Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത്
“കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?”
നായകന്മാരുടെ ഇടി കൊള്ളാൻ ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്ന സ്ഥലമെന്നു മലയാള സിനിമ പലപ്പോഴും അടയാളപ്പെടുത്തുന്ന മട്ടാഞ്ചേരിയുടെ യഥാർത്ഥ സ്വഭാവം ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർമ്മിക്കുന്ന, തുറമുഖം എന്ന സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയമെല്ലാം എന്റെ മനസ്സിൽ മുഴുവൻ മട്ടാഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ബാപ്പയെ കുറിച്ചുള്ള ഓർമകളായിരുന്നു. മട്ടാഞ്ചേരി വെടിവെപ്പ് നടക്കുമ്പോൾ എന്റെ ബാപ്പയ്ക്ക് ഏതാണ്ട് ഏഴുവയസ് മാത്രമേ പ്രായമുള്ളൂ, പക്ഷെ ഈ സമരത്തിന്റെ ഫലമായി DLB (ഡോക്ക് ലേബർ ബോർഡ്) രുപീകരിക്കുമ്പോൾ ബാപ്പയ്ക്ക് പതിനേഴു വയസായിരുന്നു. നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തി ബാപ്പ അപ്പോഴേക്കും കൂലിപ്പണി എടുക്കാൻ തുടങ്ങിയിരുന്നു. ബാപ്പയുടെ അനിയൻ DLB തൊഴിലാളി ആയിരുന്നു. ബാപ്പ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ ചുമട്ടു തൊഴിലാളിയും. എന്റെ കുട്ടിക്കാലത്ത് ബാപ്പ പറഞ്ഞു കേട്ട കഥകൾ മാത്രമാണ് എനിക്കും ഈ ചരിത്രത്തിനും തമ്മിലുളള ഒരേ ഒരു ബന്ധം, പക്ഷെ എന്തുകൊണ്ട് മുസ്ലിം മതവിശ്വാസികളായ എന്റെ കുടുംബം ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായി എന്നതിന്റെ ഉത്തരം എനിക്ക് വ്യക്തമായി കിട്ടിയത് ഈ സിനിമ കണ്ടതിനു ശേഷം മാത്രമാണ്. ഞാൻ പഠിച്ചിരുന്ന കൊച്ചിൻ കോളേജിലേക്ക് പോകുന്ന റോഡിന്റെ പേര് സാന്റോഗോപാലാൻ റോഡ് എന്നാണെങ്കിലും ഇതിന്റെ പിറകിൽ ഇങ്ങിനെ ഒരു ചരിത്രമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയൻ (CTTU) പതാകകൾ കൊച്ചിയിൽ കണ്ടിട്ടുണ്ടെകിലും അതിന്റെ പിറകിൽ ഇത്രമാത്രം ചരിത്രം ഉണ്ടെന്നും, തൊഴിലാളികളെ വഞ്ചിച്ച മറ്റു യൂണിയനുകൾ ഉണ്ടായിരുന്നു എന്നൊക്കെ എനിക്ക് പുതിയ അറിവാണ്.
തൊഴിലാളി യൂണിയനുകൾ ഫാക്ടറികൾ പൂട്ടിക്കാനുളളതാണ് എന്നും അതാണ് പ്രധാനമായും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും വികസനത്തിന് തടസം നിൽക്കുന്നത് എന്നൊരു പൊതുബോധം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. പക്ഷെ വിസ്മൃതമായി പോകുന്ന കാര്യം ഈ യൂണിയനുകളുടെ തുടക്കം തൊഴിലാളികളെ മുതലാളിമാരും കങ്കാണികളും, ചില തൊഴലാളി യൂണിയൻ നേതാക്കൾ വരെയും ചാപ്പ പോലുള്ള സമ്പ്രദായങ്ങളിലൂടെ അടിപ്പണി ചെയ്യിച്ചതിന്റെ ഫലമായിട്ടായിരുന്നു എന്ന വസ്തുതയാണ്. ആ ചരിത്രത്തെ ഓർമയുടെ പിന്നാമ്പുറത്തു നിന്നും മുന്നോട്ട് വ്യക്തമായി കാണത്തക്ക വിധത്തിൽ നീക്കി നിർത്തുന്നുണ്ട് രാജീവ് രവിയും ചിദംബരവും. മുഖ്യധാരാ മാധ്യമങ്ങൾ മാത്രം വായിക്കുന്നവർക്കോ അരാഷ്ട്രീയക്കാർക്കോ മനസിലാകാത്ത ചിലത് ഈ സിനിമയിലുണ്ട്. ഉദാഹരണത്തിന്, ഈ സിനിമയിൽ ചിക്കാഗോയിലെ തെരുവീഥികളെ കുറിച്ച് ഒരു സംഭാഷണ ശകലമോ മുദ്രാവാക്യമോ വന്നപ്പോൾ, ഇവരെന്തിനാണ് ഷിക്കാഗോയെ കുറിച്ച് പറയുന്നത് എന്ന ഗോമതി ചോദിച്ചിരുന്നു. അമേരിക്കയിൽ ഷിക്കാഗോയിലെ ഹേ മാർകെറ്റിൽ 1886 ൽ എട്ടു മണിക്കൂർ ജോലി സമയം നിജപ്പെടുത്താൻ വേണ്ടി തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമയാണ് മെയ് ഡേ ആയി നമ്മൾ ആഘോഷിക്കുന്നത് എന്നത് പറഞ്ഞു കേട്ടപ്പോൾ അവൾക്ക് ആശ്ചര്യമായിരുന്നു. അമേരിക്ക നമ്മുടെയൊക്കെ മനസ്സിൽ യൂണിയനുകളും സമരങ്ങളും ഇല്ലാത്ത നാടാണല്ലോ!
യഥാർത്ഥത്തിൽ ഒന്നരക്കോടിയോളം തൊഴിലാളികൾ യൂണിയനുകളിൽ ഉള്ള ഒരു രാജ്യമാണ് അമേരിക്ക. തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ന്യായമായ കൂലിക്ക് വേണ്ടിയും അവർ സമരങ്ങളും ചെയ്യാറുണ്ട്.ഇക്കഴിഞ്ഞ മാസം എന്റെ മകൻ പഠിക്കുന്ന യൂണിവേഴ്സിറ്റി ഉൾപ്പെടെ കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന ചില അധ്യാപകരും പിജി വിദ്യാർത്ഥികളും കൂലി കൂടുതലിന് വേണ്ടി നടത്തിയ പണിമുടക്ക് ആറാഴ്ച്ച ഉണ്ടായിരുന്നു. താത്കാലികമായി സമരം തീർന്നെങ്കിലും, കൂലി കൂട്ടിയില്ലെങ്കിൽ അടുത്ത വർഷം സമരം ഇനിയും പുനരാരംഭിക്കും എന്നാണ് അവരുടെ ഇപ്പോഴുള്ള നിലപാട്. ഫ്രാൻസിലും സ്പെയിനിലും എല്ലാം തൊഴിലാളികൾ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ മാത്രം ഒരു കാര്യമാണെന്ന് പറയുന്നത് ചില മാധ്യമങ്ങളുടെ പ്രചാരണം മൂലമുള്ള തെറ്റിദ്ധാരണ കൊണ്ടുമാത്രമാണ്. അമേരിക്കയിലെ അദ്ധ്യാപകരുടെ യൂണിയനിൽ തന്നെ മുപ്പത് ലക്ഷത്തോളം അംഗങ്ങളുണ്ട്.
കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ ഉയർന്ന കൂലി നിരക്കിനെ കുറിച്ച് അമേരിക്കയിലെ എന്റെ ഒരു സുഹൃത്ത് എന്നോട് പണ്ട് തർക്കിച്ചിരുന്നു. അവന്റെ വീട്ടിൽ ഒരു ലോഡ് ഇറക്കാൻ വളരെ ഉയർന്ന കൂലി ചോദിച്ചു എന്നതായിരുന്നു അവന്റെ പരാതി. ലോഡ് എന്താണെന്ന് ചോദിച്ചപ്പോൾ ഒരു ലോറി ചാണകം. അവനോ അവന്റെ മക്കളോ അത് ചുമന്നിറക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മറുപടി. പക്ഷെ മറ്റുള്ളവർ ഉയർന്ന കൂലി ചോദിക്കാനും പാടില്ല. ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്, അത് തുറമുഖം എന്ന സിനിമയിൽ കാണിക്കുന്ന പോലെ പല തലമുറകളായി അടിച്ചമർത്തപ്പെട്ടവർ ജീവൻ കൊടുത്ത് സമരം ചെയ്‌തു നേടിയ നേട്ടമാണ്. നിയമം മൂലം നിരോധിച്ച നോക്കുകൂലി തൊഴിലാളികൾ ആവശ്യപ്പെട്ട ചില വാർത്തകൾ കാണുമ്പോൾ മാത്രമാണ് എനിക്ക് അവരോട് എതിർപ്പ് തോന്നാറുള്ളത്. ഒരു പക്ഷെ ഈ തലമുറയുടെ അവസാനത്തോട് തന്നെ അവസാനിക്കാൻ പോകുന്ന ഒരു തൊഴിലാണ് തലച്ചുമട്, പുതിയ യന്ത്രങ്ങൾ നിലവിൽ വരുമ്പോൾ ചുമട്ടു തൊഴിലാളികളുടെ ആവശ്യമേ ഇല്ലാതാകും.
ഈ ചിത്രം കഴിഞ്ഞ തലമുറയിലെ മട്ടാഞ്ചേരിക്കാർക്ക് മനസികളാകുന്നത് പോലെ വേറെ ആളുകൾക്ക് മനസ്സിലാകുമോ എന്നതുമാത്രമാണ് എന്റെ സംശയം. ഉദാഹരണത്തിന് ഈ സിനിമയിലെ ഒരു സീനിൽ, താഴെ കിടക്കുന്ന അരി പെറുക്കി എടുക്കുന്നത് കാണിക്കുന്നുണ്ട്. പണ്ട് അരിചാക്കിൽ ഹുക്ക് ഉപയോഗിച്ച് കൊളുത്തിപിടിച്ചാണ് അത് തൊഴിലാളികളുടെ തലയിൽ വച്ച് കൊടുക്കുന്നതും ഇറക്കുന്നതും. അങ്ങിനെ ചെയുമ്പോൾ ചാക്കിൽ ഉണ്ടാകുന്ന ദ്വാരത്തിൽ നിന്ന് കുറച്ച് അരി താഴെ വീഴും. ഇത് പെറുക്കാൻ ആളുകൾ ഉണ്ടായിരുന്നു. ബാപ്പയുടെ ജോലി സ്ഥലത്ത് ഇതുപോലെ അരി വാരി എടുക്കുന്ന ജോലി ചെയ്തിരുന്നത് എന്റെ അടുത്ത കൂട്ടുകാരന്റെ അമ്മയാണ്. അവൻ നല്ല നിലയിൽ പഠിച്ച് M Tech കഴിഞ്ഞു ഉയർന്ന ഉദ്യോഗത്തിലാണ് ഇപ്പോൾ. അതുപോലെ “കപ്പൽ” എന്നത് Seamen വഴി കിട്ടിയിരുന്ന ഒരു രോഗത്തിന് (സിഫിലിസ്) കൊച്ചിയിൽ പറയുന്ന പേരാണ്, മറ്റുള്ളവർക്ക് അത് എത്രമാത്രം മനസിലാകും എന്നത് എനിക്ക് സംശയമാണ്.
ഒരു ചാക്കിന് അറുപതു പൈസ ആയിരുന്നു എന്റെ ചെറുപ്പത്തിൽ ബാപ്പയ്ക്ക് കിട്ടികൊണ്ടിരുന്നത്. പുള്ളി അന്ന് ഡബിൾ ഷിഫ്റ്റ് പണി എടുക്കുമായിരുന്നു. ഇപ്പോൾ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന എനിക്ക് തന്നെ എട്ടു മണിക്കൂർ ആകുമ്പോൾ എങ്ങിനെയെങ്കിലും ജോലി തീർന്നാൽ മതിയെന്നാണ്, ഇത്ര ശാരീരിക അധ്വാനം ആവശ്യമുള്ള ജോലിയൊക്കെ ഡബിൾ ഷിഫ്റ്റ് ചെയ്യുന്ന ആളുകളെ സമ്മതിക്കണം. അങ്ങനെ ജോലി ചെയ്തതിന്റെ അതിന്റെ ഫലമായി വാങ്ങിയ വീടും , അങ്ങിനെ ഉണ്ടാക്കിയ പൈസ കൊണ്ട് പഠിച്ചുമെല്ലാമാണ് ഞാൻ ഇപ്പോൾ അമേരിക്കയിൽ ഇരുന്ന് ഇതെഴുതുന്നത്.
ഒരു സിനിമ എന്ന നിലയിൽ കുറച്ചു കൂടി നന്നാക്കാം ആയിരുന്നു എന്ന് തോന്നിയ സിനിമയാണ് തുറമുഖം, പക്ഷെ മട്ടാഞ്ചേരി വെടിവെപ്പിന്റെ ചരിത്രം എന്ന നിലയിൽ സമ്പൂർണമായ ഒരു ചരിത്രാഖ്യാനം ആണീ സിനിമ, വിശ്വാസം കൊണ്ട് മുസ്ലിങ്ങളായ എന്റെ ഉമ്മയും ബാപ്പയുമൊക്കെ എങ്ങിനെ ഇടതുപക്ഷം ആയി എന്നതിന്റെ ഒരു ചരിത്ര സാക്ഷ്യവും. മട്ടാഞ്ചേരി സമരത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു എന്നാണ് ഞാൻ പറഞ്ഞു കേട്ട ചരിത്രം. ഈ സിനിമയിൽ ആണുങ്ങൾ സമരമുഖത്ത് നിൽകുമ്പോൾ സ്ത്രീകൾ കടന്നുപോകുന്ന അവസ്ഥകളെ വ്യക്തമായി വരച്ചു കാണിക്കുന്നു. മറ്റ് നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രം ഉമ്മൂമയുടെ വീട്ടിൽ നില്ക്കാൻ പോകുമ്പോൾ കാണിക്കുന്ന വീട്, ഞാൻ ജനിച്ച വീടിന്റെ അതെ പോലെ തന്നെ ഉള്ള, മട്ടാഞ്ചേരിയിലെ ഇടുങ്ങിയ ഗലികളുടെ ഇരുവശത്തുമുള്ള കൊച്ചു വീടുകളുടെ അതെ പകർപ്പാണ്.
കുറെ ഓർമകളുടെ മലവെള്ളപ്പാച്ചിലാണ് എനിക്കീ സിനിമ…