ച റഷീദ ടീച്ചറും തിരുവനന്തപുരത്ത്കാരി തന്നെയാണ്.

3 . എം സി എക്ക് ഹോസ്റ്റലിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ ഫീ കൊടുത്തു കഴിഞ്ഞു ബില് കാണിച്ചാൽ മാത്രമേ ബാങ്കിൽ നിന്ന് അതിനുള്ള പണം ലോണിന്റെ ഭാഗമായി പാസ്സായി കിട്ടുകയുളൂ. അന്നെല്ലാം എനിക്ക് പണം തന്നു സഹായിച്ചത് എന്റെ പ്രിയ സുഹൃത്ത് ഇർഷാദാണ്, കോഴിക്കോടുകാരൻ

4. ആദ്യമായി സ്വവർഗ അനുരാഗി ആയ ഒരാൾ താല്പര്യം ഉണ്ടോ എന്നറിയാൻ എന്നെ സമീപിച്ചതും തിരുവനന്തപുരത്തു നിന്ന് തന്നെയാണ്. താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ ഒരു പ്രശനവും ഉണ്ടാക്കാതെ പോവുകയും ചെയ്തു. ഇത് പിന്നെ പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്. ഞാൻ കോഴിക്കോടായിരുന്നു പഠിച്ചിരുന്നതെങ്കിൽ ഈ അനുഭവം അവിടെ ഉണ്ടാകുമായിരുന്നു എന്നെനിക്കുറപ്പാണ്, കാരണം സ്വവർഗ അനുരാഗികളെ അംഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മളിപ്പോഴും.

5. രണ്ട് വർഷങ്ങൾക്ക് മുൻപ് തിരൂർ / കോഴിക്കോട് ഭാഗത്തു വന്നപ്പോഴും മലബാറുകാരുടെ സ്നേഹം നേരിട്ടനുഭവിച്ചതാണ്. അജിത് , മജീദ്, ഷാജഹാൻ തുടങ്ങിയവർ മുതൽ ഇല്ലാത്ത സമയം ഉണ്ടാക്കി കോഴിക്കോട് മുഴുവൻ ഞങ്ങളെ ചുറ്റി നടന്നു കാണിച്ച അമിത് കുമാർ വരെ. മലബാറിനെ മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്‍തമാക്കുന്ന എന്തോ ഒന്നുണ്ട്. പക്ഷെ അതിനർത്ഥം മറ്റുള്ളവർ മോശമാണെന്നല്ല, അവർ ഒരു പക്ഷെ സ്നേഹം പുറത്തേക്ക് പെട്ടെന്ന് പ്രകടിപ്പിക്കുന്ന കൂട്ടരാവണം എന്നില്ല.

6. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വള്ളത്തിൽ നമ്മുടെ ജീവൻ രക്ഷിക്കാൻ വന്നവരിൽ പൂന്തുറ മുതൽ കണ്ണമാലി വരെ ഉളളവർ ഉണ്ടായിരുന്നു. ആരും ജില്ല നോക്കിയല്ല അന്ന് സഹായിക്കാൻ ഓടി വന്നത്.

മനുഷ്യൻ മനുഷ്യനെ സഹായിക്കാൻ ഉള്ള മനസ്ഥിതിയോടെ ജനിക്കുന്ന ഒരു വർഗമാണെന്നു എനിക്ക് തോന്നുന്നു. എന്നിട്ട് ഇപ്പോൾ എന്ത് കൊണ്ട് ആളുകൾ സഹായിക്കാൻ മടിക്കുന്നു എന്ന് നോക്കിയാൽ അതിനു ഞാൻ കാണുന്ന ചില കാര്യങ്ങൾ ഇവയാണ്

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൈസ അയക്കരുതെന്ന് വലിയ തോതിൽ സംഘപരിവാർ പ്രചാരണം നടത്തുന്നുണ്ട്. ഇത് ചെറുക്കാൻ ഉള്ള ഒരുവിധ സന്നാഹങ്ങളും വേറെ പാർട്ടികൾക്കോ സർക്കാരിനോ ഉണ്ടെന്നു തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോകുന്ന ഓരോ പൈസയും പുറത്ത് ഒരു കാര്യത്തിന്ന് ചിലവാക്കാൻ കഴിയില്ല എന്ന സന്ദേശം എല്ലവരിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഹരീഷ് എഴുതിയത് അതേപടി താഴെ കൊടുക്കുന്നു.

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കഴിഞ്ഞ ദുരന്തകാലത്ത് വന്ന ഒറ്റപൈസ വകമാറ്റി ചെലവഴിച്ചിട്ടില്ല. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയാണ് അത് ചെലവഴിക്കുന്നത്. അത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ monitoring നടക്കുന്നുമുണ്ട്.

മറിച്ചുള്ള പ്രചാരണം നുണയാണ്. ദുരിതാശ്വാസനിധിയിൽ എത്തുന്ന പണം അർഹർക്ക് കിട്ടില്ലെന്ന്‌ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികളാണ്.
മന്ത്രിമാർക്ക് വിദേശത്ത് പോകാനും മോഡി പിടിപ്പിക്കാനും ഏത് സർക്കാർ ഭരിച്ചാലും ബജറ്റിൽ പണമുണ്ട്. അതുമിതും കൂട്ടി കുഴയ്ക്കരുത്.

നേരിട്ടോ സാധാനമായോ സഹായം എത്തിക്കാൻ പറ്റാത്തവർക്ക് ഇന്നും CMDRF ഒരു നല്ല, വിശ്വസ്ത സഹായവഴിയാണ്.”

ആളുകളെ മുഴുവനായി കുറ്റം പറയാനും കഴിയില്ല കാരണം കിട്ടിയ പണം എവിടെ എങ്ങിനെ ചിലവാക്കി എന്ന് കാണിക്കുന്ന ഒരു വെബ്സൈറ്റ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. ശരിയായി ചിലവഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് അങ്ങിനെ ചെയ്യുന്നു എന്ന് ആളുകളെ ബോധ്യപ്പടുത്തേണ്ടത്.

ഒരു തമാശ ഇങ്ങിനെ കണക്കു നോക്കുന്ന ആരും തന്നെ സേവാ ഭാരതിക്ക് കിട്ടിയ പൈസ എങ്ങിനെ എവിടെ ചിലവാക്കി എന്ന കണക്ക് ചോദിക്കില്ല എന്നതാണ്.

2. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിന്ന് ഒരു പാഠവും പഠിച്ചില്ല എന്ന ശ്രീധരൻ സാറിന്റെ ഒരു കമന്റ് വായിച്ചു. ഭാഗികമായി യോജിക്കുന്നു. എന്ത് കൊണ്ട് വെള്ളപ്പൊക്കം സംഭവിച്ചു , തടയാൻ ഇനി എന്ത് ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നു എന്നെല്ലാം ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ നവകേരളം പദ്ധതി ഒരു പിഡിഫ് ഡോക്യൂമെന്റിൽ മാത്രം ഒതുക്കാതെ ഓരോ സമയവും എന്തൊക്ക ചെയ്തു എന്ന കാര്യങ്ങൾ ജനങ്ങളോട് കൂടുതൽ സുതാര്യം ആയി പറയേണ്ട ചുമതല സർക്കാരിനുണ്ട്.

പക്ഷെ ഇതൊന്നും പറയേണ്ട സമയം ഇതല്ല. ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം സഹായം ആവശ്യമുള്ളവരെ എത്രയും പെട്ടെന്ന് സഹായിക്കുക എന്ന നമ്മുടെ പ്രാഥമിക കടമയാണ്. ഒരിക്കൽ നമ്മൾ അതിജീവിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്. ഇത്തവണയും നമ്മൾ അതിജീവിക്കും എന്ന് എനിക്കുറപ്പുണ്ട്.

മലബാറിനെ ഈ വെള്ളപ്പൊക്കത്തിൽ നിന്ന് ആളും അർത്ഥവും കൊടുത്ത് കരകേറ്റാൻ ഉള്ള കഴിവ് തെക്കൻ കേരളത്തിനുണ്ട്. പക്ഷെ പല കളക്ഷൻ സെന്ററുകളിലും കഴിഞ്ഞ തവണ എത്തിയതിന്റെ പകുതി പോലും സാധനങ്ങൾ എത്തുന്നില്ല. നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ ദയവായി അടുത്തുള്ള കളക്ഷൻ സെന്ററിൽ ആവശ്യമുള്ള സാധനങ്ങൾ എത്തിക്കുമല്ലോ…

സ്‌നേഹം….