ജീവിതം സുന്ദരസുരഭിലമാക്കാൻ ഒരു മധ്യവയസ്കന്റെ പത്ത് കല്പനകൾ

0
228

Nazeer Hussain Kizhakkedathu

ഒരു മധ്യവയസ്കന്റെ പത്ത് കല്പനകൾ

ഏതാണ്ട് നാല്പത്തിയഞ്ചു വയസിനോടടുത്ത് പ്രായമാകുമ്പോൾ ആളുകൾക്ക് പിടിപെടുന്ന ഒരു സംഭവമാണെന്ന് തോന്നുന്നു മധ്യ ജീവിത പ്രതിസന്ധി എന്ന് മലയാളത്തിൽ അധികം പറഞ്ഞു കേൾക്കാത്ത മിഡ് ലൈഫ് ക്രൈസിസ്. ലോകം മാറ്റുവാൻ വെമ്പി ഒരുമ്പെട്ടിറങ്ങിയ ചെറുപ്പകാലത്തിൽ നിന്നും ജീവിതാനുഭവങ്ങളുടെ തീക്ഷണത പാകപ്പെടുത്തിയ ഒരു മനസുമായി ഒരു തിരിഞ്ഞു നോക്കലാണ് പലപ്പോഴും ഇതിന്റെ ഭാഗമായി സംഭവിക്കുന്നത്.

പലർക്കും പല കാരണങ്ങൾ കൊണ്ടാകാം ഈ പ്രതിസന്ധി ഉണ്ടാകുന്നത്. എന്റെ കാര്യത്തിൽ എന്റെ ബാപ്പയുടെ മരണമാണ് ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു പ്രേരണയായത്. അല്ലെങ്കിലും മരണ ഭീതിയാണ് മനുഷ്യരെ കൊണ്ട് അവർക്ക് കഴിയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ചെയ്യിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മരണഭീതി യാഥാർത്ഥയിൽ ജീവിതഭീതിയിൽ നിന്ന് ഉടലെടുക്കുന്നത് ആണെന്ന് മാർക്ക് ട്വൈൻ ആണ് പറഞ്ഞതെന്നു തോന്നുന്നു. ജീവിതം മുഴുവനായി തന്റേതായ കണക്കു വട്ടങ്ങളിൽ ആസ്വദിച്ച് ജീവിച്ചു തീർത്ത ഒരാൾക്ക്, മരിക്കാൻ ഭയം ഉണ്ടാകില്ല. അങ്ങനെയുള്ളവർ മരിക്കാൻ എന്നും തയ്യാറായിരിക്കുന്നവർ ആയിരിക്കും. എന്നാൽ തന്റെ നിയന്ത്രത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ടോ അല്ലാതെയോ തന്റെ ആഗ്രഹം പോലെ ജീവിച്ചു തീർക്കാൻ കഴിയാതെ പോയവർക്കാണ് മരിക്കാൻ ഭയം തോന്നുക.

മനുഷ്യർ എഴുതുന്നതും , ചിത്രം വരക്കുന്നതും , പ്രതിമ നിർമിക്കുന്നതും പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതും മുതൽ, ചൊവ്വയിലേക്ക് റോക്കറ്റ് അയക്കുന്നത് വരെ മരണത്തെ തോൽപ്പിക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ഫലമാണ്. `ഐൻസ്റ്റീനെ പോലെ, എസ്പി ബാലസുബ്രമണ്യത്തെ പോലെ ടോൾസ്റ്റോയിയെ പോലെ , മൈക്കിലാഞ്ചെലോയെ പോലെ തന്റെ ജീവിതകാലത്തെ കവച്ചുവയ്ക്കുന്ന എന്തെങ്കിലും ചെയ്യുന്നവർ ഉണ്ടാകാം , പക്ഷെ ഞാൻ ഉൾപ്പെടെ നമ്മളിൽ പലരും അതുപോലെ ഒന്നും ചെയ്യാത്തവരായിരിക്കും. ഒന്നും ചെയ്യാതെ എന്നാൽ എന്നും തിരക്കിട്ടു ജീവിതം നടത്തികൊണ്ടുപോകുന്ന അനേക ലക്ഷം ആളുകളിൽ ചിലർ. നമ്മുടെ ജീവിതങ്ങൾ മരണത്തെ തോൽപ്പിക്കുന്നത് ഒരു പക്ഷെ നമ്മുടെ കുട്ടികളിലൂടെ മാത്രമായിരിക്കാം. പക്ഷെ ഒന്നുറപ്പാണ്. നമ്മളെല്ലാം മരണത്തിലേക്കുള്ള യാത്രയിലാണ്. മരണത്തെ ജീവിതം കൊണ്ട് തോൽപ്പിക്കുക എന്ന ഒരു ഉദ്യമത്തിലാണ് നമ്മൾ ഓരോരുത്തരും ഏർപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നാലു പതിറ്റാണ്ടിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പഠിച്ച ചില പാഠങ്ങൾ താഴെ കൊടുക്കുന്നു. ഇതൊരു മധ്യവയസ്കന്റെ ജല്പനങ്ങൾ മാത്രമാണ്. വായിച്ചിട്ടു നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് എടുത്തിട്ട് ബാക്കിയുള്ളത് വലിച്ചെറിഞ്ഞു കളയുക.

Life Planning Information Website revamped! - Youth.gov.hk1. ജീവിതം ഒരിക്കലും നിങ്ങൾ വിചാരിക്കുന്ന വഴികളിലൂടെ പോകണം എന്നില്ല. നോക്കൂ ഒരു ആഴ്ചയിൽ കപ്പലണ്ടി വിറ്റു കിട്ടിയ മുപ്പത്തി അഞ്ചു രൂപ കൊണ്ട് തുടങ്ങിയതാണ് എന്റെ ആദ്യത്തെ ബാങ്ക് അക്കൗണ്ട്. എംസിഎ പഠിച്ചാൽ ദിവസം നൂറു രൂപ കിട്ടുന്ന ജോലി നേവിയിൽ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞാണ് ഞാൻ എംസിഎ എൻട്രൻസിന് അപേക്ഷിച്ചത് തന്നെ. അമേരിക്കയിൽ വരുമെന്നോ ഇവിടെ സ്ഥിര താമസം ആക്കുമെന്നോ , വീട് വാങ്ങുമെന്നോ സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യുമെന്നോ എന്റെ സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. നിങ്ങളുടെ ജീവിതവും ഇതുപോലെ തന്നെ നിങ്ങൾ വിചാരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും. നമ്മൾ എത്രയൊക്കെ പ്ലാൻ ചെയ്താലും അതുപോലെ തന്നെ സംഭവിക്കണം എന്ന് ഒരു ഉറപ്പുമില്ല. നമുക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം ഇപ്പോഴുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ജീവിതം പ്ലാൻ ചെയ്യാം എന്നത് മാത്രമാണ്.

3 Life Planning Tips for Novices - McEnearney Associates2. നിങ്ങൾക്ക് ഇപ്പോൾ ഏറ്റവും പ്രധാനമെന്നു തോന്നുന്ന പല കാര്യങ്ങളും ജീവിതത്തിൽ വലിയ പ്രാധാന്യം ഇല്ലാത്തവയാണ് എന്ന് പിന്നീട് കാണാൻ കഴിയും. പത്തിൽ പഠിക്കുന്ന ഒരു കുട്ടിക്ക് എല്ലാ വിഷയത്തിലും എ+ വാങ്ങുന്നത് ആയിരിക്കും ഏറ്റവും പ്രധാനം. പക്ഷെ എന്റെ ജോലി സംബന്ധമായ അനുഭവത്തിൽ നല്ലൊരു കോളേജ് വിദ്യാഭ്യാസം പലപ്പോഴും ഒരു തൊഴിൽ തുടങ്ങാൻ ഉപകാരപ്പെടും എന്നല്ലാതെ അത് കഴിഞ്ഞു ആ തൊഴിലിൽ അഭിവൃദ്ധി പ്രാപിക്കുന്നത് കഴിവിനോടൊപ്പം മറ്റുള്ളവരോട് നമ്മൾ എങ്ങിനെ പെരുമാറുന്നു എന്നതിനെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഇതുപോലെ തന്നെയാണ് തോൽവിയുടെ കഥയും. ഒരു പരീക്ഷയിൽ തോറ്റാൽ ജീവിതം തന്നെ കുട്ടിച്ചോറായി എന്ന് കരുതുന്നവർ ആണ് പലരും. ഉദാഹരണത്തിന് കണക്കിന് പരാജയപ്പെടും എന്ന് പേടിച്ച് കോളേജിൽ ബിഎസ്‌സി ഫിസിക്സ് പരീക്ഷ ഒരു വർഷം എഴുതാതെ പോയ ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ തിരിഞ്ഞു നോക്കുംമ്പോൾ വെറുതെ കളഞ്ഞു എന്ന് ഞാൻ കരുതിയ അക്കൊല്ലം നടന്ന സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പരിചയം എനിക്ക് ജീവിതത്തിൽ എത്ര മാത്രം മുതൽക്കൂട്ടായി എന്ന് പറഞ്ഞറിയിക്കാൻ വയ്യ. നമ്മുടെ കുട്ടികളെ വരെ ഒരിക്കലെങ്കിലും തോൽക്കാൻ അനുവദിക്കുക എന്നത് നമുക് അവരുടെ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് എന്ന് കരുതുന്ന ഒരു രക്ഷിതാവ് കൂടിയാണ് ഞാൻ.

5 tips to get the right life partner3. നമുക്ക് കിട്ടുന്ന മാർക്കുകളെക്കാളും ഉയർന്ന ശമ്പളം കിട്ടുന്ന ജോലിയെക്കാളും ഒരു പക്ഷെ കൂടുതൽ പ്രധാനം നമ്മുടെ ജീവിത പങ്കാളിയും കുട്ടികളും സുഹൃത്തുക്കളും മറ്റുമാണ്. പഠിക്കാതെ ജോലി എടുക്കാതെ നടക്കണം എന്നല്ല, മറിച്ച് ഒരു മിനിമം ജീവിത സാഹചര്യം ഉണ്ടായി കഴിഞ്ഞാൽ പിന്നെ കൂടുതൽ പണം കൊണ്ട് ജീവിതത്തിൽ സന്തോഷം കൂടണം എന്നില്ല. മറിച്ച് കൂടുതൽ ശമ്പളം കിട്ടുന്ന ജോലി ഉണ്ടായിട്ടും സ്നേഹം ഇല്ലാത്ത ഒരു കുടുംബം കിട്ടിയിട്ട് വലിയ കാര്യമില്ല. ജീവിതത്തിൽ നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരു പങ്കാളിയെ കിട്ടുന്നതും, നമ്മുടെ ആശയങ്ങളോട് അടുത്ത നിൽക്കുന്ന സുഹൃത്തുക്കളെ കിട്ടുന്നതും എല്ലാം വലിയ ജോലി കിട്ടുന്നത് പോലെ തന്നെയോ അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്നതോ ആയ കാര്യങ്ങളാണ്.

Enjoy comfortable Group Tour for Senior Citizens - GoldenAger4. പലപ്പോഴും ചെറിയ കാര്യങ്ങളിൽ ആണ് സന്തോഷമിരിക്കുന്നത്. പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ അവസാന കാലത്ത് നിങ്ങൾ ഓർത്തിരിക്കാൻ പോകുന്നത്. ഉദാഹരണത്തിന് നിങ്ങൾ ഒരു ട്രിപ്പ് പോയാൽ അന്ന് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ആയിരിക്കില്ല ഒരു പക്ഷെ നിങ്ങളുടെ ഓർമയിൽ നില്കുന്നത്, മറിച്ച് ഒരു ലോക്കൽ റെസ്റ്റാറ്റാന്റിൽ വച്ച് നിങ്ങൾ പരിചയപ്പെട്ട് സംസാരിച്ച തദ്ദേശവാസികളായ സുഹൃത്തുക്കളോ, നിങ്ങളും പങ്കാളിയും കൈകോർത്തു പിടിച്ച് നഗരത്തിലൂടെ നടന്നതോ മറ്റോ മാത്രമായിരിക്കാം നിങ്ങളുടെ ഓർമയിൽ വരുന്നത്. ഈജിപ്തിലെ പുരാതനമായ പല കാഴ്ചകളും കണ്ട എനിക്ക് ഇപ്പോഴും ഈജിപ്ത് എന്ന് കേൾക്കുമ്പോൾ ഓർമയിൽ വരുന്നത് അറബി സബ് ടൈറ്റിലുകൾ വച്ച് ഇന്ത്യൻ ടിവി സീരിയൽ കാണുന്ന അവിടെയുള്ള ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തെയാണ്. മറ്റൊന്ന് വലിയ യാത്രകൾ പോകാൻ വേറെ രാജ്യങ്ങളിലേക്ക് പോകണം എന്ന് തന്നെയില്ല. പള്ളുരുത്തിയിൽ നിന്ന് സൈക്കിൾ ചവിട്ടി മട്ടാഞ്ചേരിയിൽ പോയപ്പോഴും, എറണാകുളത്ത് നിന്ന് പുറക്കാടേക്ക് ബാപ്പയുടെ കുടുംബത്തെ കാണാൻ കെഎസ്ആർടിസി ബസിൽ ചെറുപ്പത്തിൽ പോയപ്പോഴും അനുഭവിച്ച അനുഭൂതി വേറെ ഒരു വലിയ യാത്രയും തന്നിട്ടില്ല.

The world is much more alike than different | News5. എല്ലാവര്ക്കും ഒരേ മൂല്യമാണ്. പണം ഇല്ലാത്തവനും ഉള്ളവനും, വിദ്യഭ്യാസം ഉള്ളവനും, ഇല്ലാത്തവനും വ്യത്യസ്‍ത മൂല്യങ്ങൾ ഒന്നുമില്ല. ഇത് മനസിലാക്കാൻ കഴിഞ്ഞാൽ തന്നെ ജീവിതം പകുതി വിജയമാകും. എല്ലാവരും അവരവരുടേതായ രീതിയിൽ അദ്വിതീയരാണ്. ഒരേ അനുഭവത്തിലൂടെ കടന്നുപോയ രണ്ടു പേര് ലോകത്തുണ്ടാവില്ല. അതുകൊണ്ടു തന്നെ എല്ലാവരെയും നമുക്ക് പുതിയ എന്തെകിലും പഠിക്കാൻ ഉണ്ടാകും എന്നപോലെ ഇടപെടുക.

Centre rebuts challenge to CAA, says NRC necessary for every country -  india news - Hindustan Times6. The Subtle Art of Not Giving a F*ck എന്നൊരു പുസ്തകമുണ്ട്. രത്നച്ചുരുക്കം ഇതാണ്. നമ്മൾ എല്ലാവരും പലപ്പോഴും പല പ്രശ്ങ്ങൾ അഭിമുഖീകരിക്കുന്നവരാണ്, പലപ്പോഴും മറ്റുളളവരും ആയുള്ള ബന്ധത്തിന്റെ കാര്യത്തിൽ. എല്ലാ വിഷയങ്ങളിലും പ്രതികരിക്കാൻ നിന്നാൽ അത് ആരോഗ്യകരമായ ഒരു പ്രവണതയല്ല. നമുക്ക് പ്രാധാന്യമുള്ള നമ്മളെ ആഴത്തിൽ സ്പർശിക്കുന്ന കാര്യത്തിൽ മാത്രമേ പ്രതികരിക്കുക. ആളുകൾ പലപ്പോഴും അവരവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളുടെ ഒരു മുൻഗണന ലിസ്റ്റ് മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്. നിങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്ന കാര്യങ്ങളെ അവർക്ക് തീർത്തും അപ്രധാനം ആയേക്കാം. CAA , വാളയാറിലെ പെൺകുട്ടികളുടെ മരണം തുടങ്ങിയ കാര്യങ്ങൾ പ്രധാനയമുള്ളവയായി ഞാൻ ഉൾപ്പെടെയുള്ള ഒരു കൂട്ടർ കാണുമ്പോൾ നമ്മളെല്ലാം ചാണകം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് മറ്റു ചിലർക്ക് പ്രാധാന്യം ഉള്ളതായി തോന്നുന്നത്. എല്ലാവരോടും എല്ലാ സമയത്തും തർക്കിച്ചിട്ടു കാര്യമൊന്നുമില്ല. നമ്മുടെ മനസമാധാനം പോകുമെന്നല്ലാതെ.. Choose your battles wisely..

Separation & Divorce: Breaking Up Without Going Broke7. മനുഷ്യ ബന്ധങ്ങൾ എന്നും ഒരേ പോലെ തന്നെ ഉണ്ടാകണം എന്നില്ല. പല തവണ ശ്രമിച്ചിട്ടും വിജയിക്കാതെ വരുന്ന ബന്ധങ്ങൾ വിട്ടുകളയുന്നതാണ് പലപ്പോഴും നിങ്ങൾക്കും മറ്റുള്ളവർക്കും നല്ലത്. കുട്ടികൾ , സമൂഹം , കുടുംബം എന്നൊക്കെ പറഞ്ഞു പലപ്പോഴും ജീവിതം പാഴാക്കുന്നവരാണ് നമ്മളിൽ പലരും. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാതിരിക്കുക. അച്ഛനെയും അമ്മയെയും സന്തോഷിപ്പിക്കാൻ ഇഷ്ടമില്ലാതെ വിവാഹം കഴിച്ചു സ്വന്തം ജീവിതവും പങ്കാളിയുടെ ജീവിതവും ഒരേ പോലെ ദുരിതപൂർണമാക്കിയ അനേകം പെർ എന്റെ പരിചയത്തിലുണ്ട്.

Pakistan court dismissed judge who convicted ex-premier8. ഒരാളെ വിധിക്കാൻ നമുക്ക് എളുപ്പമാണ്, പക്ഷെ എന്തൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുവന്നവരാണ് മറ്റുളളവർ എന്ന് നിങ്ങൾക്ക് അറിയണമെന്നില്ല. ജോലി സ്ഥലത്ത് ആരോടും സംസാരിക്കാതെ നടക്കുന്ന, പാർട്ടികളിൽ വരാത്ത, തികച്ചും ബോർ എന്ന് ഞങ്ങൾ കരുതുന്ന നിങ്ങളുടെ സഹപ്രവർത്തകൻ / സഹപ്രവർത്തക ഒരു പക്ഷെ ചെറുപ്പത്തിലേ ലൈംഗിക അതിക്രമത്തിന്റെ ഇരയായിരിക്കാം… കയ്യിൽ നിന്ന് ഒരു പൈസ ചെലവാക്കാതെ നടക്കുന്ന നിങ്ങളുടെ രക്ഷിതാവ് ഒരു പക്ഷെ ചെറുപ്പത്തിൽ ജീവിത ദുരിതത്തിന്റെ അനുഭവത്തിൽ ആയിരിക്കാം അത് ചെയ്യുന്നത്.

Your dog loves when you smile. Here's why! • Earth.com9. ജീവിതം ആസ്വദിക്കുക. ഒരു പൂ വിരിയുന്നതും ചെടി മുളക്കുന്നതും, നിങ്ങൾ ഭക്ഷണം നൽകുമ്പോൾ നായ വാലാട്ടുന്നതും മുതൽ പലപ്പോഴും ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ നമ്മൾ കാണാതെ പോകുന്നവയാണ്. ഇതുവരെയുള്ള എല്ലാം മറന്നു ലോകത്തെയും മനുഷ്യരെയും പുതിയ കണ്ണിലൂടെ കാണാൻ ഒന്ന് ശ്രമിച്ചു നോക്കൂ, പുതിയൊരു ലോകം നിങ്ങളുടെ മുന്നിൽ തെളിഞ്ഞു വരും.

Poll reveals the 30 secrets to happy family life – and it's the simple  things that matter - Mirror Online10. ഏറ്റവും അവസാനമായി ഏറ്റവും പ്രാധാന്യം ഉള്ള ഒരു കാര്യം. നിങ്ങൾ ഇന്ന് ഇപ്പോൾ മരിക്കുകയാണെങ്കിൽ നിങ്ങൾ സന്തോഷവാനായിട്ടായിരിക്കുമോ മരിക്കുന്നത്? അതോ എന്തൊക്കെയോ ജീവിതത്തിൽ ചെയ്യാന് ഉണ്ടെന്ന തോന്നലിൽ ആയിരിക്കുമോ മരിക്കുന്നത്. സ്കൂൾ പഠനം കഴിഞ്ഞു ജീവിച്ചു തുടങ്ങണം എന്നോ, ജോലി കിട്ടി കഴിഞ്ഞു ശരിക്കും ജീവിച്ചു തുടങ്ങണം എന്നോ, കുട്ടികൾ ഒരു വഴിക്കായിട്ടു ജീവിച്ചു തുടങ്ങണം എന്നോ, അവസാനം റിട്ടയർ ആയി കഴിഞ്ഞു ശരിക്കും ആസ്വദിച്ചു ജീവിക്കണം എന്നോ ഒക്കെ കരുതി ജീവിതത്തെ മറ്റൊരു സമയത്തേക്ക് തള്ളി വൈകാതെ ഇപ്പോൾ തന്നെ നിങ്ങൾ ജീവിതം ആസ്വദിച്ചു തുടങ്ങൂ. ജീവിതം ഒരു ലക്ഷ്യമല്ല മറിച്ച് ഒരു യാത്രയാണ്. കോളേജിൽ പഠിക്കുമ്പോൾ തന്നെ യാത്ര പോവുകയും, നോവലുകളും മറ്റും വായിക്കുകയും, പ്രണയിക്കുകയും എല്ലാം ചെയ്യുന്നതും ജീവിതമാണ്. എന്റെ പ്രായത്തിൽ നിങ്ങൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാലോചിക്കുന്നത് ഒരു പക്ഷെ കോളേജ് കാലം ആയിരിക്കാം. ജോലി , വിവാഹം കുട്ടികൾ തുടങ്ങി എല്ലാം ജീവിതത്തിന്റെ ഭാഗം തന്നെയാണ്, ഇത് മാറ്റി വച്ചിട്ട് വേറെ ഒരു ജീവിതം എന്നൊന്നില്ല.

ഞാൻ മുൻപേ പറഞ്ഞ പോലെ മരണഭയം വന്ന ഒരു മധ്യവയസ്കന്റെ ജല്പനങ്ങൾ മാത്രമാണിത്. മറന്നു കളഞ്ഞേക്കുക, പക്ഷെ ദയവായി നിങ്ങളുടെ ജീവിതം മറ്റൊരു സമയത്തേക്ക് മാറ്റി വയ്ക്കാതിരിക്കുക. ഇപ്പോഴേ ആസ്വദിക്കുക, സന്തോഷിക്കുക, ആവോളം ചിരിക്കുക. എല്ലാവർക്കും സ്നേഹത്തോടെ നവവത്സരാശംസകൾ നേർന്നു കൊണ്ട്…
സ്വാമി ഹുസൈനാനന്ദ…..