Entertainment
നിങ്ങൾ എന്തുകൊണ്ട് ഇരയുടെ കൂടെ നിൽക്കണം ? നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ പോസ്റ്റ്

ഒരു പീഡനാരോപണം ഉണ്ടായാൽ എന്തുകൊണ്ട് നല്ലൊരു ശതമാനം ആളുകൾ ഇരയുടെ കൂടെ നിൽക്കുന്നില്ല എന്നതിന് അനവധി ഉത്തരങ്ങൾ ഉണ്ടാകും. ഒന്ന് – പാട്രിയാർക്കയോടുള്ള ആരാധന, രണ്ട് – ഇരയിൽ മാത്രം വീഴ്ച ആരോപിക്കുക , മൂന്ന് – ആരോപണം വ്യാജമെന്നുള്ള സംശയം . ഇനിയും ചില കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഇരയുടെ കൂടെ സമൂഹം നിൽക്കേണ്ടതിന്റെ ആവശ്യകത , താൻ ബാല്യത്തിൽ നേരിട്ട ലൈംഗിക പീഡനത്തെ കൂടി വെളിപ്പെടുത്തികൊണ്ടു നസീർ ഹുസ്സൈൻ കിഴക്കേടത് തുറന്നെഴുതുകയാണ്. വായിക്കാം
നസീർ ഹുസൈൻ കിഴക്കേടത്ത്
എന്റെ പത്താം വയസിലാണ് ആദ്യമായി ഞാൻ ഒരു ലൈംഗിക പീഡനത്തിന് ഇരയാകുന്നത്, അയല്പക്കത്ത് ഉള്ള ഒരു പരിചയക്കാരൻ ആയിരുന്നു എന്നെ പീഡിപ്പിച്ചത്. ഓർക്കുമ്പോൾ ഇപ്പോഴും തികട്ടി വരുന്ന ഒരോർമയാണത്. ഭീഷണി മൂലം വീട്ടിൽ പറഞ്ഞില്ല. എങ്ങിനെ പറയുമെന്നുള്ള ആശങ്കയും പറഞ്ഞാൽ വലിയ എന്തോ സംഭവിക്കുമെന്ന ഭയമോ ഒക്കെയായിരിക്കും എന്നത് ആരോടും പറയാതെ ഇരിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ലൈംഗിക പീഡനങ്ങളെ മറ്റുളളവർക്ക് സംഭവിക്കുന്ന ഒരു കാര്യമെന്ന നിലയിലാണ് നമ്മളിൽ പലരും സമീപിക്കുന്നത്. പക്ഷെ അത് തെറ്റാണു എന്ന് പറയാനാണ് ഞാൻ എന്റെ കാര്യം തന്നെ പറഞ്ഞത്. ഈ വായിക്കുന്ന പലർക്കും, സ്ത്രീ പുരുഷഭേദമന്യേ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവുമെന്നു എനിക്കുറപ്പാണ്.
ഇനി മേല്പറഞ്ഞ പോലെ പത്ത് വയസുള്ള ഒരു കുട്ടിയെ മുപ്പത് വയസുള്ള ഒരാൾ പീഡിപ്പിച്ചു എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നും? നിങ്ങൾ ആരുടെ കൂടെ നിൽക്കും? ഏതാണ്ട് എല്ലാവരുടെയും ഉത്തരം നമ്മൾ കുട്ടിയുടെ കൂടെ നിൽക്കും എന്നായിരിക്കും. പക്ഷെ ചിലരെങ്കിലും ഇരയുടെ കൂടെ നില്കാതെ വേട്ടക്കാർ ന്യായീകരിക്കാൻ നോക്കും. എന്തുകൊണ്ട് പുറത്തു പറഞ്ഞില്ല, എന്തുകൊണ്ട് തുടർന്ന് പീഡനം നടക്കാൻ അവസരം ഒരുക്കി തുടങ്ങിയ അനേകം ചോദ്യങ്ങൾ ഉണ്ടാകും. അധികാരം ഇരയുടെ മനസ്സിൽ എങ്ങിനെ പ്രവർത്തിക്കുന്നു കുറിച്ചുള്ള അറിവില്ലായ്മയുടെ പ്രശനമാണത്.
ഇനി പീഡിപ്പിച്ച ആൾ, ഞങ്ങൾ രണ്ടുപേരുടെയും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നെതെന്നു പറഞ്ഞാലും നമ്മൾ കുട്ടിയുടെ ഭാഗത്തായിരിക്കും? കാരണം ഈ ബന്ധത്തിൽ ഒരു അധികാരത്തിന്റെ പ്രശനമുണ്ട്. ഒരാൾ മറ്റൊരാളെ വൈകാരികമായും ശാരീരികമായും manipulate ചെയ്യാൻ കഴിവുള്ള ഒരാളാകുമ്പോൾ എന്തൊക്കെ പറഞ്ഞാലും അവർ തമ്മിലുള്ള ബന്ധത്തിൽ അധികാരം ഒരു ഭാഗമായി വരുന്നത് കൊണ്ട് ഒരു തുല്യതയില്ലായ്മ ഉണ്ടാവുകയും, കൂടുതൽ അധികാരമുള്ളയാൾ തന്റെ കീഴിലുള്ളയാളെ തന്റെ അധികാരമുപയോഗിച്ച്, അധികാരം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായി കൂടി ലൈംഗികതയെ ഉപയോഗിക്കാൻ കഴിയും എന്നുള്ളത് കൊണ്ട് ആ ബന്ധം സ്വാഭാവികമായ ഒന്നായി കണക്കാക്കാൻ നമുക്ക് ബുദ്ധിമുട്ടാണ്.
അധികാരപ്രയോഗത്തിന്റെ മനഃശാസ്ത്രത്തെ കുറിച്ചുള്ള പ്രശസ്തമായ പരീക്ഷണമാണ് Milgram experiment. അധികാരത്തിന്റെ കീഴിലുള്ള ഒരാൾ , തന്റെ മനസ് പറയുന്നതിന് എതിരായി കാര്യങ്ങൾ ചെയ്യുമോ എന്നൊരു അന്വേഷണമാണ് ഈ പരീക്ഷണം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ പട്ടാളക്കാർ എന്തുകൊണ്ട് ഇത്രമാത്രം ജൂതന്മാര് കൂട്ടക്കൊല നടത്തി എന്നത് മനസിലാക്കാൻ വേണ്ടി നടത്തിയ ഒരു പരീക്ഷണമാണിത്. അധികാരത്തിൽ തങ്ങളെക്കാൾ ഉയർന്ന ഉദ്യോഗസ്ഥർ ആജ്ഞാപിച്ചാൽ നമ്മുടെ മനസ്സിൽ തെറ്റാണെന്നു അറിഞ്ഞു കൊണ്ട് തന്നെ നമ്മൾ കാര്യങ്ങൾ ചെയ്യുമോ എന്നറിയാനുള്ള ഒരു പരീക്ഷണം. ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടാളക്കാരെ മേധാവികൾ പൊതുവെ നമ്മൾ സാധാരണ രീതിയിൽ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ, ഒരു ഓർഡറിന്റെ പുറത്ത് ചെയ്യാൻ ഉള്ള മാനസികാവസ്ഥയിലേക്ക് കൊണ്ടുവരാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങളും ഈ പരീക്ഷണവുമായി ബന്ധപ്പെട്ടതാണ്.
Yale സര്വകലാശായിൽ നടത്തിയ ഈ പരീക്ഷണത്തിൽ തെരഞ്ഞെടുക്കപെട്ടവർ , മറ്റൊരാൾക്ക് ഒരു ഇലക്ട്രിക്ക് ഷോക്ക് കൊടുക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന്റെ പ്രധാന ഭാഗം. യാത്രതിൽ ഇലക്ട്രിക്ക് ഷോക്ക് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, ഷോക്ക് കൊടുക്കുന്ന വ്യക്തികൾക്കു അത് അറിയില്ലായിരുന്നു. ഷോക്ക് ലഭിക്കുന്നതായി അഭിനയിക്കുന്നത് ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്ന നടന്മാർ ആയിരുന്നു. മേലധികാരികളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ , തങ്ങൾക്ക് ഒരു പരിചയുമില്ലാത്ത ആളുകൾക്ക് മരണകാരണം ആകാവുന്ന രീതിയിൽ ഷോക്ക് കൊടുക്കാൻ സാധ്യതയുണ്ടോ എന്നതായിരുന്നു കണ്ടുപിടിക്കേണ്ടിയിരുന്നത്.
ഇതിൽ ഷോക്ക് ലഭിക്കുന്ന ആൾ ചെയ്യേണ്ടിയിരുന്നത് ഒരു ലിസ്റ്റിൽ നിന്ന് വാക്കുകൾ ശരിയായി തിരഞ്ഞെടുക്കുക എന്ന ലളിതമായ സംഗതിയായിരുന്നു. പക്ഷെ ഇയാൾ പരീക്ഷണത്തിൽ പങ്കെടുക്കുന്ന ഒരു അഭിനേതാവ് ആയിരുന്നത് കൊണ്ട് മനഃപൂർവം തെറ്റുകൾ വരുത്തും. ഓരോ തെറ്റ് വരുത്തുമ്പോഴും ഷോക്ക് കൊടുക്കുന്ന വ്യക്തി ( ഈ വ്യക്തി പൊതുജനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട, ഷോക്ക് ലഭിക്കുന്ന വ്യക്തി ഒരു നടനാണ് എന്നറിയാത്ത ഒരാളാണ്) ഒരു സ്വിച്ചിന്റെ സഹായത്തോടെ വിവിധ വോൾട്ടേജിൽ ഉള്ള ഷോക്ക് നൽകാം. ചെറിയ ഷോക്കിൽ നിന്ന് വളരെ വലിയ വേദനാജനകമായ ഷോക്ക് വരെ നൽകാവുന്ന ഒരു നോബ് ആണ് ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നവരുടെ മുന്നിലുള്ളത്.
പലരും തനിയെ ഈ പരീക്ഷണത്തിൽ പങ്കെടുക്കുമ്പോൾ, ഷോക്ക് ലഭിക്കുന്നയാൾ വലിയ തോതിൽ അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ നൽകുന്ന ഷോക്കിന്റെ അളവ് കുറക്കും. പക്ഷെ മറ്റൊരു ഗ്രൂപ്പിൽ ഷോക്ക് നൽകുന്ന ആളുകളുടെ പിറകിൽ അധികാര സ്ഥാനത്ത് ഉള്ള ഒരു പ്രൊഫെസ്സർ, അധികാരം കാണിക്കുന്ന ഒരു വെള്ള ലാബ് കോട്ട് ഇട്ടിട്ട് ഇവരോട് കൂടുതൽ ഷോക്ക് നൽകാൻ ആജ്ഞാപിക്കും. ഷോക്ക് കിട്ടിയെന്നു ഭാവിക്കുന്ന ആൾ വലിയ ഒച്ചയുണ്ടാകുമ്പോൾ പോലും അധികാര സ്ഥാനത്തുള്ള പ്രൊഫെസ്സർ താഴെ പറയുന്ന നിർദേശങ്ങൾ നൽകും.
Prod 1: Please continue (ദയവായി തുടരുക).
Prod 2: The experiment requires you to continue ( പരീക്ഷണം നിങ്ങൾ ചെയുന്നത് തുടരണമെന്ന് ആവശ്യപ്പെടുന്നു ).
Prod 3: It is absolutely essential that you continue ( നിങ്ങൾ ഷോക്ക് നൽകികൊണ്ടേയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
).
Prod 4: You have no other choice but to continue (തുടരുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല).
നമ്മളിൽ പലരും ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ, ഷോക്ക് കൊണ്ട് പിടയുന്ന ഒരു മനുഷ്യനെ കണ്ടിട്ട് വലിയ ഷോക്ക് നൽകുന്നത് നിർത്തും എന്നാണ് കരുതുക. ആദ്യത്തെ ഗ്രൂപ്പിൽ അത് ശരിയായിരുന്നു, എന്നാൽ അധികാര ഭാവത്തിൽ ഉത്തരവുകൾ ലഭിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ ഗ്രൂപ്പിൽ ആളുകളിൽ അറുപത്തി അഞ്ച് ശതമാനം ആളുകളും മരണകാരണമായ 450 വോൾട്ട് ഷോക്ക് തങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത ആൾക്ക് നൽകാൻ തയാറായി എന്നതാണ് ഈ പരീക്ഷണത്തിന്റെ ഞെട്ടിക്കുന്ന ഫലം. ഈ ഗ്രൂപ്പിലെ ബാക്കിയുള്ളവർ അതീവ ഗുരുതരമായ ഷോക്ക് ലഭിക്കുന്ന 300V വരെ നൽകി.
അധികാര സ്ഥാനത്തിരിക്കുന്ന ഒരാളുടെ കീഴിൽ നമ്മൾ ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ അവരുടെ അധികാര പരിധിയിൽ ആവുമ്പോൾ നമ്മൾ ചെയുന്ന കാര്യങ്ങൾ സാധാരണ രീതിയിൽ നമ്മൾ ചെയ്യുന്ന പോലെ ആയിരിക്കില്ല എന്നാണു ഈ പരീക്ഷണം കാണിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്ന ഒരാൾ ലൈംഗിക ആക്രമണം നടത്തുമ്പോൾ എന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഒരുത്തരമാണിത്.
കമ്പനികളിലെ ഉയർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരെ ലൈംഗിക നേട്ടങ്ങളാക്കായി ദുരുപയോഗം ചെയ്യുന്നത്, ചില മതങ്ങളിലെ പ്രവാചകർ തങ്ങളേക്കാൾ വളരെ പ്രായം കുറഞ്ഞ കുട്ടികളെ വിവാഹം ചെയ്ത ചരിത്രം മുതൽ, ചില പാർട്ടികളിലെ നേതാക്കന്മാർ ഒളിവിൽ താമസിച്ച സമയത്ത് ആ വീട്ടിലെ തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ ആളുകളുമായി പ്രണയത്തിൽ ഏർപ്പെട്ടത്, ചില മഹാന്മാർ തന്റെ മനസിന്റെ ശക്തി കാണിക്കാൻ വേണ്ടി നഗ്നനായി കൗമാരക്കാരായ പെൺകുട്ടികളുടെ കൂടെ ശയിച്ചത് വരെ ഉള്ള എല്ലാം ഇത്തരത്തിൽ ഉള്ള അധികാര ദുരുപയോഗ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. മേല്പറഞ്ഞ ചില സന്ദർഭങ്ങളിൽ പങ്കാളികൾ പരസ്പരം പ്രണയത്തിലായിരുന്നു എന്നൊക്കെ പറയാമെങ്കിൽ പോലും അധികാരത്തിന്റെ ഒരു പശ്ചാത്തലം ഈ ബന്ധങ്ങളിൽ കാണാൻ കഴിയും.
ചില സ്പോർട്സ് ടീമുകളിലെ കോച്ചുകൾ തങ്ങളുടെ ടീമിലുള്ള വ്യക്തികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് മുതൽ രാഷ്ട്രീയക്കാർ തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സ്ത്രീകളെ ദുരുപയോഗം ചെയുന്നത് വരെ ഇതിൽ പെടുന്നതാണ്. സിനിമാ മേഖലയിലെ ഇപ്പോൾ കാണുന്ന സ്ത്രീകളോടുള്ള അതിക്രമങ്ങൾ എല്ലാം അധികാര ദുരുപയോഗമാണ്. അമേരിക്കയിൽ ഏതാണ്ട് ഇരുപത് ശതമാനം സ്ത്രീകളും ഒരു സമയത്ത് അല്ലെങ്കിൽ വേറൊരു സമയത്ത് ലൈംഗിക ദുരുപയോഗത്തിന് ഇരയായവരാണ്. ഡോക്ടർമാർ രോഗികളെ , മത പുരോഹിതന്മാർ കുട്ടികളെ എല്ലാം ലൈംഗികമായതും അല്ലാതെയും പീഡിപ്പിക്കുന്നത് ഈ അധികാരത്തിന്റെ പുറത്താണ്. കുട്ടികൾ അത് പുറത്തു പറയാത്തത് അവരുടെ അധികാരത്തോടുള്ള ഭയം മൂലമാണ്.
കുട്ടികളെ മുതിർന്നവർ ലൈംഗികമായി പീഡിപ്പിക്കുന്നതും, ഉയർന്ന അധികാര സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി തന്റെ അധികാരമുപയോഗിച്ച് തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാളെ ലൈംഗികമായി ഉപയോഗിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. ഇതിൽ ഇര പലപ്പോഴും പങ്കാളിയുടെ അധികാര സ്ഥാനത്തോടുള്ള പേടി മൂലമോ, അതിനോടുള്ള ആരാധനാ കൊണ്ടോ പങ്കാളിക്ക് ലൈംഗികമായി കീഴ്പെടുകയും, പിന്നീട് സ്റ്റോക്ക് ഹോം സിൻഡ്രോം വഴി തൻ ചെയ്യുന്നത് ശരിയാണെന്നു ജീവിതകാലം മുഴുവൻ കരുതി ജീവിച്ചു പോവുകയും ചെയ്യും, ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രം ഇരകൾ തങ്ങൾ പെട്ടിരിക്കുന്ന പ്രശനം ശരിയായി മനസിലാക്കുകയും അതിൽ നിന്ന് പുറത്തുവരികയോ, ചിലപ്പോൾ തങ്ങളെ ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യും.
ഇത്തരം അനുഭവത്തിലൂടെ കടന്നു പോകുന്ന ഇരകളുടെ ഭാവി ജീവിതം തകർത്തു കളയുന്ന ഒരു പരിപാടിയാണ് അധികാരം ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമം. സ്വന്തം ശരീരത്തെയും ജീവിതത്തെയും വെറുത്തുപോകുന്ന ഒരു കാര്യമാണിത്. കണക്കുകൾ പ്രകാരം, വികസിത രാജ്യങ്ങളിൽ പോലും, നൂറിൽ വെറും പതിനാറു പേര് മാത്രമാണ് ഇത് പുറത്തു പറയുന്നത്, ഇതൊരു ടാബൂ ആയ ഇന്ത്യയിൽ പുറത്തു പറയുന്നവർ ഇതിനേക്കാൾ കുറവായിരിക്കും. അഞ്ചിൽ ഒരു പെണ്ണും, മുപ്പതിൽ ഒരു പുരുഷനും ജീവിതത്തിൽ എന്നെങ്കിലും ലൈംഗിക അക്രമത്തിനു വിധേയരായവർ ആയിരിക്കും. പാശ്ചാത്യ നാടുകളിൽ, ഇതിൽ തന്നെ എഴുപത്തി അഞ്ച് ശതമാനം കേസില്, മദ്യമോ മയക്കുമരുന്നോ ഉൾപ്പെട്ട കേസ് ആകും.
ഇതിനർത്ഥം അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവരും ലൈംഗിക അക്രമികൾ ആണെന്ന് അല്ല. മറിച്ച് ഒരു ന്യൂനപക്ഷമാണ് ഇങ്ങിനെ ചെയ്യുന്നത്. പതിനേഴു പേരെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷമാണു ഇത്തരം ആളുകൾ ആദ്യമായി പിടിയിലാവുക. ചിലർ ജീവിതത്തിൽ ഒരിക്കലും പിടിയിൽ ആവുകയുമില്ല.
മൂന്നിൽ ഒരു പെൺകുട്ടിയും, അഞ്ചിൽ ഒരു ആൺകുട്ടിയും അവർക്ക് പതിനെട്ട് വയസാകുന്നതിനു മുൻപ് ലൈംഗിക അക്രമത്തിനു ഇരയാകുന്നവരാണ്.
നാല് മുതൽ ആറു ശതമാനം കേസുകളിൽ മാത്രമാണ് ഇരകൾ തെറ്റായി ആരോപണം ഉന്നയിക്കുന്നത്, എന്ന് വച്ചാൽ നൂറിൽ തൊണ്ണൂറ്റി അഞ്ച് കേസിലും ഈ ആരോപണം ശരിയായിരിക്കും. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു സന്ദർഭത്തിൽ ഇരയുടെ കൂടെ നിൽക്കുക എന്നതാണ് നമുക്ക് ചെയാവുന്ന ഏറ്റവും ഉചിതമായ കാര്യം. എല്ലാ തരത്തിലുള്ള ലൈംഗിക അക്രമങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അധികാര പ്രയോഗം തന്നെയാണ്, ചിലപ്പോൾ ശാരീരികമായി അധികാരപ്രയോഗം, മറ്റു ചിലപ്പോൾ മാനസികമായ അധികാരപ്രയോഗം. വേർതിരിച്ച് കാണേണ്ട കാര്യമില്ല.
1,373 total views, 4 views today