സുകുമാർ അഴിക്കോടിന്റെ ആ മറുപടി അന്നത്തെ കോൺഗ്രസുകാരുടെ ചങ്കിലാണ് കൊണ്ടത്

151

Nazeer Hussain Kizhakkedathu

പണ്ട് നേരെ ചൊവ്വേ എന്ന പരിപാടിയിൽ സുകുമാർ അഴീക്കോടിനെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ജോണി ലൂക്കോസ് ചോദിച്ച ഒരു ചോദ്യമുണ്ട്.
“ചില ആളുകൾക്കൊക്കെ ഇപ്പോൾ ഒരു സംശയമുണ്ട്, സുകുമാർ അഴീക്കോടിനു എന്ത് പറ്റി , അതിന്റെ പ്രധാനമായ ഒരു കാരണമായിട്ട് എനിക്ക് തോന്നുന്നത് (താങ്കൾ) ഇടതുപക്ഷത്തോട്ട് വളരെ ചാഞ്ഞു നിൽകുന്നതായിട്ട് ഒരു ധാരണയുണ്ട്.”
അതിനു അഴീക്കോട് മാഷ് കൊടുത്ത മറുപടി ഒരു ക്ലാസ്സിക്കാണ്.

“ഇടതുപക്ഷത്തോട് എന്തുകൊണ്ട് ചായുന്നു എന്നതല്ല യഥാർത്ഥമായ ചോദ്യം, എന്തുകൊണ്ട് കോൺഗ്രസിനോട് അടുക്കാൻ സാധിക്കുന്നില്ല എന്നുളളതാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കോൺഗ്രസിനോട് അടുക്കാൻ സാധ്യമല്ല കാരണം ഗാന്ധിജിയും നെഹ്രുവും കോൺഗ്രസിൽ ഏല്പിച്ചിരിക്കുന്നു വലിയ ആദർശത്തിന്റെയും സങ്കല്പത്തിന്റെയും അതുപോലെ തന്നെ ഭാവിയെപ്പറ്റിയുള്ള ഒരു യാഥാർഥ്യ ബോധ്യത്തിന്റെയും ഒരു ചിത്രമുണ്ട്, അത് അവർ നശിപ്പിച്ചു കളഞ്ഞു.. ” അന്നത്തെ പല കോൺഗ്രീസുകാർക്കും ചങ്കിൽ കൊണ്ട ഒരു മറുപടി ആയിരുന്നു അത്.

കോൺഗ്രസ് എന്നും വിരുദ്ധ ആശയങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു പാർട്ടിയാണ്. സോഷ്യലിസ്റ്റ് ആശയം കൊണ്ടുനടന്ന മതത്തെ പുറത്തു നിർത്തി ശാസ്ത്രത്തെ പുണർന്ന നെഹ്‌റു ഒരു വശത്തും ഗ്രാമ സ്വാരാജ എന്ന ആശയവും രാമരാജ്യം എന്ന ആശയവും ഒരേ പോലെ കൊണ്ടുനടന്ന ഗാന്ധിയും കോൺഗ്രസിൽ തന്നെ ആയിരുന്നു. മതം മുറുകെ പിടിച്ച ഗാന്ധി പക്ഷെ തന്റെ പിൻഗാമിയായി ഉയർത്തികൊണ്ടുവന്നത് നിരീശ്വരവാദിയായ നെഹ്‌റുവിനെ ആയിരുന്നു.

ഭിന്ന അഭിപ്രായങ്ങൾ എന്നും കോൺഗ്രസ് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു. 1939 ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാക്ഷാൽ ഗാന്ധിജി നിർത്തിയ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി കോൺഗ്രസ് പ്രസിഡന്റ് ആയ ആളാണ് സുഭാഷ് ചന്ദ്ര ബോസ്. ശത്രുവിന്റെ ശത്രു മിത്രം എന്ന വാദം ആയിരുന്നു ബോസ് ഉയർത്തിയത്. ജര്മനിയുടെയും ജപ്പാന്റെയും കൂടെ ചേർന്ന് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പക്ഷെ നെഹ്‌റു ഫാസിസ്റ്റു ചിന്താ രീതിയുടെ അപകടം നന്നായി മനസിലാക്കിയ ഒരാളായിരുന്നു. ചർച്ചിലിനു മുൻപ് ഉണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നിവിൽ ചേമ്പർലിൻ ഹിറ്റ്ലറെ പാട്ടിലാക്കാൻ ശ്രമം നടത്തിയ സമയത്ത് തന്നെ അദ്ദേഹം എതിർപ്പുയർത്തിയിരുന്നു. കമലയുടെ മരണശേഷം തിരികെ വരുന്ന സമയത്ത് ഇറ്റാലിയൻ ഫാസിസ്‌റ് ആയ മുസോളിനിയുടെ ക്ഷണം ഫാസിസത്തെ അത്തരം ഒരു സന്ദർശനം ശക്തിപ്പെടുത്തും എന്ന കാരണത്താൽ നിരസിച്ച ദീർഘജ്ഞാനി. സുഭാഷ് ചന്ദ്രബോസ് പക്ഷെ INA ഉണ്ടാക്കി കോൺഗ്രസിൽ നിന്ന് വിട്ടുപോയി.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന അവർണ്ണർക്ക് എതിരെ ഉള്ള അക്രമങ്ങളും മനോഭാവവും മാറ്റാതെ ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എന്ത് കാര്യം എന്ന ഏറ്റവും ഗൗരവകരമായ , ഇന്നും പ്രാധാന്യം ഒട്ടും കുറയാത്ത ചോദ്യം ഉയർത്തിയ ഒരാളാണ് അംബേദ്‌കർ. കോൺഗ്രസ് പാർട്ടി അംഗം അല്ലാതിരുന്ന ഒരാളായിട്ട് കൂടി ഇദ്ദേഹത്തെയാണ് ആദ്യ ഇന്ത്യൻ നിയമകാര്യ മന്ത്രിയായി, ഭരണ ഘടന ഡ്രാഫ്റ്റിന് കമ്മിറ്റ് അധ്യക്ഷൻ ആയും നെഹ്‌റു തിരഞ്ഞെടുത്തത്.

കോൺഗ്രസിൽ എന്നും സോഷ്യലിസ്റ്റ് /മുതലാളിത്ത ഗ്രൂപ്പുകളും, മത നിരപേക്ഷ / വലതുപക്ഷ മതത്തെ ചേർത്ത് പിടിക്കുന്ന ഗ്രൂപ്പുകളും ഉണ്ടായിരുന്നു. പല തരം ആശയങ്ങളുടെ ഒരു കൂടിച്ചേരൽ ആയിരുന്നു കോൺഗ്രസ്. ഉൾപാർടി ജനാധിപത്യമാണ് കോൺഗ്രസിനെ നിലനിർത്തി കൊണ്ടുപോയത്, ഒരു പക്ഷെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന വലിയ ഒരു കാര്യം ആഭ്യന്തര പ്രശനങ്ങളെ മൂടി വച്ചിരുന്നിരിക്കാം.

1966 ആയിരുന്നു വിരുദ്ധാശയങ്ങൾ പ്രോത്സാഹിപ്പിച്ച കോൺഗ്രസ് അവസാനിച്ചത്. ആ വർഷമാണ് നെഹ്രുവിന്റെ പിൻഗാമിയായ ലാൽ ബഹാദൂർ ശാസ്ത്രി താഷ്കെന്റിൽ വച്ച് ആന്തരിക്കുന്നത്. തങ്ങൾ പറഞ്ഞാൽ കേൾക്കുന്ന ഒരു പ്രധാനമന്ത്രിയെ പ്രതിഷ്ഠിക്കാൻ അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് കാമരാജ് കണ്ട വഴിയായിരുന്നു നെഹ്രുവിന്റെ പുത്രി ഇന്ദിരയെ പ്രധാനമന്ത്രി ആക്കുക എന്നത്. കോൺഗ്രസ് പാർലിമെന്ററി പാർട്ടിയിൽ അടുത്ത പ്രധാനമന്ത്രി ആകേണ്ടിയിരുന്നത് മൊറാർജി ദേശായി ആയിരുന്നു. അന്ന് തുടങ്ങിയതാണ് കുടുംബവാഴ്ചയും കോൺഗ്രസിലെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ അന്ത്യവും. പിന്നീട് ഇന്ദിര എന്നാൽ ഇന്ത്യ , ഇന്ത്യ എന്നാൽ ഇന്ദിര എന്നൊക്കെ ഉള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി, യഥാർത്ഥത്തിൽ സഞ്ജയ് ഗാന്ധി ഭരണം തുടങ്ങി. ഡൽഹിയിലെ ചേരികളിൽ നിന്ന് ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി സമ്മതം ഇല്ലാതെ വന്ധ്യംകരണം നടത്തി. ഒരു തിരഞ്ഞെടുപ്പ് കേസ് തോറ്റ ചൊരുക്കിൽ ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു.

“ഇടതുപക്ഷത്തോട് എന്തുകൊണ്ട് ചായുന്നു എന്നതല്ല യഥാർത്ഥമായ ചോദ്യം, എന്തുകൊണ്ട് കോൺഗ്രസിനോട് അടുക്കാൻ സാധിക്കുന്നില്ല എന്നുളളതാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കോൺഗ്രസിനോട് അടുക്കാൻ സാധ്യമല്ല കാരണം ഗാന്ധിജിയും നെഹ്രുവും കോൺഗ്രസിൽ ഏല്പിച്ചിരിക്കുന്നു വലിയ ആദർശത്തിന്റെയും സങ്കല്പത്തിന്റെയും അതുപോലെ തന്നെ ഭാവിയെപ്പറ്റിയുള്ള ഒരു യാഥാർഥ്യ ബോധ്യത്തിന്റെയും ഒരു ചിത്രമുണ്ട്, അത് അവർ നശിപ്പിച്ചു കളഞ്ഞു.. ”
ഞാൻ നിഷ്പക്ഷൻ ചമഞ്ഞു ഇടതുപക്ഷത്തോട് ചാഞ്ഞു നിൽക്കുന്ന ഒരാളാണ് എന്ന് എന്റെ ചില കോൺഗ്രസ് സുഹൃത്തുക്കൾ ആരോപിക്കുമ്പോൾ എനിക്കോർമ്മ വരുന്ന വാചകങ്ങൾ ആണ് . എന്റെ വീട്ടിൽ ദാരിദ്ര്യം ഉണ്ടായിരുന്ന സമയത്ത് ചോദിക്കാനും പറയാനും സഖാവ് മാത്യു ചേട്ടനെ പോലുള്ള കമ്മ്യൂണിസ്റ്റ്കാർ ഉണ്ടായത് കൊണ്ടും ബാപ്പയ്ക്ക് ഇടതുപക്ഷ ചിന്തകകളോട് യൂണിയൻ പ്രവർത്തിയിലൂടെ ആഭിമുഖ്യം ഉണ്ടായത് കൊണ്ടും എന്റെ കുടുംബം ഇടതുപക്ഷക്കാരാണ് ഇപ്പോഴും. ബാപ്പ പക്ഷെ ജയപ്രകാശ് നാരായണൻ സ്ഥാപിച്ച ജനത പാർട്ടിയിലെ തമ്പാൻ തോമസിന്റെ യൂണിയനിൽ ആയിരുന്നു.

ഞാൻ പക്ഷെ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങൾ വായിച്ച് മനസ്സിൽ കോൺഗ്രീസുകാരനായി നടന്ന ഒരാളായിരുന്നു. പിന്നീട് രാമചന്ദ്ര ഗുഹയെ പോലുള്ളവരുടെ പുസ്തകങ്ങളും നെഹ്രുവിന്റെ കൂടുതൽ പുസ്തകങ്ങളും വായിച്ച് അതിൽ പറയുന്ന മതനിരപേക്ഷതയും സോഷ്യലിസവും , കേന്ദ്ര / സംസ്ഥാന കോൺഗ്രസ് നടപ്പിലാക്കുന്ന കുടുംബ വാഴ്ചയും മത വർഗീയ പാർട്ടികളും സംഘടനകളും തമ്മിലുള്ള കൂട്ടുകെട്ടും കണ്ടുകൊണ്ട് കോൺഗ്രസിൽ നിന്ന് അകൽച്ച പാലിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ കുടുംബ വാഴ്ചയ്ക് എതിരെ കത്തെഴുതിയ ശശി തരൂരിനെ പോലുള്ളവർ ഉള്ളിടത്തോളം കാലം കോൺഗ്രസിൽ ഉള്ള പ്രതീക്ഷ എനിക്ക് കൈവിടുന്നില്ല. ഇന്ത്യയിൽ ഇന്നും ഒരു വിശാല പ്രതിപക്ഷത്തിന് കോൺഗ്രസിന് തന്നെയേ കഴിയൂ എന്നാണ് എന്റെ അഭിപ്രായം. അതിനു പക്ഷെ വർഗീയ സംഘടനകളും പാർട്ടികളും ആയുള്ള കൂട്ടുകെട്ടുകൾ ഒഴിവാകുകയും കുടുംബ വാഴ്ച നിർത്തലാക്കി ഉൾപാർട്ടി ജനാധിപത്യം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഒരമ്പലം കത്തി നശിച്ചാൽ അത്രയും ദുരാചാരം കുറയും എന്ന് പറഞ്ഞ സി കേശവൻ മുതൽ ആദ്യകാലത്തു സാക്ഷാൽ ഈഎംഎസ് വരെ കോൺഗ്രെസ്സായിരുന്നു. അവിടെ നിന്ന് രമേശ് ചെന്നിത്തലയിലേക്ക് നല്ല ദൂരമുണ്ട്.

കമ്മ്യൂണിസ്റ്റ് / മാർക്സിസ്റ്റ് തത്വശാസ്ത്രം ഞാൻ പഠിക്കാത്ത ഒരു വിഷയമാണ്. ഒരു മുതലാളിത്ത രാജ്യത്ത് മുതലാളിത്ത കമ്പനിയിൽ ജോലി ചെയ്യുന്നത് കൊണ്ട് അതിന്റെതായ ഗുണവും ദോഷവും നന്നായി അറിയാം എന്ന് മാത്രം. നാട്ടിലെ ഭൂരിഭാഗം പാവപെട്ട ആളുകളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അനുഭാവം വരുന്നവരല്ല, മറിച്ച് അവർക്കൊരു പ്രശനം വരുമ്പോൾ ഓടിയെത്തുന്ന നാട്ടിലെ സഖാക്കളുടെ എല്ലാം കാരണം കൊണ്ട് പാർട്ടിയോട് അനുഭാവം ഉള്ളവരായി മാറുന്നവരാണെന്നു എനിക്ക് തോന്നുന്നു. തൊഴിലുറപ്പു പദ്ധതി വഴി കോൺഗ്രസ് കൊണ്ടുവന്നത് ഒരു വിപ്ലവമാണ്, പക്ഷെ അത് നടപ്പിലാകുമ്പോൾ കിട്ടേണ്ടിയിരുന്ന നല്ല പേര് വലിയ അഴിമതികളിൽ മുങ്ങിപ്പോയി. രണ്ടാം UPA ഗവണ്മെന്റ് അഴിമതികൾ കുറച്ചെങ്കിലും സീരിയസ് ആയി കണ്ട് നടപടി എടുത്തിരുന്നു എങ്കിൽ ഒരു പക്ഷെ ബിജെപി അധികാരത്തിൽ വരില്ലായിരുന്നു.
പറഞ്ഞു വന്നത് ഞാൻ നിഷ്പക്ഷൻ അല്ല എന്നാണു. മതനിരപേക്ഷ മനുഷ്യ പക്ഷം ആയിരിക്കും എന്നും എന്റേത്. നിഷ്പക്ഷൻ എന്ന് പറഞ്ഞാൽ അത് ഇന്നത്തെ കാലത് അർത്ഥമാക്കുന്നത് വലതുപക്ഷ രാഷ്ട്രീയം എന്നാണ്. ഞാൻ ബിജെപിക്ക് എതിരായി പോസ്റ്റിടുമ്പോൾ എന്തുകൊണ്ടോ ഇപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പ് വരുന്നത് കോൺഗ്രസ് സുഹൃത്തുക്കളിൽ നിന്നാണ്, അതുകൊണ്ട് നിലപാട് വ്യക്തമാകുന്നതാണ്.