ബിഎസ്എൻഎലിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

88

Nb Biju

ബിഎസ്എൻഎലിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

പെട്ടിമുടിയിൽ ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് തിരച്ചിൽ പ്രവർത്തനത്തിനു സഹായമെന്ന നിലയിൽ മൊബൈൽ കവറേജിന് താത്കാലിക ടവർ സ്ഥാപിക്കാൻ ഒരു സ്വകാര്യ മൊബൈൽ കമ്പനിക്കും തോന്നിയില്ല! ഇപ്പോഴും ഇടുക്കി ജില്ലയുടെ ഭൂരിഭാഗത്തും നഷ്ടം സഹിച്ചും ബിഎസ്എൻ എൽ മാത്രമാണ് 75 ശതമാനം കവറേജ് നൽകുന്നത്. പെട്ടിമുടിയിൽ ബി എസ് എൻ എൽ സ്ഥാപിച്ച 2 G ടവർ ഉള്ളതാണ് ഏക ആശ്രയം. മൂന്നു ദിനങ്ങളിലായി പെട്ടിമുടിയിൽ ജോലി ചെയ്തപ്പോൾ പുറം ലോകവുമായി ബന്ധപ്പെടാൻ ഏറെ ബുദ്ധിമുട്ടി. തൊട്ടടുത്ത ജില്ലയായ എറണാകുളത്തെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസിനെ മാത്രമാണ് വല്ലപ്പോഴും ലൈനിൽ കിട്ടിയത്. ഓരോ ശരീരവും മണ്ണിനടിയിൽ നിന്നു കിട്ടുമ്പോൾ നിജാസിനെ വിളിച്ച് തിരുവനന്തപുരം PRD ആസ്ഥാനത്തേക്കു കൊടുക്കുകയാണ് ചെയ്തത്.

ചില സമയങ്ങളിൽ മാധ്യമ പ്രവർത്തകരുടെ കോൾ വരുമെങ്കിലും തിരിച്ചുവിളിക്കാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഒന്നോ രണ്ടോ ചാനൽ പ്രവർത്തകരും ഞങ്ങൾ PRD ടീമും മാത്രമാണ് വെള്ളിയാഴ്ച്ച രാവിലെ ഉണ്ടായിരുന്നത്. വീഡിയോഗ്രാഫർ സുനിൽ സെൻട്രൽ , മൂന്നാർ ഫോട്ടോഗ്രാഫർ ശെൽവൻ എന്നിവർക്കൊപ്പം ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ ഏർപ്പാടു ചെയ്തു തന്ന ജീപ്പിൽ മുക്കാൽ ദൂരം. പെരുമഴ…പിന്നെ പള്ളിയിൽ നിന്ന് അച്ചൻമാർ ബ്രഡ് കൊണ്ടു പോകുകയായിരുന്ന ജീപ്പിൽ സാഹസികമായി ഇരുന്നും തൂങ്ങി നിന്നും ലക്ഷ്യസ്ഥാനത്തേക്ക്. ഇടയ്ക്കിടെ മണ്ണിടിച്ചിൽ.

അവിടെ എത്തിയപ്പോൾ കണ്ടത് ഒരിക്കലും മനസ്സിൽ നിന്നു മായാത്ത നടുക്കുന്ന കാഴ്ച. രണ്ടര കിലോമീറ്ററോളം മുകളിൽ കാട്ടിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ എല്ലാം നക്കിത്തുടച്ച് ചെളിയും കുറ്റൻ പാറക്കല്ലുകളും കൊണ്ടു നിറച്ച ദുരന്തഭൂമി. അനവധിയാളുകളുടെ തേങ്ങലുകൾ അമർത്തിയ ഭൂമി. തികച്ചും പാവപ്പെട്ടവരായ ആബാലവൃദ്ധർ അവസാന ശ്വാസം വെടിഞ്ഞ് മണ്ണിനടിയിൽ ഉണ്ടല്ലോ എന്ന സന്ദേഹം ഉള്ളിനെ ഒന്നൂടി നടുക്കി. നാലു നിരകളിലായി ഉണ്ടായിരുന്ന ലയങ്ങൾ അപ്രത്യക്ഷമായി. അപ്പോൾ ആദ്യം വന്ന മൂന്നു മണ്ണുമാന്തി യന്ത്രങ്ങളാൽ തിരച്ചിൽ ആരംഭിച്ചിരുന്നു. താഴെ മൂന്നാറിൽ നിന്ന് 35 കിലോമീറ്ററോളം ദുർഘട പാത താണ്ടിയാണ് ലോറികളിലും മറ്റുമായി പിന്നീട് ഹിറ്റാച്ചികൾ എത്തിച്ചത്. ജെ സി ബി ക്കു സാധിക്കാതിരുന്നത് ഹിറ്റാച്ചി യന്ത്രങ്ങൾ വന്നതോടെ തിരച്ചിൽ ഊർജിതമായി.

പാറകൾ പൊട്ടിച്ചു വലിപ്പം കുറയ്ക്കുകയായിരുന്നു. ശനിയാഴ്ച ആയപ്പോൾ പലയിടങ്ങളിലും 15 അടിയോളം മണ്ണു മാറ്റിയാണ് ശരീരങ്ങൾ കണ്ടെടുത്തത്. പുഴയിലുടെ പലരും ഒഴുകിപ്പോയതായി കരുതുന്നു. പുഴ പാറക്കൂട്ടങ്ങൾ നിറഞ്ഞ് വളരെ ദുർഘടം പിടിച്ചതാണെന്ന് വനപാലകർ പറഞ്ഞു. കാട്ടിൽ നിന്ന് മ്ലാവ് ഉൾപ്പെടെ ചത്ത് വന്നടിഞ്ഞു കിടപ്പുണ്ടായിരുന്നു. ലയങ്ങളുടെ അവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും ചെളിയിൽ ഉയർന്നു നിൽക്കുന്നു. മഴയെ വകവയ്ക്കാതെ രണ്ടു വലിയ നായകൾ ഉടമകളെ തേടി എല്ലാവരുടെയും ഇടയിലൂടെ മണം പിടിച്ചു ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. ജില്ലാ കളക്ടർ ദിനേശൻ സാറും ഞാനും സംസാരിച്ചു നിൽക്കുമ്പോൾ ഒരു കറുത്ത വലിയ നായ അരികിൽ വന്നത് ഉടമയെ തേടിയായിരുന്നു. അത് പിന്നീടാണ് അറിയാൻ കഴിഞ്ഞത്.

തകഴിയുടെ പ്രശസ്തമായ വെള്ളപ്പൊക്കം എന്ന ചെറുകഥയിലെ നായകനായ നായയെ ആണ് ഇപ്പോൾ ഓർമ വരുന്നത്.
വാർത്തയും ഫോട്ടോയും വീഡിയോയും കൊടുക്കാനായി വൈകിട്ടത്തെ തിരിച്ചിറക്കം അതിലേറെ സാഹസം. രാവിലെ കൊണ്ടുവന്ന ജീപ്പുകാരൻ മഴയിൽ മുങ്ങി. പെട്ടിമുടിയിൽ നിന്ന് രണ്ടര കിലോമീറ്റർ പെരുമഴയത്ത് രാജമല പഴയ തേയില കമ്പനി വരെ നടന്നു. അട്ടകടിച്ച് സുനിലിൻ്റെ കാലുകളിൽ പലയിടങ്ങളിലായി രക്തം ഒഴുകി. പെരുമഴയിൽ മലകളിലെ തേയിലക്കാട്ടിൽ നിന്നും വഴിയിലേക്ക് മലവെള്ളപ്പാച്ചിൽ. കാറ്റും മഞ്ഞും മഴയും ഇനിയും ഉരുൾ പൊട്ടുമോയെന്ന ഭയവും ചേർന്ന് വിറപ്പിച്ചു. മണ്ണിടിഞ്ഞ് ചെളി കലങ്ങി ഒഴുകുന്നുണ്ടായിരുന്നു. കാറ്റിൽ പിരിഞ്ഞൊടിഞ്ഞ വൻകാട്ടുമരങ്ങൾ.

റേഞ്ച് കുറഞ്ഞതിനാൽ രാവിലെത്തെ ജീപ്പുകാരനെ ഫോണിൽ വിളിച്ചാലും കിട്ടുന്നില്ല. പഴയ തേയില കമ്പനിയുടെ മുന്നിൽ ഒന്നര മണിക്കൂർ കാത്തു നിന്ന് അഞ്ചരയോടെയാണ് വേറൊരു ജീപ്പിൽ മലയിറങ്ങിയത്. പിന്നീട് പള്ളിവാസലിന് അടുത്ത് ഒരു വെയിറ്റിംഗ് ഷെഡിൽ കയറി ഇരുന്നാണ് ഞങ്ങൾ വാർത്തയും ചിത്രങ്ങളും വീഡിയോയും അയച്ചത്.ദുരന്തത്തിനു ശേഷം വിനിമയം കൂടിയ ആദ്യ രണ്ട് ദിനങ്ങളിൽ കോളുകൾ ഇടയ്ക്കിടെ തടസപ്പെട്ടു. കോടികൾ കൊള്ളലാഭമുണ്ടാക്കാനായി നാടുനീളെ റോഡ് കുത്തിപ്പൊളിച്ച് കേബിൾ സ്ഥാപിക്കുന്ന സ്വകാര്യ കമ്പനികൾ ഇവിടെ അല്പം പോലും മനുഷ്യത്വം കാട്ടാൻ തയാറായില്ല. സ്മാർട്ട് ഫോണിൽ കുത്തിക്കൊണ്ടിരുന്നു ജീവിതം പാഴാക്കിയാൽ അവിടത്തെ പാവങ്ങളുടെ അടുപ്പിൽ തീ പുകയില്ലാരുന്നു. കീഴ്ക്കാം തൂക്കായ മലനിരകളിലെ തേയില തോട്ടങ്ങളിൽ കൊളുന്തു നുള്ളി തങ്ങളുടെ ഭാവി തലമുറയ്ക്കു വേണ്ടി സ്വരുക്കൂട്ടുന്ന പണം കൊണ്ടാണ് ആ പാവങ്ങൾ ജീവിച്ചിരുന്നത്. കുറച്ച് തിരിച്ചറിവും മനുഷ്യത്വവും കൂടുതലുള്ള മലയാളി മാത്രം ബിഎസ്എൻ എലിനെ ഇപ്പോഴും ചേർത്തു പിടിക്കുന്നത് വെറുതെയല്ലെന്ന് പെട്ടിമുടി തന്നെ സാക്ഷ്യം .ബിഎസ്എൻഎലും റെയിൽവേയും ഇന്ത്യൻ ദേശീയതയെ ഒന്നിപ്പിച്ചു നിർത്തുന്ന വികാരങ്ങളും ചങ്ങലകളുമാണ്. അവയെ തകർക്കാതിരിക്കാൻ ശ്രമിക്കുക