എഴുതിയത്  : Nazeer Hussain Kizhakkedathu

ദേശീയ ന്യൂനപക്ഷവകാശ കമ്മീഷൻ അധ്യക്ഷൻ ജോർജ് കുര്യനും “ദേശീയ മുസ്ലിം” ആയ ബിജെപി അംഗം അലി അക്ബറും, മറുനാടൻ മലയാളിയും, ദീപികയും എല്ലാം ലൗ ജിഹാദ് എന്ന് വലിയ വായിൽ നിലവിളിച്ച ഒരു കേസിലെ “ഇര” ആയ പെണ്കുട്ടി പ്രധാനമന്ത്രിക്കയച്ച കത്തിലെ വരികളാണ് താഴെ.

“ഞാൻ ആയിഷ (സിയാനി ബെന്നി), ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ഒരു പൗരയെന്ന നിലയിൽ, രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.

ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിൽ എത്തിയതെന്നും എന്റെ ഇച്ഛാസ്വാതന്ത്ര്യത്തിലാണ് മതപരിവര്‍ത്തനം നടത്തിയതെന്നും അറിയിച്ചിരുന്നു. എന്നെ തട്ടിക്കൊണ്ടുപോയി അല്ലെങ്കിൽ ഞാനൊരു തീവ്രവാദ സംഘത്തിന്റെ ഭാഗമാണ് എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് സംസ്ഥാനത്തോടും പൊലീസിനോടും മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. എന്റെ രാജ്യത്തോ മറ്റ് എവിടെയെങ്കിലുമോ സമാധാനത്തോടെ ജീവിക്കാന്‍ വിടണമെന്നും അഭ്യര്‍ഥിക്കുന്നു. നിലവിലുള്ള കേസ് പിന്‍വലിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.”

വന്ന് വന്ന് മുസ്ലിം ആണ്കുട്ടികൾ വേറെ മതത്തിൽ പെട്ട ഒരു പെണ്കുട്ടിയെ പ്രേമിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ചാൽ ഉടനെ ആളുകൾ ഉപയോഗിക്കുന്ന ഒരു വാക്കായി ലൗ ജിഹാദ് മാറിയിരിക്കുകയാണ്. NIA വരെ അനേകം കേസുകൾ അന്വേഷിച്ച് കഴമ്പില്ല എന്ന് കോടതിയിൽ റിപ്പോർട്ട് കൊടുത്ത ഒരു കാര്യമാണിത്. പക്‌ഷേ പല മാധ്യമങ്ങളും ലൗ ജിഹാദ് ഇല്ലെന്ന വാർത്തകൾ പലപ്പോഴും കൊടുക്കുകയുമില്ല.

ഇതിനർത്ഥം ഞാനീ വിവാഹത്തെ പിന്തുണക്കുന്നു എന്നല്ല. രണ്ടു കാര്യങ്ങളിൽ എനിക്കീ വിവാഹത്തോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല.

1. സാമ്പത്തിക ഭദ്രത ഇല്ലാതെ രണ്ടുപേർ വിവാഹത്തിൽ ഏർപ്പെടരുത്, പ്രത്യേകിച്ച് ഇന്ത്യയിലെ പെണ്കുട്ടികൾ. കാരണം വിവാഹം കഴിഞ്ഞ് ഏതെങ്കിലും കാരണം കൊണ്ട് ആ ബന്ധത്തിൽ നിന്ന് പുറത്തുവരണം എന്നു തോന്നിയാൽ സ്വന്തം കാലിൽ നിൽക്കുന്നവർക്കെ അത് സാധിക്കൂ. പലരും കൗമാരത്തിലെ infactuation നെ പ്രേമം എന്ന് തെറ്റിദ്ധരിച്ച് വിവാഹത്തിലേക്ക് എടുത്തു ചാടുന്നവരാണ്. ഈ വാർത്തയിൽ പറയുന്ന കുട്ടിക്ക് സ്വന്തമായി ജോലിയുണ്ടെന്ന് തോന്നുന്നില്ല.

2. വിവാഹം കഴിക്കാൻ വേണ്ടി മതം മാറുന്നത് വലിയ വൃത്തികേടാണ്. മതവും ദൈവവിശ്വാസവും എല്ലാം ഒരാളുടെ സ്വാകാര്യ കാര്യമാണ്. കല്യാണം കഴിക്കാൻ വേണ്ടി ചെക്കന്റെ മതത്തിലേക്ക് മാറണം എന്നാരെങ്കിലും പറഞ്ഞാൽ ആ ബന്ധം ഇട്ടിട്ടു പോകാൻ ഒരു മടിയും കാണിക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ന് മതം മാറാൻ പറയുന്നവർ നാളെ നിങ്ങളുടെ വ്യക്തിത്വത്തിലെ മറ്റു കാര്യങ്ങൾ മാറ്റാൻ പറയില്ല എന്നാരു കണ്ടു. ഈ വാർത്തയിലെ മതം മാറ്റം പ്രേമിച്ച് വിവാഹം കഴിക്കാൻ വേണ്ടി മാത്രം ആണെന്ന് ഉറപ്പാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.