നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്

195

Nazeer Hussain Kizhakkedathu

നിങ്ങൾ എങ്ങിനെയാണ് ലൈംഗികതയെ കുറിച്ച് പഠിച്ചത്? പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ നിന്നാണെന്ന് മാത്രം പറയരുത്. മിക്കവാറും ടീച്ചേർസ് എടുക്കാതെ വിടുന്ന ഒരു പാഠമാണത് , എടുത്താൽ തന്നെ സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങളെ കുറിച്ച് പറയുമ്പോൾ ഓടിച്ചു പോകുന്ന ഒന്ന്. നമ്മളിൽ പലരും സ്ത്രീ പുരുഷ ലൈംഗികത പഠിക്കുന്നത് സ്കൂളിന് പുറത്തു നിന്നാണ്, പലപ്പോഴും ശരിയായ അറിവായിരിക്കില്ല ഇത്. എന്നാൽ അമേരിക്കയിലെ സ്കൂളുകളിൽ പല ഘട്ടങ്ങളായി ലൈംഗികാ വിദ്യാഭ്യാസ ക്ലാസുകൾ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ആയി തുടങ്ങുന്ന ഈ ക്ലാസുകൾ പിന്നീട് രണ്ടു പേരെയും ഒരുമിച്ചു ഇരുത്തി ഉള്ള ഒരു ക്ലാസ്സിൽ അവസാനിക്കുന്നു. നാണം തോന്നാതെ കുട്ടികളോട് ലൈംഗികതയെ കുറിച്ചും ആർത്തവത്തെ കുറിച്ചുമെല്ലാം സംസാരിക്കാൻ മാതാപിതാക്കളെയും കുട്ടികളെയും പ്രാപ്തരാക്കുന്ന പല വിഡിയോകൾ അടങ്ങിയതാണ് ഈ കോഴ്സുകൾ.
ഈ വിഡിയോകൾ താഴെ പറയുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നു.
1) സ്ത്രീ പുരുഷ ലൈംഗിക അവയവങ്ങൾ ഏതൊക്കെയാണ്, അവ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
2) പ്രായപൂർത്തി ആകുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ. ആർത്തവം, രോമവളർച്ച, സ്‌തന വളർച്ച എന്നിവ ഇതിൽ ഉൾപ്പെടും.
3) വൃഷണങ്ങൾ ഉൾപ്പെടെയുള്ള ലൈംഗിക അവയവ സംരക്ഷണം.
4) കൗമാരത്തിൽ സംഭവിക്കുന്ന മാനസികവും ശാരീരികവും ആയ മാറ്റങ്ങൾ. ആൺകുട്ടികൾക്ക് പെണ്കുട്ടികളോടും തിരിച്ചും തോന്നുന്ന ആകർഷണം സ്വാഭാവികമാണ് എന്നുള്ളത്.
5) സ്വയംഭോഗം സ്വാഭാവികമായ ഒരു പ്രക്രിയ ആണെന്നുള്ളത്
6) ആൺകുട്ടികളിൽ സ്വപ്നസ്ഖലനം സ്വാഭാവികം ആണെന്നുള്ളത്.
7) ആൺകുട്ടികളും പെൺകുട്ടികളും വളരുന്നത് വ്യത്യസ്‍ത സമയങ്ങളിൽ വ്യത്യസ്‍ത അളവിൽ ആണെന്നുള്ളത്
8) ആൺകുട്ടികളിൽ ശബ്ദ മാറ്റം സ്വാഭാവികം ആണെന്നുള്ളത്.
9) ആണ്കുട്ടികളിലും പെണ്കുട്ടികളിലും മുഖക്കുരു സ്വാഭാവികം ആണെന്നുള്ളത്. അത് വൃത്തിയായി സൂക്ഷിക്കാൻ ഉള്ള നിർദ്ദേശങ്ങൾ.
10) പെൺകുട്ടിക്കൾക്ക് വ്യത്യസ്‍ത ബ്രാ സൈസുകളും, പാഡ് സൈസുകളും ആർത്തവ കപ്പും പരിചയപ്പെടുത്തുന്നത്.
11) സ്ത്രീകളും പുരുഷനും എങ്ങനെയാണ് ബന്ധപ്പെടുന്നത്, എങ്ങിനെ ഗര്ഭധാരണം തടയാം. കോണ്ടം എങ്ങിനെ ശരിയായി ഉപയോഗിക്കാം.
12) HIV ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ എന്താണ് അവ എങ്ങിനെ പടരുന്നു.
13) നിങ്ങൾക്ക് ഇഷ്ടമില്ലാതെ ഒരാൾ സെക്സിനു നിർബന്ധിച്ചാൽ എന്ത് ചെയ്യണം.
ഇതൊക്കെ നിങ്ങളുടെ കുട്ടികൾ ശരിയായ മാർഗത്തിലൂടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇവ അവരോട് സംസാരിക്കാൻ നിങ്ങൾക്ക് വൈമുഖ്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ മൂന്നു വിഡിയോകൾ അവരോട് കാണാൻ പറയൂ. നമ്മളുടെ കുട്ടികൾ ശരിയായ ലൈംഗിക വിദ്യാഭ്യാസം നേടി വളരട്ടെ.