പക്വതയില്ലാതെ എടുത്തുചാടി കഴുമരത്തിൽ പോയ ഒരാളല്ല ഭഗത് സിംഗ്

601
Nazeer Hussain Kizhakkedathu
ഞാൻ ഈ വർഷം വായിച്ച ഏറ്റവും നല്ലൊരു ലേഖനം ഇരുപത്തിരുണ്ട് വയസുള്ള ഒരു ചെറിയ പയ്യൻ 1930 ഒക്ടോബറിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ജയിലിൽ കിടക്കുമ്പോൾ എഴുതിയ ഒന്നാണ്. “ഞാനെന്തുകൊണ്ടൊരു നിരീശ്വരവാദിയായി” എന്ന തലകെട്ടിൽ എഴുതപെട്ട, കനമുള്ള, ചെറിയൊരു ലേഖനമാണിത്. ഇതെഴുതി കുറച്ചു മാസങ്ങൾക്കകം അദ്ദേഹം വിപ്ലവം ജയിക്കട്ടെ എന്നർത്ഥം വരുന്ന, മൗലാനാ മൊഹാനിയുടെ “ഇൻക്വിലാബ് സിന്ദാബാദ്” മുഴക്കി തൂക്കുകയറിലേക്ക് തലയുയർത്തിപ്പിടിച്ച് നടന്നുപോയി. റഷ്യൻ വിപ്ലവത്തെക്കുറിച്ച് ലെനിൻ എഴുതിയ പുസ്തകമായിരുന്നു അദ്ദേഹം അപ്പോൾ വായിച്ചുകൊണ്ടിരുന്നത്.
ഭഗത് സിംഗിനെ കുറിച്ച് വായിക്കുമ്പോഴും, അദ്ദേഹം എഴുതിയ ഈ ലേഖനം വായിക്കുമ്പോഴും ദേഷ്യവും സങ്കടവും അഭിമാനവും ഒരുമിച്ച് വരും. കാരണം അദ്ദേഹത്തെ പോലെയുള്ളവർ ചിന്തിയ ചോരയുടെ ഫലമാണ് ഞാനുൾപ്പെടെയുള്ളവർ അനുഭവിക്കുന്നതെന്ന ബോധം ഒരു വശത്ത്, ആ സ്വാതന്ത്ര്യത്തെ ജാതിക്കും മതത്തിനും വേണ്ടി ബാലാൽക്കാരം ചെയ്യുന്ന ഭരണകൂടം മറുവശത്തു , ഇത്രയൂം ആഴമുള്ള വായനയും, അറിവുമുള്ള ഇദ്ദേഹം ഇത്ര ചെറുപ്പത്തിലേ തന്റെ ജീവൻ നമുക്ക് വേണ്ടി ബലികൊടുത്തല്ലോ എന്ന വിഷമം മറുവശത്ത്, അതും ആർക്കും വേണ്ടാത്ത ചില ജന്മങ്ങൾ ഷൂ നക്കുകയും മാപ്പെഴുതി കൊടുക്കുകയും ചെയ്യുന്ന സമയത്ത്.
ഭഗത് സിംഗ് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ഒരു ബ്രിട്ടീഷ്‌കാരനെ കൊന്നതിന് കൊലമരത്തിലേറിയതാണെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ടാകും. തീർത്തും തെറ്റായ ധാരണയാണിത്. പഞ്ചാബ് കേസരിയെന്നറിയപ്പെട്ടിരുന്ന ലാല ലജ്പത് റായിയെ ബ്രിട്ടീഷുകാർ അടിച്ചു കൊന്നതിന് പകരം ചോദിക്കാനായിരുന്നു ഭഗത് സിങ്ങും രാജ്ഗുരുവും ചന്ദ്രശേഖർ ആസാദും എല്ലാം ഉൾപ്പെട്ട കൂട്ടം ബ്രിട്ടീഷ് പൊലീസുകാരെ ആക്രമിച്ചത്. പക്ഷെ അതിനും മുൻപ് തന്നെ വേറൊരു കേസിൽ ഭഗത് സിംഗിനെ അകാരണമായി ഉൾപ്പെടുത്താനും, അദ്ദേഹത്തെ കഴുമരത്തിലേറ്റാനും ശ്രമമുണ്ടായിരുന്നു. എന്ത് ചെയ്താലും കൊല്ലപ്പെടുമെന്ന ഉറച്ച ബോധം ഉണ്ടായിരുന്ന ഒരാളായിരുന്നു ബ്രിട്ടീഷുകാരുടെ കണ്ണിലെ നോട്ടപുള്ളിയായിരുന്ന ഭഗത് സിംഗ്.
ഭഗത് സിങ് ഉൾപ്പെടെയുള്ള പഞ്ചാബിലെ സിഖുകാരുടെ ഞെഞ്ചിലെ അണയാത്ത തീയായിരുന്നു ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയും അതിനു ശേഷം നടന്ന വിചാരണയും. ഔദ്യോദികമായി തന്നെ ആയുധരഹിതരായ 400 ഓളം ഇന്ത്യക്കാർ കൊല്ലപ്പെട്ട ( അനൗദ്യോദിക കണക്ക് ഇതിന്റെ നാലിരട്ടി : 1600 ) ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ കേണൽ ഡയർ ശിക്ഷിക്കപെടുകയുണ്ടായില്ല. മര്യാദയ്ക്ക് വിചാരണ പോലും നടന്നില്ല. ബ്രിട്ടനിൽ റിട്ടയർമെന്റ് ജീവിതം നയിച്ച ജനറൽ ഡയറിനു ഡെയിലി ടെലിഗ്രാഫ് പത്രത്തിന്റെ നേതൃത്വത്തിന്റെ ബ്രിട്ടീഷ് കോൺസെർവറ്റിവ് പാർട്ടിയിലെ ആളുകൾ ഒരു മില്യൺ ബ്രിട്ടീഷ് പൗണ്ട് പിരിച്ചുകൊടുക്കുത് സഹായിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ നടത്തുന്ന അക്രമത്തോടും, ഇന്ത്യക്കാർ നടത്തുന്ന അക്രമത്തോടും ബ്രിട്ടീഷുകാർ രണ്ടു തരത്തിലായിരുന്നു പെരുമാറിയിരുന്നത്.
ഡൽഹി സെൻട്രൽ ലെജിസ്ലേറ്റീവ് അസ്സെംബ്ലിയിലെ ബോംബ് സ്ഫോടനത്തിനാണ് ഭഗത് സിങ് പിടിയിലാവുന്നത്. അദ്ദേഹവും മറ്റു ചിലരും പിടികൊടുക്കുകയായിരുന്നു. വിചാരണ കാത്ത് ജയിലിൽ കഴിയുന്ന സമയത്താണ് ഞാൻ എങ്ങിനെ ഒരു നിരീശ്വരവാദിയായി എന്ന ലേഖനം ഇദ്ദേഹം എത്തുന്നത്. ഇദ്ദേഹത്തിന്റെ പരന്ന വായനയും അറിവിന്റെ ആഴവും , ഭാഷയുടെ ശക്തിയും വ്യക്തമാക്കുന്ന ഒരു ലേഖനമാണിത്.
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നായിരുന്നു ഭാഗത് സിങ്ങും കൂട്ടരും തുടങ്ങിയ സംഘടനയുടെ പേര്. ഈ സംഘടനയുടെ രൂപീകരണവും ആയി ബന്ധപ്പെട്ട ചിന്തകളും വായനയുമാണ് തന്നെ പൂർണ അർത്ഥത്തിൽ ഒരു നിരീശ്വരവാദിയാക്കിയതെന്നു പറഞ്ഞു തുടങ്ങുന്ന അദ്ദേഹം, തന്റെ കുടുംബം ആദ്യകാലത്ത് ആര്യസമാജത്തിന്റെ വിശ്വാസക്കാരായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ആസ്തിക പാരമ്പര്യത്തെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്ന അദ്ദേഹം, നിരാലംബ സ്വാമിയുടെ കോമൺ സെൻസ് എന്ന പുസ്തകം വായിച്ചതിനെക്കുറിച്ചും അത്, പുറത്തു എല്ലാം നിയന്ത്രിക്കുന്ന രൂപത്തിലുള്ള ഒരു ദൈവം ഇന്ത്യൻ വിശ്വാസപ്രകാരം ഇല്ലാത്തതിനെക്കുറിച്ച് പറയുന്നതിനെക്കുറിച്ചും, ഇന്ത്യൻ ആസ്തികർ ദൈവത്തെ നിഷേധിച്ചതിനെ കുറിച്ചും എല്ലാം വ്യക്തമാക്കുന്നു.
അവിടെനിന്ന് അദ്ദേഹം പഠിച്ച കാര്യങ്ങളുടെ ഒരു കുത്തൊഴുക്കാണ്. റഷ്യൻ വിപ്ലവവും ചിന്താരീതികളും ഭഗത് സിംഗിനെ അഗാധമായി സ്വാധീനിച്ചു എന്ന് നമുക്ക് കാണാം.
“അതുപോലെ തന്നെ നമ്മൾ പോരാടുന്ന ആശയത്തിന്റെ സുവ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അതിനായി മറ്റൊന്നിനും സമയം ചിലവഴിക്കാതെ, വിപ്ലവത്തിന്റെ ലോകത്തെ നിരവധി ആശയങ്ങളെക്കുറിച്ച് പഠിക്കാനുള്ള ധാരാളം അവസരം എനിക്ക് കിട്ടി. അരാജക നേതാവായ ബക്കൂനിനെക്കുറിച്ചും കമ്മ്യൂണിസത്തിന്റെ പിതാവായ മാർക്സിനെ പറ്റിയും, അവരവരുടെ രാജ്യത്ത് വിപ്ലവം സാദ്ധ്യമാക്കിയ ലെനിൻ, ട്രോട്സ്കി തുടങ്ങിയുള്ളവരെക്കുറിച്ചും എല്ലാം ഞാൻ പഠിച്ചു. അവരെല്ലാം നിരീശ്വരവാദികളായിരുന്നു. ബക്കൂനിന്റെ “ദൈവവും രാജ്യവും” അപൂർണ്ണമാണെങ്കിൽ പോലും, ഈ വിഷയത്തിലുള്ള നല്ലൊരു പഠനമാണ്”
അവിടെ നിന്ന് അദ്ദേഹം ദൈവവിശ്വാസികളെ എന്നും കുഴക്കുന്ന ചോദ്യം ചോദിക്കുന്നു.
“താങ്കൾ വിശ്വസിക്കുന്ന പ്രകാരം, ഒരു മഹാനും, സർവ്വവ്യാപിയും, സർവ്വജ്ഞനും, സർവ്വശക്തനുമായ ദൈവമാണ് ലോകം സൃഷ്ടിച്ചതെങ്കിൽ, എന്തിനാണ് ഇത് സൃഷ്ടിച്ചത്? ഈ ക്ലേശത്തിന്റെയും കഷ്ടപ്പാടിന്റെയും ലോകത്ത് എണ്ണമില്ലാത്ത ദുരന്തങ്ങളുടെ ഒരു ശൃംഖലയാണുള്ളത്: ഒരൊറ്റ ആത്മാവ് പോലും സംതൃപ്തരല്ല. ഒരു ചെങ്കിസ്‌ഖാൻ ആകട്ടെ ഏതാനം ആയിരമാൾക്കാരെ മാത്രമേ സംതൃപ്തിക്കായി കൊന്നിട്ടുള്ളു, എന്നിട്ടും നാം ആ പേര് വെറുക്കുന്നു. പിന്നെങ്ങനെയാണ് നിങ്ങൾ, ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും എണ്ണമില്ലാത്ത ദുരന്തങ്ങൾക്ക് കാരണമാകുന്ന, നിങ്ങളുടെ സർവ്വശക്തനായ സനാതന നീറോയെ ന്യായീകരിക്കുന്നത്? തികച്ചും നരകവും, എപ്പോഴും അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ ലോകം എന്തിനാണ് അയാൾ സൃഷ്ടിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്? എന്താണിതിനെല്ലാം ഉള്ള ന്യായീകരണം?
കഷ്ടതകൾ അനുഭവിക്കുന്ന നിഷ്കളങ്കർ പിന്നീട് സമ്മാനിതരാകുമെന്നും തെറ്റ് ചെയ്യുന്നവർ പിന്നീട് ശിക്ഷിക്കപ്പെടുമെന്നുമാണോ നിങ്ങൾ പറയാൻ പോകുന്നത്? എന്നാൽ, ഒരാൾ നിങ്ങളെ നിരന്തരം കത്തിയുപയോഗിച്ച് നിങ്ങളുടെ ശരീരമാസകലം കുത്തി മുറിക്കുകയും പിന്നീട് തൈലം പുരട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ ന്യായം? ഗ്ലാഡിയേറ്റർ പയറ്റിൽ മനുഷ്യരെ വിശന്ന് വലഞ്ഞിരിക്കുന്ന ശൗര്യമേറിയ സിംഹങ്ങളുടെ കൂട്ടിൽ ഇട്ട ശേഷം അവർ അതിജീവിക്കുകയാണെങ്കിൽ അവരെ നന്നായി പരിപാലിക്കുകയും നോക്കുകയും ചെയ്യുന്നത് എത്രമാത്രം ന്യായീകരിക്കാൻ നിങ്ങൾക്കാകും? അതാണ് ഞാൻ ചോദിക്കുന്നത്, “എന്തിനാണ് ഈ പരംപൊരുൾ ലോകം സൃഷ്ടിക്കുകയും മനുഷ്യനെ അതിലുൾപ്പെടുത്തുകയും ചെയ്തത്? സന്തോഷത്തിന് വേണ്ടിയോ? അങ്ങനെയെങ്കിൽ ദൈവവും നീറോയും തമ്മിലുള്ള വ്യത്യാസമെന്ത്? “
വെറുതെയല്ല ഒരു ചോദ്യം മാത്രമല്ല, മറിച്ച് പുരോഗമന ചിന്തകർ എന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്വയം പുതുക്കികൊണ്ടിരിക്കണമെന്നും എല്ലാം വ്യക്തമായ കാഴ്ചപ്പടുള്ള ഒരു വിജ്ഞാനിയായിരുന്നു ഈ 22 വയസുള്ള പയ്യൻ.
“യാഥാർത്ഥ്യവാദിയാണെന്ന് സ്വയം അവകാശപ്പെടുന്ന ആൾ പഴയ വിശ്വാസങ്ങളെ ചോദ്യം ചെയ്തിരിക്കണം. അവ കാര്യകാരണബന്ധത്തിനു മുന്നിൽ നിലനിൽക്കുന്നതല്ലെങ്കിൽ, തകരേണ്ടവയാണ്. അയാൾ ആദ്യം ചെയ്യേണ്ട കാര്യം പഴയവയെല്ലാം തകർത്ത് പുതിയ തത്ത്വചിന്തയ്ക്കുള്ള സ്ഥലമുണ്ടാക്കലാണ്. ശരിക്കും ഇതത്ര നല്ലതല്ല. പക്ഷേ അതിനുശേഷം പുനഃസൃഷ്ടിക്കായി പഴയ കാര്യങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം പൗരസ്ത്യ തത്ത്വചിന്തയെക്കുറിച്ച് പഠിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് ഞാൻ സമ്മതിച്ച് കൊള്ളട്ടെ. പക്ഷേ പഴയ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതിനെക്കുറിച്ച് എനിക്ക് ബോദ്ധ്യമുണ്ട്. ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു പരംപൊരുളിന്റെ നിലനിൽപ്പില്ലായ്മയെക്കുറിച്ച് എനിക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. പുരോഗമിക്കുന്നതിനൊപ്പം ലോകം മനുഷ്യന് കീഴ്പ്പെടുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനായി ഒന്നും നമ്മെ വഴികാട്ടുന്നില്ല. അതാണ് ഞങ്ങളുടെ തത്ത്വചിന്ത.”
ഭഗത് സിങ്ങിന് ശാസ്ത്രത്തെ കുറിച്ചും ഡാർവിന്റെ പരിണാമ സിന്ധാന്തത്തെ കുറിച്ചുമെല്ലാം നല്ല അറിവുണ്ടായിരുന്നു എന്ന് ഈ ലേഖനം വ്യക്തമാക്കുന്നണ്ട്.
“വിവിധ വസ്തുക്കളുടെ യാദൃശ്ചികമായ മിശ്രണം ഒരു നീഹാരികയാവുകയും അത് ഈ ഭൂമി ഉണ്ടാകുന്നതിൽ കലാശിക്കുകയും ചെയ്തു. എപ്പോൾ? ചരിത്രം നോക്കൂ. ഇതേ പോലെ തന്നെ ജീവികളും പിന്നീട് മനുഷ്യരുമുണ്ടായി. ഡാർവിന്റെ “ഒറിജിൻ ഓഫ് സ്പീഷീസ്” വായിക്കൂ. മനുഷ്യരുടെ പുരോഗതി അത്രയും പ്രകൃതിയുമായുള്ള അവന്റെ സംഘടനങ്ങളും അതിനെ അതിജീവിക്കാനുള്ള അവന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രതിഭാസത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ വിശദീകരണമാണ് ഇത്.”
നമ്മളുടെ സ്വാതന്ത്ര്യവും, ഭരണഘടനയുമെല്ലാം, ഇത്രയും അറിവുണ്ടായിരുന്നു, നമുക്ക് വേണ്ടി തൂക്കുകയർ ഏറ്റുവാങ്ങിയ ഭഗത് സിംഗിനെ പോലുള്ളവരുടെ കൂടി ചോരയുടെ ഫലമാണ്. ഈ സ്വാതന്ത്ര്യവും ഭരണഘടനയും സംരക്ഷിക്കാൻ ജീവൻ കൊടുത്താൽ പോലും കുറവാകില്ല.
ഓർക്കുക പക്വതയില്ലാതെ എടുത്തുചാടി കഴുമരത്തിൽ പോയ ഒരാളല്ല ഭഗത് സിംഗ്, ബോധപൂർവം ബ്രിട്ടീഷുകാരോട് മാപ്പു പറയാതെ ഷൂ നക്കാൻ നിൽക്കാതെ നെഞ്ചുവിരിച്ചു നിന്ന് മരണം ഏറ്റുവാങ്ങിയ യഥാർത്ഥ ഇന്ത്യക്കാരന്റെ പ്രതിനിധിയാണ് അദ്ദേഹം.