അമേരിക്കയുടെ ആരോഗ്യരംഗം താറുമാറായി, അമേരിക്കൻ മലയാളിയുടെ കുറിപ്പ്

87

Nazeer Hussain Kizhakkedathu

” എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…” : ഇവിടെ അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ ഒരു മലയാളി ചെറുപ്പക്കാരൻ ആംബുലൻസ് വിളിച്ചതാണ്. മൂന്നു മിനിറ്റ് കൊണ്ട് ആംബുലൻസ് വന്നു. പക്ഷെ .

“നിങ്ങൾ പറയുന്നത് ശരിയാണ്, നിങ്ങൾക്ക് കൊറോണ ആകാൻ എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ താങ്കൾക്ക് രണ്ടു വാക്യം മുഴുവൻ ആയി പറയാൻ കഴിയുന്നത് കൊണ്ടും, താങ്കൾ ചെറുപ്പക്കാരൻ ആയതു കൊണ്ടും തത്കാലം ആശുപത്രിയിൽ ഞങ്ങൾ കൊണ്ടുപോകുന്നില്ല, കാരണം ആശുപത്രിയിൽ സ്ഥലമില്ല. മാത്രമല്ല ആശുപത്രിയിൽ വന്നാൽ നിങ്ങൾക്ക് കൊറോണ ഇല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ആശുപത്രിയിൽ നിന്ന് കൊറോണ പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇന്ന് ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുത്താലും, പത്ത് ദിവസം കഴിഞ്ഞു മാത്രമേ ഫലം കിട്ടൂ. പരിശോധിക്കുന്നതിൽ പത്തിൽ ഏഴു പേർക്കും കൊറോണ സ്ഥിരീകരിക്കുന്നത് കൊണ്ട്, ഞങ്ങൾ ഇപ്പോൾ ലക്ഷണം ഉള്ളവർക്ക് , ടെസ്റ്റ് ഫലം വരുന്നതിനു മുൻപ് തന്നെ ചികിത്സ തുടങ്ങുന്നുണ്ട്. താങ്കൾക്ക് നല്ല ന്യൂമോണിയ ഉണ്ട്, തല്ക്കാലം ആന്റി ബയോട്ടിക് നൽകാം. ഇത് കഴിക്കാൻ തുടങ്ങുക, രണ്ടു ദിവസം കഴിഞ്ഞിട്ടും ലക്ഷണങ്ങൾ കുറഞ്ഞില്ലെങ്കിലോ, നിങ്ങൾ മരിക്കും എന്ന് കരുതുന്ന സ്ഥിതിയിലോ ഞങ്ങളെ വീണ്ടും വിളിക്കുക” എന്നും പറഞ്ഞു ആന്റി ബയോട്ടിക് പ്രിസ്‌ക്രിപ്‌ഷൻ കൊടുത്തിട്ട് ആംബുലൻസ് തിരിച്ചു പോയി.

ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ എപ്പോഴും സഹായിക്കാൻ തയാറുള്ള ഇവിടെ ഉള്ള മലയാളി സംഘടനകളുടെ സഹായം കൊണ്ട് രണ്ടാമത് ഒരു അഭിപ്രായം ചോദിച്ചപ്പോഴും ഇതേ ഉത്തരം തന്നെയായിരുന്നു. കുറച്ച് ആശ്വാസം പ്രശ്നം കൂടുതൽ വഷളായാൽ ഇവിടെ ഉള്ള ഒരു ആശുപത്രിയിൽ എമെർജൻസി റൂമിൽ അഡ്മിഷൻ എങ്ങിനെ എങ്കിലും ശരിയാക്കാം എന്ന ഒരു സന്മനസിന്റെ ഉറപ്പായിരുന്നു, പക്ഷെ അപ്പോഴും ആര് പോയി കാറിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും എന്നൊരു ചോദ്യം ഉയർന്നു. അതുകൊണ്ട് അവനോട് വീട്ടിൽ തന്നെ ചികിത്സ തുടരാനും വളരെ അത്യാവശ്യ സമയത്ത് എമെർജൻസി വിളിക്കാനും ഏർപ്പാട് ചെയ്തു.

അമേരിക്കൻ ആരോഗ്യ രംഗം അവർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അത്ര രോഗികളെ കൊണ്ട് ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഉത്തരവാദിത്വരഹിതമായ രാഷ്ട്രീയ നേതൃത്വം കാര്യങ്ങൾ ഇത്രയും വഷളാക്കി എന്നത് ഒരു യാഥാർഥ്യമായി തുടരുമ്പോഴും അമേരിക്കൻ ജനത അവർക്ക് ആവുന്ന വിധത്തിൽ കൊറോണയെ പ്രതിരോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ആളുകൾ എല്ലാം വീടിനകത്താണ്. ഈസ്റ്ററിനു എല്ലാവരും ജോലിക്കു കേറണം എന്ന് വീമ്പിളക്കിയ ട്രമ്പ് ഇപ്പോൾ കൂടുതൽ വിവരം ഉള്ള, വസ്തുതകളെ അടിസ്ഥാനത്തിൽ കാര്യങ്ങളെ കാണുന്ന ആന്തണി ഫൗച്ചിയെ പോലുള്ള വിദഗ്ധർക്ക് കാതുകൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് വലിയ ഒരു ആശ്വാസമാണ്. ഇപ്പോഴും ഇടക്കിടക്കു ഈ വർഷം ഉണ്ടായ കൊറോണ വൈറസിന് ഒബാമ എന്ത്കൊണ്ട് വാക്‌സിൻ കണ്ടുപിടിച്ചില്ല എന്നൊക്കെ പറഞ്ഞു ട്രമ്പ് അപഹാസ്യൻ ആകുന്നുണ്ട്.

കേരളത്തിൽ ഈസ്റ്ററിനു ഇറച്ചി വാങ്ങാൻ നിൽക്കുന്ന ആളുകളുടെ ചിത്രം കാണുമ്പോൾ, അമേരിക്കയിൽ പടരുന്ന പോലെ ഇന്ത്യയിൽ എന്തുകൊണ്ടാണ് കൊറോണ പടരാത്തത് എന്നത് എനിക്ക് ഒരത്ഭുതമാണ്. ഒരു പക്ഷെ നേരത്തെ ഏർപ്പെടുത്തിയ ലോക്ക് ഡൌൺ ആകാം, അല്ലെങ്കിൽ വേറെ ഏതെങ്കിലും കാരണം ആകാം, പക്ഷെ ഒരു കാര്യം ഓർക്കുക, അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പോലെ ഒരു സാമൂഹിക വ്യാപനം നടന്നാൽ കേരളത്തിന്റെ ആരോഗ്യ രംഗം അതൊരു തരത്തിലും താങ്ങില്ല. ഇപ്പോൾ സർക്കാരിനെ പുകഴ്ത്തുന്ന ആളുകൾ തിരിച്ചു പറയാൻ അധികം സമയം വേണ്ടി വരില്ല. വാഷിങ്ടൺ പോസ്റ്റ് നല്ലത് പറഞ്ഞിട്ട് പോലും കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിപോയി എന്ന ഒരേ ഒരു കാരണം കൊണ്ട് അത് അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന കുറെ ആളുകൾ നാട്ടിലും അമേരിക്കയിലും ഉള്ളത്കൊണ്ട് പ്രത്യേകിച്ച്.

കുറച്ചു ദിവസം എന്തുകൊണ്ട് എഴുതിയില്ല എന്ന് കുറെ ആളുകൾ ചോദിച്ചിരുന്നു. ഇവിടെ മരിച്ച ഒരു മലയാളി വെറും 21 വയസുള്ള ഒരു യുവാവാണ്, എന്റെ മൂത്ത മകനേക്കാൾ വെറും മൂന്ന് വര്ഷം മാത്രം മൂത്തത്. തലേ ദിവസം എമെർജൻസി റൂമിലേക്ക് നടന്നു പോയതാണ് എന്ന് കേട്ടു. പിറ്റേന്ന് മരിച്ച വാർത്ത കേട്ടു. മാതാപിതാക്കളുടെ ഒരേ ഒരു മകനാണ്. മൃതദേഹം പോലും കാണാൻ കഴിയാതെ വരുന്ന ഉറ്റവരുടെ ദുഃഖം ആലോചിക്കാൻ വയ്യ. ഇതൊക്കെ കണ്ടിട്ട് എങ്ങിനെ എഴുതാനാണ്? ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. ഏറ്റവും അടുത്ത രണ്ടു കൂട്ടുകാർ കൊറോണ ബാധിച്ച് അവരുടെ വീടുകളിൽ ഉണ്ട്. പോയി നേരിട്ട് സഹായിക്കാൻ പോലും ആകാത്ത അവസ്ഥയാണ്. എനിക്ക് പരിചയമുള്ള മൂന്നു പേരിൽ രണ്ടു പേർക്കും കൊറോണ ടെസ്റ്റ് ചെയ്തില്ല എന്ന് കേൾക്കുമ്പോൾ ആണ്, അമേരിക്കയിൽ നമ്മൾ കാണുന്ന കൊറോണ ബാധിതരുടെ സംഖ്യ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വളരെ കുറവാണു എന്ന് മനസിലാകുന്നത്.

ഒരേ ഒരു പ്രതീക്ഷ ന്യൂ യോർക്കും ന്യൂ ജേഴ്സിയും പീക് ആകാൻ തുടങ്ങുന്നു എന്നതാണ്. വരുന്ന ദിവസങ്ങളിൽ കൊറോണ മരണങ്ങൾ കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷ. ആളുകൾ എല്ലാം വീടുകളിൽ ഇരുന്നു സഹകരിക്കുന്നത് കൊണ്ട്, മുൻപ് പ്രവചിച്ചതിനേക്കാൾ മരണങ്ങൾ കുറവായിരിക്കും എന്നതും. ഇതിൽ നിന്നെല്ലാം ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകും എന്ന പ്രതീക്ഷയോടെ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.